2021 മാർച്ച് 26, വെള്ളിയാഴ്‌ച

കഥ പറയുന്ന കബറുകൾ



ഉരലിൽ അരിയിടിക്കുമ്പോൾ കുഞ്ഞീവിയുടെ കൈകൾ എന്തിനോ പാളി..

ഉലക്കചുറ്റുകൾ കൂട്ടിമുട്ടി തീപാറി.. ഇരുമ്പിന്റെ മണം പരന്നു.. മനം പുരട്ടുന്നോ..?ഓക്കാനം..!

വീണ്ടും..??

അവളുടെ ഉള്ളിൽ ഒരാന്തൽ.. അല്ലാഹ്..!!ഇതെങ്കിലും തരണേ..!

ഉരലിൽ നിന്നും പൊടി വാരി ചെല്ലടയിലിട്ടു അവൾ തരിച്ചു..

കഴിഞ്ഞ തവണയും ഇത്താത്തയും ഞാനും ഒപ്പം ആയിരുന്നു..

ഇത്താത്ത അറയിലെ വിട്ടത്തിൽ തുണിത്തൊട്ടിൽ കെട്ടി..ഞാനോ..?

മതിലിനുമപ്പുറത് ഒരു കുഞ്ഞിക്കബർ…!!

ഇത്തത്താന്റെ ആമിന മോളുടെ ഓമന മുഖം മുത്തം കൊണ്ട് മൂടിയപ്പോൾ..ഇരുട്ടിൽ മാനത്തു ഒരു കുഞ്ഞു നക്ഷത്രം എന്തിനോ കണ്ണുചിമ്മി..!

വലിയ വയറും താങ്ങി കുഞ്ഞീവി നടന്നു..വൈകുന്നേരങ്ങളിൽ കൊട്ടനിറയെ നെയ്യപ്പം ചുട്ടുകൂട്ടി…

മഞ്ഞുമൂടിയ പുലരികളിൽ വട്ടമൊത്ത ദോശകൾ മുറത്തിൽ ചുട്ടു നിരത്തി..

പുരയിൽ ഒരു പെരുന്നാളിന്റെ ആളുണ്ട്..

ഒരു മഗ്‌രിബ് നു അവൾക്ക് നോവ് തുടങ്ങി..

വയറ്റാട്ടി വന്നു..”അങ്ങോട്ടൂല്ല, ഇങ്ങോട്ടൂള്ള. ആസ്പത്രീക്ക് എത്തിച്ചോളീ”

വയറ്റാട്ടി കയ്യൊഴിഞ്ഞു..

കാർ വിളിച്ചു..കസേരയിൽ ഇരുത്തികാറെത്താത്ത വഴിയിലൂടെ കുഞ്ഞീവിയെ വാല്യക്കാർ ചുമന്നു…കരിയിലകളും,കല്ലുകളും, വാല്യക്കാരുടെ വെള്ളക്കുപ്പായങ്ങളും ചുവന്നു…!

××××××××××××××

മാസങ്ങൾ കഴിഞ്ഞു,

വിളർത്ത കാലടികൾ മണ്ണിലേക്ക് വെച്ച് കുഞ്ഞീവി പായൽ നിറഞ്ഞ മതിലിനപ്പുറത്തേക്ക് എത്തിച്ചു നോക്കി..

പള്ളിതൊടിയിൽ ഒരു കുഞ്ഞിക്കബർ കൂടി..!

തലയിൽ മൂടിയ മേഘങ്ങളിൽ പള്ളിയും,പള്ളിതൊടിയും,മീസാൻ കല്ലുകളും മാഞ്ഞു മാഞ്ഞു പോയി..

ഒടുവിലെ ഒരു കീറാകാശവും മാഞ്ഞു..

അവൾ മണ്ണിലേക്ക് കുഴഞ്ഞു..

×××××××××××

പലപ്പോഴും ഇത്താത്തയും അവളുടെ കൂടെ വയറും താങ്ങി നടന്നു..

ഇത്താത്ത പക്ഷേ..അറയിൽ പിന്നെയും തുണിത്തൊട്ടിലുകൾ കെട്ടി.

ഇവിടെ പള്ളിതൊടിയിൽ കുഞ്ഞിക്കബറുകൾ പെരുകി..

കബറോളം എത്താത്തവ കൊടും വേദനയോടെ കാലിലൂടെ.. വെറും മണ്ണിലേക്ക്..കല്ലും,മണ്ണും,ഇലകളും മൈലാഞ്ചി യണിഞ്ഞു..

ഇത്താത്താന്റെ മക്കളെ,കുളിപ്പിച്ചു, ചോറൂട്ടി,ഉറക്കി..ചിലപ്പോൾ ആരും കാണാതെ മുലയൂട്ടി!

മണ്ണാത്തി ചിന്നമ്മു വന്നു..അവളെ കുളിപ്പിച്ചു..പിന്നീട് പറയാൻ തുടങ്ങി..”മണിക്യക്കല്ലേ..അന്നോട് പറയാ..(നിന്നോട് ആയത് കൊണ്ട് പറയുകയാണ് ,മാറ്റരെങ്കിലും ആണെങ്കിൽ ഞാൻ പറയുകയില്ല..നിന്നോടെനിക്ക് എത്രയും പ്രിയം..എന്ന് വ്യംഗ്യം)

ചിന്നമ്മു വിന്റെ വർത്തനത്തിൽ.. മുത്തേ..,പൊന്നാര കുഞ്ഞീവി,പൊന്നു കൂടപ്പിറപ്പേ. തുടങ്ങിയ തേനൂറുന്ന സംബോധനകൾ വേണ്ടുവോളം കാണും..

അങ്ങനെ ചിന്നമ്മു പറഞ്ഞത് ,ഇന്നാട്ടിൽ ഈയിടെ പെറ്റുണ്ടായ പൂമ്പൈതലുകളെപ്പറ്റി,അവരുടെ മേനിമിനുപ്പ്,മുന്തിരിക്കണ്ണുകൾ,പനിനീർപ്പൂവിന്റെ നിറം..!

കുഞ്ഞീവിക്ക് ശ്വാസം വിലങ്ങി..

ചോര നിറമുള്ള പൈതലുകൾ എത്രയെണ്ണം..മണ്ണിൽ കവിൾ ചേർത്ത്.. ചുരുട്ടിപ്പിടിച്ച മൃദു മൃദുവായ കൈകൾ നനഞ്ഞ മണ്ണിനടിയിൽ.. !ഇലാഹീ..!!

ചൂടുവെള്ള ചരുവം തട്ടിമറിച്ചു കുഞ്ഞീവി കുളിപ്പുരയിൽ നിന്നും കരഞ്ഞു കൊണ്ട് പുറത്തേക്കോടി..

എല്ലാമറിഞ്ഞു മുറ്റത്തൊരു പുളിമരം നിന്നിരുന്നു…..!കുഞ്ഞിക്കബറുകൾ പെരുകുമ്പോൾ പുളിചോട്ടിലിരുന്നു കണ്ണീർവാർക്കുന്ന കുഞ്ഞീവിയെ പുളിമരം മിനുമിനാ ഇലകൾ വീഴ്ത്തി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..

കുട്ടികളുടുപ്പാക്ക് വെള്ളം ചൂടാക്കാൻ വേണ്ടി അവൾ പുളി ചോട്ടിൽ നിന്നും എണീറ്റു..

ഇടക്കെപ്പോളോ ഒന്നിനെ ജീവനോടെ കിട്ടി.!!

.ഇത്താത്തയും അന്ന് കൂട്ടുണ്ട്.. അത്രയും പിരിശത്തിൽ അവളും കെട്ടി തൊട്ടിൽ..!!

ഉച്ച മയക്കത്തിൽ നിശ്ശബ്ദമായിപ്പോയ വെട്ടു വഴിയിലേക്കും പുളിചോട്ടിലേക്കും നോക്കിയിരുന്നു അവൾ താരാട്ടുകൾ പാടി..കുഞ്ഞോൾ ഉറങ്ങിയാലും നിർത്താതെ അവൾപാടി..”ഹസ്‌ബീ,റബ്ബീ..ജെല്ലല്ല..”

അറയിൽ നിന്നും ഒഴുകി പരന്ന്ഉച്ചവെയിൽ മയങ്ങിക്കിടക്കുന്ന തൊടിയിലും..മൂച്ചിക്കൊമ്പത്തും, നീല മേഘങ്ങളിലും അവളുടെ ഇടറുന്ന ഒച്ച ചുറ്റി തിരിഞ്ഞു..

ഇത്തത്തന്റെ കുട്ടി കമിഴ്ന്നു, കുഞ്ഞോൾ കമിഴ്ന്നില്ല..ഇത്തത്തന്റെ കുട്ടി മുട്ടുകുത്തി, പിച്ചവെച്ചു, മുറ്റത്തു കുഞ്ഞിക്കാൽ വെച്ച് ഓടിക്കളിച്ചു..ഓത്തുപള്ളിയിൽപോയി..കുഞ്ഞോൾ ഒരു കസേരയിൽ ഒടിഞ്ഞുകുത്തിക്കിടന്നു..!

ഒരടി വെച്ചില്ല..

എട്ടാം വയസ്സിൽ അപസ്മാരമിളകി കുഞ്ഞോൾ പറന്നുപോയി..

ഒരു ചിറകടിയൊച്ച പോലും ശേഷിപ്പിക്കാതെ..

കുട്ടികളുടുപ്പാക്ക് ചോറും കറിയും വെക്കാൻ പുളിചോട്ടിൽ നിന്നും അവൾ കണ്ണും മുഖവും തുടച്ചെണീറ്റു..

.ഏകാന്തമായ വീട്ടിൽ കുഞ്ഞീവിയും,കുട്ടികളുടുപ്പയും ശേഷിച്ചു..!!

കൊല്ലങ്ങൾ ഒരു തീവണ്ടിയെപ്പോലെ കൂകിപ്പാഞ്ഞു..

കുഞ്ഞീവിയുടെ തലമുടി വെള്ളികെട്ടി.. കണ്തടങ്ങൾ കരുവാളിച്ചു..

പള്ളിതൊടിയിൽ ഇപ്പോൾ കബറുകൾ ആറോ, ഏഴോ..?

കുഞ്ഞീവിക്ക് നിശ്ചയമില്ല..

ചിലതെല്ലാം കുഞ്ഞീവി മറന്നു പോവുന്നു..എന്താണ് ഇങ്ങനെ..?

പുളി ചോട്ടിൽനിന്നും എണീറ്റ് കുട്ടികളുടുപ്പാന്റെ മുഷിഞ്ഞ തുണികൾ വാരിക്കൂട്ടി അവൾ കിണറ്റിൻ കരയിലേക്ക് നടന്നു..

ആറേഴു തുമ്പികൾ അലക്കുകല്ലിലിരിക്കുന്ന കുഞ്ഞീവിയെ വട്ടം ചുറ്റി..ആ തുമ്പികൾക്ക് മനുഷ്യക്കുഞ്ഞുങ്ങളുടെ മുഖം!

കുട്ടികളുടുപ്പനോട് പറയാൻ തുനിഞ്ഞപ്പോൾ തുമ്പിയുടെ പേര് അവൾ മറന്നു പോയിരുന്നു..

ചൂടായ ദോശക്കല്ലിലേക്ക് മാവൊഴിച്ചു പരത്താൻ മറന്ന് അവൾ അന്തം വിട്ടു നിന്നു..

ആകൃതി നഷ്ടപ്പെട്ട ദോശകൾ കുട്ടികളുടുപ്പ മിണ്ടാതെ കഴിച്ചു..

“കുഞ്ഞീവി..ഇതാരെ ന്നറിയുവോ..?”

സുഖാന്വേഷണത്തിന് വന്ന ബന്ധുക്കൾ ചോദിച്ചു..

കുഞ്ഞീവി ഞെട്ടി..

ഓർമയുടെ അടരുകളിൽ പരതി.. വാക്കുകൾക്കായി തപ്പിത്തടഞ്ഞു..

കണ്ണിൽ നീർ പൊടിഞ്ഞു..!

ഏകാന്തമായ വീട്ടിൽ മുറ്റമടിച്ചു, മുറ്റമടിച്ചു..മുറ്റമടിച്ചു.. പിന്നെയും.. നിർത്താതെ, നിർത്തിയാൽ പിന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ ചൂലും പിടിച്ചു പുളി ചോട്ടിൽ പതറിനിന്നു..

പായൽ പിടിച്ചു കറുത്ത വെട്ടുകല്ലുകൾക്കുമപ്പുറത്തു സുഖനിദ്രയിൽ ആണ്ടുപോയ മാലാഖക്കുഞ്ഞുങ്ങളെ അവൾ മറന്നു പോയിരുന്നു..

അവൾക്കു മുറ്റമടിക്കാൻ വേണ്ടി മാത്രം പുളി മരം കിലുകിലാരാവത്തോടെ ഇലകൾ പൊഴിച്ചു കൊണ്ടിരുന്നു..

വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന കുഞ്ഞീവിക്ക് മുന്നിലൂടെ ആറേഴു കുഞ്ഞു മേഘക്കട്ടകൾ പാറിപറന്നു..

അവക്ക് മനുഷ്യ കുഞ്ഞുങ്ങളുടെ കണ്ണും ചുണ്ടും ഉണ്ടായിരുന്നു..

കുട്ടികളുടുപ്പനോട് പറയാൻ വാക്കുകളും,വാചകങ്ങളും മാത്രമല്ല അക്ഷരങ്ങൾ തന്നെ അവൾ മറന്നു പോയിരുന്നു..!!

ചിലപ്പോൾ, മുറ്റമടിക്കുന്ന ചൂൽ തിരഞ്ഞു അവൾ ഉച്ചയാവോളം നടന്നു..

പുളി മരത്തിന്റെ മിനുങ്ങുന്ന പൊന്നിലകൾ വീഴുന്ന നേരിയസ്വരം അവൾ ചെവിടോർത്തു..

ഒറ്റചെരിപ്പുമിട്ടു മറ്റേ ചെരിപ്പിടാൻ മറന്നു നടന്നു..

അവൾ കഞ്ഞി വെക്കുന്ന കലം അന്വേഷിച്ചു മൂവന്തിയാക്കി.. 

നേരം കെട്ട നേരത്തു അവൾ വുളു എടുക്കാതെ സുജൂദിൽ വീണു..ശൂന്യമായ ഉരലിൽ കുഞ്ഞീവി ഉലക്കയെടുത്തു വെറുതെ ഇടിച്ചു..

“ഇഷ്ഫൂ …ഇഷ്ഫൂ..”

ഒരു നാൾ കുഞ്ഞീവിയുടെ കണ്ണിനു മുന്നിലൂടെ പുതിയൊരുത്തി വന്നു..അവൾ ചോറും, കറിയും വെച്ചു..കുട്ടികളുടുപ്പാന്റെ മുണ്ടും കുപ്പായോം അലക്കി വിരിച്ചു..രാത്രി കുട്ടികളുടുപ്പാന്റെ ഒപ്പം മുറിയിൽ കയറി വാതിൽ ചാരി..കുഞ്ഞീവി ഒന്നും കണ്ടില്ല..അറിഞ്ഞില്ല..

കരഞ്ഞില്ല..(അതോ കരഞ്ഞോ.. ?)

അവൾ തുറന്നുപിടിച്ച കണ്ണുകളിൽ ആരും കാണാത്ത ജാലക വിരികൾ തൂക്കി..

ഓർമകൾ മയങ്ങുന്ന ഖല്ബിനെ അവൾ താഴിട്ടു പൂട്ടിക്കഴിഞ്ഞിരുന്നു അപ്പൊഴേക്കും..!

ഇരുട്ടിൽ ഒറ്റക്കട്ടിലിൽ കണ്ണുകൾ തുറന്ന് കിടന്ന് അവൾ അക്ഷരങ്ങൾ പെറുക്കിയെടുത്തു..

അവൾ ചിലപ്പോൾ കുപ്പായമിടാൻ മറന്നു..

ഒന്നു മൂത്രമൊഴിക്കണമെങ്കിൽ എന്തു ചെയ്യണം എന്ന് അറിയാതെ അവൾ നട്ടം തിരിഞ്ഞു..

‘പുതിയൊരാൾ’ക്ക് ഇതെല്ലാം ബുദ്ധിമുട്ടായി…

മുറ്റത്തെ പുളിമരം ഇലപൊഴിക്കാൻ മറന്നു നിശ്ചലം നിന്നു..!

“കുഞ്ഞീവി ..ഇതാരാണെന്ന് അറിയുവോ”

സുഖാന്വേഷികൾ..വീണ്ടും..!

ഇത്തവണ കുഞ്ഞീവി ഞെട്ടിയില്ല…

അവൾ ഒരു ജ്ഞാനിയെപ്പോലെ ചക്രവാളത്തിലേക്ക് നോക്കിയിരുന്നു..

കാരണം…

കുഞ്ഞീവി ആരെന്ന് അവൾ മറന്നുപോയിരുന്നു… !!

അങ്ങനെ ഒരു നട്ടുച്ച വെയിലത്തു കുഞ്ഞീവിയുടെ ആങ്ങള എത്തി..തോളിലെ തോർത്ത് എടുത്ത് അയാൾ തലയിലെ വിയർപ്പ് തുടച്ചു..കൂടെ കണ്ണീരും…!

പിന്നെ…

ആങ്ങളയുടെ കയ്യും പിടിച്ചു നാല്പത്തഞ്ചു കൊല്ലം സുഖദുഃഖങ്ങൾ പങ്കിട്ട കുട്ടികളുടുപ്പാനെ വിട്ട്, വീടുവിട്ട്, ,തൊടിയുടെ അപ്പുറത്ത് മണ്ണിൽ മയങ്ങുന്ന കുഞ്ഞു പൂക്കളെ വിട്ട് കുഞ്ഞീവി കത്തിയെരിയുന്ന നിരത്തിലൂടെ ഒരു കുഞ്ഞിനെപ്പോലെ പിച്ചവെച്ചു ഇടറിയിടറി നടന്നു. തിരസ്കൃതയായത് അറിയാതെ…!


ഷബാനബീഗം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ