2022 ഒക്‌ടോബർ 29, ശനിയാഴ്‌ച

മൗനം നെയ്യുമ്പോൾ.....

 










നിങ്ങൾ

 മൗനം നെയ്യുകയാണോ

അങ്ങനെയെങ്കിൽ 

ഇഴകളടുത്തടുത്ത്  വരണം.

 

നേർത്ത പട്ടുനൂലുകൾ

സമയമേറെയെടുത്ത്

തിരഞ്ഞ് കണ്ടു പിടിച്ച്

മറ്റൊരു സമയത്തേക്ക്

എടുക്കാം എന്ന് പ്രത്യാശിച്ചു കൊണ്ട്

മാറ്റിവയ്ക്കണം.

 

നേരം അവയെ ഒന്ന്

മൃദുവായി തലോടണം.

 അപ്പോഴാ നൂലിഴകൾ

ഉള്ളംകൈയിൽ ചേർന്നു കിടക്കും

അവയുടെ കാണാമിഴികളിൽ നിന്ന്

നീർത്തുള്ളികൾ ഇറ്റുവീഴും.

 

മൗനം നെയ്യാൻ തുടങ്ങുമ്പോൾ

നിങ്ങളീ നൂലിഴകളെ ഒഴിവാക്കണം.

അവയ്ക്ക് നല്ല മുറുക്കമുള്ള

ഇഴകൾ തീർക്കാനാവില്ല.

കട്ടിയുള്ള നൂലുകൾ

കൊണ്ടു വേണം മൗനം നെയ്യാൻ.

അതിനായി മനസ്സിൻ്റെ

വാതായനങ്ങൾ കൊട്ടിയടയ്ക്കുക.

 

അടഞ്ഞ വാതിലുകൾക്കുള്ളിലെ

ഇരുണ്ടയിടങ്ങളിൽ നിന്ന്

വെറുപ്പിൻ്റെ കടുകട്ടിയുള്ള

ഇളം കറുപ്പു നൂലുകൾ

ഉയിരെടുത്തു വരുന്നതു കാണാം.

അതിൽ നിന്നെടുക്കൂ

നിങ്ങൾക്കുള്ള നൂലിഴകൾ.

 

ഇനി മൗനത്തിൻ തിരശ്ശീലനെയ്യൂ.

കാലത്തിൻ്റെ യാത്രയിൽ

വിണ്ടുകീറി നശിക്കില്ല അത്.

മെല്ലെ മെല്ലെ ഇളം കറുപ്പിൽ നിന്ന്

കടുംകറുപ്പിലേക്ക് നിറം മാറും.

 

അപ്പോഴും മാറ്റിവച്ച

നേർത്ത ആർദ്രമാം 

പട്ടുനൂലുകൾ മൗനത്തിൻ

തിരശ്ശീല നെയ്യാനാവാതെ

മനസ്സിൻ കാണായിടങ്ങളിൽ

വർണ്ണക്കാഴ്ചകൾക്കായ്

കൊതിച്ച് ശബ്ദകാലത്തിനായി 

ചെവിയോർത്തായിരുളിമയിൽ

കാത്തിരിക്കുന്നുണ്ടാവും.

 

ഒരുപക്ഷേ അപ്പോഴേക്കും

 അവ നിറങ്ങളന്യമായ

നിയതിയുടെ വിളിയിൽ

വിലയം ചെയ്തിട്ടുണ്ടാവാം.....

 

അജിത.വി.അമ്പലപ്പുഴ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ