2022 ജൂലൈ 28, വ്യാഴാഴ്‌ച

തവളക്കണ്ണൻ


” തവളക്കണ്ണോ “

സ്കൂൾ വരാന്തയിൽ നിന്നുള്ള നീണ്ട വിളികൾ , വിരൽമുറിയുന്ന മഴയിലും കണ്ണന്റെ  ചെവിയിൽ എത്തി.

” തവളക്കണ്ണൻ നിന്റെയൊക്കെ.. “

എന്തോ തെറി കൂടി ചേർത്ത് അവൻ വിളിച്ചു പറഞ്ഞു. അപ്പോഴേയ്ക്കും വിളിച്ചു കൂവിയ കുട്ടികളെ ഹെഡ്മാസ്റ്റർ ചന്ദ്രൻ മാഷ് ചൂരൽ കാണിച്ചു പേടിപ്പിച്ചു അകത്ത് കയറ്റിയിരുന്നു.

” എടാ, മാഷ് കേക്കാഞ്ഞത് അന്റെ ഭാഗ്യം ആണുട്ടാ. “

ഞാൻ അവന്റെ തോളിൽ കൈയ്യിട്ട് കുടയിൽ ചേർന്ന് നടന്നു.

നന്നായി ഉരുണ്ട പൊക്കം കുറഞ്ഞ, ശരീരപ്രകൃതമാണ് കണ്ണന്റെ. തടിച്ച ചുണ്ടുകളും അല്പം വീർത്ത കൺപോളകളും ഉള്ളത് കൊണ്ടാവണം രണ്ടാംക്ലാസ്സ്‌ മുതൽക്ക് തന്നെ, അവനെ എല്ലാവരും തവളക്കണ്ണൻ എന്നാണ് വിളിക്കുന്നത്. ഞാൻ അവനെ അങ്ങനെ വിളിക്കാറില്ല. സ്കൂളിൽ പല കുട്ടികൾക്കും ഇരട്ടപ്പേരുണ്ട്. മാക്രി ഗോപാലൻ, ഗണ്ട ഭാസി, കോമ്പസ് നാരായണൻ, സെന്റ് മീനാക്ഷി അങ്ങനെ പലർക്കും പേരുണ്ട്. സെന്റ് മീനാക്ഷിയുടെ അച്ഛൻ സിലോണിൽ ആണ്. അവിടന്ന് വരുമ്പോഴൊക്കെ വില കൂടിയ സെന്റുകൾ കൊണ്ടുവരാറുണ്ടത്രേ.  അച്ഛൻ വന്നു കഴിഞ്ഞു സ്കൂളിൽ വരുമ്പോൾ പെണ്ണിന്റെ പവറൊന്ന് കാണണം. ഹും എന്താ ഗമ. എനിക്കും സെന്റ് വേണംന്ന് അമ്മയോട് പറഞ്ഞപ്പോ,

” ഹോ, ഇനി അയിന്റെ കുറവുള്ളൂ. സെന്റ് അല്ല, അനക്ക് ഒരു ഏക്കർ ആണ് തരാൻ പോണേ. പാതേംപൊറത്തൂന്ന് എണീറ്റ് പോയി പഠിക്കട ചെറുക്കാ. “

നല്ല, വഴക്കും തലയ്ക്കു ഒരു കിഴുക്കും കിട്ടി. അതോടെ സെന്റ് മോഹം തീർന്നു.

മഴ വീണ്ടും നിർത്താതെ പെയ്യുകയാണ്. ഞാനും കണ്ണനും അയൽക്കാർ ആണ്. അവന്റെ അമ്മ ഞങ്ങളുടെ വീട്ടിൽ നെല്ല് ചിക്കാനും പാത്രം കഴുകാനും ഒക്കെ വരാറുണ്ട്. അവന്റെ അമ്മയും അവനെ പോലെ തടിച്ചിട്ടാണ്. ഞാൻ കണ്ണന്റെ കൂടെ കളിക്കണതും അവന്റെ തോളിൽ കൈയ്യിട്ട് നടക്കുന്നതും ഒന്നും മുത്തശ്ശിയ്ക്ക് കണ്ടൂടാ.

” ഈ ചെക്കന് എപ്പളും ആ ആശാരിച്ചെക്കന്റെ ചൂരാണ്. ഇതിനെ ഒന്ന് കുളിപ്പിക്ക് ലക്ഷ്മി.”

ഞാൻ അവിടെ നിന്നു എഴുന്നേറ്റ് പോകും. അതെന്തു ചൂരാണപ്പാ. ആവോ എനിയ്ക്ക് അറിയില്ല. എനിക്ക് അവനെ ഇഷ്ടാ. ഞാൻ ഇനിം അവന്റെ കൂടെ കളിക്കും. അവനെ കെട്ടിപ്പിടിച്ചു നടക്കും. ഇരട്ടവരി എഴുതുമ്പോൾ ഞാൻ എന്നോട് തന്നെ ആവർത്തിച്ചു പറഞ്ഞു.

പിറ്റേന്ന്, ഗീത ടീച്ചർ ക്ലാസ്സിൽ വരുമ്പോൾ എല്ലാ കുട്ടികളും പേടിച്ചു ഇരിക്കുവായിരുന്നു. ടീച്ചർ തലേദിവസം പഠിപ്പിച്ച ഭാഗം എല്ലാരോടും ചോദിക്കും. ഉത്തരം പറയാത്ത കുട്ടികൾക്ക് നല്ല ചൂരൽകഷായം കിട്ടും. ഞാൻ, വടക്കേതിലെ ഉണ്ണി, മീനാക്ഷി, ഗോപൻ, ഇത്രയും പേര് ഉത്തരം പറഞ്ഞില്ലെങ്കിലും ടീച്ചർ തല്ലാറില്ല.

” പഠിച്ചിട്ട് വന്നൂടെ “

എന്ന് കർശനമായി ഒന്ന് ചോദിച്ചാലായി. അന്നും ടീച്ചർ നീണ്ട ചൂരലും കൊണ്ട് വന്നു. ഹാജർ എടുത്ത ശേഷം, പാഠപുസ്തകത്തിലെ ചോദ്യം നീട്ടി വായിച്ചു.

” എങ്ങനെയാണ് സസ്യങ്ങൾ ആഹാരം പാചകം ചെയ്യുന്നത്..? “

എല്ലാവരും തന്നോട് ചോദിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു, ജാനകി, മനയ്ക്കലെ തേവർക്ക് ഒരു രൂപ വഴിപാടായി നേരുക പോലും ചെയ്തു. എനിക്ക് ചിരി വന്നുവെങ്കിലും ടീച്ചർ കാണുമെന്ന് കരുതി ഞാൻ ചിരിച്ചില്ല.

” കണ്ണൻ പറയൂ. “

കുപ്പായത്തിന്റെ മേൽകുടുക്ക് വിട്ടു പോയത് കൊണ്ട് ആ ഭാഗം കൂട്ടിപ്പിടിച്ചു കൊണ്ട് അവൻ നിന്നു പരുങ്ങി. അവനൊന്നും പഠിച്ചിട്ടില്ലെന്നു എനിക്ക് അറിയാമായിരുന്നു. ഇന്നലേം കൂടി അവൻ പറഞ്ഞതാണ്.

” എന്റെ മണ്ടേല് പഠിപ്പ് ഒന്നും പിടിക്കൂല. ഞാൻ വലുതാകുമ്പോ സിലോണിൽ പോകും. വല്യ പത്രാസുകാരനായി തിരിച്ചു വരും . ഇയ്യ് നോക്കിക്കോ. “

” എന്താ പഠിച്ചില്ലേ..? “

ടീച്ചറിന്റെ ശബ്ദം ഉയർന്നു. അവൻ ഇല്ലെന്ന് തലയാട്ടി.

” രാവിലെ തന്നെ ഇങ്ങോട്ട് പോരും. ആഹാരം കഴിക്കുന്നത് മാത്രമല്ല മനുഷ്യന്റെ ജോലി. ഹാ നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഓരോ ജാതിക്കാരെ കൂടി പഠിപ്പിക്കണം ന്ന് പറഞ്ഞ സർക്കാരിനെ പറഞ്ഞാൽ മതി. ജനാധിപത്യമല്ലേ.. ജനാധിപത്യം. നീട്ടെടാ കൈയ്യ്. “

ടീച്ചർ, അവന്റെ കൈയ്യിൽ പപ്പടം പൊള്ളും പോലെ രണ്ടടി കൊടുത്തു.

” ബുദ്ധീല്ലാ, ബോധോം ഇല്ല. വെറുതെയല്ല നിന്നെ തവളക്കണ്ണാന്ന് വിളിക്കണെ. “

കുട്ടികൾ എല്ലാവരും ആർത്തു ചിരിച്ചു. അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടിട്ട് എന്റെ കണ്ണും നിറഞ്ഞു. ഞാൻ അവനെ ദയനീയമായി നോക്കി. എന്റെ സങ്കടം കണ്ടിട്ടാവണം, അവൻ പുറംകൈയ്യാൽ കണ്ണുനീർ തുടച്ചു വിളറിയ ഒരു ചിരി സമ്മാനിച്ചു.

” നെനക്ക് പഠിക്കായിരുന്നു. “

വൈകുന്നേരം പോകുന്ന വഴി ഞാൻ അവനോട് പറഞ്ഞു.

” പഠിച്ചിരുന്നേൽ ടീച്ചർക്ക് ദേഷ്യം വരില്ലായിരുന്നു. “

” ഇല്ലെങ്കിലും ഓര് തല്ലും. “

അവൻ പാടത്തെ അതിരാണിപൂക്കൾ പൊട്ടിച്ചു കൊണ്ട് പറഞ്ഞു.

” അതെന്താ.? “

” ഞാൻ കറുത്തവൻ ആയോണ്ട്. “

എനിക്ക് അവൻ പറഞ്ഞത് തിരിഞ്ഞില്ല. ഞാൻ സംശയത്തോടെ അവനെ നോക്കി.

” നിയ്യ് മേനോൻ കുട്ടി അല്ലെ? ഞാൻ ആശാരിച്ചെക്കനും. അതൊക്കെ വല്യ പ്രശ്നം ആടോ. “

” അന്നോട് ഇതൊക്കെ ആരാ പറഞ്ഞെ..?”

” കണാരേട്ടൻ. “

കണാരേട്ടനെ എനിക്ക് അറിയാം. ചുവന്ന കുപ്പായോം, ഇട്ട് തോൾ സഞ്ചിയും തൂക്കി, ഇടയ്ക്ക് കവലയിൽ പ്രസംഗം നടത്തുന്നത് കേൾക്കാം. ഒന്നും മനസ്സിലായില്ലെങ്കിലും ഞാനും കേട്ടു നിൽക്കാറുണ്ട്.

” കമ്മ്യൂണിസ്റ്റ് ആണ്. “

എനിക്കതും മനസ്സിലായില്ല. ഞാൻ അവന് വീണ്ടും സസ്യങ്ങൾ ആഹാരം പാചകം ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു കൊടുത്തു.

” എനക്ക് ഇതൊന്നും വേണ്ടാ. ഞാൻ വലുതായാൽ കണാരേട്ടന്റെ പാർട്ടിയിൽ ചേരും. പ്രസംഗം നടത്തും. ചോന്ന കുപ്പായം ഇടും. എന്നിട്ട് കൈ ചുരുട്ടി ഉറക്കെ വിളിക്കും. ഇൻക്വിലാബ് സിന്ദാബാദ് “.

എനിക്ക് ആ വാക്ക് ഇഷ്ടപ്പെട്ടു. ഞാനും മനസ്സിൽ ആവർത്തിച്ചു പറഞ്ഞു.

” നേരത്തോട് നേരം ആയില്ലേ..? ഇനീപ്പോ എടുക്കരുതോ.? “

നീലടർപ്പായ വിരിച്ച മുറ്റത്ത് വാഴയിലയിൽ പൊതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു അവൻ. മുഖം മാത്രം കാണാം. അവിടെയും ചോര ഉണങ്ങാത്ത മുറിപ്പാടുകൾ. ഞാൻ കണ്ണട ഊരി വെച്ച് അവനെ തന്നെ നോക്കി. അവന്റെ ചുണ്ടുകൾ കുറച്ച് കൂടി തടിച്ചിട്ടുണ്ട്. കണ്ണുകൾ അടഞ്ഞു കിടക്കുന്നു. അവൻ ഞാൻ വന്നത് അറിഞ്ഞു കാണുമോ..? ഇന്ദുവിനെയും മോളെയും അവൻ കണ്ടിട്ടില്ല. അതുകൊണ്ട് അവരെ മനസ്സിലായിക്കാണില്ല.

” ആള് മാറി വെട്ടിയത് ആണത്രേ. ന്താ ചെയ്യണേ? ഓന്റെ യോഗം. പാർട്ടി, പട്ടണം എന്നൊക്കെ പറഞ്ഞു നടന്നാൽ ഇതാ ഒടുവിലെ സമ്മാനം. “

ആരോ അടക്കം പറഞ്ഞു കൊണ്ടിരുന്നു. ഞാൻ വീണ്ടും അവിടെ പതിച്ച വലിയ ബാനർ ഉറ്റുനോക്കി.

‘ സഖാവ്.കണ്ണന് ആദരാഞ്ജലികൾ. ‘

അവന്റെ ചിത ഒടുങ്ങുമ്പോഴും ആരൊക്കെയോ ഉറക്കെ വിളിച്ചു.

“ഇൻക്വിലാബ് സിന്ദാബാദ്”

ഇല്ല അവൻ കത്തിത്തീരുകയാണ്. ഉണർന്നു വരില്ല. എനിക്ക് ഉറക്കെ അന്ന് ആദ്യമായി അവനെ തവളക്കണ്ണാ എന്ന് വിളിക്കാൻ തോന്നി. മുഴുത്തൊരു തെറിയുമായി അവൻ എഴുന്നേറ്റ് വന്നാലോ എന്ന് തോന്നി.എല്ലാം തോന്നൽ. വെറും തോന്നൽ.


ഹരിത. ആർ. മേനോൻ

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ