ടാബോ ഗ്രാമത്തിലെ ചായക്കടയിൽ ഒരു ചായയും കുടിച്ചങ്ങനെ ഇരിക്കുകയാണ്.അപ്പോഴാണ് അവളെ ഞാൻ ശ്രദ്ധിച്ചത്.. അഞ്ചോ ആറോ വയസ്സ് പ്രായം കാണും, ചുവന്ന മുഖവും ഇറുകിയ കണ്ണുകളുമുള്ള ഒരു കൊച്ചു പെൺകുട്ടി.. . ദൂരെ എങ്ങുനിന്നോ പെട്ടെന്ന് കടയിലേക്ക് ഓടി വന്നു എന്റെ മടിയിൽ കയറി ഇരിപ്പായി. ഇരുന്നയുടൻ കയ്യിൽ നിന്നും ഫോൺ വാങ്ങി ഗാലറി തുറന്ന് ചിത്രങ്ങൾ നോക്കാൻ തുടങ്ങി..
ആഹാ.. എന്തൊരു അധികാരം!.ഒരു കൂസലുമില്ലാതെ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ ?ആരുടെ മടിയിലാണ് കയറി ഇരിക്കുന്നത് എന്ന വല്ല ബോധവും ഉണ്ടോ ??!
ചെറിയ കുട്ടികളെ സ്നേഹിക്കാൻ അറിയില്ലെന്ന് ഉമ്മ എപ്പോഴും പരാതി പറയും. കഴിയുന്നത്ര നിഷ്കളങ്കത മുഖത്ത് വരുത്തി കുട്ടികളെ കൊഞ്ചിക്കാൻ നിന്നാലും അവർ പകച്ചു പിന്മാറും,പിന്നെ കരയാൻ തുടങ്ങും. മീത്തലെ സുഹൈലിനെ കുട്ട്യോൾക്കൊക്കെ പേടിയാ ന്ന് കുടുംബശ്രീ പെണ്ണുങ്ങൾ പറയുന്നത് തെല്ലൊരഭിമാനത്തോടെ തന്നെ കേട്ട് നിൽക്കും .
“നോക്ക്.. സുഹൈൽക്ക അതാ…വരുന്നു, വേം തിന്നോ, ഇല്ലേൽ ഞാനിപ്പോ ഇങ്ങോട്ട് വിളിക്കും ‘ എന്നും പറഞ്ഞു മൂത്തുമ്മ കൊച്ചു മക്കളെ പേടിപ്പിക്കുന്നത് ഞാൻ എത്ര തവണ കണ്ടിട്ടുണ്ടന്നോ… !
അങ്ങനെയുള്ള ഒരു കൊടും ഭീകരന്റെ മടിയിലാണ് താൻ കയറിയിരിക്കുന്നത് എന്ന വല്ല ചിന്തയും ഈ കുട്ടിക്കുണ്ടോ ??
എവിടുന്ന് കിട്ടി മകളേ നിനക്കിത്ര ധൈര്യം !?
ഗാലറി തുറന്ന് ഓരോ ചിത്രം കാണുമ്പോഴും അവൾ എന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായി ചോദിക്കും
“യെ കോൻ ഹേ ?”
“യേ. മേരാ ദോസ്ത് ഹേ “
“യേ, മേരാ ഭായ് ഹേ “
“യേ മേരാ ഫ്രണ്ട് ഹേ “
“യെ മേരാ…മേരാ ….. ആ, ബഹൻ ഹേ “
എന്റെ പൊന്നനുജത്തീ… ഇനിയും ഇതാരാണെന്ന് ചോദിച്ചു ഈ സഹോദരനെ ബുദ്ധിമുട്ടിക്കരുത്…എന്റെ കൈവശം ഉണ്ടായിരുന്ന ഹിന്ദി പദസമ്പത്തു ഒക്കെ തീർന്നു. ഇനി ചോദിച്ചാൽ ഉത്തരം പറയാൻ എന്റെ കയ്യിൽ ഒരൊറ്റ ഹിന്ദി വാക്കു പോലും ഇല്ല..സത്യം,
പക്ഷെ കുട്ടി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു…. ട്രെയിനിൽ വെച്ചു പരിചയപ്പെട്ട മലയാളി പട്ടാളക്കാരൻ എന്റെ ബഡാ ഭായിയും ചിത്കുൽ ഹോം സ്റ്റേയിലെ കൊച്ചു മകൻ എന്റെ ചോട്ടാ ഭായിയും ആയി..
ചോദ്യങ്ങൾ അവസാനിക്കുന്ന മട്ടില്ല, പടച്ചോനെ ഇതെന്തു പരീക്ഷണം…
ആളുകളുടെ പടങ്ങൾ മാറി. പകരം ട്രെയിനും ബസും ആപ്പിൾ മരങ്ങളും കുട്ടിയുടെ കണ്ണിൽ ഇടം പിടിച്ചു.ഫോണിൽ കണ്ട ഒരു വലിയ കെട്ടിടത്തിൽ തന്നെ നോക്കി മുഖമുയർത്താതെ അവൾ ചോദിച്ചു
“യേ ക്യാ ഹേ ?”
തൊട്ട് മുന്പിൽ അതാ ചെങ്കോട്ട തലയുയർത്തി നിൽക്കുന്നു.
“റെഡ് ഫോർട്ട്… യേ ഹേ റെഡ് ഫോർട്ട് ഹേ “
“ക്യാ ?”
“ഫോർട്ട്…റെഡ് ഫോർട്ട് “
“ക്യാ…?”,രക്ഷയില്ല
“ചെ….ങ്കോ… ട്ട, ചെങ്കോട്ട ” നാടൻ ഭാഷയിൽ തന്നെ ഒരു ശ്രമം നടത്തി. ചുവപ്പ് നിറത്തിന്റെ ഹിന്ദി അറിയാത്തതിൽ ആദ്യമായി എനിക്ക് കുറ്റബോധം തോന്നി. കരുണൻ മാഷ് ഹിന്ദി പഠിക്കുമ്പോൾ രതീഷിന്റെയൊപ്പം കടലാസ് മടക്കി ചൊട്ടി കളിച്ചതിന്റെ ഫലം….
ഡാ.. രതീഷേ, നീയിതു വല്ലോം അറിയുന്നുണ്ടോ, ഞാൻ ഇവിടെ പെട്ടു കിടക്കുവാടാ..
കുട്ടി വിടുന്ന മട്ടില്ല. ഇത്തവണ കയ്യിൽ പിടിച്ചു കുലുക്കി കുറച്ചുറക്കെയായി ചോദ്യം.
ഗത്യന്തരമില്ലാതെ ആ മഹാപാപം എനിക്ക് ചെയ്യേണ്ടി വന്നു.ഷാജഹാൻ ചക്രവർത്തി എന്നോട് ക്ഷമിക്കണം. ഉച്ചമയക്കത്തിന്റെ ആലസ്യതയിലും ഹിസ്റ്ററി മാഷിന്റെ അടി പേടിച്ചു കണ്ണും മിഴിച്ചിരുന്നു മുഗൾ ചരിത്രം കേൾക്കേണ്ടി വന്ന ചരിത്ര വിദ്യാർത്ഥികളെ, നിങ്ങളും എന്നോട് ക്ഷമിക്കണം
“യേ.. മേരാ ഘർ ഹേ “.
ഭാഗ്യം,കൂടുതൽ ചോദ്യങ്ങൾ ഇല്ല!.കുട്ടി അടുത്ത ചിത്രത്തിലേക്ക് നീങ്ങി.പെട്ടെന്ന് ഒരു സ്ത്രീ കടയിലേക്ക് കയറി കുട്ടിയേയുമെടുത്തു കടക്കു പുറത്തു നിർത്തിയിട്ട ട്രാക്ടറിൽ കയറി എങ്ങോട്ടാ അപ്രത്യക്ഷരായി.
എവിടെ നിന്നോ വന്നു എങ്ങോട്ടോ പോയ ഒരു കുഞ്ഞു മാലാഖ… എത്ര പെട്ടെന്നാണ് ഒരാത്മബന്ധം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടത്..
ചായയും കുടിച്ചു ടാബോ ഗ്രാമത്തിലേക്കിറങ്ങി. ടാബോ മൊണാസ്ട്രിയിലേക്ക് പോകണം.അവിടെ താമസിച്ചു ബുദ്ധ ആചാരങ്ങൾ നേരിട്ടു കാണണം
.അതിനു മുൻപ് ടാബോയിലെത്തിയ കഥ നിങ്ങളോട് പറയണം… ആ ബസ് യാത്രയെ കുറിച്ച് പറയണം..ആ പെൺകുട്ടിയെ പറ്റിയും പറയണം…
“ആരെങ്കിലും ഒരു പാട്ട് പാടു..ഹിന്ദി, ഇംഗ്ലീഷ് ഏത് ഭാഷ ആയാലും കുഴപ്പമില്ല, എന്തൊരു ബോറൻ യാത്രയാണിത് !”
എവിടുന്നാണീ വൃത്തികെട്ട ശബ്ദം.
പകുതി വാ കൊണ്ടും പകുതി മൂക്ക് കൊണ്ടും പറയുന്നത് പോലെ. പാതിമയക്കത്തിലായിട്ടും ഞാൻ ഞെട്ടിയുണർന്നു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി,ഞാൻ മാത്രമല്ല ബസിലെ ഒരു വിധം എല്ലാ യാത്രക്കാരും അങ്ങോട്ട് തന്നെ നോക്കിയിരുപ്പാണ്.
എന്റെ സീറ്റിന് തൊട്ട് മുൻപിൽ ഇടത് വശത്തായി ഇരിക്കുന്ന പെൺകുട്ടിയാണ്. ജീൻസും ടോപ്പുമാണ് വേഷം.മുഖത്തും ചുണ്ടിലും ചായം പൂശിയിരിക്കുന്നു.തലമുടി ഭംഗിയായി മടക്കി ഒരു മരക്കോലിന്റെ സഹായത്തോടെ പിന്നിലേക്ക് കെട്ടി വെച്ചിരിക്കുന്നു.ആളുകൾ അത്തരത്തിലുള്ള മരക്കോലുകൾ ഉപയോഗിച്ച് ന്യുഡിൽസ് പോലുള്ള ഭക്ഷണം കഴിക്കുന്നത് ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ട്.
പിയോയിൽ നിന്ന് പുലർച്ചെ അഞ്ചു മണിക്ക് തുടങ്ങിയ യാത്രയാണ്. ചെറിയ മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു പുറത്തേക്ക് നോക്കിയപ്പോഴാണ് ശരിക്കും ബസ് പോകുന്ന വഴിയുടെ ഭീകരത മനസ്സിലായത്.റോഡ് എന്ന് വിളിക്കാൻ പറ്റുന്ന യാതൊന്നും കാണുന്നില്ല. അലക്ഷ്യമായി കൂട്ടിയിട്ട പാറക്കല്ലുകൾക്കിടയിലെ ചെറിയ മൺപാതയിലൂടെ ബസ് അതിവേഗം കുതിക്കുകയാണ്.ഇടത് വശത്തെ മലനിരകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഉരുണ്ടു വീഴാം എന്ന കണക്കെ തങ്ങി നിൽക്കുന്ന വലിയ ഉരുളൻ കല്ലുകൾ.വലതു വശത്തു അഗാധമായ കൊക്കയും. ഒരു ബസിനു കഷ്ട്ടിച്ചു പോകാൻ പറ്റുന്ന ഈ പാതയിലൂടെ അതിവേഗം ബസോടിക്കുന്ന ഡ്രൈവറെ സമ്മതിക്കണം.ഒന്ന് പാളിയാൽ ഒരു പറ്റം സ്വപ്ന സഞ്ചാരികളെയും കൊണ്ട് അഗാധ ഗർത്തത്തിലേക്ക്……
ഭീതിജനകമായ ഈ യാത്രയുടെ ഇടക്കാണ് മുൻപിൽ നിന്നും ഒരു പെൺകുട്ടി പാട്ട് പാടാൻ വിളിച്ചു കൂവുന്നത്.ആരും പാടുന്നില്ലെന്ന് കണ്ടപ്പോൾ അവൾ തന്നെ പാടി തുടങ്ങുകയും ചെയ്തു.
എന്നെ കൂടാതെ വേറെയും അഞ്ചു മലയാളികൾ ബസിൽ ഉണ്ടായിരുന്നു.കോട്ടയത്ത് നിന്നുള്ള സുഹൃത്തുക്കളായ ടോണിയും മനേഷും,പിന്നെ ഫാറൂഖ്കാരൻ സഹദും സുഹൃത്തുക്കളും.
പെൺകുട്ടി ഒപ്പം പാടാൻ വേണ്ടി എല്ലാവരെയും നോക്കുന്ന സമയത്തു ഞാൻ മുൻപിലിരിക്കുന്ന ടോണിയോട് ഉറക്കെ വിളിച്ചു പറഞ്ഞു
.”എടാ ടോണി… മലയാളികളുടെ മാനം കാക്കെടാ, ഒരു നാടൻ പാട്ട് കീച്ച്… “
അന്യ നാട്ടിലെ യാത്രക്ക് ഇങ്ങനെ ചില ഗുണങ്ങൾ ഒക്കെയുണ്ട്. മലയാളത്തിൽ എന്തും വിളിച്ചു പറയാം..
ഞങ്ങൾ ഒരു പാട്ട് പാടാനുള്ള ശ്രമം നടത്തുകയാണ് എന്ന് വിചാരിച്ചിട്ടാകണം ആ പെൺകുട്ടിയും യാത്രക്കാരും ഞങ്ങളെ മാറി മാറി നോക്കി.
എന്ത് ചെയ്യാം… ഞാനടക്കം ഒറ്റയൊരുത്തനും വാ തുറന്നില്ല.കൽക്ക ഷിംല ടോയ് ട്രെയിൻ ഒരു തുരങ്കത്തിൽ പ്രവേശിച്ചപ്പോൾ കൂക്കിയിടുകയും ശരണം വിളിക്കുകയും ചെയ്ത അതേ മലയാളികളാണ് ഇപ്പോൾ കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നത്. ഇരുട്ടിൽ ചെയ്യുന്ന കാര്യം വെളിച്ചത്തു ചെയ്യാൻ പറ്റാത്തവർ !,
ബ്ലഡി മല്ലു ഗ്രാമവാസീസ്!!
അങ്ങനെ ഞങ്ങളിലുള്ള പ്രതീക്ഷയും നഷ്ട്ടപ്പെട്ട ആ പെൺകുട്ടി വീണ്ടും തനിച്ചു പാടാൻ തുടങ്ങി. ഞാനാകട്ടെ ആ പാട്ടും കേട്ട് കണ്ണുകളടച്ചു അല്ലറ ചില്ലറ സ്വപ്‌നങ്ങൾ ഒക്കെ കാണാനും തുടങ്ങി…
ബസ് യാത്രക്കാരെ അത്ഭുതപ്പെടുത്തി കൊണ്ട് ഞാൻ ചില മലയാള പാട്ടുകൾ പാടുന്നു,മലയാളത്തിൽ നിന്ന് പതിയെ ഹിന്ദിയിലേക്ക്… ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു മെല്ലെ ആ പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങുന്നു, ഒരു സിനിമാ ഗാന രംഗം പോലെ ഞങ്ങൾ രണ്ടു പേരും കൂടി ഒരു ഡുയറ്റ് ആലപിക്കുന്നു.അത് കണ്ട് മുന്നിൽ ഇരിക്കുന്ന മൂക്കുത്തിയണിഞ്ഞ ടിബറ്റൻ സുന്ദരിമാർ അസൂയയോടെ എന്നെ നോക്കി പരസ്പരം പിറുപിറുക്കുന്നു….
ഹമ്മ… ഹേ ഹമ്മ… ഹമ്മഹമ്മ ഹമ്മാ…..
എത്ര മനോഹരമായ സ്വപ്നം..
ആ സ്വപ്‍നയാത്ര എത്ര ദൂരം നീണ്ടു പോയിരിക്കണം.. ഉച്ചക്ക് മുന്നേ നാകോ യിലും കൃത്യം നട്ടുച്ചക്ക് ടാബോയിലും എത്തിയ ബസ് എന്നെയിറക്കി കാസ ലക്ഷ്യമാക്കി നീങ്ങി.. സ്വപ്നയാത്രികരെ നിങ്ങൾക്ക് വിട.
ടാബോയിൽ ബസിറങ്ങി ചുറ്റും കണ്ണോടിച്ച ഞാൻ ശരിക്കും അത്ഭുതപ്പെട്ടു .. ഒരൊറ്റ മനുഷ്യരില്ല!
ഇത് തന്നെയാണോ ടാബോ ?,
ടാബോ മൊണാസ്ട്രി ലക്ഷ്യമാക്കി നീങ്ങുന്ന മൊട്ടത്തലയുള്ള കാഷായ വസ്ത്രധാരികൾ എവിടെ?!,
ഗ്രാമത്തിലെത്തിയ പുതിയ സഞ്ചാരിയെ ചാക്കിലാക്കാനായി ഓടി വരുന്ന ടാക്സി ഡ്രൈവർമാരും റൂം ഏജന്റുമാരും എവിടെ !?,
പ്രിയ ടാബോ നിവാസികളെ.. ഇതാ നിങ്ങളുടെ നാട്ടിൽ ദൂരങ്ങൾ താണ്ടി ഒരു സഞ്ചാരി എത്തിയിരിക്കുന്നു..
.പ്രിയ ടാക്സി ഡ്രൈവർമാരെ, റൂം ഏജന്റ്മാരെ… നിങ്ങൾ വന്നു എന്നെ വട്ടമിട്ടു ആകർഷകമായ ഓഫറുകൾ തരു.. എനിക്ക് നിങ്ങളോട് ‘നഹീ.. നഹീന്ന് പറഞ്ഞാ നഹീ ‘എന്നൊക്കെ പറഞ്ഞു വലിയ ഗൗരവത്തിൽ ഒഴിഞ്ഞു മാറി നടക്കാനുള്ളതാണ്.
ഒരൊറ്റയാളും വന്നില്ല, എന്തിനു വഴി ചോദിക്കാൻ പോലും ഒരൊറ്റ മനുഷ്യ ജീവനെ കാണുന്നില്ല. ഇത് ടാബോ അല്ല, എന്റെ സ്വപ്നത്തിലെ ടാബോ ഇങ്ങനെയൊന്നുമല്ല..
ഒടുവിൽ കുറച്ചു നേരത്തെ ചുറ്റി കറങ്ങലിനു ശേഷം ഈ ചായക്കടയിൽ എത്തി. ഒരു ചായ കുടിക്കുക എന്നതിലുപരി ഗ്രാമത്തെ പറ്റി കൂടുതൽ വിവരങ്ങൾ ചായക്കടക്കാരനിൽ നിന്ന് കരസ്ഥമാക്കുക എന്നതാണ് ലക്‌ഷ്യം.അങ്ങനെ ചായയും കുടിച്ചു ഇരിക്കുമ്പോഴാണ് ആ മാലാഖ എവിടെ നിന്നോ എന്റെ മടിയിലേക്ക് ഓടി കയറി വന്നത്.
ചായകടക്കാരൻ പറഞ്ഞതനുസരിച് മൊണാസ്ട്രിയിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു.രണ്ട് കട്ടിലുകളുള്ള സാമാന്യം വലിയൊരു മുറി.
ചിതല്പുറ്റുകൾ പോലെ തോന്നിപ്പിക്കുന്ന മണ്ണ് കൊണ്ടുണ്ടാക്കിയ മൊണാസ്ട്രിയാണ് പിയോയിലെ പ്രധാന ആകർഷണം.
AD 996 ൽ ആണ് ഈ മൊണാസ്ട്രി നിർമ്മിച്ചിരിക്കുന്നത്.മൊണാസ്ട്രി നടന്നു കണ്ടു ഗ്രാമ കാഴ്ചകളിലേക്ക് ഇറങ്ങി. ബസിറങ്ങിയപ്പോൾ കണ്ട ടാബോ അല്ല ഇപ്പോൾ കാണുന്നത്. സ്കൂൾ, ബാങ്ക്, ഹോം സ്റ്റേ, ദാബ, എന്തിന് ഹെലിപാഡ് വരെ ഉള്ള മറ്റൊരു ടാബോ. പക്ഷെ ഗ്രാമവാസികളുടെ എണ്ണം വളരെ കുറവാണ് താനും…
ഗ്രാമത്തിൽ ബുദ്ധ മന്ത്രം എഴുതിയ കൊടികൾ അങ്ങിങ്ങായി തൂക്കിയിട്ടിരിക്കുന്നു.ഓം മനി പത്മേ ഹും എന്ന മന്ത്രമാണ് എഴുതിയിരിക്കുന്നത്.മൊണാസ്ട്രിക്ക് പുറകിലെ വലിയ മലമുകളിലും ഈ മന്ത്രം വെള്ള ചായം കൊണ്ട് എഴുതിയിരിക്കുന്നത് കാണാം
.മൊണാസ്ട്രിയിൽ താമസിക്കുന്ന കുട്ടികൾ ഒരു ഭാഗത്തു നിന്ന് പന്ത് കളിക്കുന്നു. അവരോട് വഴി ചോദിച്ചു മൊണാസ്ട്രിയുടെ പുറകിലെ മല നടന്നു കയറി. ബുദ്ധ സന്യാസിമാർ തപസ്സിരുന്ന ഗുഹകളാണ് പ്രധാനമായും കാണാനുള്ളത്. ഉള്ളിൽ കയറി ധൈര്യമായി ഇരിക്കാൻ പറ്റിയ വലിയ ഗുഹകൾ. മലമുകളിലെ അവസാന സഞ്ചാരിയും തിരിച്ചിറങ്ങിയ ശേഷം ഞാൻ സാമാന്യം വലിപ്പമുള്ള ഒരു ഗുഹക്കുള്ളിൽ കയറി ഇരിപ്പുറപ്പിച്ചു.
ഗുഹയിൽ നിന്ന് ടാബോ ഗ്രാമം കാണാൻ എന്ത് ഭംഗിയാണ്. ഈ ഗുഹക്കുള്ളിൽ ഇരുന്നാണ് ഒരുപാട് ബുദ്ധ സന്യാസിമാർ ആത്മീയ സംതൃപ്തി കൈവരിച്ചത്. ഒരു ജനതക്ക് ജീവിത ദർശനം നൽകിയത്.അവർ ജനങ്ങളോട് ജീവിതത്തെ പറ്റി സംസാരിച്ചു.എല്ലാം ദുഃഖമയമാണെന്നും ദുഃഖത്തിനു കാരണം തൃഷ്ണയാണെന്നും തൃഷ്ണയെ അകറ്റുക വഴി ജീവിതം ദുഃഖവിമുക്തമാക്കാമെന്നും അവർ പഠിപ്പിച്ചു. നല്ല വീക്ഷണം, ചിന്ത,സംസാരം, കർമം, ജീവനം,ശ്രമം, ശ്രദ്ധ, ധ്യാനം എന്നീ അഷ്ട തത്വങ്ങളാണ് ബുദ്ധ മതത്തിന്റെ കാതലെന്നും പഠിപ്പിച്ചു
കുറച്ചു സമയം ഗുഹക്കുള്ളിൽ ഇരുന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി എന്നിലേക്ക് വന്നത് പോലെ. ഒപ്പം ഗുഹക്കകത്തേക്ക് അടിച്ചു കയറുന്ന കൊടും തണുപ്പും. ഗുഹക്ക് പുറത്തു കുറച്ചു മുൻപ് വന്നു പോയ ഒരു സഞ്ചാരി തീയിട്ട ഭാഗത്തു കുറച്ചു ചുള്ളിക്കമ്പുകൾ കൂടി വെച്ചു ചെറിയൊരു തീകുണ്ഡം ഉണ്ടാക്കി.
ആ ചെറു തീയിൻ ചൂടുമേറ്റ് ഗുഹക്കുള്ളിൽ കുറച്ചധികം സമയം കൂടി ഞാൻ ഇരുന്നു… എന്ത് മാത്രം ചിന്തകളാണ് മനസ്സിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്നത്. ആഗ്രഹങ്ങൾ തന്നെയാണ് എല്ലാ ദുഖത്തിന്റെയും കാതൽ, പക്ഷെ ആഗ്രഹങ്ങൾ ഇല്ലാതെ, സ്വപ്‌നങ്ങൾ ഇല്ലാതെ ഒരു ജീവിതം എങ്ങനെ സങ്കൽപ്പിക്കാൻ പറ്റും. അത് എത്ര മാത്രം നിരർത്ഥകമായിരിക്കും … .
രാത്രി സുഖമായി തന്നെ കിടന്നുറങ്ങി .
ആ സുഖത്തിന്റെ പിന്നിലുള്ള അപകടം മനസ്സിലായത് പിറ്റേന്ന് വളരെ വൈകി എഴുന്നേറ്റപ്പോളാണ്. ഗ്രാമത്തിൽ നിന്ന് പുറത്തു കടക്കാനുള്ള അവസാന ബസും പോയിരിക്കുന്നു. ഒരു ദിവസം കൂടി ടാബോ യിൽ കഴിയണം.
പക്ഷെ പെട്ടെന്ന് തോന്നിയ ഒരാവേശത്തിൽ റൂം ഒഴിഞ്ഞു ബാഗുമെടുത്തു റോഡിൽ ഇറങ്ങി നിന്നു…അത് സ്പിറ്റി യാത്ര തന്നെ മാറ്റി മറിച്ച ഒരു തീരുമാനം ആയിരുന്നെന്ന് അപ്പോൾ എനിക്ക് മനസ്സിലായതേയില്ല
സുഹൈൽ സുഗു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ