2022 ഒക്‌ടോബർ 29, ശനിയാഴ്‌ച

മറക്കുവാൻ പറയാൻ എന്തെളുപ്പം...

 


ഈ അടുത്തയിടക്ക് പത്രങ്ങളിൽ വന്ന വാർത്ത. 2021 ൽ 1.6 ലക്ഷം ഇന്ത്യാക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു! ഈ നിരക്ക് ഓരോവർഷവും കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതത്രേ. നിങ്ങൾ ഇന്ത്യയിൽ ആണ് വസിക്കുന്നതെങ്കിൽ ഒരുപക്ഷെ  ഇത് വായിക്കുമ്പോൾ പുച്ഛമായിരിക്കും തോന്നുക. രാജ്യസ്നേഹം ഇല്ലാത്തവർ എന്ന് പറയുമായിരിക്കും. നമ്മുടെ നാട്ടിലുണ്ടാകുന്ന വികസനങ്ങളെ  അറിയുന്നില്ലെന്നു ഭള്ളുപറയും. തിരുവനന്തപുരത്തുകൂടി ലുലുമാൾ വന്നകാര്യം ഇവരൊന്നും അറിഞ്ഞില്ലേയെന്നു കരുതി മൂക്കത്തു വിരൽവയ്ക്കും. എന്തുകണ്ടിട്ടാണ്‌ നാടുവിടുന്നതെന്നാലോചിച്ചു കലിവരും. ബുദ്ധിയില്ലാത്തവരെക്കുറിച്ചോർത്തു പരിതപിക്കും. പുച്ഛിക്കാൻ വരട്ടെ. ചില കാര്യങ്ങൾ കൂടി അറിയുക.

ആഗോളവൽക്കരണവും,  ഇന്റർനെറ്റുമൊക്കെ നമ്മെ ചെറിയൊരു ചിലന്തിവലവട്ടത്തിലാക്കിയിട്ടു കാലം കുറേയാകുന്നു. ലോകം തന്നെ ചെറുതായി നമ്മുടെ കൈവെള്ളയിലായിട്ടും ഒരുവ്യാഴവട്ടമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. തിരിഞ്ഞു നോക്കിയാൽ മലയാളനാട്ടിൽനിന്നുള്ള ദേശാന്തരഗമനം തുടങ്ങിയിട്ടുതന്നെ നൂറ്റാണ്ടുകൾ കഴിയുന്നു. എന്നിട്ടും, മിനുറ്റുകൾവച്ചു മാറുന്നലോകത്തു ചിലകാര്യങ്ങളിൽ നാം മാറാത്തതാണ് കാതലായ പ്രശ്നം.

മാറ്റം മാറ്റത്തിന്റെ വഴിക്കുപോകുമ്പോഴും നാട്ടാർക്കെല്ലാം കൊടുക്കാനുള്ള ജോലിയില്ല നാട്ടിൽ. നല്ല ജോലികിട്ടാനുള്ള വൈദഗ്ധ്യം ഉണ്ടാക്കിക്കൊടുക്കാൻ ഉതകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കുറവ്. ഉള്ളതിലെല്ലാം രാഷ്ട്രീയകളികൾക്കും, സ്വജനപക്ഷപാതത്തിനും, അഴിമതിക്കും പോലും സമയം തികയുന്നില്ല. മെരിറ് അടിസ്‌ഥാനത്തിലുള്ള സീറ്റുകളും കുറവ്. പുറം സംസ്ഥാനങ്ങളിൽ പോയി പഠിക്കാൻ ചിലവാക്കുന്നതിൽ കുറച്ചുകൂടി മുടക്കിയാൽ വിദേശ സർവ്വകലാശാലകളിൽ പോയി പഠിക്കാം, അവിടെത്തന്നെ ജോലിനേടാം, ജീവിക്കാം, ചിലപ്പോൾ പൗരത്വവും ലഭിക്കാം എന്നതാണ് സ്ഥിതി. അങ്ങനെ കുടുംബവും കുട്ടികളുമായി വർഷങ്ങളായി വിദേശത്തു ജീവിക്കുന്നവർ അവസരം കിട്ടിയാൽ അവിടെത്തങ്ങുമോ അതോ നാട്ടിലേക്കു തിരികെ വരുമോ? പലരുടെയും കുട്ടികൾ ജനിച്ചുവളർന്നത് തന്നെ വിദേശത്താണ്. അവർക്കതാണ് ദേശം, ഇന്ത്യ വിദേശവും. സാഹചര്യങ്ങളാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാനും പൗരത്വം സ്വീകരിക്കാനും കാരണമാകുന്നത്.  രാജ്യസ്നേഹമില്ലാഞ്ഞിട്ടല്ല ഇന്ത്യൻ പൗരത്വം വെടിയുന്നത്.  ഇന്ത്യയാണെങ്കിൽ ഇരട്ടപൗരത്വം അംഗീകരിക്കുന്നുമില്ല. അയൽരാജ്യങ്ങളായ ബംഗ്ളാദേശും പാകിസ്ഥാനും പോലും ഇരട്ടപൗരത്വം അംഗീകരിക്കുന്ന നാടുകളാണ്. അപ്പോൾ പിന്നെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ കണക്കുകൾ മാത്രം നോക്കി വിലപിക്കുന്നതിൽ കഥയെന്തിരിക്കുന്നു? 'വസുദേവകുടുംബകം' എന്നുപറഞ്ഞു ആശ്വസിക്കുകയേ തരമുള്ളൂ.

കുടിയേറ്റത്തിന്റെ വഴികളിലേക്കൊന്നു നടന്നുനോക്കാം. ഇപ്പോഴത്തെ കണക്കുകൾ പ്രാകാരം ഏകദേശം 40000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ മാത്രം പഠിക്കുന്നു. മറ്റുരാജ്യങ്ങളിലെ കണക്കൂകൂടിയെടുത്താൽ ഇതിൻറെ നൂറ് ഇരട്ടിയെങ്കിലും ഉണ്ടാകാം. നിങ്ങൾക്കറിയുന്ന പലരും വിദേശത്തു പഠിക്കാൻ കിടപ്പാടം പണയം വച്ച് കടമെടുത്തു പോയവരോ അതിനു ശ്രമിക്കുന്നവരോ ആയിരിക്കും. നിങ്ങളുടെ ഉറ്റവരോ ഉടയവരോ നിങ്ങൾതന്നെയോ വിദേശത്തു പഠിക്കുകയോ ജോലിചെയ്യുകയോ ആയിരിക്കും. അതിന് നമുക്ക് ഓരോരോ കാരണങ്ങളും ഉണ്ടാകും. പക്ഷെ മൊത്തത്തിൽ നോക്കിയാൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നോക്കി മാത്രമല്ല ആൾക്കാർ പുറം നാടുകളിലേക്ക് ചേക്കേറുന്നത്. വിദ്യാഭാസവും ജോലിയുമായൊക്കെ എത്തപ്പെടുന്നു. പിന്നെ അവിടെത്തന്നെ തുടരേണ്ടിവരുന്നു.

നാട്ടിൽനിന്നാൽ ഗതിയില്ലാതെയാണ് പലരുടെയും പോക്ക്.  വീണടം വിഷ്ണുലോകമാക്കി പിന്നെയൊരു ജീവിതമാണ്. ഒത്താൽ ഒത്തു. രണ്ടായിരത്തി ഇരുപത്തൊന്നിലെ കണക്കുപ്രകാരം ഓസ്‌ട്രേലിയൻ പൗരൻമ്മാരിൽ ഏഴ് ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് (രണ്ടരക്കോടിയിലാണ് ഏഴ് ലക്ഷം). അമേരിക്കൻ പൗരൻമ്മാരിൽ 1.4% ഇന്ത്യൻ വംശജരാണ്. കണക്കുകൾ മനോഹരങ്ങളാണെങ്കിലും ജീവിതം അങ്ങനെയാകണമെന്നില്ല. വല്ലനാട്ടിലും പോയി ഒരു വരുത്തനെപ്പോലെ എല്ലാ അപമാനങ്ങളും സഹിച്ചു എല്ലുമുറിയെ പണിയെടുക്കുന്നതിന്റെ വേദന ചിലപ്പോൾ നാട്ടിലുള്ളവർ അറിയണമെന്നില്ല. ജോലിചെയ്യുന്നവരുടെ കോളറിന്റെ നിറം വെളുപ്പായാലും നീലയായാലും ഇതുതന്നെയാണ് സ്ഥിതി. ജോലിചെയ്യുന്നനാട്ടിൽ അങ്ങനെയൊക്കെയാണെങ്കിൽ, വല്ലപ്പോഴും  ഇല്ലാത്ത കാശുമുടക്കി നാട്ടിലെത്തിയാൽ പ്രവാസിയുടെ പരിവേഷവും, അധികച്ചിലവും, അധിക്ഷേപവുമായിരിക്കും പലപ്പോഴും ബാക്കിയുണ്ടാകുന്നത്. എന്നാലും തിരികെപ്പോയി നാടിൻറെ മധുരമൂറുന്ന ഓർമ്മയിൽ മുഴുകാൻ ആവേശമാണ് മലയാളികൾക്ക് (ഓർമ്മയിൽ മാത്രം ജീവിക്കുന്ന ആ മാധുര്യം! ഹോ!) . 

സത്യത്തിൽ ഇന്ത്യ ജീവിക്കുന്നത് പുറം നാടുകളിലാണ്. പുറം നാട്ടിൽ പഠിക്കുന്ന, ജോലിനോക്കുന്ന, ജീവിക്കുന്നവരുടെ മനസ്സിൽ. ഇന്ത്യയിൽ ജീവിക്കുന്നവർക്ക് രാജ്യത്തെ ശ്രദ്ധിക്കാൻ ചിലപ്പോൾ സമയം കിട്ടിയേക്കില്ല. പുറത്തുള്ളവർ അങ്ങനെയല്ല. നാട്ടിൽ ഇലയനങ്ങിയാൽ അറിയും. നാട്ടിന്റെ നന്മകൾ പലതും ഇവരുടെയൊക്കെ മനസ്സിലൂടെയാണ് ജീവിക്കുന്നത്. പറഞ്ഞുവന്നാൽ ഇവരുടെ സ്നേഹമാണ് നാട്ടിന്റെ സ്വത്ത്, ഇവരുടെയൊക്കെ അധ്വാനമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ. വ്യവസായ-നിര്‍മ്മാണമേഖല പേരിനുമാത്രം പ്രവർത്തിക്കുന്ന, കൃഷിചെയ്യാൻ ഭൂമിയും ആളും കിട്ടാത്ത, സേവനമേഖല മെച്ചപ്പെടാത്ത, കടമെടുത്തു പാഴ്ച്ചിലവുണ്ടാക്കുന്ന സംസ്ഥാനത്തു മാമലകളും സമുദ്രങ്ങളും താണ്ടി വരുന്ന സ്നേഹപ്പൊൻപണം കൂടിയില്ലായിരുന്നെങ്കിൽ! അതുകൊണ്ടു പ്രവാസികൾ ആ മധുരിക്കും ഓർമ്മകളിൽ ജീവിക്കട്ടെ. കൂടുതൽ പണിയെടുക്കട്ടെ. കൂടുതൽ പണമയക്കട്ടെ.

പുറത്തുപോകുന്നവർ പോകട്ടെ. പൗരത്വം ഉപേക്ഷിച്ചാലും പരാതിയില്ല. ആ മധുരമുള്ള ഓർമ്മകളെ മറക്കാൻ പറയരുത്. മലയാളിത്തം ഉപേക്ഷിക്കാൻ പറയരുത്. പറ്റില്ല! കേരളത്തിൽനിന്നും (ഇന്ത്യയിൽ നിന്നും) മാത്രമേ അവർ പുറത്തുപോകുന്നുള്ളൂ. കേരളം അവരിൽനിന്നും പുറത്തുപോകുന്നേയില്ല.

അതുകൊണ്ട് ഒന്നും മറക്കുവാൻ മാത്രം പറയരുത്. മറക്കുവാൻ പറയാൻ എന്തെളുപ്പം...



സുമേഷ് രാമചന്ദ്രൻ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ