അധ്യായം 6: മെർഡെക്ക ചതുരം
ജക്കാർത്തയുടെ പ്രൗഢി അവിടത്തെ നഗര ചതുരത്തിൽ നിന്നും തുടങ്ങും. മെർഡെക്ക എന്നാണീ ചതുരത്തിന്റെ പേര്. സ്വാതന്ത്ര്യം എന്നാണ് ഈ വാക്കിന്റെ അർഥം. 1997 വരെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗര ചതുരമായിരുന്നു മെർഡെക്ക ചതുരം. ചൈനയിലെ കുപ്രസിദ്ധമായ ടിയാനാമെൻ ചതുരത്തേക്കാൾ പന്ത്രണ്ടു മടങ്ങു വലുത്. എന്നാൽ ചൈനയിലെ തന്നെ സ്സിങ്ങായ് ചതുരവും (1997) ടൈംസ് ചതുരവും (2000) ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി മെർഡെക്കയെ ഇപ്പോൾ മൂന്നാം സ്ഥാനത്താക്കിയിരിക്കുന്നു. ഒരു ചതുരശ്ര കിലോമീറ്റർ ആണ് ഈ ചതുരത്തിന്റെ വിസ്‌തീർണ്ണം.
മൊണാസ്’ എന്ന പേരിലറിയപ്പെടുന്ന നാഷണൽ മോണുമെന്റ് ടവർ നിൽക്കുന്നത് ഈ ചതുരത്തിലാണ്. മൊണാസിന് ചുറ്റും പൂന്തോട്ടങ്ങളും ജലധാരകളും മാനുകൾ ഓടിനടക്കുന്ന പാർക്കും എല്ലാം ഭംഗിയായി നിലനിർത്തിയിരിക്കുന്നു. മൊണാസ് സന്ദർശകർക്ക് ബസ് സ്റ്റോപ്പിൽ നിന്നും വരുന്നതിനും പോകുന്നതിനായി സൗജന്യ ബസ് സർവീസുകളും ഇതിനുള്ളിലുണ്ട്.
ഇന്തോന്വേഷ്യയുടെ സ്വാതന്ത്ര്യത്തിന്റെ ഓർമ്മക്കായി അന്നത്തെ പ്രസിഡണ്ടായിരുന്ന സുകർണോയുടെ നിർദ്ദേശപ്രകാരം 1961 ൽ ആണ് ഈ ഗോപുരം നിർമ്മാണമാരംഭിച്ചത്. 1975 ൽ ആണ് ഇത് പൊതുജനത്തിനായി തുറന്നുകൊടുത്തത്. അതായത് പതിനാലു വർഷങ്ങൾ വേണ്ടിവന്നു ഈ കൂറ്റൻ ടവറിന്റെ നിർമ്മാണത്തിന്. 137 മീറ്റർ ആണ് ഇതിന്റെ ഉയരം. ഇതിന്റെ ഏറ്റവും മുകളിലുള്ള ഒബ്‌സർവേഷൻ ഡെസ്‌കിലേക്കു ലിഫ്റ്റ് വഴി പോകുന്നതിനുള്ള സൗകര്യവുമുണ്ട്. അതിന്റെയും മുകളിൽ ജ്വലിക്കുന്ന ഒരു അഗ്നിനാളത്തിന്റെ രൂപമുണ്ട്. പതിനാലു മീറ്റർ ഉയരവും ആറു മീറ്റർ വ്യാസവുമുണ്ട് ഈ ദീപനാളത്തിന്. അഗ്നി വർണ്ണം ലഭിക്കുന്നതിനായി സ്വർണ്ണം പൊതിഞ്ഞിട്ടുണ്ട് ഇതിൽ. അമ്പതു കിലോ സ്വർണ്ണമാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.
ടവറിന്റെ ആകൃതിക്കുമുണ്ട് ഒരു പ്രത്യേകത. ഒരു ഉരലും അതിന്റെ മധ്യത്തിൽ ഉയർന്നിരിക്കുന്ന ഒരു ഉലക്കയുമാണ് ഇതിന്റെ രൂപമായി സങ്കൽപ്പിച്ചിട്ടുള്ളത്. ഉരലും ഉലക്കയും ഇന്തോന്വേഷ്യയുടെ പാരമ്പര്യത്തിൽ സ്വാധീനമുള്ള ഉപകരണങ്ങൾ എന്ന നിലയ്ക്കും, ലിംഗ യോനി സംഗമം എന്ന തത്വചിന്തയിലും ആണ് ഈ ടവറിനു ഇങ്ങനെയൊരു രൂപം കൊടുക്കുവാൻ തീരുമാനിച്ചതത്രേ. യോനി സൗഹാർദത്തിന്റെയും, ഫലസമൃദ്ധിയുടെയും, തുല്യതയുടെയും.ശാശ്വതജീവിതത്തിന്റേയും പ്രതീകവും ലിംഗം ശക്‌തിയുടെയും, സുനിശ്ചിതത്വത്തിന്റേയും പ്രതീകവുമാണത്രെ.
ഈ ടവറിന്റെ ഉരലിന്റെ ഉള്ളിൽ ഇന്തോന്വേഷ്യയുടെ ചരിത്രം വിവരിക്കുന്ന ഒരു മ്യൂസിയവും രണ്ടു ഹാളുകളുമുണ്ട്. ഒന്ന് സ്വാതന്ത്ര്യത്തിന്റെ അറയും മറ്റൊന്ന് മെഡിറ്റേഷൻ അറയുമാണ്. സ്വാതന്ത്യ്രത്തിന്റെ അറയിൽ, സുകർണോയുടെ ശബ്‌ദത്തിൽ സ്വാതന്ത്ര്യ ഗാനങ്ങൾ പ്രക്ഷേപണം ചെയ്‌തുകൊണ്ടിരിക്കും. ഇവിടെ നിന്നുമാണ് ടവറിന്റെ മേൽഭാഗത്തേക്ക് ലിഫ്റ്റിൽ പോകേണ്ടത്. ഈ ടവറിലേക്കുള്ള പ്രവേശന ഫീസ് 1500 റുപ്യയാണ്. അതായത് നമ്മുടെ 75 രൂപ മാത്രം. അമ്പതുപേരെ ഉൾക്കൊള്ളുന്ന വിധമാണ് ഡെസ്‌ക് ഒരുക്കിയിരിക്കുന്നത്. അതിനു മുകളിൽ നിന്ന് ജക്കാർത്ത നഗരം കാണുമ്പോൾ ഒരു പ്രത്യേക ആവേശം ഉണ്ടാകുക സ്വാഭാവികം. ഉയർന്നു പറക്കുന്ന ഒരു പക്ഷി അതിന്റെ കണ്ണുകളിലൂടെ കാണുമ്പോഴുള്ള ഒരനുഭവം.
നാഷണൽ മ്യുസിയമാണ് ഈ ചതുരത്തിലെ മറ്റൊരാകർഷണം. എലിഫന്റ് ബിൽഡിംഗ് എന്നും ഇതിനെ വിളിക്കാറുണ്ട്. കെട്ടിടത്തിന്റെ മുൻപിൽ ഒരു ആനയുടെ പ്രതിമയുള്ളതുകൊണ്ടാണിങ്ങനെ ഒരു പേര് വന്നത്. തെക്കൻ ഏഷ്യയിലെ ഏറ്റവും വലുതും മികച്ചതുമായ ഒരു മ്യുസിയം ആയിരിക്കണമിത്. 1,41,000 പ്രദർശന വസ്‌തുക്കളാണ് ഇതിലുള്ളത്. 10000 റുപ്യ (50 രൂപ) ആണ് പ്രവേശന നിരക്ക്.
നാഷണൽ ഗാലറിയാണ് ഇവിടത്തെ മറ്റൊരാകർഷണം. സ്വദേശികളും വിദേശികളുമായ കലാകാരന്മാരുടെ 1700 കലാരൂപങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. ഇതുകൂടാതെ താൽക്കാലിക പ്രദർശനം നടത്തുന്നവർക്കുവേണ്ടിയും ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു സെമിനാർ ഹാളും ലൈബ്രറിയും ഇതിനുള്ളിലുണ്ട്.
ഭക്ഷണ പ്രിയർക്കുവേണ്ടി അൻപതിലധികം ഭക്ഷണശാലകൾ ശാസ്‌ത്രീയമായി വിന്യസിച്ചിട്ടുള്ള ഒരു ഫുഡ് കോർട്ടുമുണ്ട് ഈ ചതുരത്തിൽ. ഇന്നത്തെ രാഷ്‌ട്രീയ നേതൃത്വം മെർഡെക്ക ചതുരത്തിനു നൽകുന്ന പ്രാധാന്യവും അതിന്റെ പരിപാലനവും വളരെ മികച്ചത് തന്നെയാണ്.
ഇന്തോന്വേഷ്യക്കാർ പൊതുവേ ഭക്ഷണപ്രിയരാണെന്ന് തോന്നിയിട്ടുണ്ട്. മാംസവും കടൽ വിഭവങ്ങളുമെല്ലാം അതിരുചികരമായി പാചകം ചെയ്യുവാനുള്ള ഇവരുടെ കഴിവ് അപാരം തന്നെ. എല്ലാ വിഭവങ്ങൾക്കും ഒപ്പം കുറച്ചു ചോറും ഇവരുടെ പ്രത്യേകതയാണ്. ഇത് തെക്കു കിഴക്കൻ ഏഷ്യയിലെ പൊതുവായ ഒരു രീതിയാണ്. പലതരത്തിലുള്ള ഇലകളും ഇവർ ഇതോടൊപ്പം വിളമ്പുന്നു. അതിൽ വേവിച്ചതും വേവിക്കാത്തതുമുണ്ടാകും. വളരെ സമീകൃതമാണ് ഇവിടങ്ങളിലെല്ലാം ഭക്ഷണം. മിക്ക ഭക്ഷണശാലകളും രാത്രികളിലും പ്രവർത്തിക്കാറുണ്ട്.
അതുപോലെ തന്നെയാണ് ഇവിടത്തെ മാളുകളും. മിക്കതും അടക്കാറേയില്ല. ജക്കാർത്തയിൽ മാത്രം 130 വൻകിട മാളുകളുണ്ട്. മൊത്തം മാളുകളുടെ വിസ്‌തീർണ്ണം കണക്കാക്കിയാൽ ലോകത്ത് മറ്റൊരു നഗരത്തിലും ഇത്രയും ഉണ്ടാകുകയില്ല എന്ന് കണക്കുകൾ പറയുന്നു. മലയാളികൾക്ക് കുറച്ചു ഭേദപ്പെട്ട ഒരു മാൾ കാണണമെങ്കിൽ ലുലു മാളിൽ പോകണം. ഞാൻ ഇവിടെ പറയുന്ന മാളുകൾ ലുലു മാൾ പോലെയോ അതിനേക്കാൾ മെച്ചപ്പെട്ടതോ ആയ മാളുകളുടെ കാര്യമാണ്. ട്രാൻസ് ജക്കാർത്ത ബസ് സ്റ്റോപ്പുകൾ മിക്ക മാളുകളിലുമുണ്ട്.
ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്യുന്ന നഗരം എന്നൊരു പദവി കൂടിയുണ്ട് ജക്കാർത്തയ്‌ക്ക്. ട്വിറ്റെർ വെളുപ്പെടുത്തിയ വിവരമാണത്. ബ്ലാക്ക് ബെറി നഗരം എന്ന് തമാശ രൂപേണ പറയാറുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ബ്ലാക്ക് ബെറി ഫോൺ ഉപയോഗിച്ചിരുന്നതും ഇവിടെയായിരുന്നത്രേ. മറ്റു സോഷ്യൽ മീഡിയകളുടെ ഉപയോഗത്തിലും ജക്കാർത്തക്കാർ മുന്നിൽ തന്നെ.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ