2023 ഏപ്രിൽ 29, ശനിയാഴ്‌ച

അശരണരുടെ സുവിശേഷം : ഫ്രാൻസിസ് നെറോണ

 



അക്ഷരങ്ങളാൽ രേഖപ്പെടുത്താതെ പോയ അശരണരുടെ കഥയാണിത്. അതോടൊപ്പം തന്നെ ക്രിസ്തുവിലേക്കു നടക്കുന്ന ഒരു സത്യാന്വേഷിയുടെ കഥയും.ഫാ.റൈനോൾഡ് സും തുറയിലെ അനാഥ പിള്ളേർക്കു വേണ്ടി അദ്ദേഹം നടത്തുന്ന അനാഥാലയവും ഈ നോവലിൽ വരച്ചിടുന്നു.മാളികപ്പുറത്തിരിക്കുന്നവനല്ല.. അഴുക്കുചാലിൽ നടക്കുന്നവനാണ് ക്രിസ്തുവിനോട്‌ അടുക്കുന്നതെന്ന് ഈ നോവൽ നമ്മെ ഓർമപ്പെടുത്തുന്നു.ഞാൻ .. എൻ്റെ.. എന്ന ചെറിയ ലോകത്തിനപ്പുറം ആരുമില്ലാത്തവരുടെ വലിയ ലോക മുണ്ട്. ജന സേവനം ഒരു തപസ്യയാക്കി മാറ്റിയ മതാചാര്യന്മാരും രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിലേക്കുള്ള ഒരു എത്തിനോട്ടം. എൻ്റെ മനസിൽ പതിഞ്ഞ ചില വരികളിലൂടെ സഞ്ചരിക്കുക മാത്രം ചെയ്യുന്നു..

റൈനോൾഡ് സിൻ്റെ കുട്ടിക്കാലം..

” ഉച്ചയ്ക്കു കഴിക്കാതെ സൂക്ഷിച്ച പൊതിച്ചോറ് ദാസനു മുന്നിൽ റൈനോൾഡ് സ് തുറന്നു വെച്ചു.വാട്ടിയ വാഴയിലയിൽ നിന്നു കുത്തരിച്ചോറിൻ്റേയും മത്തിക്കറിയുടേയും ഗന്ധങ്ങൾ.ദാസൻ ഏങ്ങലടിച്ചുകരയാൻ തുടങ്ങി.

” എന്താ.. എന്തു പറ്റി?”

“നീയെനിക്ക് ഒരു പിടി വാരിത്താ  റൈനോൾഡ് സേ. ൻ്റെ കൈയ്യും കാലും തളരണ്”

ഒരു പിടിച്ചോറ് മത്തിച്ചാറുമായി കുഴച്ച് ഉരുളയാക്കി നൽകിയത് ദാസൻ ആർത്തിയോടെ വിഴുങ്ങി. തൊണ്ടക്കുഴിക്കും ആ മാശയത്തിനു മിടയിൽ അതങ്ങനെ വിലങ്ങനെ നിൽക്കെ അവൻ്റെ കണ്ണു തുറിച്ചു.

“നാലഞ്ചു ദിവസം തിന്നാതിരുന്നിട്ട് വാരിത്തിന്നാ നെഞ്ചുമ്മേ കെട്ടും. ചങ്കുപറിയണവേദനയാ.. “

റൈനോൾഡ് സ് ചിന്തിച്ചു: എന്തുകൊണ്ടാണ് മീൻപിടിക്കുന്നവർ വെറുക്കപ്പെട്ടവരും .. കള്ളന്മാരും പിടിച്ചു പറിക്കാരു മായ ആട്ടിടയന്മാർ വാഴ്ത്തപ്പെട്ടവരുമായത്? ബൈബിൾ മുഴുവൻ ഉപ്പു നിറഞ്ഞ കടലാണ്‌. യേശു നടന്നതും കടലിനു മീതെ .തോമാശ്ലീഹ പോലും മീൻപിടിക്കുന്നവനായിരുന്നു. എന്നിട്ടും മീൻപിടിക്കുന്നവരോട് അകലം ..

കഴിഞ്ഞു പോയ നാളുകളുടെ കാലദൈർഘ്യത്തെ ഊഹിച്ചെടുക്കാൻ പോലും കഴിയാത്ത വിധം അത്രമേൽ ദുർബ്ബലമാണ് നമ്മുടെ കാല ബോധം.പോയ നാളുകളെക്കാൾ വേഗതയിൽ ഇനിയുള്ള കാലം കൂടി കൊഴിഞ്ഞു വീഴും. അവസാന വീഴ്ചയ്ക്കു മുൻപ് ഒന്നു തിരിഞ്ഞു നോക്കാൻ ദൈവം മനുഷ്യന് ഒരവസരം കൊടുക്കും.പോയ കാല അനുഭവങ്ങളിലൂടെ മനസുകൊണ്ട് ഒരാവർത്തി കടന്നു പോകുന്ന നിമിഷം … പക്ഷേ അപ്പോഴേക്കും ഒന്നു തിരുത്തുവാനോ ഗതി മാറുവാനോ കഴിയാത്ത വിധം ജീവിത നദി അഴിമുഖത്ത് എത്തിച്ചേർന്നിട്ടുണ്ടാകും.

നാം സഹോദരന്മാർ ആകുമ്പോഴാണ് ദൈവം നമുക്ക് പിതാവാകുന്നത് .. ഫാ.റൈനോൾഡ് സ് അ നാ ഥാലയത്തിലെ കുട്ടികളെ ഓർമപ്പെടുത്തുന്നുണ്ട്. പക്ഷേ ആ അനാഥാലയത്തിൽ നിന്നു വളർന്നു പഠിച്ചു മിടുക്കന്മാരായ പലരും അവരുടെ സഹോദരങ്ങളെ മറന്നൂ. അപമാനകരമായ ഒരു ഭൂതകാലം പോലെ അവരതിനെ മറന്നു. അവരുടെ മറവിക്കു മുമ്പിൽ ഫാ.റൈനോൾഡ്സും നിശബ്ദനായി.

അനാഥാലയത്തിൻ്റെ ചുമതല ഏറ്റെടുത്ത ശേഷം ഫാ.ൈ നോൾഡ് സ് തിരിച്ചറിയുന്നു: അവർക്കാവശ്യം ഒരപ്പനെയാണ്. അന്നന്നുള്ള ആഹാരം നൽകുമെന്ന് ഉറപ്പുള്ള ഒരപ്പൻ.പനി വന്നാൽ നെറ്റിയിൽ തുണി നനച്ചിട്ട് സാന്ത്വനം പകരുന്ന.. സങ്കടപ്പെടുമ്പോൾ ചേർത്തണച്ചു പിടിച്ച് ഒരാശ്വാസ വാക്ക് പറയുന്ന ഒരപ്പൻ ..

വ്യത്യസ്തതകളില്ലാത്ത, ആവർത്തനങ്ങളുടെ സമാഹാരമാണ് അനാഥ ജീവിതം.കമ്പത്തിൻ്റെ ഉപ്പം മാവും ഓലപ്പന്തും മൂട്ടകടിയും ചൊറിയും ചിരങ്ങും പിഞ്ഞിയ കുപ്പായങ്ങളും അശാന്തിയുടെ ഭാരങ്ങളുമായി അവരുടെ ജന്മം ഈ ലോകത്തെ സ്പർശിക്കാതെ അദൃശ്യമായ ഒരു നേർ വരയിലൂടെ കടന്നു പോകുന്നു ..

ഞാൻ ഇടുന്നത് ഈശോയുടെ ഉടുപ്പാ. ഈശോ ആരോടും പിണങ്ങിയിട്ടില്ല.കുരിശിൽ തറച്ച വനോടു പോലും. അവൻ്റെ വസ്ത്രം ധരിക്കുന്നയാളും അതേ ക്രിസ്തു മാർഗം പിന്തുടരണം. അതിനു കഴിയാതെ പോയാൽ പട്ടക്കാരനാവില്ല;അവൻ്റെ അങ്കി ചിട്ടിയിട്ടു പങ്കിട്ടെടുത്ത പട്ടാളക്കാരനെപ്പോലാക്കും..

എപ്പോഴാണ് വെളുത്ത ളോ വ യുടെ ഉള്ളിൽ താനൊരു അപ്പൻ്റെ സ്നേഹം ഒളിപ്പിച്ചുവെച്ചത്? എപ്പോഴാണ് മക്കളെ പിരിയാനാവാത്ത വിധം ഒരപ്പനായി തൻ്റെ പൗരോഹിത്യം രൂപാന്തരപ്പെട്ടു പോയത്? അനാഥരുടെ അപ്പനായ തിലൂടെ മക്കളുടെ സ്നേഹവും സാമീപ്യവും കൊതിക്കുന്ന ഒരു പിതാവിൻ്റെ ഹൃദയം എന്നിൽ രൂഢമൂലമായോ?

നോവൽ വായിച്ചു കഴിഞ്ഞാലും ഏറെക്കാലം ഫാ.റൈനോൾഡ് സ് നമ്മുടെ മനസിൽ ജീവിക്കും. നോവലിൻറെ വിജയവും അതാണ്.


 

വിലാസിനി രാജീവൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ