മുഖപുസ്തകത്തിലെഴുതുന്ന പലരുടെയും എഴുത്തുകൾ പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. മിക്കവരിലും ഒരു ആത്മവിശ്വാസക്കുറവ് പ്രകടമാകുന്നുണ്ട്. പലരും ഇപ്പോൾ അവരുടെ പ്രൊഫൈൽ പൂട്ടിവയ്ക്കുന്ന ഒരു പ്രവണത കാണിക്കുന്നുണ്ട്. ഇത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ പൂട്ടുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്, സാമൂഹിക മാധ്യമത്തിലെ ചതികൾ മാത്രമല്ല കാരണം എന്നാണ്.
പേര് മുഖപുസ്തകമെന്നാണെങ്കിലും മുഖമില്ലാത്തവരുടെ എണ്ണം കൂടിവരുന്നു. പലർക്കും ഇതൊരു ഒളിത്താവളം ആണെന്ന് തോന്നും ഇവിടത്തെ പ്രകടനങ്ങൾ കണ്ടാൽ. അത് പോലെ ദുഃഖകരമായ മറ്റൊന്നാണ് അസഭ്യമായ ഭാഷയിലുള്ള കമന്റുകൾ. പലപ്പോഴും ഇതെല്ലാം വായിക്കുവാൻ കഴിയാത്തത്ര രീതിയിൽ തരം താണതും. പണ്ടൊക്കെ പൊതു കക്കൂസുകളിലും, തീവണ്ടികളിലും മാത്രമായിരുന്ന ഇവ ഇന്ന് മുഖപുസ്തകത്തിലേക്കു മാറ്റിയിരിക്കുന്നു. ഇടം മാത്രമാണ് മാറിയിരിക്കുന്നത്. എഴുത്തുകാരന്റെ മനസ്സ് ഇന്നും അതുതന്നെ. നേരിട്ട് തന്റേടത്തോടെ പ്രകടിപ്പിക്കുവാൻ കഴിയാത്തവ മുഖം മറച്ച് എഴുതുന്നു എന്ന് മാത്രം.
ആരെന്നു പോലും അറിയാതെ ഏതു പോസ്റ്റുകളിലും ഇത്തരം കമന്റുകൾ എഴുതുന്നത് ചിലരെങ്കിലും ഒരു വിനോദമാക്കിയിട്ടുണ്ട്. അതിൽ നിന്നും നിർവൃതി അനുഭവിക്കുന്നവരും ഉണ്ടാകാം. ഒരു കാര്യം ഉറപ്പാണ് ശരിയായ മാനസികാരോഗ്യം ഉള്ളവരല്ല ഇക്കൂട്ടർ. ഇത്തരം ആളുകളെക്കുറിച്ച് ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്. മിക്ക പഠനങ്ങളും എത്തി നിൽക്കുന്നത് ഡാർക്ക് ട്രിയാഡ് എന്ന ഒരു പ്രത്യേക വ്യക്തിത്വ വൈകല്യത്തിലാണ്. ട്രിയാഡ് എന്നുപറഞ്ഞാൻ അതിൽ മൂന്നു കാര്യങ്ങൾ ഉണ്ടാകുമെന്ന് നമുക്കറിയാം. നർസിസിസം,മക്കീവെലിനിസം, സൈക്കോപ്പതി എന്നിവയാണ് ആ മൂന്ന് സ്വഭാവ വൈകല്യങ്ങൾ.
ആത്മാരാധനയാണ് നർസിസിസ്റ്റുകളുടെ പ്രധാന പ്രശ്‍നം. അവരെക്കാൾ വലിയവരില്ല എന്ന തോന്നൽ ഉണ്ടാക്കുന്ന ഒരു വൈകല്യം. കുടിലതയാണ് മക്കീവെലിനിസ്റ്റുകളുടെ മുഖമുദ്ര. മനഃസാക്ഷിക്കുത്ത്, സഹാനുഭൂതി, ധാർമ്മികത ഇതൊന്നും ഇവരിൽ കണ്ടെത്തുവാൻ കഴിയുകയില്ല. അതി വിചിത്രങ്ങളായ ചിന്തകളിലും പ്രവൃത്തികളിലും ഏർപ്പെടുന്ന ചിത്തരോഗമുള്ളവരെയാണല്ലോ നമ്മൾ സൈക്കോപ്പത്സ് എന്ന് പറയുന്നത്. ഒരു കൊലപാതകിയുടെ മനോഭാവം തന്നെയാണ് ഇക്കൂട്ടർക്കുമുള്ളത്. സ്വാർത്ഥത, സാമൂഹ്യ വിരുദ്ധത എന്നിവയും ഇവരിൽ കൂടുതലായിരിക്കും.
പറഞ്ഞുവന്നത് മുഖപുസ്തകത്തിലോ മുഖം മറയ്ക്കുവാൻ സാധ്യമാകുന്ന മറ്റു സാമൂഹിക മാധ്യമങ്ങളിലോ അനാശാസ്യകരമായ കമന്റുകൾ ഇടുന്നവരെല്ലാം ഈ രോഗാവസ്ഥയിൽ ഉള്ളവരാകണമെന്നില്ല. എന്നിരിക്കിലും ഈ രോഗത്തിലുള്ള ചില ഘടകങ്ങളെങ്കിലും അവരുടെ ചിന്തയിലോ പ്രവൃത്തിയിലോ കണ്ടേക്കാം. ഇത്തരം കമന്റുകൾ ആസ്വദിച്ചു വായിക്കുന്നവരും ധാരാളം. അതും നല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണമായി കരുതുവാൻ കഴിയുകയില്ല.
പ്രൊഫൈലുകൾ ലോക്ക് ചെയ്യുന്നത് ഒരു ഗുരുതര മാനസിക രോഗത്തിന്റെ ലക്ഷണമല്ലായിരിക്കാം. ചില മാനസിക പ്രശ്നങ്ങൾ ഇക്കൂട്ടരിലുമില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ലോകത്തെവിടെയുമുള്ള ആളുകൾക്ക് പരസ്പരം സംവേദിക്കുവാൻ കഴിയുന്ന മാധ്യമമാണല്ലോ ഇതെല്ലാം. പ്രൊഫൈൽ ലോക്ക് ചെയ്തവരുടെ ധാരാളം സൗഹൃദ അഭ്യർത്ഥനകൾ എനിക്ക് ലഭിക്കുന്നുണ്ട്. ആളുകളെ മനസ്സിലാക്കുവാൻ കഴിയാത്തതുകൊണ്ട് അതൊന്നും സ്വീകരിക്കുവാനും കഴിയുന്നില്ല. ഇത്തരം പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകും. ഗ്രൂപ്പിലെ അംഗത്വത്തിന് വരുന്ന ഇത്തരക്കാരുടെ അഭ്യർത്ഥനകളും സ്വീകരിക്കുവാൻ കഴിയുന്നില്ല. പതിരേതെന്നു തിരിച്ചറിയുക ബുദ്ധിമുട്ട് തന്നെയാണ്. പ്രൊഫൈൽ ലോക്ക് ചെയ്യാതെ തന്നെ പ്രൈവസി സെറ്റിംഗ്സ് ചെയ്യുക എന്നൊരു ഓപ്ഷനും മുഖപുസ്തകത്തിലുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്താമല്ലോ?
മുഖപുസ്തകമടക്കം സാമൂഹിക മാധ്യമങ്ങളെ നന്നായി ഉപയോഗിക്കുവാൻ പഠിക്കുകയാണ് വേണ്ടത്. അത് നമുക്കും മനുഷ്യരാശിക്കും പ്രയോജനപ്പെടുന്ന വിധം എങ്ങനെ ഉപയോഗിക്കുവാൻ കഴിയും എന്ന ചിന്തയാണുണ്ടാകേണ്ടത്. എല്ലാവരും നമ്മളെപ്പോലെയുള്ള മനുഷ്യരാണെന്നും, അവർക്കും വികാരങ്ങളുണ്ട് എന്ന ചിന്തയും നമ്മിലുണ്ടാകണം. നമ്മുടെ വാക്കുകൾ വഴി മറ്റുള്ളവർക്ക് എങ്ങനെ സന്തോഷമുണ്ടാക്കാം എന്നതാകട്ടെ ഈ മാസത്തെ ചിന്ത. അത് എന്നും നമ്മിലുണ്ടാകട്ടെ.
ഡോ. സുനീത് മാത്യു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ