എങ്ങനെയാണ്
ഒന്നുതൊട്ടാൽ കൂമ്പിപ്പോവുന്നവളോട്
തൊട്ടാവാടിയുടെ മുള്ളുതട്ടാതെ,
അതിന്റെയിലകളെത്തൊടാതെ
പൂക്കളെയിറുക്കാൻ പറയുക?
അതിനപ്പുറം,
എങ്ങനെയാണ്
തൊട്ടാവാടിയുടെ പൂവുതന്നെ വേണമെന്ന്
കണ്ണീരൊഴുക്കുന്ന,
ഞങ്ങളുടെ പിറക്കാനിരിക്കുന്ന കുട്ടിയെ
ആശ്വസിപ്പിക്കുക?
എങ്ങനെയാണ്
നോവുരുളകൾ കനലൂതി
പൊലിപ്പിച്ചെടുത്തവളുടെ വായിലേക്ക്
എന്റെ വേദനയുടെ ചുവന്ന
കറികളിറ്റിക്കുക?
എങ്ങനെയാണ്
കുട്ടിയുടെ ജീവനിൽ
അമ്മ കഴിക്കാതെ
പോഷകങ്ങൾ പൊക്കിൾക്കൊടിവഴിയെത്തുക?
എങ്ങനെയാണ്
ശിരസ്സിൽ വെള്ളിനൂലുകളുടെ പഴക്കംപേറുന്ന
വൃദ്ധരുടെ കുത്തുവാക്കുകളിൽനിന്നും
അവളെ സംരക്ഷിക്കുക?
എങ്ങനെയാണ്
നിലാത്തുണ്ട് കടംകൊടുത്ത്
രാത്രികളിലവളെ ഒറ്റയ്ക്കാക്കാതെ കാക്കുന്ന
ആകാശത്തോട് നന്ദിപറയുക?
എങ്ങനെയാണ്
സമൂഹത്തിന്റെ അടക്കംപറച്ചിലുകളിൽനിന്ന്,
കണ്ണുവെയ്ക്കലുകളിൽനിന്ന്,
അവളെ അമ്മയാക്കുക,
രണ്ടിലകൾക്കിടയിലൊരു
പൂവുണ്ടാക്കുക?
അശ്വിൻ ആനന്ദ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ