” ജമാലേ നീ രാവിലെ തന്നെ പണി തുടങ്ങിയോടാ…”
തോടിന്റെ കരയ്ക്കിരുന്ന് ചൂണ്ടയിട്ടുകൊണ്ടിരുന്ന ജമാലിനെ നോക്കി ഉണ്ണി കുശലം തുടങ്ങി.
ഇരുപത് വർഷം നീണ്ട പ്രവാസ ജീവിതത്തിനിടയിൽ ഇടയ്ക്കെപ്പോഴേ വന്നു പോയിരുന്ന ഉണ്ണി സ്ഥിരമായി നാട്ടിൻ താമസിക്കാൻ കുടുംബസമേതം തിരിച്ചെത്തിയിട്ട് ദിവസം നാലായതേയുള്ളൂ
” ആഹാ .. അപ്പുവിനേം കൂട്ടി രാവിലെ തന്നെ ഇറങ്ങിയോ ?
അപ്പുവേ നിനക്കീ നാടൊക്കെ പിടിച്ചോടാ “
ജമാലിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അപ്പുമോൻ അൽഭുതത്തോടെ നിന്നു.
എന്തെന്നില്ലാത്ത ആശ്ചര്യമായിരുന്നു അവന് ഈ കാഴ്ചകൾ.
ചൂണ്ടയിലേക്ക് മീൻ കൊത്തിയ മാത്രയിൽ വളരെപ്പെട്ടെന്ന് ജമാൽ പിന്നിലേയ്ക്ക് ആയത്തിൽ വീശി.
ജമാലിന്റെ ചൂണ്ടയിൽ കുരുങ്ങിയ വരാൽ നിലത്തു കിടന്ന് പിടയുന്നതു കണ്ട് അപ്പുമോൻ വാവിട്ടു നിലവിളിച്ചു.
നിലത്തു കിടന്ന് ഞെരുവിരി കൊള്ളുന്ന വരാലിനെ നോക്കി അപ്പുമോൻ കരഞ്ഞു കൊണ്ട് അവന്റെ അച്ഛനായ ഉണ്ണിയോട് പറഞ്ഞു.
“പപ്പാ രക്ഷിക്ക് പപ്പാ –
പാവമാ പപ്പാ, പ്ലീസ് പപ്പാ “
അപ്പുവിനെ സമാധാനിപ്പിക്കാൻ ഉണ്ണി ശ്രമിച്ചെങ്കിലും അവൻ ഒന്നിനും വഴങ്ങിയില്ല.
ചൂണ്ടയിലെ കൊളുത്തിൽ നിന്നും വരാലിനെ ഊരി വെള്ളം നിറച്ച ചെമ്പുകുടത്തിലേയ്ക്ക് ജമാൽ ഇട്ടതോടെ അപ്പുമോൻ കരച്ചിൽ നിറുത്തി.
വെള്ളത്തിൽക്കിടന്ന് വരാൽ തുള്ളിച്ചാടിയതോടെ അവൻ കൈക്കൊട്ടി ചിരിക്കാൻ തുടങ്ങി.
അപ്പുവിന്റെ സന്തോഷം കണ്ടപ്പോൾ ഉണ്ണിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് പാടവരമ്പിലൂടെ ഭാനുമതിയുടെ സാരിത്തുമ്പിൽ തൂങ്ങി വള്ളിനിക്കറിട്ട് നടന്നു നീങ്ങുന്ന തന്റെ ബാല്യത്തെക്കുറിച്ചായിരുന്നു.
നാട്ടിലെ ദരിദ്ര നായർ കുടുംബത്തിൽ റോഡു പണി ചെയ്തു ജീവിക്കുന്ന ഭാനുമതിയുടേയും ഭാസ്കരനുണ്ണിത്താന്റേയും ഏക മകനായിരുന്നു ഉണ്ണി എന്നു വിളിപ്പേരുള്ള ഉണ്ണികൃഷ്ണനുണ്ണിത്താൻ.
ഉണ്ണിയെ കുളിപ്പിച്ച് കുറി തൊടീച്ച് ചെള്ളയ്ക്ക് ചുട്ടി കുത്തി രാവിലെ പാത്തുമ്മയെ കൊണ്ടേൽപ്പിക്കും.
വൈകിട്ട് ഉണ്ണിമോന്റെ അച്ഛനും അമ്മയും ജോലി കഴിഞ്ഞെത്തും വരെ പാത്തുമ്മയുടെ വീട്ടിൽ തന്നെയാ കഴിപ്പും കിടപ്പുമെല്ലാം.
പന്ത്രണ്ട് മക്കളെ പെറ്റ പാത്തുമ്മ എന്ന പാവം ദരിദ്ര മുസ്ലീം സ്ത്രീയുടെ ഏറ്റവും ഇളയ മകനായ ഷാജഹാൻ എന്ന ഷാജിയും ഉണ്ണിയും നിലത്തെഴുത്തുപള്ളിയിൽ സഹപാഠികളായിരുന്നു.
പുത്തൻകണ്ടത്തിലെ സൈനുമ്മാന്റെ വീട്ടിൽ കേറി വടക്കോട്ടിറങ്ങിയാൽ പാത്തുമ്മയുടെ വീടെത്തും.
വേലിക്കെട്ടുകളില്ലാതെ പരന്നുകിടക്കുന്ന ഭൂപ്രദേശത്ത് ആരും തടയാതെ സഞ്ചരിച്ചിരുന്ന കാലത്തെ കാര്യങ്ങൾ അയാൾ ഓർത്തെടുത്തു.
ഉണ്ണിക്ക് നാലു വയസ്സുള്ളപ്പോൾ കളിക്കൂട്ടുകാരൻ ഷാജഹാന്റെ
ഉമ്മിച്ചയോട് അവൻ ചോദിച്ചു.
” ഉണ്ണിമോന് ലോകത്ത് ആരോടാ ബല്യ ഇസ്തമെന്ന്
ഉമ്മിച്ചാ ഒന്നു ചോയിച്ചേ ?
അപ്പം ഉണ്ണിമോൻ പയയും …ന്റെ പൊന്നുമ്മിച്ചയോട് “
ഇത് കേൾക്കുമ്പോൾ ഉണ്ണിയെ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും മാറി മാറി അവർ ഉമ്മ വെയ്ക്കും.
പലതരം പലഹാരം സ്വന്തമായി ഉണ്ടാക്കി കടകൾക്ക് വിൽക്കലാണ് പാത്തുമ്മയ്ക്ക് ജോലി.
രാവിലെ ചെല്ലുമ്പോൾ തന്നെ ഉണ്ണിമോന് മുറുക്കും കളിയടുക്കയും ചീനിയുപ്പേരിയും പാത്രത്തിലിട്ട് ഉമ്മിച്ച നൽകും.
മണി പത്ത് ആകുമ്പോൾ മുണ്ടും കുപ്പായവുമിട്ട് കാത് മുഴുവൻ വളയ കമ്മലുകളണിഞ്ഞ് ഇടതു കൈയ്യിൽ ഉണ്ണിയേയും വലതു കൈയ്യിൽ ഷാജിയേയും തൂക്കി ആശാട്ടിയമ്മയുടെ നിലത്തെഴുത്തുപള്ളി ലക്ഷ്യമാക്കി
ഉമ്മിച്ച നടക്കും .
വന്ദികപ്പള്ളി മുസ്ലിം പള്ളിക്ക് അടുത്തെത്തി പടിഞ്ഞാറോട്ട് തിരിയുമ്പോൾ കൂടെ നടക്കാൻ വിജയനും താജുവും ബിജുവുമെത്തും.
ഒന്നാം ക്ലാസ്സിലെത്തിയപ്പോഴാണ് രാധാമണിയും അനിയൻകുഞ്ഞും വിദ്യയും ദീപയുമൊക്കെ കൂട്ടുകാരായത്.
കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന വയലിന്റെ നടുവിലൂടെ വരമ്പിലേറി ഒന്നിനു പിറകെ ഒന്നായി നടന്നു നീങ്ങുമ്പോൾ എല്ലാവരും ഭയന്നത് പറപ്പേടിയെയായിരുന്നു.
ഹുങ്കാര ശബ്ദത്തോടെ അദൃശ്യരൂപിയായി പേടിപ്പിക്കാനെത്തുന്ന പറപ്പേടിയെ ചുറ്റും നോക്കി വയൽ വരമ്പിലൂടെ നടക്കുമ്പോഴും രാധാമണി ചിന്തിച്ചിരുന്നത് ഉച്ചയ്ക്ക് കിട്ടുന്ന ഉപ്പുമാവിനെക്കുറിച്ചായിരുന്നു.
വട്ടയില നാലായി മടക്കി നിക്കറിന്റെ പോക്കറ്റിൽ എല്ലാവരും തിരുകിയിരിക്കും.
രാധാമണി മാത്രം സ്ലേറ്റും പെൻസിലും ഇട്ടു കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറിന്റെ ഉള്ളിൽ സൂക്ഷിച്ചു വെയ്ക്കും.
അടി കിട്ടാത്ത ദിവസങ്ങൾ നന്നേ കുറവായിരുന്നു.
ഗോപാലകൃഷ്ണൻ മാഷായിരുന്നു കണക്ക് സാർ.
ചൂരൽ പ്രയോഗത്തിൽ ബഹു കേമൻ.
കാതിൽ കടുക്കനിട്ട ജനാർദ്ദനൻ നായർ സാർ വടി കൊണ്ട് അടിക്കില്ലെങ്കിലും തൊടക്ക് പിച്ചി സൈക്കിളിൾ കേറ്റുന്നതാണ് അദ്ദേഹത്തിനിഷ്ടം.
എന്നും രാവിലെ ഉണ്ണിമോൻ പ്രാർത്ഥിക്കും
” ദൈവമേ 5 പൈസ തന്നേക്കാമേ
സാറമ്മാരാരും വരല്ലേ “
പക്ഷെ പല ദിവസങ്ങളിലും ദൈവങ്ങളാരും ഉണ്ണിമോന്റെ പ്രാർത്ഥന കേട്ടില്ല.
പള്ളിക്കൂടം വിട്ട് തിരിച്ചു കൂട്ടുകാർക്കൊപ്പം ഉണ്ണിമോൻ വീട്ടിലേയ്ക്ക് പോരുമ്പോൾ പെരുമഴക്കായി കാർമേഘം ഉരുണ്ടു കൂടിയിരുന്നു.
റോഡ് മുറിച്ച് വരമ്പിലേക്കിറങ്ങുമ്പോൾ ഒഴുക്കുള്ള ചാലിലേയ്ക്ക് നീന്തിയെത്തുന്ന ഊത്ത മീനുകളെ പിടിക്കാൻ ഈർക്കിൽ കൂടൊരുക്കി അരവിന്ദൻ താടിക്ക് കൈയ്യും കൊടുത്ത് മാടിചേർന്ന് ഇരിപ്പുണ്ടായിരുന്നു.
തൊട്ടരികിലായി ഒറ്റാലും ഊന്നി പരമുവും നിൽക്കുന്നു.
മീൻ പിടിക്കുന്നതു നോക്കി നിൽക്കുന്നതിനിടയിൽ മാക്രികൾ പേക്രോം …പേക്രോം ചെലച്ചുകൊണ്ടിരുന്നു.
ഒറ്റാലിൽ അകപ്പെട്ട വരാലിനെ കൈയ്യിട്ട് പിടിച്ച് ചെമ്പുകുടത്തിലാക്കാനുള്ള ശ്രമത്തിനിടയിൽ പരമുവിന്റെ കൈയ്യിൽ നിന്ന് അത് കുതറിച്ചാടി.
ഉണ്ണി മോന്റെ ദേഹത്തേയ്ക്ക് വീണ വരാലിനെ കണ്ട് അവൻ പേടിച്ച് നിലവിളിച്ചു.
ഉണ്ണി ഭയന്നു വിറച്ചു.
അവൻ ഉച്ചത്തിൽ കരയാൻ തുടങ്ങി.
ചെമ്പുകുടത്തിൽ കിടന്ന് ഉച്ചത്തിൽ ഇളകിമറിയുന്ന വരാലുകളുടെ ശബ്ദം കേട്ട് പരിസരബോധം വീണ്ടെടുത്ത ഉണ്ണികൃഷ്ണനുണ്ണിത്താൻ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അരവിന്ദനേയും പരമുവിനേയും അനിയൻ കുഞ്ഞിനേയും രാധാമണിയേയും ദീപയേയും വിദ്യയേയും അവിടെ കണ്ടില്ല.
ചെമ്പു കുടത്തിലെ വെള്ളത്തിൽക്കിടന്ന് വരാൽ തുള്ളിച്ചാടുന്നതും നോക്കി അപ്പു മോൻ അപ്പോഴും കൈകൊട്ടി ആർത്തുല്ലസിക്കുന്നുണ്ടായിരുന്നു.
ജമാലിന്റെ ചൂണ്ടയിൽ കുടുങ്ങി വരാലുകൾ ഒന്നൊന്നായി കുടത്തിലേയ്ക്ക് വീണു കൊണ്ടിരുന്നു.
അഡ്വ. കെ. സന്തോഷ്കുമാരൻതമ്പി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ