2021 മാർച്ച് 26, വെള്ളിയാഴ്‌ച

നന്ദിയും, കടമയും ,പിന്നെ ടൈഗർ എന്ന നായയും

 



നേരം പുലരാൻ പോലും കാത്തു നിൽക്കാതെ, പ്രഭാത കൃത്യങ്ങളെല്ലാം ഒരു വിധം അവസാനിപ്പിച്ചെന്ന് വരുത്തി അയാൾ കട തുറക്കാൻ വേണ്ടി കടയിലേക്കോടി . അങ്ങ് ദൂരേ നിന്നും പുലർച്ചെ അഞ്ചരക്ക് തന്നെ,  തന്റെ കടയിലേയ്ക്ക് പച്ചക്കറി എടുക്കാൻ വേണ്ടി വരാറുള്ള അലിയാരേയും പ്രതീക്ഷിച്ച്. ധൃതി പിടിച്ച് നടക്കുന്നതിനിടയിൽ പിന്നിൽ നിന്നും സഹധർമ്മിണി വിളിച്ചു പറയുന്നത് അയാൾ കേട്ടു.

 “രാത്രി വരുമ്പോ കാജലിന്റെ ഒരു കൺമഷി കൂടി വാങ്ങീട്ട് വരണട്ടാ.”

 രാത്രി പത്ത് മണിയോടുകൂടി കടയെല്ലാം അടച്ച്, ജോലിക്കൂടുതൽ കൊണ്ട് തളർന്ന് അവശനായി, ഇന്നലെ അവൾ എഴുതി നൽകിയിരുന്ന കുറിപ്പടിയിലുള്ള സാധനങ്ങളെല്ലാം വാങ്ങിയ ഒരു സഞ്ചിയും തൂക്കിപ്പിടിച്ച് വീട്ടിലേയ്ക്ക് കയറിച്ചെന്ന അയാളോട് സഹധർമ്മിണിയുടെ ആദ്യത്തെ ചോദ്യം തന്നെ കാജൽ എന്ന തന്റെ സ്വന്തം കൺമഷിയെക്കുറിച്ചായിരുന്നു. അപ്പോഴാണ് അയാൾക്ക് കൺമഷിയെക്കുറിച്ച് ശരിക്കും ഓർമ്മ വന്നത്. ഒരു ജാള്യതയോടു കൂടി അയാൾ അവളോട് പറഞ്ഞു.

“ഓ…. പണിത്തിരക്കിനിടയ്ക്ക് ഞാനതങ്ങ് മറന്നു. പോരാത്തതിന് സാധനങ്ങൾ വാങ്ങാനുള്ള കുറിപ്പടിയിലും നീയത് എഴുതിയിരുന്നില്ലല്ലോ? നാളെ എന്തായാലും മറക്കാതെ വാങ്ങിയിട്ട് വരാം. ഇന്നത്തേക്ക് നീയൊന്ന് ക്ഷമിക്ക് .”

” ഊം …… ഞാനെന്തിന് ക്ഷമിക്കണം ? പിന്നെ, നിങ്ങളെന്തിനാ എന്നെ കല്യാണം കഴിച്ചേ?”

അവിടെ അയാൾ നിശ്ശബ്ദനാവുകയായിരുന്നു. ശരിയാണ്. ഒരു ഭാര്യയുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കേണ്ടത് ഒരു ഭർത്താവെന്ന നിലയ്ക്ക് തന്റെ കടമ തന്നെയാണ്. അതിന് അവരിൽ നിന്നും ഒരു നന്ദിയുള്ള വാക്ക് പോലും പ്രതീക്ഷിക്കരുതെന്ന് ഏത് കിത്താബിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെന്ന് മാത്രം അയാൾക്ക് അറിയില്ലായിരുന്നു.

പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റതാണ്  അവൾ. ഭർത്താവിനെ ഓഫീസിലേയ്ക്കും, മക്കളെ സ്കൂളിലേയ്ക്കും അണിയിച്ചൊരുക്കി പറഞ്ഞു വിടാൻ വേണ്ടി. ഭക്ഷണം പാചകം ചെയ്ത് ടിഫൺ കാരിയറുകളിലാക്കി, വസ്ത്രങ്ങൾ ചുളിവില്ലാതെ തേച്ച് മിനുക്കി, സോക്സിന് മേലേ പോളിഷ് ചെയ്ത ഷൂ കൂടെ ധരിപ്പിച്ച് അവരെ പറഞ്ഞു വിട്ടാലേ അവൾക്ക് ശ്വാസം നേരേ വിടാനാവൂ. എട്ടരയോടു കൂടി അവരെ യാത്രയാക്കിയാൽ പിന്നെ അവൾക്ക് മാരത്തൺ ജോലിയാണ് ദിവസവും.

മുറ്റം തൂത്ത് വാരി വൃത്തിയാക്കണം, വസ്ത്രങ്ങൾ കഴുകി ഉണക്കാനിടണം, ഉമ്മറംതൊട്ട് അടുക്കള വരെ അടിച്ച് തുടക്കണം, പാത്രങ്ങൾ കഴുകി വെയ്ക്കണം തുടങ്ങി ഒരായിരം ജോലികൾ.ഇതെല്ലാം പടിപടിയായി ചെയ്ത് തീർക്കുന്നതിനിടയ്ക്ക് എപ്പോഴെങ്കിലും കുറച്ച് ഭക്ഷണം കഴിച്ചെന്ന് വരുത്തി, ഉച്ചതിരിഞ്ഞ് വരുന്ന ഭർത്താവിനും, മക്കൾക്കും വേണ്ടി ലഘു ഭക്ഷണം തയ്യാറാക്കുന്നതിൽ വ്യാപൃതയാവും അവൾ. അത് കഴിഞ്ഞാൽ അടുത്തത്, രാത്രിയിലേയ്ക്കുള്ള ചപ്പാത്തിയും, കറികളും. ഇതെല്ലാം അവസാനിച്ച് വരുമ്പോഴേക്കും ശരിക്കും അവൾ വാടി തളർന്നിരിയ്ക്കും.

രാത്രിയിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വേളയിലാവും പതിവു പോലെയുള്ള ഭർത്താവിന്റെ കുറ്റപ്പെടുത്തലുകൾ. ഇസ്തിരി ഇട്ടപ്പോഴുള്ള ഷർട്ടിന്റെ ചുളിവുകളോ, കറിയിൽ ഉപ്പിന്റെ ഏറ്റക്കുറച്ചിലുകളോ അതൊക്കെയാവും പ്രധാന വിഷയങ്ങൾ. ഇത്തരം പരാതികൾ ദിവസവും  കേട്ട് കേട്ട് മടുത്ത അവൾ ഒരു ദിവസം സൗമ്യമായി തന്നെ അയാളോട് ചോദിച്ചു.

” നോക്കൂ …..ഞാൻ പുലരാൻ കാലം തൊട്ട് ഈ ഒരു നിമിഷം വരെ നമ്മുടെ വീടിന് വേണ്ടി കഷ്ടപ്പെട്ട് തളർന്നിരിയ്ക്കയാണ്. ഇത്രയൊക്കെ ഞാൻ സഹിച്ചിട്ടും എന്റെ കുറവുകൾ മാത്രം നിരത്തി എന്നെ വേദനിപ്പിക്കുന്നതിന് പകരം, ഒരു നന്ദിയുള്ള വാക്ക്  പറഞ്ഞു് എന്നെ ഒന്ന് സമാധാനിപ്പിച്ചു കൂടേ നിങ്ങൾക്ക്?”

” ഊം ……. എന്തിന് നന്ദി പറയണം? നീ ഒരു ഭാര്യയല്ലേ? മക്കളുടെ അമ്മയും ? ഇതെല്ലാം ചെയ്യേണ്ടത് നിന്റെ കടമയല്ലേ? പിന്നെന്തിന് നന്ദിയും, സമാധാനിപ്പിക്കലുമെല്ലാം? “

അവിടെ അവൾ നിശ്ശബ്ദയാവുകയായിരുന്നു. ശരിയാണ്. താനൊരു ഭാര്യയും, അമ്മയും ഒക്കെത്തന്നെയാണ്. ഒരു ഭർത്താവിന്റെയും, മക്കളുടേയും ആവശ്യങ്ങളൊക്കെ ചെയ്തു കൊടുക്കേണ്ടതും തന്റെ കടമ തന്നെയാണ്. പക്ഷേ, അതിന് പകരമായി നന്ദിയുള്ള ഒരു വാക്ക് പോലും പറയരുതെന്ന് ഏത് ഗ്രന്ഥത്തിലാണ് എഴുതി വെച്ചിരിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

 അഛനമ്മമാരേക്കാൾ കൂടുതൽ കരുതലോടെ സ്നേഹിച്ചും, ലാളിച്ചും, പരിപാലിച്ച് വളർത്തിക്കൊണ്ട്

 വരുന്ന ഇളയ സഹോദരങ്ങൾ, തന്റെ മുതിർന്ന സഹോദരങ്ങളോടും, പരുന്തിന് പോലും റാഞ്ചാൻ കൊടുക്കാതെ പൊന്നു പോലെ വളർത്തിക്കൊണ്ടുവരുന്ന തങ്ങളുടെ സ്വന്തം മക്കൾ അവരുടെ അഛനമ്മമാരോടും സാധാരണ ചോദിക്കാറുള്ള, അവരുടെയെല്ലാം നെഞ്ച് പിളർത്തുന്ന ആ  സാധാരണമെന്ന് തോന്നിപ്പിക്കുന്ന  ഒരു അസാധാരണ ചോദ്യം.

 ” അത്  നിങ്ങടെ  കടമയല്ലേ?”

 ഇതെല്ലാം കണ്ടും, കേട്ടും, പഠിച്ചും വളർന്നു വന്ന അടുത്ത വീട്ടിലെ ടൈഗർ എന്ന നായയും കാര്യങ്ങൾ ഈ വഴിക്ക് ചിന്തിക്കാൻ തുടങ്ങി. താൻ തന്റെ വീട്ടിലെ ഒരു വളർത്തു നായ മാത്രമാണ്. തനിയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു തരേണ്ടത് തന്റെ യജമാനന്റെ കടമയും. അതിന് പകരമായി രാത്രി മുഴുവനും ഉറക്കം ഒഴിച്ച് താൻ വീടിന് കാവൽ നിൽക്കുകയും, അസാധാരണമായി എന്തെങ്കിലും സംഭവിച്ചാൽ ഉറക്കെ കുരച്ച് ശബ്ദമുണ്ടാക്കി വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുന്നു. അതിൽ കവിഞ്ഞൊരു നന്ദി പ്രകടനത്തിന്റെയും ആവശ്യമില്ല. എന്തിനാണ്  അവർ തന്റെ സമീപത്തേയ്ക്ക് വന്ന് തിരിച്ച് പോകുന്നത് വരെ  വാലാട്ടി നന്ദി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്? ആയത് കൊണ്ട് നാളെ മുതൽ വാലാട്ടി നന്ദി പ്രകാശിപ്പിക്കുക എന്നത് ഒരിക്കലും ചെയ്തു കൂടാ. ഇനിയങ്ങോട്ട് സ്നേഹത്തോടു കൂടി വിരൽ ഞൊടിച്ച് വിളിക്കുമ്പോഴോ, ഭക്ഷണം കൊണ്ടുവന്ന് തരുമ്പോഴോ, അരുമയോടെ പുറം തലോടുമ്പോഴോ ഒന്നും വാലാട്ടി നന്ദി പ്രകടിപ്പിക്കേണ്ട ഒരു പ്രശ്നമേ ഉദിക്കുന്നില്ല. അങ്ങിനെ മനസ്സിൽ ഒരു ദൃഢപ്രതിജ്ഞ എടുത്തു കൊണ്ടാണ് എന്നും കിടക്കാറുള്ള നേരം പുലരാൻ നേരത്ത് അന്നും അവൻ ഉറങ്ങാൻ കിടന്നത്. സാധാരണത്തെപ്പോലെ അന്നും സ്നേഹത്തോടു കൂടിയുള്ള യജമാനന്റെ ടൈഗർ എന്ന വിളിയും കേട്ടുകൊണ്ടാണ് അവൻ കണ്ണുകൾ തുറന്നത്. കയ്യിൽ തനിയ്ക്കുള്ള ഭക്ഷണവുമായി നടന്നടുക്കുന്ന യജമാനനെ കണ്ടപ്പോൾ അവൻ മെല്ലെ എഴുന്നേറ്റ് നിന്നു. ഇന്നലെ അവൻ എടുത്ത പ്രതിജ്ഞ അപ്പോഴും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. എന്ത് തന്നെ സംഭവിച്ചാലും വാല് ഒരിക്കലും ആട്ടുകയില്ല എന്ന ആ ഉറച്ച തീരുമാനം. ഭക്ഷണം അവന്റെ മുന്നിൽ കൊണ്ടുവന്നു വെച്ച്, അവന്റെ പേരും വിളിച്ച് അവന്റെ യജമാനൻ അവന്റെ മുതുകത്ത് സ്നേഹത്തോടെ തലോടാൻ തുടങ്ങിയപ്പോൾ , അവന്റെ മനസ്സിലെ കണക്കുകൂട്ടലുകളെല്ലാം അസ്ഥാനത്താക്കി കൊണ്ട്, യജമാനനോടുള്ള നന്ദിസൂചകമായി അവനറിയാതെ തന്നെ അവന്റെ വാല് സ്വയം ആടിക്കൊണ്ടിരിക്കുന്നത് ഒരു രോമാഞ്ചത്തോടെ അവൻ തിരിച്ചറിഞ്ഞു. അങ്ങിനെ നന്ദികേട് കാണിക്കണമെങ്കിൽ ഒരു മനുഷ്യനായി തന്നെ ജന്മമെടുക്കേണ്ടിവരും എന്ന തിരിച്ചറിവോടെ, ഒരു നായയായി ജനിച്ച തന്റെ ഈ ജന്മത്തിൽ അവന് അഭിമാനം തോന്നി. ആ സന്താഷം ഒരു ചെറിയ മോങ്ങലായി അവൻ അവന്റെ യജമാനനുമായി പങ്കു വെച്ചു. അപ്പോഴും അവന്റെ പുറത്ത് സ്നേത്തോട് കൂടി തലോടിക്കൊണ്ടിരുന്നു അവന്റെ യജമാനൻ.


പെരുമണ്ണ് വാവനൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ