2022 ഡിസംബർ 21, ബുധനാഴ്‌ച

ഇലാവൻ


 മലമുകളിൽ തുലാവർഷത്തിന്റെ ഇടിമുഴക്കത്തിനു മുമ്പേ തെളിഞ്ഞ മിന്നൽ തീർത്ത ഇത്തിരി നേരത്തെ വെളിച്ചത്തിൽ ഇലാവനെ ആർക്കും കാണാൻ കഴിയില്ല. കാരണം ഇലാവന് മിന്നലിനെ പേടിയാണ്.

ഒരു മിന്നലാണ്, ഇലാവന്റെ അപ്പൻ കണ്ടനെയും അമ്മ നീലിയെയും ഇലാവനെ ഈ ഭൂമിയിലുപേക്ഷിച്ച് തേവരിടത്തിലേക്ക് യാത്രയാക്കിയത്.

പാട്ടിത്തെരുവിൽ പച്ചമാങ്ങാ വിൽക്കാൻ പോയ ഇലാവൻ തിരികെയെത്തിയപ്പോൾ

കുടിലിന്റെ ഇത്തിരി മുറ്റത്തിനപ്പുറവും ആളുകൾ.

നടുവേദനക്ക് തിരുമ്മിക്കാനോ പേറെടുക്കാൻ നീലിയെ വിളിക്കാനോ വല്ലപ്പോഴും ആരെങ്കിലും വരാറുണ്ട്. ആളുകൾക്ക് നടുവേദന വരാൻ കണ്ടനും പെണ്ണുങ്ങളെന്നും ഗർഭിണിയാവാൻ നീലിയും കാഞ്ഞിരത്തപ്പന് നേർച്ചകൾ നേരാറുണ്ടായിരുന്നു. എന്തോ കാഞ്ഞിരത്തപ്പന് നീലിയോടായിരുന്നു കൂടുതലിഷ്ടം. കുടിയിലെ പെണ്ണുങ്ങൾ കാലവിളംബമില്ലാതെ ഗർഭിണികളാകുന്ന പ്രക്രിയ അനുസ്യൂതം തുടർന്നു. പക്ഷെ, ജീവനോടെ പുറത്തേക്ക് വരുന്ന കുഞ്ഞുങ്ങൾ വളരെക്കുറവായിരുന്നു. നീലിയുടെ അമ്മ പാക്കിയും വയറ്റാട്ടിയായിരുന്നു. അമ്മയുടെ ‘കൈപ്പുണ്യം’ അതേപോലെ മകൾക്കും കിട്ടിയതിനാൽ കുടിയിലെ ജനസംഖ്യ മാറ്റമില്ലാതെ തുടർന്നു.

ആരോ ഇലാവനെ പിടിച്ച് കണ്ടന്റെയും നീലിയുടെയും മൃതദേഹങ്ങൾക്കരികെ എത്തിച്ചു.

താനേകനായെന്ന് ഒരു നിമിഷാർദ്ധത്തിൽ തിരിച്ചറിഞ്ഞ ഇലാവൻ അലറിക്കരഞ്ഞു. അർദ്ധബോധത്തിൽ ആരോ കൈപിടിച്ച് ചെയ്യിച്ച ചടങ്ങുകൾ ആകാശത്തേക്കഗ്നിയുയർന്നതോടെ അവസാനിച്ചു.

വന്നവരൊക്കെ തിരികെപ്പോയി. കണ്ടന്റെയും നീലിയുടെയും മനോഹരമായ ചിത്രം വരച്ച് ഇലാവൻ തന്റെ മനസിലെ ചുവരിൽ ആണിയടിച്ചു തൂക്കി. വയറിന്റെ ആന്തൽ അവനെ ഉറിയുടെയടുത്തേക്കു നടത്തി. ഏറ്റവും മുകളിലെ ചട്ടി അവനെത്തില്ലായിരുന്നു. കണ്ടൻ ചൂരൽ കൊണ്ട് വരിഞ്ഞ കസാലയിൽ കയറി ആ ചട്ടിയെടുത്തപ്പോൾ, അതിലൊന്നുമില്ലായിരുന്നു. അതിനു താഴത്തെ ചട്ടിയിൽ കാട്ടുകിഴങ്ങ് പുഴുങ്ങിയത്. ആർത്തിയോടെ അതുമുഴുവൻ തിന്ന് ഇത്തിരി വെള്ളം കുടിച്ചപ്പോൾ അവന് വലിയയാശ്വാസമായി. അതുവരെയും അടുപ്പിൽ ചെറിയ പുകയുയരുന്നുണ്ടായിരുന്നതും അടങ്ങി.

കുടിയിലെ നിയമമനുസരിച്ച്, മാതാപിതാക്കൾ ഒരേ ദിവസം മരിച്ചാൽ, അവർക്ക് ഒരു കുട്ടി മാത്രമേയുള്ളെങ്കിൽ, ആ കുട്ടി ഒന്നുകിൽ ആത്മഹത്യ ചെയ്യണം. അല്ലെങ്കിൽ മല കയറണം.                                     കുടിയിലിപ്പോൾ ജീവിച്ചിരിക്കുന്നവരിലാർക്കും ആരെങ്കിലും മല കയറിയതായോർമ്മയില്ല. എന്നാൽ ഒന്നുരണ്ടു പേർ മക്കിച്ചുഴിയിൽ ചാടി ആത്മഹത്യ ചെയ്തതവരോർക്കുന്നു.

മലയെന്നു പറഞ്ഞാൽ അതു വെറും മലയല്ല. നാലു തട്ടുകളിലൂടെ ആകാശം മുട്ടെയുയർന്നു നിൽക്കുന്ന മലയുടെ രണ്ടാം തട്ടുവരെയേ കുടിക്കാർ പോയിട്ടുള്ളു. അതുതന്നെ കൂട്ടമായ് മാത്രമേ പോകാറൊള്ളൂ. സ്ത്രീകൾ  അതു വരെപ്പോലും പോകാറില്ല. പന്തീരെക്ഷികൾക്ക് സ്ത്രീകളെയാണ് കൂടുതലിഷ്ടം.

ചോര കുടിക്കുന്ന ഈച്ചകൾ, മണം പിടിച്ച് പാഞ്ഞടുത്ത് കരൾ തുരക്കുന്ന കാക്കവവ്വാലുകൾ, മാംസ ദാഹികളായ പന്തീരെക്ഷികൾ, ചുവന്ന കണ്ണുളിൽ നിന്നും തീ ചീറ്റുന്ന അഗ്നിരാക്ഷസർ . ഇവരെയൊക്കെ നേരിട്ടാലേ മലമുകളിലെത്തൂ. മുകളിലെത്തിയാൽ അച്ഛനും അമ്മയും അവിടെയെത്തി, തേവരിടത്തെ വിശിഷ്ട ഭോജ്യങ്ങൾ വിളമ്പുമത്രെ!

ആത്മഹത്യ ചെയ്യാൻ ഇലാവനിഷ്ടമില്ലായിരുന്നു. അച്ഛനെയും അമ്മയെയും കാണാനിഷ്ടവുമായിരുന്നു. കുടിയിലുള്ളവരെല്ലാം ഇലാവനെ യാത്രയാക്കാനെത്തി. അടിവാരം വരെ അവർ അവനെയനുഗമിച്ചു. പിന്നെ തിരികെപ്പോയി.

ഇലാവൻ തനിയെ മല കയറി. കുറെക്കയറിയപ്പോൾ ചുറ്റിനും വലിയയീച്ചകൾ. രക്തം കുടിക്കാൻ വന്നതായിരിക്കും. അവൻ കരുതി. എന്നാൽ അവ അവനെയൊന്നു തലോടി പറന്നകന്നു.

മരക്കൊമ്പുകളിൽ തൂങ്ങിയുറങ്ങുന്ന വവ്വാലുകൾ അവന്റെ വരവറിഞ്ഞതേയില്ല. ഇലാവന്റെ ദേഹത്ത് മാംസമായി കാര്യമായൊന്നുമില്ലാത്തതിനിലാവും, യക്ഷികൾ വെറുതെ ഉടുത്തൊരുങ്ങി മെനക്കെട്ടില്ല. വെയിൽ കനക്കവേ സൂര്യൻ മാത്രം തന്റെ തുറന്ന കണ്ണുകളിൽ നിന്നും അഗ്നി വർഷിച്ചുകൊണ്ടിരുന്നു.

മലമുകളിൽ പ്രകൃതിയൊരുക്കിയ പർണ്ണാശ്രമത്തിൽ അനിവാര്യമായ മയക്കത്തിലേക്ക് വീഴും മുമ്പേ, ഏറെ ശ്രദ്ധയോടെ അച്ഛനമ്മമാരുടെ ചിത്രം മനസിൽ നിന്നെടുത്ത് പർണ്ണാശ്രമത്തിന്റെ പുൽച്ചുവരിൽ തൂക്കി.

മൂന്നാം നാളിൽ ഇലാവന്റെ അസ്ഥി പെറുക്കാൻ കുടിയിലെ ആണുങ്ങളൊത്തുകൂടി മല കയറി.ഒന്നാമത്തെയും രണ്ടാമത്തെയും തട്ടുകൾക്കിടയിലാണ് പടർന്നു പന്തലിച്ച പാലമരം. മുകളിലേക്ക് നോക്കാൻ പാടില്ല. യക്ഷികൾ ഇറങ്ങി വരും.  അസ്ഥിയൊന്നും കിട്ടാതായപ്പോൾ അവരുറപ്പിച്ചു. ‘ഇലാവൻ മല കയറിയിരിക്കുന്നു’

അവർ മലയിറങ്ങി കുടിയിലുള്ള എല്ലാവരെയും ഈ വാർത്തയറിയിച്ചു.

നിരത്തി വച്ച പാറകളിൽ ചോരയുണങ്ങിയ കറുപ്പ്. ചോരപ്പാടുകളില്ലാത്ത പുതിയൊരു പാറ കൂടി അവിടെ നിരത്തപ്പെട്ടു. അവിടെ പുതിയൊരു ദൈവം കൂടി കുടിയിരുത്തപ്പെട്ടു.

‘ഇലാവൻ’

നിലാവുള്ള രാത്രികളിൽ ഇലാവൻ പർണ്ണശാലക്കു പുറത്തിറങ്ങി കുടിയിലുള്ളവർക്ക് ദർശനം കൊടുക്കുമായിരുന്നു. മലയുടെ ഉച്ചിയിൽ ഒരു പൊട്ടുപോലെ ഇലാവൻ അവർക്ക് അനുഗ്രഹം വർഷിക്കും. അതു കണ്ട് ഭക്തിയുടെ പാരമ്യതയിൽ അവർ നൃത്തം വയ്ക്കും. പേറെടുക്കാൻ നീലിയില്ലെങ്കിലും അവർ രതി തുടർന്നു.


 

അനിൽകുമാർ എം ബി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ