ചാരുകസേരയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കേ അറിയാതെ മയങ്ങിപ്പോയി. അടഞ്ഞ കണ്ണുകൾ പുറത്തെ കാഴ്ചകൾ മറച്ചപ്പോൾ ഓർമ്മകളുടെ ചെപ്പു തുറന്ന് ചില കാഴ്ചകൾ പുറത്തു ചാടി.
നാലിന്റെ മണിയടിക്കായ് അക്ഷമയോടെ കാത്തിരുന്ന കാലം. സമയം നോക്കാൻ വാച്ചില്ലെങ്കിലും, അവസാന പീരിയഡിലെ അദ്ധ്യാപകരുടെ ചേഷ്ടകളിൽ നിന്നും സമയം മനസ്സിലാകുമായിരുന്നു. മണിയടിച്ചതും അണക്കെട്ട് തുറന്ന പോലെ റോഡിലേക്കൊരു പാച്ചിലാണ്. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങൾക്ക് വേഗത കുറവായിരുന്നു. ഓടിക്കുന്നവർക്ക് വിവേകവുമുണ്ടായിരുന്നു.
ടാർ റോഡിൽ നിന്നും മൺപാതയിലേക്കു തിരിയുന്നിടത്ത് കൂട്ടുകാരെല്ലാം കൈ വീശി യാത്രയാവും. ഇനിയങ്ങോട്ട് തനിച്ചാണ്. ഇത്തിരി ദൂരമേയുള്ളെങ്കിലും ഒറ്റപ്പെടൽ അസഹനീയം. നഗ്നമായ പാദങ്ങളിൽ പൂഴിയുടെ തണുത്ത തലോടൽ. പാതക്കിരുവശവുമായി പത്തോളം വീടുകൾ. അതു കഴിഞ്ഞാൽ പാടം. നടുക്കു കൂടിയുള്ള വീതികുറഞ്ഞ വരമ്പ് ചെന്നു നിൽക്കുന്നത് തന്റെ പറമ്പിലാണ്.
"ആനന്ദ്, നിൽക്കൂ" പിന്നിൽ നിന്നും പരിചിതമല്ലാത്ത ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത
ഒരു സ്ത്രീയും പെൺകുട്ടിയും.
"ആനന്ദിനു ഞങ്ങളെ മനസ്സിലായോ?"
"ഇല്ല"
"ഞാൻ വയൽക്കര വീട്ടിലെ ദേവകി. ഇതെന്റെ മകൾ ദേവി. ഞങ്ങൾ ഉത്തരേന്ത്യയിലായിരുന്നു. ഇവളുടെ അച്ഛനവിടാ ജോലി. ഇനിമുതൽ ഇവിടെയാ സ്ഥിരതാമസം. ഇവളെ ആനന്ദിന്റ സ്കൂളിൽ ചേർത്തു. നാളെ മുതൽ ഇവളെയും കൂട്ടണം. ബുദ്ധിമുട്ടില്ലല്ലോ?"
"ഏയ്, ഇല്ല" ലഡു പൊട്ടിയ ശബ്ദം ദേവകിയമ്മ കേട്ടില്ല.
അവർ അപ്പോഴേക്കും ദേവകിയമ്മയുടെ വീടിനടുത്തെത്തി്
"കയറിയിട്ടു പോകാം. വരൂ ആനന്ദ്"
ഉത്തരേന്ത്യയിൽ നിന്നും കൊണ്ടുവന്ന പേരറിയാത്ത മധുരപലഹാരങ്ങൾ. ഇറങ്ങിയപ്പോൾ വീട്ടീലേക്ക് ഒരു പൊതി നിറയെ വീണ്ടും.
വരമ്പിലൂടെ നടക്കുമ്പോൾ കുറുകെച്ചാടുന്ന കുഞ്ഞൻ തവളകളുടെ തണുപ്പ് പാദങ്ങളെ ഉമ്മ വക്കും. വരമ്പിലൂടെ എത്ര നടന്നാലും മടുക്കില്ല.മഴക്കാലത്ത് മാത്രം മുട്ടിനു താഴെ വെള്ളം കാണും. മഴയുടെ തുടക്കത്തിൽ രണ്ട് വശത്തും വെള്ളം നിറയുമ്പോൾ വരമ്പിലൂടെ ചെറിയ ഒഴുക്കു തുടങ്ങും. ഒപ്പം ചെറു മീനുകളും. കൈകൊണ്ട് പെറുക്കിയെടുക്കാം.
കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പാടത്തിന് പല ഗന്ധമാണ്. നെല്ലു പൂക്കുമ്പോൾ അതിനു വശ്യതയേറും.
സ്കൂൾ യാത്രയിലും പാടവരമ്പിലുമായി ഒരു കുഞ്ഞു പ്രണയം പതുക്കെ പിച്ചവച്ചു.
പ്ളസ്ടു പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത് ആർമി റിക്രൂട്ട്മെന്റ് റാലിയിൽ വെറുതെ പങ്കെടുത്തതാണ്. തെരഞ്ഞെടുക്കപ്പെട്ടു.
യാത്രയുടെ തലേന്നാൾ വരമ്പിൽ വച്ച് തന്റെ മുഖം കൈകളിലെടുത്ത് നെറ്റിയിൽ ദേവിയുടെ ആദ്യ ചുംബനം! ജീവൻ കയ്യിൽ പിടിച്ചു ചാടിയ തവളയും, പിന്നാലെ പാഞ്ഞ നീർക്കോലിയും ഒരു നിമിഷം എല്ലാം മറന്നാക്കാഴ്ച കണ്ടു നിന്നു.
പാടവരമ്പും, രണ്ടു നിറകണ്ണുകളും, മൺപാതയും വിട്ട് അറിയാത്ത ദേശത്തേക്കുള്ള യാത്ര.
ഒരു വിധത്തിൽ ഡിഗ്രി കഴിഞ്ഞതും ദേവി തീരുമാനിച്ചു ഇനി പഠിക്കാനില്ലെന്ന്. വീട്ടുകാർക്കും വലിയ താത്പര്യമില്ലായിരുന്നു.
മഴക്കാലത്തായിരുന്നു കല്യാണം. വെള്ളം നിറഞ്ഞ വരമ്പിലൂടെത്തന്നെ ഭർതൃഗൃഹത്തിലെത്തണമെന്ന് ദേവിക്കായിരുന്നു നിർബ്ബന്ധം. മുണ്ടു മടക്കിക്കുത്തി, വധുവിനെ കൈകളിലെടുത്ത് വരമ്പു താണ്ടിയത് നാട്ടുകാർക്ക് പുതുമയായി.
"ആഹാ ഉറങ്ങുവാണോ? നിങ്ങളു പോയി ആ പിള്ളാരെ വിളിച്ചോണ്ടു വാ. ഇതവർക്കു കൊടുക്കണ്ടേ?"
കൃഷി അന്യമായ പാടത്ത് ഫുട്ബോളും ക്രിക്കറ്റുമൊക്കെയാണ് പുതിയ കൃഷി. കളിക്കുന്ന കുട്ടികളെ വീട്ടിൽ വരുത്തി ദേവി അവർക്ക് പലഹാരങ്ങളും ചായയുമൊക്കെക്കൊടുക്കും. അവരുടെ ചിരിയും സംസാരവും കുറച്ച് നേരത്തേക്കെങ്കിലും ആ വലിയ വീട്ടിലെ ഏകാന്തത അകറ്റും. സ്വന്തം മക്കൾ വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരായപ്പോൾ ദേവി ആശ്വാസം കണ്ടെത്തുന്നതിങ്ങനൊക്കെയാണ്.
ആനന്ദ് മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ചുറ്റും നോക്കി. ദേവിയുടെ ശബ്ദമായിരുന്നല്ലോ!
"ദേവീ, ദേവീ"
ഉച്ചമയക്കത്തിന്റെ ആലസ്യം വിട്ടുപോകാൻ ഇത്തിരി സമയമെടുത്തു. പിന്നെ ഭിത്തിയിലെ ചിത്രത്തിലേക്ക് അയാളുടെ കാഴ്ചയെ അയാൾക്ക് മാത്രം മനസ്സിലാകുന്ന ഭാഷയിൽ ആരോ ക്ഷണിച്ചു. ആ ചിത്രത്തിലെ വിടർന്ന കണ്ണുകളിൽ പൂത്തുലഞ്ഞ നെൽപ്പാടം അയാൾ കണ്ടു. പതുക്കെ വീശിയ കാറ്റ് അവിടെ ഓളങ്ങൾ സൃഷ്ടിച്ചു.
"അങ്കിൾ, കുറച്ച് തണുത്ത വെള്ളം" പാടത്തു കളിക്കുന്ന കുട്ടികളായിരുന്നു.
ആകാശത്ത് വഴി തെറ്റിയെത്തിയ കരിമേഘത്തിന്റെ കീറ്. അയാളുടെ കൺകോണിൽ ഒരു നീർത്തുള്ളി കൊഴിയാൻ തയ്യാറെടുത്തു.
അനിൽ കുമാർ എം.ബി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ