അത്രയധികം പരിചയമുണ്ടാകുന്ന ഒരു വാക്കായിരിക്കുകയില്ല ഈ തലക്കെട്ട്. ആർത്തവവിരാമം എന്ന വാക്ക് നമുക്ക് സുപരിചിതവുമാണ്. ആർത്തവവിരാമം സ്‌ത്രീകൾക്കാണെങ്കിൽ പുരുഷരജോനിവൃത്തി പുരുഷന്മാർക്കാണെന്നു മാത്രം. ഇത് വായിക്കുമ്പോൾ പുരുഷന്മാർക്ക് ആർത്തവമോ എന്നോർത്ത് നെറ്റിചുളിയുന്നുണ്ടാവുമല്ലെ?
സ്ത്രീകളിലെ ഈസ്റ്റ്രജൻ പോലെ പുരുഷന്മാരിലുണ്ടാകുന്ന ഹോർമോണുകളിൽ പ്രധാനിയായ ആൻഡ്രൊജന്റെ അളവ് പ്രായമാകുന്തോറും കുറഞ്ഞുവരും.സാധാരണക്കാരിൽ ഇത് 11 nmol/ലിറ്റർ ആണ്. സ്ത്രീകളിൽ ആർത്തവവിരാമ കാലത്ത് അനുഭവിക്കുന്ന പോലുള്ള പ്രയാസങ്ങൾ പുരുഷന്മാരും അനുഭവിക്കുന്നു. “മെനോപോസ്“ എന്ന സ്ത്രീലിംഗ പദത്തിനു സമാനമായ “അൻഡ്രോപോസ്“ എന്ന പദമാണ് പുരുഷരജോനിവൃത്തിയ്ക്ക് സമാനമായി ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത്. രണ്ടു ഗ്രീക്ക് പദങ്ങൾ ചേർന്നാണ് ഈ വാക്കുണ്ടായിരിക്കുന്നത്. ആൻഡ്രാസ് എന്നാൽ പുരുഷൻ എന്നും, പോസ് എന്നാൽ താൽക്കാലിക വിരാമം, വിരാമം എന്നൊക്കെയാണ് അർഥം.
പുരുഷരജോനിവൃത്തിയുടെ ലക്ഷണങ്ങൾ
•വികാര വിചാരങ്ങൾക്ക് വ്യതിയാനങ്ങൾ വരാം. മാനസിക അസ്വസ്ഥതകൾ, ഓർമ്മകുറവ്, വിഷാദം എന്നിവയുണ്ടാകാം
•ശരീര പേശികളുടെ വണ്ണവും ബലവും കുറയുന്നു. കായിക ക്ഷമത കുറയുന്നു.ശരീരത്തിലെ രോമവളർച്ച കുറയാം. എല്ലുകളുടെ ബലം കുറയാം.
•ലൈംഗിക ശേഷിക്കുറവും താല്പര്യക്കുറവും തോന്നുന്നു.
•ശരീരത്തിൽ കൊഴുപ്പടിയുന്ന രീതിവ്യത്യാസം വരുന്നു. വയറു ചാടുകയും, സ്ത്രീകളുടേതു പോലെ നെഞ്ച്, മുലകൾ പോലെ തൂങ്ങുകയും ചെയ്യാം.
•ആത്മവിശ്വാസക്കുറവും,ഭയവും ഉന്മേഷക്കുറവും അനുഭവപ്പെടാം.
•ശരീരത്തിനു ക്ഷീണമുണ്ടെങ്കിലും ഉറക്ക കുറവും അനുഭവപ്പെടുന്നു.
•സ്ത്രീകളിലെ പോലെ പുരുഷന്മാരിലും ഉഷ്ണകൂടുതൽ അനുഭവപ്പെടുന്നു.
•ഏകാഗ്രതയും ഓർമ്മകുറവും അനുഭവപ്പെടുന്നു.
•മനസ്സിന്റെ കട്ടിയൊക്കെ കുറഞ്ഞ് സ്ത്രീകളെ പോലെ സങ്കടവും കരച്ചിലും ഒക്കെയായി മാറുന്ന പഴയ സിംഹങ്ങളെ നമുക്കു പലവീടുകളിലും കാണാൻ സാധിക്കും. (പകരം സിംഹികൾ പതുക്കെ ഭരണമേറ്റെടുക്കുന്നതും കാണാം.)
യൗവനാരംഭം വരെ ആൺകുട്ടികളുടെ ടെസ്റ്റിസ്റ്റെറോൺ അളവ് വളരെ കുറവായിരിക്കും. ആൺകുട്ടികളുടെ പ്യുബെർട്ടിയിൽ ഈ ഹോർമോൺ ഒരു വലിയ പങ്ക് വഹിക്കുന്നു. പേശികൾ ദൃഢമാക്കുക, ശരീരത്തിലും ഗുഹ്യഭാഗങ്ങളിലും രോമവളർച്ചയുണ്ടാക്കുക, ശബ്ദത്തിൽ വ്യത്യാസമുണ്ടാക്കുക, ലൈംഗീക ചിന്തകളും വികാരങ്ങളും ഉണ്ടാക്കുക എന്നിവയാണ് ഇതിൽ പ്രധാനം. അതുപോലെ തന്നെ ഒരു പുരുഷൻ മുപ്പതു വയസ്സു കഴിയുന്നതോടെ അവനിലെ ടെസ്റ്റിസ്റ്റെറോൺ ഹോർമോണിന്റെ അളവ് പതുക്കെ കുറയാൻ തുടങ്ങുന്നു. ഓരോ വർഷവും ഒരു ശതമാനം വീതം കുറഞ്ഞുകൊണ്ടിരിക്കും. എഴുപതു വയസ്സാകുമ്പോഴേക്കും ഈ ഹോർമോണിന്റെ ഉൽപ്പാദനം പകുതിയിൽ താഴെയായി കുറയും. ഇത് ചിലരിൽ ശാരീരികവും, മാനസികവും, ബൗദ്ധീകവുമായ മാറ്റങ്ങൾക്കു കാരണമാകുന്നു. ടെസ്റ്റിസ്റ്റെറോൺ ഒരിക്കൽ കുറയുവാൻ തുടങ്ങിയാൽ അത് ഉയർത്തുക അത്ര എളുപ്പമായ കാര്യവുമല്ല. മരുന്നുകൾ മൂലം അത്ര സാധ്യമല്ലെന്നർത്ഥം.
എല്ലാ സ്ത്രീകളും ആർത്തവ വിരാമമനുഭവിക്കുന്നപോലെ എല്ലാ പുരുഷന്മാരും പുരുഷാർത്തവ വിരാമം അനുഭവിക്കാറില്ല എന്ന കാര്യവും ഓർക്കുക. എന്നാൽ ഇത് നാൽപ്പതു വയസ്സുമുതൽ എഴുപതു വയസ്സുവരെയുള്ളവർക്ക് ഉണ്ടാകുവാൻ സാധ്യതയുള്ള ഒരവസ്ഥയാണ്. ഇതിന്റെ ലക്ഷണങ്ങൾ ആളുകൾക്കനുസരണം വ്യത്യസ്ഥവുമാകാം.
മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ മാത്രം ടെസ്റ്റിസ്റ്റെറോൺ തെറാപ്പി ചെയ്യാവുന്നതാണ്. സിന്തെറ്റിക് ടെസ്റ്റിസ്റ്റെറോണിന് ചില പാർശ്വഫലങ്ങളുമുണ്ട്. ഒരുദാഹരണത്തിന് പ്രോസ്റ്റേറ്റ് ക്യാൻസർ ഉള്ളവർക്ക് ഈ തെറാപ്പി ക്യാൻസർ സെല്ലുകളുടെ വളർച്ചയ്ക്കും കാരണമാകും.
ചില ജീവിത ശൈലീ വ്യതിയാനങ്ങൾ കുറച്ചയൊക്കെ ഇതുമായി പൊരുത്തപ്പെടുവാൻ സഹായിക്കിച്ചേക്കാം. ഇതിനെക്കുറിച്ചോ, മറ്റു പ്രശ്നങ്ങളെക്കുറിച്ചോ ഉള്ള മാനസിക സമ്മർദ്ധം കുറയ്ക്കുക, നല്ല ഭക്ഷണം, പ്രത്യേകിച്ചും നാരുകൾ, ജീവകങ്ങൾ, മറ്റു പോഷകങ്ങൾ ഉള്ളവ മാത്രം കഴിക്കുക, നന്നായി ഉറങ്ങുക, അത്യാവശ്യം വ്യായാമം ചെയ്യുക എന്നിവയാണ് അവ. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഉറക്കത്തിനും വിദഗ്ധസഹായം തേടാവുന്നതുമാണ്. സാധാരണ ഗതിയിൽ മറ്റുള്ളവർ ഇതിനെ പ്രായത്തിന്റെ ലക്ഷണമായി എഴുതി തള്ളുകയാണു ചെയ്യാറുള്ളത്.
ഇങ്ങനെ ഒരു അവസ്ഥ ഉണ്ട് എന്നറിഞ്ഞിരുന്നാൽ മതി. പൊരുത്തപ്പെടുക തന്നെ..
ഡോ. ടി. ജി. മനോജ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ