2022 ഡിസംബർ 21, ബുധനാഴ്‌ച

നിന്നോളമൊരു നിഴലുമെന്നെ അലട്ടിയിട്ടില്ല, നിന്നോളമൊരു വസന്തവുമെന്നിൽ വേരിട്ടിട്ടുമില്ല -കൃഷ്ണ

 


കവിതകൾ വേരുകളാണ്. മനുഷ്യന്റെ അന്തരാത്മാവിൽ പടർന്നു പിടിക്കുന്ന വേരുകൾ. വായനകളിൽ ഉള്ളു വെന്തു നീറണമെങ്കിൽ നിങ്ങൾ കവിതകൾ തിരഞ്ഞെടുക്കൂവെന്ന് ഞാൻ പറയും. അത്തരത്തിൽ ഉള്ളു പൊള്ളിക്കുന്ന കവിതസമാഹാരമാണ്, ധ്വനി ബുക്സ് ഏറ്റവും അടുത്ത് പ്രസിദ്ധീകരിച്ച “നിന്നോളമൊരു നിഴലുമെന്നെ അലട്ടിയിട്ടില്ല,

നിന്നോളമൊരു വസന്തവുമെന്നിൽ വേരിട്ടിട്ടുമില്ല” എന്നുള്ള കവിതാസമാഹാരം.

ഇരുപത് കവിതകൾ ആണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ” മരണക്കിണർ ” എന്ന് പേരുള്ള കവിതയിൽ നിന്നും തുടങ്ങട്ടെ..

വിട്ടു പോയ മനുഷ്യരുടെ മുന്നിൽ യാചിക്കുന്നവരെ കുറിച്ചാണ് ഈ കവിതയിൽ പ്രതിപാദിക്കുന്നത്. അതിലെ കുറച്ചു വരികൾ ഇങ്ങനെയാണ്.

” കടല് വറ്റുമ്പോൾ പിടയുന്ന

 മീനുകളുടെ സമനിലയില്ലാത്ത

 ഭാഷയായിരിക്കും

 അന്ന്, നിങ്ങൾക്ക് “

അത്രമേൽ ആഴത്തിൽ ഉപേക്ഷിക്കപ്പെട്ടുപോകുന്ന ജീവിതങ്ങളെ അല്ലെങ്കിൽ മനുഷ്യരെ നോവുകൊണ്ട് വിവക്ഷിക്കുവാൻ അതിനുമപ്പുറം വാചകങ്ങൾ ഉണ്ടാവേണ്ടതില്ലയെന്ന് തോന്നുന്നു. മുറിവുകൾ തുന്നുന്ന പക്ഷികളുടെ കണ്ണുനീർ ഒഴുക്കെന്ന പോലെ തന്നെയാണ് കൃഷ്ണയുടെ കവിതകൾ ആസ്വാദകന്റെ ഹൃദയത്തിൽ പതിയുന്നത്.

” ജെസീക്ക” യെന്ന് തുടങ്ങുന്ന കവിതയിൽ, സ്ത്രീയാകുവാൻ മോഹിക്കപ്പെട്ടു ജീവിക്കുന്ന ഒരു പുരുഷന്റെയും അവളെ സ്നേഹിക്കുന്ന മറ്റൊരു പുരുഷന്റെയും ജീവിതത്തെ, നൊമ്പരത്തെ, ആത്മപരിവേദനങ്ങളെ വരച്ചു വെയ്ക്കുന്നു.

” ആണും പെണ്ണും കെട്ടതാണോ?

 ആണും പെണ്ണും തെളിഞ്ഞതെന്ന്

 അവൾ തിരുത്തി “

പൂർണ്ണതിങ്കളിനെ കുറിച്ച് പരാമർശിക്കുകയാണ്. സമൂഹത്തിന്റെ കണ്ണുകളിലും ഇങ്ങനെ ഒരു തിരുത്തൽ ഉണ്ടാകേണ്ടതുണ്ടെന്നും നമുക്ക് ആ വരികളിലൂടെ വായിക്കാം.

” അരി തിളച്ച്

 പൊന്തുന്ന

കലത്തിലെന്ന പോലെ

ഞങ്ങൾ

വേവ് തെറ്റി,

ആരുമറിയാതെ

പ്രണയിച്ച്

കൊണ്ടേയിരുന്നു “

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ, തണുത്തുപോയൊരു ചന്ദ്രഗോളം കണക്കെ അവൾ തൂങ്ങിയാടിയത് എന്തിനാകും? അവനെ തനിച്ചാക്കിയത്, എല്ലാം അവസാനിപ്പിച്ചത് എന്തിനാകും? അവനെപ്പോലെ വായനക്കാരനും ജെസീക്ക നീറ്റൽ ആകുന്നു.

ഇങ്ങനെ കവിതകളുടെ മാസ്മരികതയിലൂടെ ജീവിതത്തിന്റെ സമൂഹത്തിന്റെ വിവിധ മുഖങ്ങളെ കോറിയിടുന്ന കവിതാസമാഹരമാണ് ഇത്. കവിതകൾ, പലപ്പോഴും കലഹങ്ങളാണ്. കാലത്തിനോട് സംവദിച്ചു കൊണ്ടിരിക്കുന്ന കലഹങ്ങൾ. ഭൂമിയിൽ നിന്നും വേരറ്റു പോകുന്നതിനു മുന്പേ കവി തന്റെ കലഹങ്ങളെ ഭൂമിയുടെ മാറിലേയ്ക്ക് കുടഞ്ഞിടുകയാണ്. അവന്റെ ആത്മസംഘർഷങ്ങളുടെ വേദികളിൽ പടർന്നു വീണ്ടും അത് പുതിയ മുളകളായി രൂപാന്തരപ്പെടുകയും ചെയ്യട്ടെ. കാലം പതിയിരുന്നു നോക്കുന്നുണ്ട്. ഇനിയുമെത്ര കലഹങ്ങൾക്ക്.. കവിതകളുടെ കലാപങ്ങൾക്ക് ഭൂമി വേദിയാകുമെന്ന്..

” നിങ്ങളുടെ

മുറിവുകളുടെ ആഴമറിയുന്ന,

മറുകുകളുടെ എണ്ണമറിയുന്ന,

നിശ്വാസങ്ങളുടെ നീളമറിയുന്ന

ഒരു മനുഷ്യൻ നിങ്ങളെ തേടി വരും.

എവിടെയുമില്ലാത്തൊരു

ചൂട് അയാളുടെ ഹൃദയത്തിൽ

നിന്നും നിങ്ങൾക്ക് അനുഭവപ്പെടും.

അതിന്റെ രഹസ്യം മറ്റൊരാൾക്കും

മനസ്സിലാകാതിരിക്കട്ടെ..

അത് നിങ്ങളെ മാത്രം അനുഗ്രഹിക്കട്ടെ. “
 



 ഹരിത. ആർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ