2021 മാർച്ച് 26, വെള്ളിയാഴ്‌ച

അവനിയുടെദുഃഖം


 സർവസൗഭാഗ്യങ്ങളേവർക്കുമായ് ധരണിനൽകീ

നന്ദികേടുകൾമാത്രമായ് നാമെന്നും തിരികെനൽകീ

ഭൂമിതൻകണ്ണീരുകാണാതവിവേകിയാം മാനവൻ

സർവംസഹയെയൊന്നാകെയും കാർന്നുതിന്നു…

പൊൻമുട്ടയിടുന്നോരു താറാവിനെയെന്നപോൽ

കൊന്നൊടുക്കിനേടുവാനായ് തുനിയുന്നുമാനുഷൻ!

അമ്മതൻമുലപ്പാൽ നുണയുന്നതിൻ പകരമായ്,

ദയയൽപ്പമില്ലാതെ ചുടുരക്തമൂറ്റിക്കുടിച്ചിടുന്നൂ….

തന്നുടൽരുധിരമാർന്നു പിടയുന്നനേരത്തിലും..

തൻതനയരേയോർത്തു വിലപിച്ചുവസുമതി!

പിടഞ്ഞുഞാൻവീണില്ലാതെ പോകിലാദ്യമേ

വിടചൊല്ലിമറയുകതൻ മക്കളല്ലേയെന്നമ്മകേണു.

ദുരമൂത്തമർത്യന്റെ കരാളഹസ്തമാൽ

അമ്മയാം ഭൂമിതൻ ഹൃത്തടംപിഴുതുനീ

സ്പന്ദനംനിലയ്ക്കുന്ന അവനിതൻമാറിൽ

ഒടുവിൽവിറപൂണ്ടുനിൽക്കുന്നുമാനവൻ..

ഓരോജീവകണങ്ങൾക്കു വേണ്ടും നൻമകൾ

ഒക്കെയുംസുലഭമായ് ജനനി യാംഭൂമിയേകി

മനുജന്റെയത്യാഗ്രഹങ്ങൾക്കുള്ളതീധരണിയിൽ

ഇല്ലാതെപോകിലമ്മയാം ഭൂമിമിഴിനീരണിയുന്നു….



രഷിത്ത് ലാൽ കീഴരിയൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ