2022 ജൂലൈ 28, വ്യാഴാഴ്‌ച

മിനിയേഴ്സ് ഡിസീസ് ഒരു തരം തലകറക്കമാണ്


 “VERTIGO IS THE CONFLICT BETWEEN THE FEAR OF FALLING AND THE DESIRE TO FALL” : SALMAN RUSHDIE

വീഴുന്നതിലുള്ള പേടിയ്ക്കും വീഴാനുള്ള ആഗ്രഹത്തിനും ഇടയിലുള്ള സങ്കർഷാവസ്ഥയാണു തലകറക്കമെന്ന് വിഖ്യാത എഴുത്തുകാരനായ സല്മാൻ റുഷ്ദി.

വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു തരം തലകറക്കമാണു മിനിയേർസ് ഡിസീസ് എന്നറിയപ്പെടുന്ന , ചെവിയുടെ ബാലൻസ് തകരാറുകൊണ്ടുണ്ടാകുന്ന തലകറക്കം. ചെവിയിൽ മണിമുഴങ്ങുന്ന പോലുള്ള ശബ്ദവും,  ചെവിക്കായമില്ലതെ തന്നെ ചെവി നിറഞ്ഞിരിക്കുന്ന പോലുള്ള തോന്നലും ഇടയ്ക്കിടെ കേൾവിക്കുറവും ഒക്കെയാണു മറ്റ് പ്രധാന ലക്ഷണങ്ങൾ. ബോധക്കേടൊന്നുമില്ലാതെ ചിലർ പിന്നിൽ നിന്നാരോ തള്ളിയിട്ടതുപോലെ പെട്ടെന്നു വീഴുന്നു.

രോഗം ചികിൽസിക്കാതിരുന്നാൽ  ഭാവിയിൽ കേൾവി പൂർണ്ണമായും നഷ്ടപ്പെടാം. രോഗലക്ഷണങ്ങൾ പിന്നെ സ്ഥിരമായെന്നും വരാം.

സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്. ഏതു പ്രായക്കാരെയും ബാധിക്കാറുണ്ടെങ്കിലും ഇരുപതു മുതൽ അമ്പതു വയസ്സുകാരെയാണു സാധാരണ ബാധിക്കുന്നത്.

ചെവിക്കുള്ളിലെ അർദ്ധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്റെ അളവിലുള്ള വ്യതിയാനമാണു സാധാരണയായി പറയപ്പെടുന്ന കാരണം.

എന്നാൽ ഇക്കാര്യത്തിൽ ചില ശാസ്തൃജ്ഞൻമാർ വിശ്വസിക്കുന്നില്ല. ചെവിക്കുള്ളിലെ രക്ത കുഴലുകൾ മൈഗ്രൈനിലെ പോലെ കോച്ചി ചുരിങ്ങുന്നതാണു മിനിയേർസ് രോഗം ഉണ്ടാക്കുന്നതെന്നു അവർ കരുതപ്പെടുന്നു.

വൈറസ് രോഗബാധ, അലർജികൾ, ഓട്ടോ ഇമ്മൂൺ രോഗങ്ങൾ  എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ഇതു പാരമ്പര്യമായി ചിലരിൽ കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളികളയാനാവില്ല.

രോഗാവസ്ഥ  20 മിനുട്ട് മുതൽ ഒരു ദിവസം വരെ നീണ്ടു നില്ക്കാം. പക്ഷെ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരാമെന്നതു കൊണ്ടു ഒറ്റയ്ക്ക് യാത്രചെയ്യാനോ, വണ്ടി ഓടിക്കാനോ ഒന്നും ധൈര്യപ്പെട്ടിറങ്ങാനവില്ല എന്നാതാണു പ്രശ്നം.

രോഗനിർണയം

 “പ്രോസ്പെർ മിനിയെർ” എന്ന ഫ്രെഞ്ച് ഡോക്ടർ ഈ രോഗം തിരിച്ചറിഞ്ഞിട്ട് നൂറ്റമ്പതു വർഷമായിട്ടും ചെവിയിലുണ്ടാകുന്ന എൻഡോലിംഫിന്റെ അമിതോല്പാദനമാണോ അവ ഉല്പാദനത്തിനനുസരിച്ച് അധികമുള്ളത് തിരിച്ചെടുക്കാത്തതു കൊണ്ടാണൊ  ചെവിയിലിതു കൂടുതലായി പ്രശ്നമുണ്ടാക്കുന്നതെന്നു കണ്ടെ ത്താനായിട്ടില്ല.

സമാനമായ ലക്ഷണങ്ങൾ വെസ്റ്റിബുലാർ മൈഗ്രൈൻ, ട്രാൻഷിയന്റ് ഇഷീമിക് അറ്റാക്ക് എന്നീ അവഥകളിലും വരാം.

പ്രത്യേകിച്ച് ഒരു ടെസ്റ്റ്കൊണ്ടു രോഗനിർണ്ണയം സാധ്യമല്ല, രോഗലക്ഷണങ്ങൾക്കൊപ്പം തലച്ചോറിന്റെ , സി.റ്റി, എം,ആർ, ഐ എന്നിവയെടുത്ത് മ റ്റു തകരാറുകൾ ഒന്നുമില്ലന്നു ഉറപ്പിക്കുകയാണു  ഈ രോഗമാണെന്ന നിർണയത്തിലെത്തുവാൻ സാധാരണ ചെയ്യുന്നത്.

മിനിയേഴ്സ് രോഗത്തെ തന്നെ രണ്ടായിട്ട് വിഭജിച്ചിട്ടുണ്ട്. തലകറക്കം പ്രധാനമായി കാണുന്ന വെസ്റ്റിബുലാർ മിനിയേഴ്സ് രോഗമെന്നും  കേൾവിക്കുറവും ചെവിയിൽ മുഴക്കവും പ്രധാനമായ കോക്ളിയാർ   മിനിയേഴ്സ് രോഗമെന്നും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗാവസ്ഥ മിനിറ്റുകൾ മുതൽ ഒരു ദിവസം വരെ നീണ്ടു നില്ക്കാം. എന്നാൽ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരമെന്നതു കൊണ്ടു ഒറ്റയ്ക്ക് യാത്രചെയ്യാനോ, വണ്ടി ഓടിക്കാനോ ഒന്നും ധൈര്യപ്പെട്ടിറങ്ങാനവില്ല.

ചിലർക്കു  ചോക്ളേറ്റ്,  മദ്യം, ചായ , കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ, എന്നിവ കൊണ്ട് രോഗം കൂടുന്നതായി അനുഭവപ്പെടാറുണ്ട്.

ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

രോഗചികിൽസ

പൂർണ്ണശമനം സാധ്യമല്ലെന്നാണു ആധുനിക വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങൾ പറയുന്നത്.

എൻഡോലിംഫ് കൂടുന്നു എന്ന് കരുതിയുള്ള ഒപ്പറേഷനുകളാണു സാധാരണരീതിയിൽ ചെയ്തുവരുന്നത്.

ചെവിയിലെ എൻഡോലിംഫിന്റെ മർദ്ദം കുറയ്ക്കാൻ മൂന്നുവിധം സർജറികളാണു ചെയ്യാറുള്ളത്, തല്ക്കാലത്തേക്ക് മർദ്ദം കുറയ്ക്കുക, ഷണ്ട് ഇട്ട് അധികമായി ഉള്ള എൻഡോലിംഫ് ഒഴുക്കികളയുക, എൻഡോലിംഫാറ്റിക് സാക് തന്നെ എടുത്തുമാറ്റുക എന്നിവയാണീ രീതികൾ.

ചിലരിൽ വെസ്റ്റിബുലാർ ന്യൂറക്റ്റമി എന്നു പേരുള്ള  ശസ്ത്രക്രിയയിലൂടെ ഞരമ്പ് മുറിച്ചു മാറ്റേണ്ടിയും വരാറൂണ്ട്. മരുന്നുകൾ മധ്യകർണ്ണത്തിൽ കുത്തിവെച്ച് ലബിരന്ത് തന്നെ നശിപ്പിക്കുന്ന ചികിൽസകളും നിലവിലുണ്ട്.

എൻഡോലിംഫറ്റിക് സാക് (ഇ.എസ്)ഷണ്ട് ഓപ്പറേഷൻ ചെയ്താൽ 60% രോഗികളിലും രോഗം കുറയാറുണ്ട്. കോക്ളിയ നശീകരണ ശസ്ത്രക്രിയകളിലെ പോലെ കേൾവി ക്കു തകരാറു സംഭവിക്കാറുമില്ല.

തലകറക്കത്തോടൊപ്പമുള്ള ഉത്കണ്ഠ മാറ്റാൻ കൗൺസലിങ്ങ് ഉപകരിക്കാറുണ്ട്.


ഡോ. ടി.ജി. മനോജ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ