വേനൽ ചൂട് തുടങ്ങി. ഇനി കഠിനമായ ചൂടായിരിക്കും എന്നാണു കലാവസഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
അന്തരീക്ഷ താപം ഒരു പരിധിയിൽ കൂടുതൽ ഉയർന്നാൽ ശരീരതാപം പുറത്തേക്ക് പോകാൻ തടസ്സം നേരിടുകയും ശരീരം അമിതമായി ചൂടാവുകയും തലച്ചോറിനുള്ളിലെ ഹൈപ്പോതലാമസ് ഭാഗത്തുള്ള താപ നിയന്ത്രണ സംവിധാനത്തിനു തന്നെ തകരാറു സംഭവിക്കുകയും ചെയ്യുന്നു. ഹൈപ്പോതലാമസ് ഭാഗം വേണ്ട രീതിയിൽ പ്രവർത്തിക്കാത്ത ശിശുക്കളിലും വൃദ്ധജനങ്ങളിലും സൂര്യാഘാത സാധ്യതകൾ കൂടുതലായിരിക്കും.
സൂര്യതാപം മൂലമുള്ള പൊള്ളലിന്റെ ലക്ഷണങ്ങൾ
സൂര്യ പ്രകാശം നേരിട്ടു പതിക്കുന്ന ഷോൾഡർ ഭാഗത്താണു മിക്കവാറും ആദ്യം നീറ്റൽ അനുഭവപ്പെടുക ആ ഭാഗം ചുവന്നു വരുകയും ചിലപ്പോൾ കുമിളകൾ വരുകയും ചെയ്യാം. വെള്ളം തട്ടുമ്പോൾ നീറുകയും ചെയ്യാം. കുമിളകളെ പൊട്ടിക്കരുത്. പ്ളാസ്റ്ററുകൾ ഒട്ടിക്കരുത് കാരണം അവ പറിച്ചെടുക്കുമ്പോൾ പുറം തോൽ ഇളകിപോരാറുണ്ട്
ശരീരതാപം നിയന്ത്രാണാതീതമായി കൂടുക, പനിയേക്കാൾ കൂടുതൽ ചൂട് തോന്നും. ശരീരം ചുവന്നു വരണ്ടിരിക്കുക. തലവേദന, തലകറക്കം, മാനസികാവസ്ഥയിലും ചിന്തകളിലും കുഴച്ചിൽ ഉണ്ടാകുക. നാഡീമിടിപ്പ് കുറയുക എന്നിവയും പിന്നെ ബോധക്കേടും ഉണ്ടാകാം.
ഈ ഘട്ടവും കഴിഞ്ഞാൽ ശരീര പേശികൾ കോച്ചി വലിക്കുകയും ഓക്കാനം ഛർദ്ധി എന്നിവയുമുണ്ടാകാം. അമിതമായി വിയർക്കാം , മൂത്രത്തിന്റെ അളവു വളരെ കുറയാം തുടർന്ന് അബോധാവസ്ഥയിൽ എത്തിചേരാം.
ചിലരുടെ ത്വക്ക് സൂര്യതാപത്തോട് അമിതമായി പ്രതികരിക്കുന്നതാകാം പ്രശ്നത്തിനു കാരണം. അത്തരക്കാർക്കു വലിയ ചൂടില്ലങ്കിൽ പോലും ശരീരത്തിനു പ്രശ്നം വരാം. അങ്ങനെയെങ്കിൽ അവരെ അൽട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള സ്കിൻ സെൻസിറ്റിവിറ്റി ടെസ്റ്റുകൾക്ക് വിധേയമാക്കേണ്ടതുണ്ട്. അതാണു കാരണമെങ്കിൽ ആന്തരികമായ മരുന്നുകൾ ഉപയോഗിക്കേണ്ടിവരും. ശരീരത്തിന്റെ ആ പ്രകൃതം തന്നെ മാറ്റണം.
എന്തൊക്കെ ശ്രദ്ധിക്കാം?
വേനൽ ചൂടു കൂടുതലുള്ളപ്പോൾ പുറത്ത് അധികം ഇറങ്ങണ്ട. സൂര്യപ്രകാശത്തിലുള്ള അൾട്രവയലെറ്റ്, ഇൻഫ്ര റെഡ് രശ്മികൾ ത്വക്കിന്റെ മേൽ പാളിയെ പൊള്ളിക്കുവാൻ തക്ക ശക്തമാണ്. ത്വക്കിലെ സ്വാഭാവിക എണ്ണ മയം കാത്തു സൂക്ഷിക്കുന്നവർക്ക് വലിയ പ്രശ്നമുണ്ടാകില്ല. ധാരാളം വെള്ളം കുടിക്കുക. വെള്ളം കൂടുതൽ ഉള്ള പഴങ്ങൾ കഴിക്കുക. കരിക്കിൻ വെള്ളം ഫ്രൂട്ട് സാലഡ് പോലുള്ളവ ധാരാളം കഴിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളമാണു ഏറ്റവും നല്ലത്.
അയഞ്ഞ വെളുത്ത വസ്ത്രങ്ങൾ ധരിക്കുക. വെയിലുകൊള്ളാതെ കുടപിടിക്കുക. കറുത്ത കുടയാണു നല്ലത്. കറുത്ത കുട സൂര്യപ്രകാശത്തിലെ മാരക രശ്മികളെ വലിച്ചെടുത്ത് സ്വയം ചൂടാകുന്നു, കുട ചൂടുന്നവനു ആ ചൂട് ബാധിക്കുകയില്ല.
കൂടുതൽ നേരമുള്ള കുളി ശരീരത്തിലെ എണ്ണമയം നഷ്ടപ്പെടുത്തും അതിനാൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണ്. വാട്ടർ തീം പാർക്കിലെയും സ്വിമ്മിങ് പൂളിലേയും ക്ലോറിൻ വെള്ളത്തിലെ കുളി ത്വക്ക് കൂടുതൽ വരണ്ടതാക്കും.
ഒഴിവാക്കാവുന്ന അപകടങ്ങൾ
വെയിലത്ത് കുട്ടികളെ കാറിലിരുത്തി ലോക്കു ചെയ്തു ഗ്ളാസ് താഴ്ത്താതെ പുറത്തു പോകുന്ന ചില രക്ഷിതാക്കളെങ്കിലുമുണ്ട്. വൻ അപകടങ്ങൾ വരുത്തവുന്ന അവസ്ഥയാണിത്.
മദ്യപിച്ച് റോഡിൽ കിടക്കുന്നവരെ കണ്ടാൽ ഒന്നു തണലത്തേക്കു മാറ്റിയെങ്കിലും കിടത്തിയേക്കുക. ജീവനെങ്കിലും രക്ഷപെട്ടോട്ടെ.
ചൂടു കാലത്ത് ജോലി സമയം ക്രമീകരിക്കുക. 12 മണിമുതൽ 3 മണിവരെ വെയിലത്തുള്ള ജോലികൾ ഒഴിവാക്കുക. തണലത്ത് വിശ്രമിക്കുക. ഫാൻ, എ.സി, എന്നിവ ഉപയോഗിക്കുക.
വേനൽ കാലത്ത് കുളിക്കേണ്ടത് പച്ചവെള്ളത്തിലല്ല. ഇളം ചൂടുവെള്ളത്തിലാണ്. കേൾക്കുമ്പോൾ നെറ്റി ചുളിക്കേണ്ട. പച്ചവെള്ളത്തിൽ കുളിച്ചു കഴിഞ്ഞു തലതുവർത്തുമ്പോഴേക്കും നാം വീണ്ടും വിയർത്തിട്ടുണ്ടാകും. എന്നാൽ ഇളം ചൂടുവള്ളത്തിൽ ഒന്നു കുളിച്ചു നോക്കുക. അന്നത്തെ ദിവസം ശരീരത്തിനു കൂടുതൽ സുഖം അനുഭവപ്പടും. കുട്ടികളിൽ ചൂടുകുരു ശമിക്കാൻ ഒരെളുപ്പവഴിയുണ്ട്. ഒരു ബക്കറ്റ് വെള്ളമെടുത്ത് അതിൽ ഒരു സ്പൂൺ കല്ലുപ്പിടുക എന്നിട്ട് 11 മണിമുതൽ 3 മണിവരെ വെയിലത്തു വെച്ച് സൂര്യ വെളിച്ചത്തിൽ ചൂടാക്കുക ആ വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിക്കുക ചൂടുകുരുവിനു ശമനമുണ്ടാകും.
ചൂടിനെ അങ്ങനെ വെറുക്കുകയൊന്നും വേണ്ട. അടുത്ത ഒരു നല്ല മഴകാലത്തിനു ഈ വേനൽ നല്ലതാണ്. ധാരാളം വിത്തുകൾ ഒരിടിമുഴക്കം കേൾക്കാൻ കൊതിച്ച് മണ്ണിൽ വെയിലാണ്ട് കിടപ്പുണ്ട്. ഈ കൊടും ചൂടിലും ധാരാളം മരങ്ങൾ തളീർക്കുന്നതും പൂക്കുന്നതും കാണുന്നില്ലെ! ചൂടും തണുപ്പും മഴയുമെല്ലാം പ്രകൃതിയുടെ വരദാനങ്ങളാണ്. അവയെ നമുക്കനുകൂലമായി മാറ്റുവാനാണ് നാം പഠിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാക്കുന്ന പ്രവൃത്തികൾ കുറയ്ക്കുവാൻ നാമോരോരുത്തരും ബാധ്യസ്ഥരരാണെന്നതും മറക്കാതിരിക്കുക. സൂര്യതാപം അങ്ങനെ വെറുക്കേണ്ട ഒന്നല്ല.
ഡോ. ടി. ജി. മനോജ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ