2023 ഏപ്രിൽ 29, ശനിയാഴ്‌ച

ഞാൻ, നീ …. രണ്ട് പര്യായപദങ്ങൾ

 













കദനഭാരം താങ്ങുവാനാകാതെ

ചിറകു തളർന്നെന്റെ ഹർഷം!

മൃദുലഹൃദയത്തിൻ  ചില്ലയിൽ –

മൗനമായിന്നു മിഴിനീരണിഞ്ഞു.

മാനസ്സതന്ത്രിയിൽ ശ്രുതി മീട്ടി –

ഹൃദയ സ്പന്ദതാളംമുറുകവേ,

അണയുമോയെന്നിലെ തീവ്ര-

വിഷാദസാന്ദ്ര നെരിപ്പോടുകൾ.

തമ്മിലുരുമ്മും കൊക്കടഞ്ഞു,

ഇമ്പമായൊഴുകും നാദംനിലച്ചു.

വർണാഭമാം തൂവൽ നരച്ചു…

മിഴികൾ കൂമ്പിയടഞ്ഞുപോയ്!

മരണ തുല്യമാകുന്നു മൗനം!

മനസ്സാകെയും മരവിച്ചിടുന്നു.

ഇരുളുകൾ പരക്കുന്നു ചുറ്റിലും

ഭീതിയാലുടലാകെ വിറയുന്നു.

നിശ്ശബ്ദതയല്ലെന്നിലെ മൗനം!

അന്തരാളത്തിൽ ഘനീഭവിക്കും

വ്യഥയാർന്ന വാക്കുകൾതൻ,

കത്തിപ്പടരും അഗ്നിനാളങ്ങൾ!

ലക്ഷ്യത്തിലേക്കു പറന്നുയരാൻ

ചിറകുതേടുകയാണെൻ മൗനം

വാചാലതക്കപ്പുറമർത്ഥഗർഭം!

മൗനമാം ചിറകുവിടർത്തിടട്ടെ.


 രഷിത്ത് ലാൽ, കീഴരിയൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ