2023 ഏപ്രിൽ 29, ശനിയാഴ്‌ച

ചില ഭ്രാന്തജൽപ്പനങ്ങൾ











എന്നെ മറക്കുക ഞാനൊരു ഭ്രാന്തൻ

ഭ്രാന്തിന്റെ ബാഹ്യമാം ലക്ഷണമേറുണ്ട്

ഒരിക്കലും മായാത്ത നിറചിരി കൂട്ടുണ്ട്

നോവുന്ന മനസ്സും നീരുപൊഴിയുന്നയക്ഷിയും

ഞാനെന്ന ഭ്രാന്തൻ നിങ്ങൾക്കെന്നെന്നുമന്യൻ 

അവനിയിലാകവേ നിറയും  സ്വപക്ഷമെനിക്കില്ല

ആർക്കായും കരയുവാൻ മടിയുമില്ലെനിക്ക്

കാണുന്ന നോവുകൾ നെഞ്ചിൽ നിറഞ്ഞിട്ട്

കാഴ്ചകൾ അല്ലാതെ ചെയ്ത്തായി മാറുന്നു

സത്യത്തിൽ ഞാനൊരു ഭ്രാന്തൻ എന്നെ മറക്കുക

രസക്കേടായി പലതും പണ്ടും പറഞ്ഞു ഞാൻ

ഭ്രാന്തന്റെ ജല്പനമായി കണ്ടു നിങ്ങൾ ചിരിച്ചു

മടിയേതുമില്ലാതെ മറക്കാതെ ചെയ്യും ഞാനിനിയും

അനീതിയെ മതിക്കുന്ന ലോകമെനിക്കന്യം

കാരണം ഞാനൊരു ഭ്രാന്തൻ എന്നെ മറക്കുക

പട്ടിണിപ്പാവത്തിൻ ഇത്തിരിയത്താഴത്തിൽ

പല്ലു ഞെരിച്ചു മണ്ണെറിഞ്ഞവൻ എനിക്കെന്റെ ശത്രു

ഞാനുമറിഞ്ഞതാൽ ഈ പട്ടിണി താൻ ശാപം

ഞാനവരുടെ പൊയ്മുഖം ചീന്തി പറിച്ചെറിയും

ഇനി ഞാൻ ചിലപ്പോൾ നിങ്ങൾക്കും ശത്രു

നിങ്ങളുമെൻ ചിന്തക്ക് എതിരെങ്കിൽ

ചിന്തയിൽ ഞാനൊരു ഭ്രാന്തൻ എന്നെ മറക്കുക

നാലഞ്ചു ചുവരുകൾക്കുള്ളിൽ നിറയുന്ന

ഇടനിലക്കാരാനു മുന്നിൽ തെളിയുന്ന

ദക്ഷിണക്കാശു വാങ്ങിയാൽ ചിരിക്കുന്ന

പകരത്തിനു പകരം നൽകുന്ന ദൈവങ്ങളെല്ലാം

എനിക്കെപ്പോഴും അന്യർ, പുച്ഛമല്ലാതെ ഇല്ലൊന്നും

അവരും  അവരുടെ അത്ഭുത വീരഗാഥകളും

ഭാഗ്യവാനായ ഭ്രാന്തൻ ഞാൻ ആ ഒരു കാര്യത്താൽ

എനിക്കില്ല സ്വന്തമായൊരു ജാതിക്കോട്ടകളും

എന്നെ തളച്ചിട്ടിലൊരു ആചാരഭിത്തികളും

ജാതിയിൽ ഞാനൊരു ഭ്രാന്തൻ എന്നെ മറക്കുക

വിശക്കുന്ന വയറിനു അന്നം നിറപ്പവർ

വേദനകൊണ്ടു പുളയുന്ന നേരത്തു

കണ്ണീർ തുടക്കാൻ മടിക്കാതെ വന്നവർ

താങ്ങും തണലുമായി കൂടെ നടന്നവർ

ആലംബഹീനർക്കൊരു അത്താണിയാവർ

അവരൊക്കെയാണെന്റെ ദൈവങ്ങളെന്നും

ഇനിയുണ്ട്  ദൈവങ്ങൾ രണ്ടെന്റെ കൂടെ

ഒന്നെന്നെ പെറ്റൊരെൻ അമ്മയാം ദൈവവും

മറ്റൊന്ന് പോറ്റി വളർത്തിയോരാച്ഛനും

മറ്റൊരു ദൈവം ഇതുപോലെ ചെയ്യുകിൽ

അവരെയും വന്ദിക്കും മരണം വരേയ്ക്കും

വന്ദിക്കാൻ എന്റെയീ  ഈ ഭ്രാന്തിലും

വലുതായതൊന്നുമില്ല

എന്നെ മറക്കുക എന്റെ വാക്കുകൾ മറക്കുക

കാരണമായ് പറഞ്ഞീടുക  അവനൊരു ഭ്രാന്തൻ

ഒന്നൊന്നു കാണുന്ന നേരത്തുമെന്നും

ഭ്രാന്തന്റെ ജല്പനം ഇനിയും നിറഞ്ഞീടും

എങ്കിലും എന്നെ മറക്കുക ഞാനൊരു ഭ്രാന്തൻ

ഇതൊക്കെ വെറും ഭ്രാന്തജൽപ്പനങ്ങൾ

മണ്ണ് പകുത്തവർ മനസ്സ് പകുത്തവർ

കോട്ടകൾ കെട്ടി നിറച്ചു ഈ ഭൂമിയിൽ

ചിലതിന്നു  ജാതിമതങ്ങളും തണലായ്

ചിലതിന്നു വർണ്ണ വിവേചനം കൂട്ടായ്

ഇവിടെയും എന്നെ മറക്കുക നിങ്ങൾ കാരണം ഞാനൊരു ഭ്രാന്തൻ

കൊടികൾ പലതുണ്ട് നിങ്ങൾക്കു  ചുറ്റുമായ്

രാഷ്ട്രീയക്കോമരം കെട്ടുന്ന കൊടികൾ

ചെന്ന് നിരന്നീടു ആ വരിക്കൊടുവിലായ് 

നിങ്ങൾക്കായി നൽകീടും വിരുദ്ധചിന്തകൾ

കൂടെ നടപ്പവനെ കൊല്ലാൻ ന്യായം പഠിച്ചിടാം

നിങ്ങൾക്കും നൽകീടും രക്തസാക്ഷിത്വം

തകർന്നീടും നീ ചേർത്ത കുടുംബവും പിന്നീട്

ഇപ്പോഴും എന്നെ മറക്കുക ഞാനൊരു ഭ്രാന്തൻ

ഇതൊക്കെയെന്റെ ജൽപ്പനങ്ങൾ മാത്രം

കാലമിത് കൊള്ളാം മനോഹരം

നന്ദിയില്ലാക്കോലമാകും ചില മക്കൾ

കാലമൊരുപാട് പണിപ്പെട്ടുപോറ്റ സന്താനങ്ങൾ

നൽകുമൊരു സമ്മാനം നന്ദികേടായ്

ആദ്യം തെരുവിലേക്കും പിന്നേതേലുമൊരു

വൃദ്ധസദനത്തിലെ അന്തേവാസിയായും

എന്റെ കണ്മുന്നിൽ കാണുന്ന ഈ മക്കളെ

ചെരുപ്പിനാൽ തല്ലിയോട്ടും ഞാൻ

പറയാം നിങ്ങൾക്ക് മടിക്കാതെ ചിരിച്ചോണ്ട്

ഞാൻ  ഭ്രാന്തനെന്ന്,  മടിയില്ലെനിക്കത്‌ കേൾപ്പാൻ

എന്നിട്ട് മറക്കുക എന്നെ ഈ ഭ്രാന്തന്റെ ജൽപ്പനങ്ങളെ

എന്റെ കണ്ണിനാൽ കാണുന്ന ചിലതിനെ

അറ്റം വരേയ്ക്കും എതിർക്കും ഞാനെപ്പോഴും

എനിക്ക് ശരിയായത് ഞാൻ ചെയ്യും ഇപ്പോഴും

ഒന്ന് മാത്രമെനിക്ക് നോക്കണം

എന്റെ ചെയ്തികളന്യന്നു നോവാതെ നോക്കണം

എങ്കിലും എന്നെ മറക്കുക ഞാനൊരു ഭ്രാന്തൻ

ഉച്ചക്കിറുക്ക്  വിളമ്പുന്ന ഭ്രാന്തൻ

എന്നൊരു ചിന്തയുണ്ടെങ്കിൽ

ഇവിടെ നിറുത്തുക, കേൾവി നിറുത്തുക

എന്റെയീ ജൽപ്പനങ്ങളെ ചവിട്ടിയരക്കുക

കാരണം ഞാനൊരു ഭ്രാന്തൻ എന്നെ മറക്കുക

എങ്കിലും ഞാനിനിയും പാടും ഇങ്ങനെ

എന്നെപ്പോലൊരു ഭ്രാന്തൻ

ഇനിയെനിക്ക് തുണയായി വരും വരെ

എന്നെ മറക്കുക എന്നെ വെറുക്കുക

ഞാനൊരു ഭ്രാന്തൻ എന്തൊക്കെയോ

അലറിക്കരയുന്ന ഭ്രാന്തൻ …….

പറയുവാനിനിയുമുണ്ടേറേ എനിക്കെങ്കിലും

നേരമിതല്ലാ അതിനൊക്കെ

അക്കാണും റോഡിലായ്‌ ചോരവാർന്നപോൽ

കിടക്കുന്നൊരു പാവം മനുഷ്യൻ

ചുറ്റുമുണ്ട്‌ പുരുഷാരം സെൽഫിയെടുക്കാൻ

വീഡിയോ ചിത്രമെടുക്കാനും ധൃതികൂട്ടും

നവയുഗ ചേതന നിറയുന്ന മാനുഷർ

ആട്ടിയോടിക്കണം അവറ്റയെ എന്നിട്ട്‌

ഒരു തുള്ളി വെള്ളം കൊടുക്കണം

മരണത്തിലേക്കയാൾ വീണു പോകും മുന്നേ

എനിക്കതു ചെയ്യാം കാരണം ഞാനൊരു ഭ്രാന്തൻ

എനിക്കേതും ചെയ്യാൻ മടിയേതുമില്ല

കാരണം ഞാനൊരു ഭ്രാന്തൻ

എന്നെ മറക്കുക ഞാനൊരു ഭ്രാന്തൻ

എന്തിനോ വേണ്ടി ചിലക്കുന്ന ഭ്രാന്തൻ

മനുഷ്യത്വമല്ലാതെ മറ്റൊന്നും നൽകുവാനില്ലാത്ത ഭ്രാന്തൻ


 

അനിഴൻ കേളീനിലാവ്

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ