പുഴയോളങ്ങൾ തല്ലിത്തല്ലിത്തീർക്കും
പുളകങ്ങളെല്ലാം പരാതികൾ പോലെ
പുരികം ചുളിക്കുമ്പോൾ,
പുലരാൻ തുടങ്ങുന്നു ചിന്തകൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല.
ചമഞ്ഞു നിൽക്കും കൃത്രിമവാടിയിൽ
ചായം തേച്ചു സുഗന്ധം പൂശിയ
ചന്തം കൂട്ടും പൂക്കൾ കണ്ട്
ചിത്രശലഭങ്ങൾ ചത്തു വീഴുമ്പോൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല.
കാറ്റ് കിന്നാരം ചൊല്ലാൻ മടിച്ചുനിന്ന്
കാതോരം കനത്തടർന്നുവീണ്,
കാറ്റിനി വീശുമെന്ന
കാത്തിരുപ്പ് കനവായ് മാറുമ്പോൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല.
ആഴങ്ങൾക്കപ്പുറം ആകാശംമുട്ടും
ആശതൻ കുന്നുകളുണ്ടെന്നത്
ആകാംക്ഷകളാകാത്തപ്പോൾ,
ആരവങ്ങളിൽ മൂകതതേടുമ്പോൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല.
വിണ്ടുകീറിയ നിലങ്ങളിൽ നിന്നും
വിത്തുമുളപ്പിച്ചെടുക്കുമ്പോഴും,
വിഷാദനീരാവി ചൂടും
വിദൂരമേഘങ്ങൾ ഒറ്റപ്പെടുമ്പോൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല.
പ്രപഞ്ചവഴികളിൽ പ്രണയത്തെ
പ്രകീർത്തനങ്ങളായ് മുദ്രകുത്തി,
പ്രഹസനങ്ങളാക്കുമ്പോൾ,
പ്രണയമീ പ്രകൃതിയല്ലാതാകുമ്പോൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല !
ഡോ. ആർ. എസ്. സുകേഷ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ