2021 മാർച്ച് 26, വെള്ളിയാഴ്‌ച

മുഖമൊഴി

 “When I was young, I used to admire intelligent people; as I grow older, I admire kind people.”– Abraham Joshua Heschel

കഴിഞ്ഞ നൂറ്റാണ്ടിലെ അറിയപ്പെട്ടിരുന്ന ജൂത മതാചാര്യനും തത്ത്വചിന്തകനുമായിരുന്ന അബ്രഹാം ജോഷ്വ ഹെഷെലിന്റെ ഒരു വചനമാണിത്. ഞാൻ എന്റെ ചെറുപ്പത്തിൽ ആരാധിച്ചിരുന്നത് ബുദ്ധിമാന്മാരെയായിരുന്നു. വളർന്നപ്പോൾ ആ ആരാധന ദയാലുക്കളോടായി മാറി എന്ന് സാരം. നമ്മുടെ സമൂഹത്തിൽ ബുദ്ധിയുള്ളവരുടെ എണ്ണം കൂടിവരുന്നുണ്ടാകും. എന്നാൽ ദയാലുക്കളുടെ എണ്ണം സാരമായി കുറയുന്നു എന്നതാണ് നാം നേരിടുന്ന ഒരു പ്രധാന പ്രശ്‍നം. എല്ലാവരും അവരവരുടെ സുഖസൗകര്യങ്ങളിലേക്ക്‌ മാത്രം ശ്രദ്ധ തിരിക്കുന്നു.

മറ്റുള്ളവരെക്കുറിച്ചുള്ള ചിന്ത, കരുതൽ, അവരെ സഹായിക്കുവാനുള്ള മനഃസ്ഥിതി ഇവയെല്ലാം ഉള്ളവനായിരിക്കണം ഒരു മനുഷ്യൻ. അത് പേരിനും പ്രശസ്തിക്കും സമ്പാദ്യത്തിനും ആയിരിക്കരുത്. വളരെ ചെറുപ്പം മുതൽ മനുഷ്യരിൽ ഉടലെടുക്കുന്ന ഒരു മനോഭാവമാണ് ദയ. ഇത് മനസ്സിൽ ദൃഢമാകുന്നത് കുട്ടിക്കാല അനുഭവങ്ങളിൽ കൂടിയാണ്. കൂടുതലും അനുഭവിച്ചറിയുന്നതോ കണ്ടുപഠിക്കുന്നതോ ആയിരിക്കും. മനുഷ്യ സഹമായി എല്ലാ കുട്ടികളിലും ഉള്ള ഒരു സവിശേഷ സ്വഭാവം തന്നെയാണിത്. അതിൽ പിന്നീട് മാറ്റങ്ങൾ ഉണ്ടാകുകയാണ് സാധാരണയായി സംഭവിക്കുന്നത്.

ഇപ്പോൾ ഇതെഴുതേണ്ടി വന്നതിന് ഒരു കാരണമുണ്ട്. കഴിഞ്ഞ മാസം ലോക അർബുദ ദിനം ആചരിക്കുകയുണ്ടായല്ലോ. ആ ദിവസങ്ങളിൽ ഫേസ് ബുക്ക് അർബുദ രോഗികൾക്ക് മുടി ദാനം ചെയ്യുന്ന ഫോട്ടോകൾ കൊണ്ട് നിറഞ്ഞിരുന്നു. ഈ മുടിയാണ് അർബുദ രോഗികൾക്ക് ഏറ്റവും പ്രധാനം എന്ന് തോന്നും ഈ കോപ്രായങ്ങൾ കണ്ടാൽ. കുറച്ചു നാൾ കൊണ്ട് മുടി വളരും എന്നൊരു ബോധ്യമില്ലെങ്കിൽ എത്ര പേർ ഇതിനു പോലും മുതിരുമെന്ന കാര്യവും ചിന്തിക്കേണ്ടത് തന്നെ. അർബുദ ചികിത്സ ചെയ്യുന്നവർക്ക് ഈ മുടിയുടെ ആവശ്യമുണ്ടോ?, അതവർക്ക് ലഭിക്കുന്നുണ്ടോ?, അവർ അത് ഉപയോഗിക്കുന്നുണ്ടോ? എന്നെല്ലാം ഒരു ഗവേഷണത്തിനു തന്നെ വിഷയമാക്കേണ്ടതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ അർബുദം ബാധിച്ച ധാരാളം പേരെ എനിക്കറിയാം. അവരൊന്നും തന്നെ ഈ മുടികൾ ഉപയോഗിച്ചതായി അറിയില്ല.

യഥാർത്ഥത്തിൽ അവർക്ക് വേണ്ടത് മരുന്നും ശുശ്രൂഷയുമല്ലേ? അതിനുള്ള ഒരു കരുതൽ അല്ലേ നമുക്ക് നൽകുവാൻ കഴിയുന്ന സേവനം. അർബുദ രോഗികളിൽ മിക്കവരും ദരിദ്രർ തന്നെയാണ്. മരുന്നിനെന്നല്ല ആഹാരത്തിനു പോലും കഷ്ടപ്പെടുന്നവർ. അവർക്ക് മുടങ്ങാതെ ആഹാരം ലഭ്യമാക്കുന്നത് പോലും എത്ര നല്ല കാര്യമാണ്.

ഒരു മനുഷ്യൻ ദയാലുവാകേണ്ടതിന്റെ ആവശ്യകത പല മതങ്ങളും പഠിപ്പിക്കുന്നുണ്ട്. അത് പോലും യഥാർത്ഥ ദയാലുവാകുന്നതിനെക്കുറിച്ചതായിരിക്കും എന്ന് തോന്നുന്നില്ല. ദയാലുവാകുവാൻ മതവും ആവശ്യമുള്ള ഒന്നാണെന്ന അഭിപ്രായവും എനിയ്ക്കില്ല. കൃത്യമായ സഹായം ലഭിക്കേണ്ടവർക്കു ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്തേണ്ട ഒരു ബാധ്യതയും നൽകുന്നവർക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. കാരണം ഒരു സഹായവും പാഴായിപ്പോകരുത്. പലരും ദാനമാണ് ദയ എന്ന് ചിന്തിക്കുന്നവരും, എന്തോ കാട്ടിക്കൂട്ടി മതപരമായ ഒരു നന്മ ചെയ്തു എന്നാശ്വസിക്കുന്നവരുമാണ്. പല ദാന കർമ്മങ്ങളുടേയും സ്വീകർത്താക്കൾ യഥാർത്ഥത്തിൽ അർഹരായവർ മാത്രമായിരിക്കില്ല എന്നർത്ഥം.

മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോൾ, അവർക്കൊരു കൈത്താങ്ങാകുമ്പോൾ നമ്മൾ അറിയാതെ നമുക്ക് ലഭിക്കുന്ന ഒരു സന്തോഷം, അത് നമ്മുടെ ആരോഗ്യത്തിനു വളരെ സഹായകരമാണ് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ആ സന്തോഷം ഉണ്ടാക്കുന്ന ഹോർമോണുകൾക്കു രോഗശാന്തി നൽകുവാൻ പോലും കഴിവുണ്ട്. നമ്മുടെ ഒരു സഹായം അതെത്ര ചെറുതാകട്ടെ, അത് നൽകുന്നവർക്കും ലഭിക്കുന്നവർക്കും ഒരു പോലെ പ്രയോജനപ്രദം തന്നെ.

നമ്മുടെ ചുറ്റും, അല്ലെങ്കിൽ നമ്മൾ അറിയുന്ന ധാരാളം പേരുണ്ടാകും നമ്മുടെ സഹായത്തിനർഹരായി. അവരെ സഹായിക്കുക. എല്ലാവരും ഇത്തരത്തിൽ സഹായങ്ങൾ കൈമാറുകയാണെങ്കിൽ സഹായത്തിന്റെ ഇടനിലക്കാരുടെ ആവശ്യവും ഇല്ലാതാക്കാം. നമ്മുടെ ഈ മാസത്തെ ചിന്ത ഇതാകട്ടെ. സഹായമനസ്സ് ജീവിതകാലം മുഴുവനുമുണ്ടാകട്ടെ. 


ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ