സ്നേഹിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. സ്നേഹിക്കണം എന്നും കരുതുന്നവർ. എന്നാൽ സ്നേഹം ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയയാണെന്ന വിധമാണ് ഇന്ന് നമ്മുടെ പ്രവൃത്തികൾ. പ്രണയ നൈരാശ്യം കൂടി കാമുകിയെ കൊല്ലുകയോ അമ്ല ആക്രമണങ്ങൾ നടത്തുന്നതോ ആയ വാർത്തകൾ നാം മിക്ക ദിവസങ്ങളിലും കേൾക്കുകയോ, വായിക്കുകയോ ചെയ്യുന്നുണ്ട്. പ്രണയിനിയെ ഈ വിധം ഉപദ്രവിക്കുവാൻ യഥാർത്ഥ സ്നേഹമുള്ള ഒരാൾക്ക് കഴിയുമോ?
എന്താണ് സ്നേഹം? കൃത്യമായി ഒരു നിർവചനത്തിനുപരി, എന്തൊക്കെയാണ് അതിന്റെ ചേരുവകൾ എന്ന് നോക്കാം. ദൃഡമൈത്രി, അഭിനിവേശം, പ്രതിബദ്ധത, കരുതൽ, സംരക്ഷണം, അടുപ്പം, ആകർഷണം, വാത്സല്യം, വിശ്വാസം എന്നിവയെല്ലാം ഒന്നാകുന്ന ഒരു വികാരമാണ് സ്നേഹം.
1973 ൽ പുറത്തിറക്കിയ ദി കളേർസ് ഓഫ് ലവ് എന്ന പുസ്തകത്തിലൂടെ മനഃശാസ്ത്രജ്ഞായ ജോൺ ലീ പറയുന്നത് സ്നേഹത്തിനു മൂന്നു രീതികളുണ്ടെന്നാണ്. സ്റ്റോർജ് (storge) ആണ് അതിലൊന്ന്. സ്റ്റോർജ് എന്ന ഗ്രീക്ക് വാക്കിനർത്ഥം പ്രകൃതിദത്തമായ വാത്സല്യം എന്നാണ്. മാതാപിതാക്കളോട്, കുട്ടികളോട്, സഹോദരങ്ങളോട്, കുടുംബാംഗങ്ങളോട് എല്ലാമുള്ള സ്നേഹം ഇത്തരത്തിലുള്ളതാണ്. മറ്റുള്ളവരോട് സൗഹൃദവും സ്നേഹവും ഉണ്ടാക്കുവാൻ സഹായിക്കുന്നത് ഈ സ്നേഹമാണ്.
ലൂഡസ് (ludus) ആണ് രണ്ടാമൻ. ഈ ഗ്രീക്ക് വാക്കിന്റെ അർഥം ഗെയിം അഥവാ കളി എന്നാണ്. ഇന്ന് കാണുന്ന കൂടുതൽ പ്രണയങ്ങളും ഇത്തരത്തിൽ പെട്ടവയാണ്. പ്രതിബദ്ധതയോ, ദൃഢതയോ ഇല്ലാത്ത സ്നേഹം. ചില ലക്ഷ്യങ്ങൾ മാത്രം മുൻനിറുത്തിയുള്ള സ്നേഹം.
ഇറോസ് (eros) ആണ് മൂന്നാമൻ. രതിജന്യമായ അഭിനിവേശം എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അർഥം. ശാരീരികവും, മാനസികവും, വൈകാരികവുമായ തലങ്ങൾ ഉൾക്കൊള്ളുന്ന ഈ സ്നേഹമാണ് നമ്മൾ മാതൃകയാക്കേണ്ടതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.
1977 ൽ അദ്ദേഹം സ്നേഹത്തിന്റെ മൂന്നു സംയുക്തങ്ങൾ കൂടി കൂട്ടിച്ചേർക്കുകയുണ്ടായി. മാനിയ (mania) പ്രാഗ്‌മ (pragma), അഗാപ്പേ (agape) എന്നവയാണവ. ലൂഡസും സ്റ്റോർജും ചേർന്നുണ്ടാകുന്ന പ്രാഗ്‌മ പ്രായോഗികമായ സ്നേഹമാണ്. ഇറോസും സ്റ്റോർജും ചേർന്നുണ്ടാകുന്ന അഗാപ്പെ നിസ്വാർത്ഥ സ്നേഹവുമാണ്.
ഇറോസും ലൂഡസും ചേർന്നുണ്ടാകുന്ന ഒരു പീഡിതമായ സ്നേഹമാണ് മാനിയ. അസൂയയും, സ്വാർത്ഥതയും സംശയവും നിറഞ്ഞ സ്നേഹം. ഒബ്‌സെസ്സിവ് ലവ് ഡിസോർഡർ ഇന്ന് നാം ഒരു രോഗമായിത്തന്നെയാണ് കാണുന്നത്. ഇത്തരക്കാരാണ് നമുക്ക് വാർത്തകളാകുന്നത്.
നമ്മുടെ കുട്ടികളെ ചെറുപ്പം മുതൽ കുടുംബ ബന്ധങ്ങളിലും, നല്ല സൗഹൃദങ്ങളിലും ഏർപ്പെടുന്നതിനു പ്രോത്സാഹിപ്പിക്കുകയും, അതിനു മാതൃകകളായി വർത്തിക്കുകയും ചെയ്യുക എന്നൊരു വലിയ ദൗത്യം നമ്മുടെ മുൻപിലുണ്ട്. അവർ നിസ്വാർത്ഥമായി സ്നേഹിക്കട്ടെ. സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല എന്നവർ തിരിച്ചറിയട്ടെ. അതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ