2021 ജൂലൈ 24, ശനിയാഴ്‌ച

ഞാവൽ മരം പൂത്തപ്പോൾ

 



“മോഹൻ! അൽപനേരം കുട്ടിയുടെ അടുത്തിരിക്കൂ, ഞാൻ ഈ മുഷിഞ്ഞ തുണികൾ ഒന്ന് തിരുമ്പി വരട്ടെ “.

സുഷമ അക്ഷമയായി പറഞ്ഞു.

മോഹൻ അപ്പോഴും ഫയലുകളിൽ നിന്നും തലയുയർത്തുകയോ അവൾ പറഞ്ഞത് കേട്ടതായി ഭാവിക്കുകയോ ചെയ്തില്ല. സുഷമ അല്പസമയം കൂടി അയാളിൽ നിന്നും ഒരു മറുപടി ഉയരുന്നതും കാത്തുനിന്നു.

ചീകാതെ അലക്ഷ്യമായി പറന്നിരുന്ന അയാളുടെ മുടിയും ക്ഷൗരം ചെയ്യാത്ത താടിയും വിരലുകൾക്കിടയിലിരുന്നു എന്തിനോ വേണ്ടി പുകയുന്ന സിഗരറ്റുകുറ്റിയും അവൾ നോക്കിക്കണ്ടു. മുകളിലെ തിരിഞ്ഞു കൊണ്ടിരിക്കുന്ന പങ്കയിൽ നിന്നുയരുന്ന കട കട ശബ്ദവും, താഴെ മേശപ്പുറത്തു അയാൾക്ക്‌ മുൻപിൽ അടുക്കിവെച്ചിരിക്കുന്ന കടലാസുകൾ കാറ്റിൽ ഇളകിക്കളിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദവും ഒഴിച്ചാൽ അവിടം തികച്ചും നിശബ്ദമായിരുന്നു.

കാലമല്പം കഴിഞ്ഞപ്പോഴേക്കും എത്ര മാറിപ്പോയിരിക്കുന്നു ഇദ്ദേഹം! ഒരു കാലത്തു പൊന്നേ കരളേ എന്ന് വിളിച്ചു എന്താവശ്യങ്ങളും നിറവേറ്റാൻ സന്നദ്ധനായി തന്റെ പുറകേ നടന്നിരുന്ന മനുഷ്യൻ! ഇന്നിപ്പോൾ…!

സുഷമ നെടുവീർപ്പിട്ടുകൊണ്ട് കുട്ടി കിടന്ന മുറിയിലേക്ക് പോന്നു. അടുത്ത് കട്ടിലിൽ നിന്നും കുട്ടി ഞരങ്ങുന്നു. അവളുടെ ശ്രദ്ധ കുട്ടിയിലേക്ക് തിരിഞ്ഞു. പനി ഇപ്പോഴുമുണ്ട്. നല്ലവണ്ണം പൊള്ളുന്നു. കുട്ടിയുടെ നെറ്റിത്തടത്തിൽ വെച്ച കൈ സുഷമ പതിയെ തിരിച്ചെടുത്തു. വീണ്ടും തന്റെ ഭർത്താവിന്റെ അടുത്തേയ്ക്ക് ചെന്ന് ആ മുഖത്തേയ്ക്ക് മിഴികൾ പായിച്ചിട്ട് വിഹ്വലതയോടെ പറഞ്ഞു.

“നോക്കൂ കുട്ടിക്ക് തീരെ വയ്യാണ്ടായിരിക്കണു. ഇപ്പളും തീപോലെ പൊള്ളുണു.”

ഇത്തവണ അയാൾ തല തിരിച്ചു നോക്കി. എന്നിട്ട് അലക്ഷ്യമായി മൂളി.

തന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനെ തനിക്ക് തീരെ മനസ്സിലാകുന്നില്ലല്ലോ എന്നവളോർത്തു. ആഗ്രഹിക്കുന്നതെല്ലാം അത് മനസ്സിൽ കരുതുമ്പോഴേക്കും സാധിച്ചു തരുമായിരുന്നു ഒരുകാലത്ത്. ഇന്നിപ്പോൾ ഓരോന്നും പലവട്ടം പറയണം. ഇതിനും മാത്രം എന്ത് പണിയാണ് മോഹന്? കുറച്ചൊക്കെ സ്വന്തം വീട്ടുകാര്യങ്ങളിലും ശ്രദ്ധിച്ചുകൂടേ? അപ്പോൾ വേണമെന്ന് വിചാരിക്കാഞ്ഞിട്ടാണ്.

സുഷമയുടെ ചിന്തകൾ കാടുകയറവെ അവളെ അതിശയിപ്പിച്ചു കൊണ്ട് വായിച്ചുകൊണ്ടിരുന്ന ഫയൽ അടച്ചു വെച്ചിട്ട് മോഹൻ എഴുന്നേറ്റു. എന്നിട്ട് അവൾക്കു നേരെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ പറഞ്ഞു.

“ഡോക്ടറെ വിളിക്കാം. മരുന്ന് കൊടുത്താൽ മാറും.”

സുഷമ തലയാട്ടി. അത് കാണാൻ നിൽക്കാതെ അയാൾ തന്റെ വിസ്തൃതങ്ങളായ ചുമൽ തിരിച്ചു നടന്നു പോകുന്നതും നോക്കി അവൾ ചുമരിലേക്ക് ചാരി നിന്നു.

എത്രപെട്ടന്നാണ് മനുഷ്യരുടെ ജീവിതം മാറിമറിയുന്നത്. ഇഷ്ടങ്ങളും! വിവാഹം കഴിഞ്ഞ ഇടയ്ക്ക് മോഹൻ ഇങ്ങനെയായിരുന്നില്ല. അവളോർത്തു. എപ്പോഴും അവളുടെ മടിയിൽ തലവെച്ചു കിടക്കാൻ അയാൾക്ക് ഇഷ്ടമായിരുന്നു.

“നിന്റെ മടിത്തട്ടിൽ തലവെച്ചു കിടക്കുമ്പോൾ ലോകത്തിലേക്കും വെച്ച് ഏറ്റവും സുരക്ഷിതവും സുഖപ്രദവുമായ ഇടമാണ് ഇതെന്ന് എനിക്ക് തോന്നുന്നു.”

അയാൾ മന്ത്രിക്കും.ആ സമയത്ത് അവളുടെ വെളുത്തു മെലിഞ്ഞു നീണ്ട വിരലുകൾ അയാളുടെ നിബിഢമേറിയ മുടിച്ചുരുളുകളുടെ നിഗൂഢതയിൽ അലയുകയാവും. കുറച്ചുകഴിഞ്ഞ് അയാൾ തന്റെ കൈത്തണ്ടകൾ അവളുടെ കഴുത്തിനു പിന്നാമ്പുറത്തുകൂടി ചുറ്റി അവളുടെ മുഖം അയാളിലേക്ക് അടുപ്പിക്കും. അവളുടെ കാച്ചെണ്ണയുടെയോ മുഖലേപനത്തിന്റെയോ ഒക്കെ ഗന്ധം അപ്പോൾ അയാളുടെ നാസാരന്ധ്രങ്ങളിലേക്ക് പടരും. ആ മാസ്മരികതയിൽ ലയിച്ചുലയിച്ച് അയാൾ അങ്ങനെ കിടക്കും.

അവൾ സൂര്യനും അയാൾ ഭൂമിയുമായിരുന്നു. സൂര്യന് ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന ഭൂമിയെപ്പോലെ അയാൾ അവൾക്കു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരുന്നു. അവളുടെ മുഖമൊന്നു വാടിയാൽ അയാൾ തളർന്നു പോകുമായിരുന്നു. ജോലികഴിഞ്ഞെത്താൻ വൈകിയാൽ അവൾ വിശപ്പടക്കിവെച്ച് തനിക്കായി കാത്തിരിക്കുമെന്ന് അയാൾക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട് കഴിവതും നേരത്തെ തന്നെ വീട്ടിൽ എത്താൻ അയാൾ ശ്രദ്ധിച്ചിരുന്നു.

വള്ളിച്ചെടികൾ പടർത്തി മനോഹരമാക്കിയ കാർപോർച്ചിൽ അവൾ തന്റെ സാരിത്തലപ്പിന്റെ കോന്തലയിൽ വിരൽ ചുറ്റിക്കൊണ്ട് അകലേയ്ക്ക് മിഴികളയച്ച് തന്റെ പ്രിയനെയും കാത്തു നിൽക്കും. അയാൾ ഗെയ്റ്റിനടുത്തെത്തുമ്പോഴേക്കും അവൾ ഓടിച്ചെന്നു ഗെയ്റ്റ് തുറന്നു കൊടുക്കും. കറുപ്പും വെളുപ്പും ഇടകലർത്തി ചായം പൂശിയ ഗെയ്റ്റ് ഒരു ഞരക്കത്തോടെ ഒരു തിമിംഗലത്തെപ്പോലെ അതിന്റെ വായ തുറന്നുകൊടുക്കും. അവളെ തന്റെ തോളിൽ ചേർത്തുപിടിച്ചു കൊണ്ടാണ് അയാൾ എന്നും അകത്തേയ്ക്ക് പ്രവേശിക്കുന്നത്. എല്ലാവരും പറഞ്ഞു

“എന്താ ചേർച്ച! “

എന്നാൽ ഇതൊന്നും അധികനാൾ നീണ്ടുനിന്നില്ല. ജീവിതത്തിൽ ജോലിത്തിരക്കുകൾ ഏറിയപ്പോൾ അവളോടൊത്തു ചെലവഴിച്ചിരുന്ന സമയവും പയ്യെ പയ്യെ കുറഞ്ഞു. ഒപ്പം പ്രേമസല്ലാപങ്ങളും.

വീടിന്റെ തൊടി അവസാനിക്കുന്നിടത്ത് ശാന്തമായി ഒഴുകുന്ന പുഴയാണ്. പുഴയിലേക്ക് ചാഞ്ഞുനിൽക്കുന്ന ഒരു ഞാവൽ മരവുമുണ്ട്. കായ് പഴുക്കുന്ന സമയത്ത് മരത്തിൽ കയറി ഇഷ്ടം പോലെ പഴങ്ങൾ ഇറുത്തുതരുമായിരുന്നു അദ്ദേഹം. പുഴയിലേക്ക് അധികം പഴങ്ങൾ വീഴാറുണ്ടായിരുന്നില്ല. അല്ലെങ്കിൽ വീഴാനായി പഴുത്ത പഴങ്ങൾ മരത്തിൽ നിൽക്കാൻ അദ്ദേഹം അനുവദിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് എത്രയോ നാളുകളായി ഞാവൽ മരച്ചോട്ടിൽ പോയിട്ട്. അതു പൂക്കുന്നതും കായ്ക്കുന്നതും കുറേ കാലങ്ങളായി അറിയാറേയില്ല. കിടപ്പുമുറിയിലെ ജാലകത്തിലൂടെ നോക്കിയാൽ അങ്ങ് വിദൂരതയിൽ ഒരു നേർത്ത നിഴൽപോലെ ഞാവൽ മരം കാണാം. വെള്ളിയരഞ്ഞാണം കെട്ടിയപോലെ പുഴയുടെ നേർത്ത കഷണവും കാണാം. അത്രതന്നെ! വീട്ടിലെ ജോലിത്തിരക്കുകൾ അങ്ങോട്ടൊന്നും പോകാനേ അനുവദിക്കാറില്ല.

കുഞ്ഞായതിനു ശേഷമാണ് മോഹനിലും ഈ മാറ്റങ്ങൾ പ്രകടമായത്. ഒരു പക്ഷേ, അതു തന്റെ തോന്നലായിരിക്കുമോ? ഉടനെയൊന്നും ഒരു കുഞ്ഞ് വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കുറച്ചു പണം സ്വരൂപിക്കണം എന്നിട്ട് ജീവിതം അല്പം പച്ചപിടിപ്പിച്ച ശേഷം ഒരു കുഞ്ഞ്. അത് അവനോ അവളോ ആരുമായിക്കൊള്ളട്ടെ, അല്ലലറിയാതെ അതു വളരണം. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. കല്യാണം കഴിഞ്ഞിട്ട് മാസം ആറു കഴിഞ്ഞില്ല, വീട്ടുകാരുടെയും നാട്ടുകാരുടെയും വക ചോദ്യം പറച്ചിലുകൾ തുടങ്ങി.

“മിസ്സിസ് മോഹൻ! നിങ്ങൾക്ക് ഇതുവരെ ഗുഡ്ന്യൂസ് ഒന്നുമായില്ലേ? “

ചുണ്ടിൽ ചായം തേച്ചു നടക്കുന്ന ചില സൊസൈറ്റി പെണ്ണുങ്ങളുടെ വക അർത്ഥം വെച്ചുള്ള ചില ചോദ്യങ്ങളും പുറകെ കുറേ ഉപദേശങ്ങളും. സ്വന്തം കിടപ്പുമുറിയിലെ ചീഞ്ഞു പുഴുത്തു നാറുന്ന നഗ്നസത്യങ്ങളെ പൊതിഞ്ഞു വെച്ചിട്ടാണ് അന്യന്റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കുന്നത് എന്നതാണ് പരമാർത്ഥം.

“അയ്യോ പാവം മിസ്സിസ് മോഹൻ! കുട്ടിയുടെ കാര്യം വിട്, എന്തിനേറെ പറയുന്നു? സമയാസമയത്തു വെച്ചുവിളമ്പാനോ, വീട് വൃത്തിയാക്കാനോ മുഷിഞ്ഞ തുണികൾ വൃത്തിയാക്കാനോ പൂന്തോട്ടം നനയ്ക്കാനോ മാർക്കറ്റിൽ പോകുവാനോ തുടങ്ങി എന്തിനെങ്കിലും ആ വീട്ടിൽ സഹായത്തിനു ഒരാളുണ്ടോ? മിസ്റ്റർ മോഹന് കിട്ടുന്ന നക്കാപ്പിച്ച കാശിൽ ഇതൊക്കെ നടത്താൻ പറ്റുമോ? പിന്നെങ്ങനെ ഒരു കുഞ്ഞിന്റെ കാര്യങ്ങൾ നടത്തും?”

മിസ്സിസ് മേനോൻ മൂക്കിൽ വിരൽ ചേർത്തു. എന്നിട്ട് പാർലറിൽ പോയി ഭംഗിയായി ചീകി ഉറപ്പിച്ചു വെച്ച മുടിയുടെ സ്ഥാനം തെറ്റിയോ എന്ന് പതിയെ തൊട്ടുനോക്കി. ഏതോ വലിയ രഹസ്യം പുറത്താക്കിയ മട്ടിൽ എല്ലാവരെയും ഒന്ന് ധൃതിയിൽ നോക്കി. അവർ പറഞ്ഞത് ശരിയാണെന്നു എല്ലാവരും തലകുലുക്കി സമ്മതിക്കുകയും ചെയ്തു. അന്ന് തന്റെ തോലു പൊളിഞ്ഞു പോകുന്നത് പോലെ തോന്നി. വൈകിട്ട് മോഹൻ ജോലി കഴിഞ്ഞ് ഏറെ സന്തോഷത്തിലാണ് തിരികെ എത്തിയത്. തനിക്കു പ്രൊമോഷൻ കിട്ടിയിരിക്കുന്നു. സന്തോഷാധിക്യത്താൽ ഓടിവന്ന് തന്റെ പ്രിയതമയെ എടുത്ത് അയാൾ വട്ടം ചുറ്റി. എന്നാൽ തന്റെ പ്രിയതമയുടെ മുഖത്ത് പരന്നിരിക്കുന്ന മ്ലാനത അയാളെ അമ്പരപ്പിച്ചു.

“എന്തു പറ്റി സുഷൂ നിനക്ക്? സുഖല്യേ ? “

അയാൾ അവളെ വേഗം താഴെ നിറുത്തി. എന്നിട്ട് ആകാംക്ഷയോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി. “മോഹൻ ഇരിക്കൂ. എനിക്ക് ഒരൂട്ടം പറയാൻണ്ട്. ” അവൾ മെല്ലെ പറഞ്ഞു. മോഹൻ അവൾ പറഞ്ഞതുകേട്ട് അനുസരണയുള്ള കുട്ടിയെപ്പോലെ അടുത്തുകിടന്ന കസാലയിൽ ഇരുന്നു. നടന്ന കാര്യങ്ങൾ അവൾ സാവധാനം പറഞ്ഞു കേൾപ്പിച്ചു.

“അതുകൊണ്ട് എത്രയും വേഗം നമുക്ക് ഒരു കുട്ടിയുണ്ടായേ തീരൂ. “

അവൾ പ്രതീക്ഷയോടെ അയാളുടെ കണ്ണുകളിലേക്കു നോക്കി.


അയാൾ കുറച്ച് നേരം ഒന്നും സംസാരിക്കാതെ ചിന്താമഗ്നനായിരുന്നു. എങ്കിലും തന്റെ പ്രിയതമ മുന്നോട്ടു വെച്ച ആവശ്യത്തിനെ എതിർത്തതുമില്ല.

അധികം താമസിയാതെ സുഷമ ഗർഭിണിയായി. സ്വാഭാവികമായി അപ്പോഴുണ്ടാകുന്ന ശാരീരിക മാറ്റങ്ങളും അസ്വസ്ഥതകളും അതോടൊപ്പം അയാളുടെ ഉദ്യോഗത്തിരക്കുകളും അവർക്കിടയിൽ ചെറിയ അകലം സൃഷ്ടിച്ചു. അതു ക്രമേണ വലുതായിവലുതായി വന്നു, സുഷമയുടെ വീർത്തു വീർത്തു വരുന്ന ഉദരം പോലെ!

ശരിക്കും പറഞ്ഞാൽ അവൾ മനസ്സ് വെച്ചിരുന്നെങ്കിൽ ഈ അകൽച്ച ഉണ്ടാവില്ലായിരുന്നു. അയാൾ താമസിച്ചുവരാൻ തുടങ്ങിയപ്പോൾ അവൾ അയാളെ അതേപ്പറ്റി ഓർമ്മപ്പെടുത്തിയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആകുമായിരുന്നില്ല. അത് വരെ അത്താഴം കഴിക്കാതെ കാത്തിരുന്നിരുന്നതുപോലെ അവൾക്ക് വിശപ്പടക്കി ഇരിക്കാൻ പറ്റുമായിരുന്നില്ല. ഉദരത്തിൽ കുഞ്ഞ് വളരുന്നു. സമയാ സമയത്ത് ഭക്ഷണം ഉള്ളിൽ ചെല്ലണം.

അവൾ ഓർമ്മകളിൽ നിന്നുണർന്ന് കുട്ടിയെ നോക്കി. കുട്ടിയുടെ നെറ്റിയിൽ ചെറുതായി വിയർപ്പു തുള്ളികൾ പൊടിഞ്ഞു നിന്നിരുന്നു. പനി വിട്ടുതുടങ്ങിയിരിക്കുന്നു.

“ഈശ്വരാ! കാത്തോളണേ ഇന്റെ കുന്നുംപുറത്തപ്പാ! കുട്ടിക്ക് ഭേദായാൽ എത്രയും വേഗം ഒരു കടും പായസോം അപ്പോം കഴിപ്പിച്ചോളാം. ഇനി പനിക്കരുതേ.”

സുഷമ ഉള്ളുരുകി പ്രാർത്ഥിച്ചു. അവളുടെ പ്രാർത്ഥന കണ്ണുകളിലൂടെ ഉരുണ്ടുരുണ്ടിറങ്ങി. ദുഃഖവും അതിലേറെ പശ്ചാത്താപവും ചേർന്നടർന്ന കണ്ണീർ മുത്തുകൾ.

വർഷങ്ങളായി, ശരിക്കും പറഞ്ഞാൽ മോഹനുമായുള്ള അകൽച്ച തുടങ്ങിയതിൽ പിന്നീടിതുവരെ കുന്നുംപുറത്തപ്പനെ തൊഴാൻ പോയിട്ടില്ല. വീട്ടിലിരുന്നു വിളക്കു തൊഴുന്നതല്ലാതെ ഒരമ്പല നടയിലും പോയിട്ടുമില്ല. അതിനുള്ള സമയവും കിട്ടുന്നുണ്ടായിരുന്നില്ല.

മോഹൻ എന്നും വൈകി വീട്ടിലെത്താൻ തുടങ്ങി. ഞായറാഴ്ചകളിൽ പോലും മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കാൻ സമയമില്ല. പിന്നെ എപ്പോഴാ അമ്പലത്തിൽ പോവുക? വീണ്ടും പഴയതുപോലെ ആ ബൈക്കിന്റെ പുറകിൽ അരയിലൂടെ കൈ ചുറ്റിപ്പിടിച്ചിരുന്ന് പോകണം. എപ്പോഴാവും ഇനി അതൊക്കെ സാധിക്കുക? സുഷമയ്ക്ക് വീണ്ടും കുറേ വർഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കാൻ തോന്നി.

ഓർമ്മകളിൽ അവൾ വീണ്ടും ഒരു നവവധുവായി. കുന്നുംപുറത്തപ്പനെ തൊഴാൻ പോകലും, തൊഴുതു മടങ്ങവേ കുന്നിൻ ചെരുവിലെ പടർപ്പനാലിന്റെ ചോട്ടിലിരുന്നുള്ള സല്ലാപങ്ങളും കളിചിരികളും ഇടയ്ക്കിടെയുള്ള മുഖം വീർപ്പിക്കലുകളും എല്ലാമെല്ലാം ഓർമയിൽ തെളിഞ്ഞു നിന്നു. മധുരസ്മരണകളിൽ അവളറിയാതെ മുഖത്തു വിടർന്ന പുഞ്ചിരിയിൽ അവൾക്കു തന്നെ ലജ്ജ തോന്നി. പെട്ടെന്ന് മോഹൻ മുൻപിൽ നിൽക്കുന്നത് കണ്ടു. അയാൾ അവളുടെ മുഖത്തെ ഭാവം ശ്രദ്ധിച്ചോ എന്നറിയില്ല.

“ഡോക്ടറെ വിളിച്ചു. ഇപ്പോൾ വരും.”

കട്ടിലിൽ കിടക്കുന്ന കുട്ടിയുടെ മുഖത്തേയ്ക്ക് അയാൾ ഒന്ന് പാളി നോക്കി. ഇടയ്ക്കെങ്കിലും ആ മുഖത്തേയ്ക്ക് നോക്കിയില്ലെങ്കിൽ സ്വന്തം കുട്ടിയെ പുറത്തു വെച്ചു കണ്ടാൽ പോലും അയാൾ തിരിച്ചറിയുകയില്ല എന്നവളോർത്തു. അത്രത്തോളം എത്തിയിരിക്കുന്നു കാര്യങ്ങൾ. കുറേ കാലമായി മോഹൻ വീട്ടുകാര്യങ്ങളിൽ പോലും ശ്രദ്ധിക്കാറില്ല. എല്ലായ്പ്പോഴും ഓഫീസ് കാര്യങ്ങളിൽ മാത്രം തലപുകച്ചു കൊണ്ടിരിക്കും.

ഡോക്ടർ വന്നു കുട്ടിയെ പരിശോധിച്ചു. തോളെല്ലുകൾ മത്സരിച്ചെഴുന്നേറ്റുനിൽക്കുന്ന ആ കുഞ്ഞു ശരീരത്തെ അദ്ദേഹം അലിവോടെ നോക്കി. കുട്ടിയുടെ വാത്സല്യം തോന്നിപ്പിക്കുന്ന നെറ്റിത്തടവും മുഖവും ആകെ വിളറിപ്പോയിരുന്നു. ചുണ്ടുകൾ നീരുവെച്ചു തൂങ്ങിയിരുന്നു. അയാൾ കുട്ടിക്ക് പനി മാറാനുള്ള കുത്തിവെയ്പ്പ് നൽകി.

” നാളത്തേയ്ക്ക് ശരിയാകും. ഇല്ലെങ്കിൽ നമുക്ക് കൂടുതൽ പരിശോധകൾ വേണ്ടിവരും. മ്… നമുക്ക് നോക്കാം. സമാധാനമായിരിക്കൂ.”

ഡോക്ടർ അവരെ ആശ്വസിപ്പിച്ചു.

സുഷമ ഒന്നും പറയാതെ കുട്ടിയുടെ കാൽക്കലിരുന്നു. മോഹൻ അൽപനേരം കുട്ടിയുടെ വാടിക്കരിഞ്ഞ മുഖത്തേയ്ക്ക് നോക്കി നിന്നു. അയാളുടെ മുഖത്ത് എന്തോ ഒരു കുറ്റബോധം അലയടിക്കുന്നുണ്ടായിരുന്നു.

അന്നു രാത്രി സുഷമ കട്ടിലിൽ ചാരിയിരുന്ന് ഒരു കീറിയ ഉടുപ്പിന്റെ തുന്നലുകൾ ശരിപ്പെടുത്തുകയായിരുന്നു. അപ്പോൾ മോഹൻ അവൾക്കരികിൽ വന്നിരുന്ന് അവളുടെ മടിയിൽ പതിയെ തലവെച്ചു കിടന്നു. അയാൾ ഒന്നും ഉരിയാടാതെ അവളുടെ മിഴികളിലേക്ക് കണ്ണ് നട്ടു. ആ കണ്ണുകളിൽ തെളിഞ്ഞുനിന്നിരുന്ന ക്ഷമാപണം കണ്ട് സുഷമയിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു. തൊടിയിലെ ഞാവൽ മരത്തിൽ അപ്പോൾ ഇളം മഞ്ഞ പൂക്കൾ വിടർന്നിരുന്നു. നിലാവെളിച്ചത്തിൽ അവ പതിന്മടങ്ങ് സൗന്ദര്യത്തോടെ തിളങ്ങി. എവിടെ നിന്നോ ഒഴുകിയെത്തിയ ഇളം കാറ്റിൽ മരത്തിന്റെ ഇളം ചില്ലകൾ മന്ദം മന്ദം തലയാട്ടിക്കൊണ്ടിരുന്നു.


രാകേന്ദു അജിത്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ