“കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം…” എന്ന കവിഭാവനയിൽ തുടങ്ങാം.
ജീവിതകാലം മനോഭിരാമമാക്കുന്ന ചിലവയുണ്ട്. ഓർക്കുവാനും ചേർക്കുവാനും ചിരിക്കുവാനും, ഇനിവേണെമെങ്കിൽ കുറച്ചു ചിന്തിക്കുവാനും പറ്റുന്ന രസകരങ്ങളായ ചില ഓർമ്മകൾ. അതിൽ ഒരെണ്ണം ഓർത്തെടുക്കാൻ ശ്രമിക്കാം.
ഇന്ത്യക്കുപുറത്തു ആദ്യമായി ജോലിചെയ്യുവാൻ അവസരം ലഭിച്ചത് മലേഷ്യയിലാണ്. ഒരു പ്രൈവറ്റ് കോളേജിൽ അധ്യാപകൻ. രണ്ടുവർഷം ജോലിനോക്കി. വളരെ രസകരമായ അനുഭവമായിരുന്നു അത്. ഈരണ്ടുവർഷത്തെ കഥ മറ്റൊരിക്കൽ പറയാം. ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നത് ഈ രണ്ടുവർഷം കഴിഞ്ഞു മലേഷ്യയിലെ തന്നെ മറ്റൊരു പ്രൈവറ്റ് കോളേജിൽ ചേർന്നപ്പോഴുണ്ടായ കാര്യങ്ങളാണ്. കൂടുതൽ മെച്ചപ്പെട്ട വേതനം, വ്യവസ്ഥകൾ. മാത്രവുമല്ല ആദ്യ കോളേജിൽ കൂടെയുണ്ടായിരുന്ന ഒരധ്യാപകനാണ് ഇവിടെ പ്രിൻസിപ്പൽ. ഒരു വലിയ ഫ്ലാറ്റിൽ ഒരു യൂ. കെ. ക്കാരൻ ‘സായിവിനും’ എനിക്കും കോളേജ് താമസം ഒരുക്കിത്തന്നു. ജീവിതം പച്ചപിടിച്ചുകളയും എന്ന നേരിയ ഭീഷണി മുഴക്കി നിൽക്കുന്ന സമയം.
കോളേജിന്റെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്നതുപോലെ തന്നെയാണ്. ‘സായിവ്’ എപ്പോഴെങ്കിലുമൊക്കെ വന്നാലായി. വാരാന്ത്യങ്ങളിൽ ‘സായിവ്’ ജോഹർബാറു എന്ന സ്ഥലത്തുള്ള ഭാര്യയ്ക്കും മക്കൾക്കുമടുത്തേയ്ക്കുപോകും.
ഒരുദിവസം ദാ വരുന്നു ഒരു വാർത്ത. പ്രിൻസിപ്പലിനെ കോളേജിന്റെ മറ്റൊരു ക്യാമ്പസ്സിലേക്കുമാറ്റി. അങ്ങനെ പ്രിൻസിപ്പൽ സുഹൃത്ത് പിൻവാങ്ങി, വൈകാതെ പുതിയ പ്രിൻസിപ്പൽ ചാർജ്ജെടുത്തു. പുതിയ പ്രിൻസിപ്പൽ എന്ന് പറയുന്നതിനേക്കാൾ ‘പ്രിൻസസ്’ എന്ന് പറയുന്നതാണ് കൂടുതൽ ചേരുക.
“ഉഡുരാജമുഖീ മൃഗരാജകടീ ഗജരാജ വിരാജിത മന്ദഗതീ.” എന്നുകേട്ടിട്ടില്ലേ? അതിവരെക്കുറിച്ചെഴുതിയതാണോ എന്ന് ഏത് പൊട്ടക്കണ്ണനും വിചാരിച്ചുപോകുന്ന ഭാവം, ആകാരം. വയസ്സ്, മുപ്പതുകളുടെ പരിധിക്കടുത്തെവിടെയോ. അതുകൊണ്ടുതന്നെ ഭരണപരമായ പ്രവർത്തിപരിചയം ഉണ്ടാകുമോയെന്ന ഭയം എല്ലാവരിലും ഉണ്ടാക്കിയ ഇടപെടൽ. പ്രവർത്തിപരിചയമില്ലാത്തവർ ഉന്നതസ്ഥാനങ്ങളിലെത്തിയാൽ കുറച്ചു ഭയമൊക്കെ നല്ലതാണെന്ന ലോകസത്യം അയവിറക്കി ഞാനും കാത്തിരുന്നു ‘ഉടുരാജമുഖിയുടെ’ ഗതി എങ്ങോട്ടാണെന്നറിയാൻ.
പുതുതായി, അർഹതയില്ലാത്ത സ്ഥാനങ്ങളിലെത്തപ്പെട്ടവർ അവരെ നിയമിച്ചവരെ സന്തോഷത്തിൽ ആറാടിക്കാൻ ചില കനത്ത ഭരണപരിഷ്കാരങ്ങളൊക്കെ കൊണ്ടുവരിക പതിവാണല്ലോ. അങ്ങയൊരണ്ണം പ്രതീക്ഷിച്ചവർക്ക് മാറ്റങ്ങളുടെ ഒരു പൂക്കാലം തന്നെയായായിരുന്നു അവർ നൽകിയത്.
കോളേജ് എടുത്തു മറിച്ചുവയ്ക്കാൻ പ്രയാസ്സമായതുകൊണ്ട് ബാക്കിയെല്ലാം ചെയ്തു. പുതിയ മാർക്കറ്റിങ് തന്ത്രങ്ങൾ, പേരുകേട്ട സർവകലാശാലകളുമായി പങ്കാളിത്തം, ചിലവ് ചുരുക്കലുകൾ എന്നുവേണ്ട, മന്ദഗതി പ്രതീക്ഷിച്ചവർക്ക് ശീഘ്രഗതി സമ്മതിച്ചുകൊണ്ടുള്ള മുന്നേറ്റം.
അങ്ങനെയിരിക്കെ ഒരു ദിവസം പ്രിൻസിപ്പൽ എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. അധ്യാപനത്തിന്റെ പുതിയ തന്ത്രങ്ങളെന്തെങ്കിലും സംസാരിക്കാനാകും എന്ന് പ്രതീക്ഷിച്ച എന്നെ വരവേറ്റത് അഭിനന്ദനങ്ങളുടെയും പുകഴ്ത്തലുകളുടെയും ഉന്മത്തലോകമാണ്. അല്ലെങ്കിലും ഞാൻ മനസ്സിലാക്കേണ്ടിയിരുന്നു അനാവശ്യമായ ഈ പുകഴ്ത്തലിന്റെ ഗുട്ടൻസ്. ഞാൻ മതിമറന്നു, ഞാനില്ലെങ്കിൽ ഈ കോളേജ് അടച്ചുപൂട്ടേണ്ടിവരുമോ എന്നുപോലും എനിക്ക് തോന്നിയ ഒരു ദുർബല നിമിഷത്തിലാണ് അനവസരത്തിൽ “പക്ഷെ” എന്ന് പറഞ്ഞവർ ഒരദ്ധവിരാമമിട്ടത്.
‘പക്ഷെയുടെ’ ഗുരുത്വാകർഷണത്തിൽ ഞാനും നിലം പതിച്ചു, അടുത്ത വരികൾക്കായി കാത്തു നിന്നു. ഉടുരാജമുഖം ഗ്രഹണ സമയത്തെന്നോണം കറുത്തു.
“കോളേജ് ചില സാമ്പത്തിക പ്രശ്ങ്ങൾ നേരിടുന്നു എന്നറിയാമല്ലോ?”
അറിയില്ലെങ്കിലും “അറിയാം” എന്ന് ഞാൻ.
“നിങ്ങൾക്ക് തരുന്ന ശമ്പളം കൊണ്ട് പുതിയ രണ്ടുപേരെ നിയമിക്കാൻ പറ്റും”
വേറെ തെറിയൊന്നും മനസ്സിൽ വരാത്തതുകൊണ്ട് “മൃഗരാജകടീ” എന്ന് ഞാൻ മനസ്സിൽ നീട്ടി വിളിച്ചു.
കാര്യങ്ങൾക്ക് ശുഭാന്ത്യമായി എന്നുമനസ്സിലാക്കി ഞാനും പരാജയപ്പെട്ടവൻറെ അവസാന ആയുധം പുറത്തെടുത്തു.
ഇല്ലാതാക്കാം….. പക്ഷെ തോല്പിക്കാൻ വേറെ ആളെ നോക്കണം എന്ന മട്ടിൽ താഴെക്കാണുന്ന വാചകങ്ങൾ ഉദ്ധരിച്ചു.
“വളരെ നന്ദി മാഡം. ഇന്ത്യമഹാരാജ്യത്തുള്ള കേരളസർവ്വകലാശാലയിൽ ഞാൻ ഡോക്ടറേറ്റ് ബിരുദം എടുക്കാൻ പണിതുടങ്ങിയിരുന്ന കാര്യം താങ്കൾക്കറിവുള്ളതാണല്ലോ. ഈയിടെയായി ഈയുള്ളവൻറെ PhD ഗൈഡ് ഒരേ വിളി. തിരിച്ചുപോയി എത്രയും പെട്ടെന്ന് ഡോക്ടർ ആകണമത്രേ. എന്താ അല്ലേ?”
അല്ലെന്നും ആണെന്നും അവർ പറയാത്തത് കൊണ്ട് ഞാൻ വീണ്ടും തുടർന്നു.
“അതുകൊണ്ട് തിരിച്ചുപോകുന്നതിനെക്കുറിച്ചു ഞാനും ആലോചിച്ചു വരികയായിരുന്നു. സാരമില്ല. പുതിയ രണ്ടുപേരെ എത്രയും വേഗം കണ്ടെത്തിക്കൊള്ളൂ. ഞാൻ നാളെത്തന്നെ രാജികത്തു കൈമാറാം.”
മാഡം മന്ദഗതിയിൽ വീണ്ടും മന്ദഹസിച്ചു. വേറൊന്നും പറഞ്ഞില്ല.
കുറ്റം പറയരുതല്ലോ ആ വിചിത്രമന്ദഹാസമാണ് എന്നെ ധൃതഗതിയിൽ ഡോക്ടർ ആക്കിയത്. ഇന്ത്യയിൽ തിരിച്ചെത്തി രണ്ട് വർഷംകൊണ്ട് PhD പൂർത്തിയാക്കി. അതുകഴിഞ്ഞു ഡോക്ടറേറ്റ് എന്ന ഭാരവും തലയിൽ കയറ്റി തിരികെ മലേഷ്യയിലേക്ക് തന്നെവന്നു. ഇത്തവണ ഓസ്‌ട്രേലിയയിലെ പ്രശസ്‌തമായ സർവ്വകാലാശാലയുടെ മലേഷ്യൻ ക്യാമ്പസ്സിൽ അധ്യാപകനായി. അക്കാഡമിക് കരിയറിന്റെ ശെരിക്കുമുള്ള തുടക്കം അവിടെനിന്നുമായിരുന്നു. മലേഷ്യയിൽ പിന്നെയും പല കാലങ്ങളിൽ മഴയും വെയിലും മാറിവന്നു.
ഒരുദിവസം വകുപ്പ് മേധാവി പ്രൊഫസർ പെർവൈസ് എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. ഒരു പുതിയ PhD സ്റ്റുഡന്റ് ജോയിൻ ചെയ്‌തിട്ടുണ്ടത്രെ. പെർവൈസാണ് പ്രധാന ഗൈഡ്. സഹമാർഗ്ഗദർശിയാകാൻ (Co-Guide) താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു. റിസർച്ച് പ്രൊപ്പോസലിന്റെ കോപ്പി കൈമാറി. എന്തോ വലിയ മലമറിച്ചുകളയും എന്ന മട്ടിലുള്ള വലിയ ആശങ്ങളാണ് എഴുതിയിരിക്കുന്നത്. സ്റ്റുഡന്റ് അടുത്ത ദിവസം എന്നെ കാണാൻ വരും.
പിറ്റേദിവസം വന്ന സ്‌റ്റുഡന്റിന്റെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു. പിന്നെ മന്ദഹസിച്ചുകൊണ്ടു ആത്മഗതം ചെയ്തു.
“ഗജരാജ വിരാജിത മന്ദഗതീ.”
കോളേജിലെ പ്രിൻസിപ്പൽ ജോലി നഷ്ടപ്പെട്ടു. അതേ ജോലി മറ്റിടങ്ങളിൽ കിട്ടാൻ പ്രയാസം. അതുകൊണ്ടു PhD നേടി പൂർണ്ണസമയം ഗവേഷണത്തിലേക്കും അധ്യാപനത്തിലേക്കും തിരിയാം എന്ന് വിചാരിക്കുന്നുവത്രേ. അതിന് ഞാനും കൂടി സഹായിക്കണം! കാലത്തിന്റെ കുസൃതികൾ എന്നല്ലാതെ മറ്റെന്തുപറയാൻ.
കവിഭാവനയിൽ തന്നെ അവസാനിപ്പിക്കാം.
“ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?”
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ