എഴുതുവാൻ വൈകിയ ചിത്രത്തിലത്രയും
ഏഴഴകോടെ നീ നിറഞ്ഞു നിന്നു.
തൂലിക തുമ്പിൽ പിറന്നൊരാ ചിത്രങ്ങൾ
തൂമിഴിയാളെ പകർത്തിവച്ചു.
നീല നിലാവിന്റെ നൈർമ്മല്യമെല്ലാം
നീൾമിഴിക്കോണിൽ തിളക്കമായി.
നീലക്കടലിന്നഗാധതയാകെ
നിൻ നയനങ്ങളിലലയടിച്ചു.
അരുണന്റെ അരുണിമ തെല്ലും കുറയാതെ
അഴകാർന്ന കവിളിണ കവർന്നെടുത്തു.
മൂവന്തി ച്ചോപ്പിന്റെ ശോണിമയെല്ലാം
മുത്തണി ചെംചുണ്ടിൽ ചേർന്നലിഞ്ഞു.
പൂനിലാപ്പാലൊളി പൊൻപ്രഭയാകെ
പുഞ്ചിരി പാലിലലിഞ്ഞു പോയി.
നീലക്കസവിന്റെ പട്ടുടയാട
നീലമേഘങ്ങളെ, നിങ്ങളും നൽകിയോ.
മിന്നിതിളങ്ങുന്ന കല്ലിന്റെ മൂക്കുത്തി
ചന്ദ്രകാന്തക്കല്ലു തോറ്റു പോകും നിന്റെ
മിന്നാമിനുങ്ങിന്റെ സമ്മാനമല്ലേ.
ചന്തത്തിലാടുന്ന ലോലാക്കിൻ മുന്നിൽ.
നീല നിലാവിന്റെ ചാരുതയെല്ലാം
നിൻ മുഖകാന്തി പകർന്നതല്ലേ.
ചമയങ്ങളില്ലാതെ, തൂലികയില്ലാതെ
ചാരുമുഖീ നീയെന്നുള്ളിലുണ്ട്.
വിജയം.ആർ.നായർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ