2021 മാർച്ച് 26, വെള്ളിയാഴ്‌ച

കലയും മൂല്യവും

 


രണ്ട് ചോദ്യങ്ങൾ, അത്രമാത്രം. എന്താണ് കല? എന്താണ് കലാമൂല്യം? രണ്ട് ചോദ്യങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷെ കൃത്യമായ  ഉത്തരങ്ങളില്ലതാനും. പിന്നെ എന്തിനാണ് ഇപ്പോൾ ഈ സാഹസമെന്നു  ചോദിച്ചാൽ, രണ്ടായിരത്തിഇരുപത്തൊന്നിന്റെ തുടക്കത്തിൽ ഈചോദ്യങ്ങൾക്കു പ്രസക്തിയുണ്ടോയെന്ന ചെറിയചിന്തയാണ്. പ്രത്യേകിച്ചും കലയും കലാകാരും എക്കാലത്തേക്കാളും കൂടുതലായി നിറഞ്ഞാടുന്ന ഈകാലഘട്ടത്തിൽ.

കലയുടെ തലതൊട്ടപ്പൻമ്മാരായിരുന്ന  അരിസ്റ്റോഫനീസും ടോൾസ്റ്റോയും മുതൽ തത്വചിന്തകരായ അരിസ്റ്റോട്ടിലും മാർട്ടിൻ ഹൈഡഗറും വരെയുള്ളവർ പറഞ്ഞുവച്ച കലയെക്കുറിച്ചുള്ള ഒരായിരം നിർവചനങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിൽ പ്രധാനമെന്ന് എനിക്ക് തോന്നിയ ചിലകാര്യങ്ങൾ ഇവിടെ പറയാം. നേരത്തെ പറഞ്ഞതുപോലെ ഇവയുടെ കാലികപ്രാധാന്യമാണ്‌ എന്റെ വിഷയം.

കല അനുകരണമാണ്

ഭാഷയും, സംസ്കാരവും, ജീവിതശൈലിയുമെല്ലാം ഒരുതരം അനുകരണമാകുമ്പോൾ കലയും അങ്ങനെയാകാതെ വഴിയില്ലല്ലോ. പലതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുമാത്രമേ കല ജനിക്കുന്നുള്ളു. ചിത്രരചനയായാലും, സാഹിത്യമായാലും, സിനിമയായാലും സംഗീതമായാലും അതുതന്നെയാണ് സ്ഥിതി. മൗലികത എന്നുപറയുന്നത് വെറും തോന്നൽ മാത്രമാണ്. മാർക്ക് ട്വയിനിന്റെ പ്രശസ്തമായ വാക്യം ഈയവസരത്തിൽ ഓർക്കുന്നു, “മിക്കവാറും എല്ലാ ആശയങ്ങളും മുമ്പുപയോഗിച്ചവയാണ്…” (“For substantially all ideas are second-hand, consciously and unconsciously drawn from a million outside sources,…”). എല്ലാ കലാഖ്യാനങ്ങളും എന്തിന്റെയെങ്കിലുമൊക്കെ അനുകരണം തന്നെയാണ്, ക്രീയാത്മകമായ അനുകരണമാകുന്നു എന്ന്മാത്രം. ചിലത് നന്നാകും, മറ്റുചിലത് അത്രയും നന്നാകണമെന്നില്ല. പക്ഷെ നന്നായാലും അല്ലെങ്കിലും അനുകരണങ്ങൾ കലയല്ലാതാകുന്നില്ല. മാതൃഭൂമിക്കഥകളാണെങ്കിലും ദൃശ്യം സിനിമകളായാലും അതുതന്നെയാണ് സ്ഥിതി. മോഷണത്തിന്റെ കാര്യമല്ല  പറഞ്ഞു വരുന്നത്, അനുകരണവും, മോഷണവും (Plagiarism) രണ്ടായതുകൊണ്ട് കൂടുതൽ പറയുന്നില്ല. എല്ലാം, ഈ എഴുതുന്നതുൾപ്പെടെ, അനുകരണമാകുമ്പോൾ കലാനുകരണങ്ങളെ എങ്ങനെ വിലകുറച്ചുകാണാൻ കഴിയും? നല്ലതെന്നും മോശമെന്നും പറയുന്നതൊക്കെ ആസ്വാദനനിലവാരത്തിനും, അഭിരുചികൾക്കും അനുസരിച്ചാണ്. കലയുടെ കാര്യത്തിൽ വസ്തുനിഷ്ഠമായ വിലയിരുത്തൽ അതികഠിനം തന്നെ.

ആശയവിനിമയമാണ് കലയുടെ കാതൽ

എല്ലാത്തരം കലയും ജനിക്കുന്നത് ആസ്വാദകരുമായുള്ള വിനിമയത്തിലൂടെയാണ്. ആസ്വദിക്കപ്പെടാത്തവയൊന്നും കലയല്ലെന്നു ചുരുക്കം. അതുകൊണ്ടുതന്നെ വെളിച്ചം കാണാത്ത സൃഷ്ടികളെ കലയെന്നു വിളിക്കാനാകില്ല. കല ജീവിക്കുന്നത് ആസ്വാദകരിലൂടെ മാത്രമാണ്. അപ്പോൾ ആസ്വാദകരെക്കുറിച്ചു ചിന്തിക്കാതെ ആത്മപ്രകാശനത്തിനായി മാത്രമുള്ള സൃഷ്ടികൾ കലാസൃഷ്ടികളാണെന്നു പറയുകവയ്യ. ഈയൊരുചിന്തയുടെ ഏറ്റവും വലിയ ഉപജ്ഞാതാവായിരുന്നു ടോൾസ്റ്റോയ്. ആദ്ദേഹം പറഞ്ഞു; “ഒരാളുടെയുള്ളിലുണ്ടായ വികാരം ആവാഹിക്കുക…പിന്നെ അതിനെ ചലനങ്ങളിലൂടെയും, വരകളിലൂടെയും, നിറങ്ങളിലൂടെയും, ശബ്ദങ്ങളിലൂടെയും, വാക്കുകളിലൂടെയും മറ്റുള്ളവരിലേക്കെത്തിക്കുക – അതാണ് കലയുടെ കർമ്മം (‘To evoke in oneself a feeling one has experienced, and…then, by means of movements, lines, colors, sounds or forms expressed in words, so to transmit that feeling—this is the activity of art’.). അങ്ങനെയാണെങ്കിൽ കൂടുതൽ സംവേദിക്കപ്പെടുന്ന, ആസ്വദിക്കപ്പെടുന്ന കലാസൃഷിയാണ് ഏറ്റവും ഉല്‍കൃഷ്‌ഠം എന്നുപറയേണ്ടിവരും. വേറൊരു രീതിയിൽ പറഞ്ഞാൽ കലയുടെ മൂല്യം അസ്സ്വദകരുടെ മനസ്സിലാണ്. കലാമൂല്യം നിർണ്ണയിക്കപ്പെടാൻ പ്രത്യേകിച്ച്  അളവുകോലുകൾ ആരും നിർണ്ണയിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ആസ്വാദകർ നല്ലതെന്നുപറയുന്ന കലാസൃസ്ടികൾ മൂല്യമുള്ളവയെന്നു പറയേണ്ടിവരും. ‘പാടാത്തപൈങ്കിളിയും’ ‘ദൃശ്യവുമൊക്കെ’, പഥേർപാഞ്ചാലി പോലെയും ഖസാക്കിന്റെ ഇതിഹാസം പോലെയും മികച്ച കലാസൃഷ്ടികളാണെന്നും പറയണം.  അതല്ല സൗന്ദര്യവാദവുമായി വരുകയാണെങ്കിൽ എന്താണതെന്നു വിശദീകരിക്കേണ്ടിവരും. വസ്‌തുനിഷ്‌ഠമായി നിർവ്വചിക്കാവുന്ന സൗന്ദര്യം എന്ത് എന്നും പറയേണ്ടിവരും. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യമെന്നാണല്ലോ പൊതുവെ പറയാറ്. കലാമൂല്യവും അങ്ങനെയാകാതെ തരമില്ലല്ലോ. കലാമൂല്യം അളക്കാൻ അക്കാഡമിക് മാനദണ്ഡങ്ങൾ ഉണ്ടാകാം. പക്ഷെ സംവേദനക്ഷമത മാത്രമാണ് ആത്യന്തികമായി കലാമൂല്യത്തിന്റെ അളവുകോലെന്നാണ് തോന്നുന്നത്. രവിയുടെ ചിന്തകളും വികാരങ്ങളും വായനക്കാരുടേതുകൂടിയാകുന്നതുകൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസം ഉല്‍കൃഷ്‌ഠകലാസൃഷ്ടിയായി മാറുന്നത്. മീശയിലെ വാവച്ചന്റെ ചിന്തകൾ വായനക്കാരുടേതുകൂടിയായാലും ഫലം മറ്റൊന്നാകില്ല. തീരുമാനിക്കേണ്ടത് വായനക്കാരാണെന്നു മാത്രം.

കലയുടെ സാര്‍വ്വലൗകികത

കല സാർവ്വലൗകികമാകുന്നു. കാരണം മനുഷ്യവികാരങ്ങൾ സാർവ്വലൗകിമാകുന്നു എന്നതുതന്നെയാണ്. ജീവിത സാഹചര്യങ്ങൾക്കും സംസ്കാരങ്ങൾക്കും മാത്രമേ വെത്യാസങ്ങളുള്ളൂ. മനുഷ്യവികാരങ്ങളായാണ് കലയിലൂടെ പ്രകാശിതമാകുന്നതുകൊണ്ടാണ് കലക്ക് സാർവ്വലൗകികമായ സ്വീകാര്യത ഉണ്ടാകുന്നത്. മറ്റൊരു സംസ്കാരത്തിൽ നിർമ്മിക്കപ്പെട്ടതുകൊണ്ട് മാത്രം കല കൂടുതൽ ശ്രേഷ്ഠമാകണമെന്നില്ല. എന്നാൽ അപരിചിത സാഹചര്യങ്ങളിൽ നിർമ്മിക്കപ്പെട്ടതിനെ പുകഴ്ത്തുവാനും പരിചിത സാഹചര്യങ്ങളിൽ സൃഷ്ടിക്കപെടുന്നവയെ ഇകഴ്ത്തുവാനും നമ്മൾ മലയാളികൾ ‘മിടുക്ക്’ കാണിക്കാറുണ്ട്. ഏകാന്തതയുടെ നൂറുവർഷങ്ങൾ നമ്മുടെ മനസ്സിൽ ക്ലാസിക് ആകുന്നതും ഒരു ദേശത്തിന്റെകഥ അങ്ങനെയല്ലാതാകുന്നതും അതുകൊണ്ടാണ്. രണ്ടിലും പ്രകാശിതമാകുന്ന മനുഷ്യവികാരങ്ങൾ ഒന്നുതന്നെയല്ലേ? ഹോസെ അർകാർഡിയോവിന്റെ വികാരങ്ങളും ശ്രീധരന്റെ വികാരങ്ങളും വ്യത്യസ്തങ്ങളല്ല. ഡസ്റ്റമോണയുടെ  ആകുലതകൾ  ശകുന്തളയുടെതിൽനിന്നും വ്യത്യസ്‌തമല്ല. മോണോലിസയുടെയും രവിവർമ്മയുടെ അഹല്യയുടെയും ചിരികളിലെ നിഗൂഢതകൾക്കു സാമ്യമില്ലേ?  ഈരീതിയിൽ നോക്കിയാൽ, വാഴ്ത്തപ്പെടുന്നില്ലെങ്കിലും നമ്മുടെ സ്വന്തം കലാകാരും ആർക്കും പിന്നിലല്ല. ഓരോ കലാകാരികളും കലാകാരൻമ്മാരും അവർക്കറിയുന്ന രീതിയിൽ പരിചിതമായ മാധ്യമങ്ങളിലൂടെ ആശയപ്രകാശനം നടത്തുന്നു എന്ന് മാത്രം. ഫേസ്ബുക്ക്ചുമരിൽ  കണ്ട കുഞ്ഞുകഥയും ന്യൂയോർക്കർ മാഗസിനിൽ വന്ന സൽമാൻ റുഷ്ദിയുടെ നീണ്ടകഥയും ഈ അർത്ഥത്തിൽ മികച്ച കലാസൃഷ്ടികൾ തന്നെ.

ഒരുരീതിയിൽ നമ്മളെല്ലാം കലാകാരാണ്, നമ്മുടെ ക്രീയാത്മകമായ ആശയപ്രകാശനം വഴി മറ്റുള്ളവരുടെ വിരസനിമിഷങ്ങളെ സരസമാക്കാൻ പറ്റിയാൽ. കലാമൂല്യമൊക്കെ ആസ്വാദകർ തീരുമാനിച്ചാൽ മതി. കുട്ടിക്കൃഷ്ണമാരാരെ അനുസ്മരിച്ചുകൊണ്ട് നിർത്തുന്നു, ‘കല ജീവിതംതന്നെ’, അന്നും, ഇന്നും, എന്നും.


സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ