2021 ജൂലൈ 24, ശനിയാഴ്‌ച

പിരാന്തൻ ഔറു

 



അവസാനം റിസൽട്ട് വന്നപ്പോൾ കോവിഡ് പോസിറ്റീവ്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും മോബൈലിൽ വിളിച്ചാണ് വിവരം പറഞ്ഞത്. അതുവരെ സാധാരണ നിലയിലായിരുന്ന എനിയ്ക്ക് പോസിറ്റീവ് എന്ന് കേട്ട പാടെ ശരീരം തളരുന്നത് പോലെയും, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെയുമൊക്കെയുള്ള ഒരു പ്രയാസം. നിന്നിടത്ത് നിന്ന് തന്നെ തല കറങ്ങുന്നത് പോലെ തോന്നിയത് കൊണ്ട് താഴെ വീഴാതിരിക്കാൻ വേണ്ടി, മെല്ലെ ഒരു കൈ ചുമരിൽ കുത്തി, അടുത്ത് കിടന്നിരുന്ന ഒരു കസേരയിൽ ഇരുന്നു. കോവിഡ് – 19- പോസിറ്റീവായാൽ ചെയ്യേണ്ടതും, ചെയ്യരുതാത്തതുമായ ഒരു പാട് കാര്യങ്ങളും, ഭക്ഷണ രീതികളും, വീട്ടിലുള്ള മറ്റ് അംഗങ്ങളെ കോവിഡ് ടെസ്റ്റ് ചെയ്യേണ്ട ആവശ്യകതയുമെല്ലാം മോബൈലിന്റെ മറുതലയ്ക്കൽ നിന്നും റെക്കോഡ് ചെയ്ത് വെച്ച് കേൾപ്പിക്കുന്നത് പോലെ ഒരു സ്ത്രീ ശബ്ദം തുരുതുരാ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിച്ച് കേൾക്കാനുള്ള ഒരു മന:സ്സാന്നിദ്ധ്യമൊന്നും ഇല്ലാതിരുന്നത് കൊണ്ട്, മോബൈൽ ഓഫാക്കാതെ തന്നെ അടുത്ത് കിടന്നിരുന്ന ഒരു കസേരയിൽ അലക്ഷ്യമായി വെച്ചു. കുറച്ചു കഴിഞ്ഞാൽ വിളിവന്ന നമ്പറിൽ തന്നെ തിരിച്ച് വിളിച്ച് വിവരങ്ങൾ തിരക്കാമല്ലോ എന്ന ആശ്വാസത്തോടെ.

‌ചെറിയ ഒരു പനിയായിട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം, ഒപ്പം ജലദോഷവും. തലേദിവസം യാദൃശ്ചികമായി പെയ്ത മഴയിൽ നനഞ്ഞത് കൊണ്ടാവാം എന്ന് കരുതി, രാവിലെ തന്നെ ഫാർമസിയിൽ പോയി പനിയ്ക്കും, ജലദോഷത്തിനുമുള്ള ഗുളികകൾ വാങ്ങിക്കഴിച്ചപ്പോൾ തന്നെ സംഗതി കുറഞ്ഞു. എങ്കിലും, പനി പൂർണ്ണമായും വിട്ട് മാറിയില്ല. എല്ലായിടത്തും കൊറോണ കത്തിപ്പടർന്ന് കൊണ്ടിരിയ്ക്കുന്ന ഈ സമയത്ത്, സംശയദൂരീകരണത്തിനായി , ഒരു ഡോക്ടറെ പോയി കാണാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങിനെയാണ് ഞങ്ങളുടെ ഗ്രാമത്തിലെ തന്നെ നാല് ഡോക്ടർമാരിൽ പ്രധാനിയും, കുറേ വർഷങ്ങളായി ഞങ്ങളുടെ കുടുംബ ഡോക്ടറുമായ ഡോക്ടർ ചരൺ ദാസിനെ കാണാൻ വേണ്ടി ഞങ്ങളുടെ ഗ്രാമത്തിൽ തന്നെയുള്ള അദ്ദേഹത്തിന്റെ വീട്ടിലയ്ക്ക് പുറപ്പെട്ടു പോയത്.

‌‌വീടിന്റെ ഗേയിറ്റ് ഉള്ളിൽ നിന്നും പൂട്ടിയിട്ടിരിക്കുന്നു. ഗേയിറ്റിന്റെ പില്ലറിൽ ഘടിപ്പിച്ചിട്ടുള്ള കോളിങ് ബെല്ലിൽ വിരലമർത്തി ഡോക്ടറേയും പ്രതീക്ഷിച്ച് ഗേയിറ്റിന്റെ മുൻഭാഗത്ത് നിൽക്കുമ്പോൾ, ഒരു മാസ്കും ധരിച്ചു കൊണ്ട് ഡോക്ടർ വീടിന്റെ വരാന്തയിൽ പ്രത്യക്ഷപ്പെട്ടു. വർഷങ്ങളായി പരിചയമുള്ള ഡോക്ടർ, ഞാൻ മാസ്ക്ക് ധരിച്ചിരുന്നത് കൊണ്ട് എന്നെ മനസ്സിലാവാതെയോ എന്തോ ഞങ്ങളുടെ നേരെ നോക്കി ഉറക്കെ ചോദിച്ചു.

“എന്താ അസുഖം?”

പനിയും , ജലദോഷവുമാണെന്ന് പറഞ്ഞപ്പോൾ , എന്തോ കേട്ട് പേടിച്ചത് പോലെ, മാസ്ക് ധരിച്ചിട്ടും ഡോക്ടറുടെ കണ്ണുകളിൽ നിഴലിച്ച ആ ഒരു ഭയം എന്നേയും വിഷമത്തിലാക്കി. ഡോക്ടർ ധൃതി പിടിച്ച് എനിയ്ക്ക് ഒരു വിശദീകരണവും തന്നു.

” എടോ ….. ഈ പനി, ജലദോഷം, ചുമ , ശ്വാസം മുട്ട് ഇവയൊക്കെ കൊറോണയുടെ ലക്ഷണങ്ങളാ. അതൊന്നും ഞങ്ങൾ പരിശോധിക്കരുതെന്നാ ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. താൻ ഹെൽത്ത് സെന്ററിൽ പൊയ്ക്കോ, അവര് പരിശോധിച്ചിട്ട് മരുന്ന് തരും. അല്ലാതെ ഞങ്ങൾക്ക് അതിനുള്ള അനുവാദമില്ല.”

ഇത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ പെട്ടെന്നു തന്നെ വീട്ടിലേയ്ക്ക് ഉൾവലിഞ്ഞു. ഡോക്ടർ വീടിന്റെ വാതിൽ കൊട്ടിയടക്കുന്ന ആ ശബ്ദം ഹൃദയത്തിനേറ്റ വലിയ ഒരു മുറിവായി ഇപ്പോഴും അവശേഷിക്കുന്നു.

ചിലപ്പോൾ സംഗതി ശരിയായിരിക്കാം. കാരണം, കുറച്ചു മാസങ്ങളായി ഗ്രാമത്തിൽ പ്രവൃത്തിച്ചു വന്നിരുന്ന ഡോക്ടറുടെ ക്ലിനിക് അടഞ്ഞു കിടക്കുകയാണ്. ഡോക്ടർക്ക് ഏകദേശം ഒരു എഴുപത് വയസ്സെങ്കിലും കാണും. അറുപത്തഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർ റിവേഴ്സ് ക്വാറന്റയിനിൽ പോകണമെന്ന നിയമം പാലിച്ചു കൊണ്ട് ഡോക്ടർ ക്ലിനിക്കിൽ വരാറില്ല. എങ്കിലും വീട്ടിൽ വരുന്ന രോഗികളെ പരിശോധിക്കാറുണ്ട് എന്നറിഞ്ഞത് കൊണ്ടാണ് വീട്ടിലേയ്ക്ക് പോയത്. കൂടാതെ വർഷങ്ങളായുള്ള പരിചയവും. പക്ഷേ, കൊറോണയെന്ന ആ മഹാമാരിയെക്കുറിച്ചുള്ള ഭീതി, പരിചയത്തെക്കാളുമെല്ലാം എത്രയോ ആഴത്തിൽ ഇവരുടെയൊക്കെ മനസ്സിൽ വേരോടിയിരിക്കുന്നു എന്ന ആ ഒരു അറിവ്, ജാഗ്രതാ നിർദ്ദേശങ്ങൾ അണുവിട തെറ്റാതെ അനുസരിച്ചു പോന്നിരുന്ന എനിയ്ക്കും, ജാഗ്രതയുടെ സ്ഥാനത്ത് ഒരു തരം ഭയമായി അനുഭവപ്പെടാൻ തുടങ്ങി.

വീട്ടിൽ തിരിച്ചെത്തിയ ഞാൻ, ചരൺ ദാസ് ഡോക്ടർ തന്നെ റഫർ ചെയ്യാറുള്ള ഒരു ഹോസ്പിറ്റലിന്റെ നമ്പറിൽ വിളിച്ചന്വേഷിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവരുടേയും മറുപടി. അങ്ങിനെയാണ് ഹെൽത്ത് സെന്ററിൽ പോയി തൊണ്ടയിൽ നിന്നും സ്രവമെടുത്ത് പരിശോധനക്കയച്ചത്.

തറവാട്ടിലെ അസൗകര്യം കണക്കിലെടുത്ത് , മുംബൈയിൽ നിന്നും കൊറോണ പിടിച്ച് നാട്ടിൽ വന്ന അനുജൻ എന്റെ വീട്ടിലായിരുന്നു അസുഖം ഭേദമാവുന്നത് വരെ താമസിച്ചത്. പരിചരിക്കാൻ എന്റെ ഭാര്യയും. പക്ഷ, അവന്റെ പക്കൽ നിന്നും വീണ് കിട്ടിയതൊന്നുമല്ല തന്റെ അസുഖം. കാരണം, അവന് നെഗറ്റീവായിട്ട് രണ്ട് മാസത്തിലധികമായി.

‌ സെയിൽസ്മാനെന്ന തന്റെ ഈ ജോലിയിൽ പത്തിരുപത്തിയഞ്ച് കടകളിലെങ്കിലും ദിവസവും കയറിയിറങ്ങണമായിരുന്നു. ഓരോ കടകളിലും കയറിയിറങ്ങുമ്പോഴും സോപ്പുപയോഗിച്ച് നല്ലത് പോലെ കൈകൾ കഴുകുകയും, അതിനും പറ്റിയില്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയുമൊക്കെ ചെയ്യാറുള്ളതാണ്. സേഫ്റ്റി ഡിസ്റ്റൻസും, മാസ്ക്കുമെല്ലാം ശരിക്കും കർശനമായിത്തന്നെ പാലിച്ചു പോന്നു. എങ്കിലും സംശയം ദൂരീകരിക്കാൻ വേണ്ടിത്തന്നെയാണ് ഹെൽത്ത് സെന്ററിൽ പോയി കോവിഡ് ടെസ്റ്റിന് വിധേയനായത്. റിസൽട്ട് വരുന്നത് വരെ ഒരിക്കലും തനിക്ക് ഈ അസുഖം വരില്ല എന്ന ഒരു ഉറച്ച വിശ്വാസം തന്നെയായിരുന്നു മനസ്സ് നിറയെ. ഒരു തരത്തിലുള ഓവർ കോൺഫിഡൻസ് .പക്ഷേ, കൊറോണ പോസിറ്റീവാണെന്നറിഞ്ഞിട്ടും, ധൈര്യം വിടാതെ സാന്ത്വനപ്പെടുത്താൻ അവളും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അസുഖ ബാധിതനായിട്ട് പോലും അതിന്റെ ഒരു ലാജ്ഞനയൊന്നും മനസ്സിന് അനുഭവപ്പെട്ടില്ല. കൊറോണ ബാധിച്ച അനുജനെ പരിചരിച്ച ആ അനുഭവം ഉള്ളത് കൊണ്ടാവാം. അവൻ അസുഖ ബാധിതനായിക്കിടന്നിരുന്ന ആ ഒരു മുറി തന്നെ എനിയ്ക്കും സജ്ജമാക്കിത്തന്നു. അങ്ങിനെ ആ ഒരു മുറിയിൽ ഞാൻ തികച്ചും ഒറ്റപ്പെട്ടു. പതുക്കെ പതുക്കെ കോവിഡ് എന്ന മഹാമാരിയുമായി മനസ്സ് സമരസപ്പെടുകയായിരുന്നു.

‌‌ ബാത്ത്റൂം അറ്റാച്ച്ഡ് ആയിട്ടുള്ള ഒറ്റപ്പെട്ട ഒരു മുറി വീട്ടിലുണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാനും, താനൊഴിച്ച് മറ്റ് കുടുംബാംഗങ്ങളെക്കൂടി എത്രയും പെട്ടെന്ന് ടെസ്റ്റിന് വിധേയമാക്കണമെന്നുമൊക്കെയുളള നിബന്ധനകളാണ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചത്.

‌ഇനിയാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടിൽ നിത്യോപയോഗ സാധനങ്ങളെല്ലാം ഏറെക്കുറെ തീർന്ന് കഴിഞ്ഞു. ഏതൊരാവശ്യത്തിനും എന്നോടൊപ്പമല്ലാതെ പുറത്തേയ്ക്ക് പോയി പരിചയമില്ലാത്ത ഭാര്യയും, പറക്കമുറ്റാത്ത രണ്ട് മക്കളും. വല്ല പനിയോ, കഫക്കെട്ടോ മറ്റോ വന്നാൽ അതിന് കഴിക്കേണ്ട മരുന്നുകൾ പോലും കരുതി വെച്ചിട്ടില്ല.കാരണം. നിനച്ചിരിക്കാത്ത നേരത്താണല്ലോ കൊറോണ എന്ന മഹാമാരിയുടെ ആഗമനം. എന്തായാലും അനുജനെ വിളിച്ച് വിവരങ്ങളെല്ലാം പറഞ്ഞ് വീട്ടിലേയ്ക്കാവശ്യമുള്ള നിത്യോപയോഗ സാധനങ്ങളും, മരുന്നും, കൂടാതെ എ.ടി.എം ൽ നിന്നും കുറച്ചു പൈസയുമെല്ലാം എടുക്കാം എന്ന് കരുതി അവനെ മോബൈലിൽ വിളിച്ചു. കുറേ തവണ വിളിച്ചതിന് ശേഷമാണ് അവൻ മോബൈൽ എടുത്തത് തന്നെ. മോബൈൽ എടുത്തതും ആദ്യമേ തന്നെ അവൻ ചോദിച്ചത് ചേട്ടന് പോസിറ്റീവായി അല്ലേ എന്നാണ്. അവന്റെ ശബ്ദത്തിൽ വന്ന മാറ്റവും, പരിഭ്രമവുമൊക്കെ അസുഖഭാധിതനായ എന്നെപ്പോലും അസ്വസ്ഥനാക്കി. കാര്യങ്ങളെല്ലാം അവനോട് വിസ്തരിച്ച് പറഞ്ഞപ്പോൾ, അവന്റെ ശബ്ദത്തിൽ വന്ന പതർച്ചയും, തൊട്ടും തൊടാതെയുമുള്ള അവന്റെ സംസാര രീതിയുമൊക്കെ ഒരു തവണ ഈ അസുഖം വന്നു പോയ അവൻ പോലും വല്ലാതെ ഭയന്നിരിക്കുന്നു എന്ന് എനിയ്ക്ക് വ്യക്തമായി. അവസാനം അവൻ ഏതോ ഒരു കാര്യത്തിന് വേണ്ടി തിരുവനന്തപുരം വരെ പോവുകയാണെന്നും, തിരിച്ചു വരാൻ ദിവസങ്ങളെടുക്കുമെന്നും ഒക്കെ പറഞ്ഞ് തടിയൂരി. അവനോട് എനിയ്ക്ക് ദ്വേഷ്യമൊന്നും തോന്നിയില്ല. കാരണം ഞങ്ങളുടെ ഗ്രാമത്തിൽ തന്നെ കൊറോണ ബാധിച്ച് അടുത്തടുത്ത് നടന്ന കുറേ മരന്നങ്ങളും, ചാനലുകളിലും, പത്രമാദ്ധ്യമങ്ങളിലുമൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന , സംഹാരതാണ്ഡവമാടുന്ന കൊറോണയുടേയും, അതിന്റെ വകഭേദങ്ങളുടേയുമൊക്കെ വാർത്തകളും ഒക്കെ കണ്ടും, കേട്ടും സാധാരണക്കാരായവരിൽ ആരാണ് ഭയപ്പെടാതിക്കുക.

ഇനിയാര് എന്ന് ചിന്തിച്ചപ്പോൾ, തന്റെ വീട്ടിലെ ചെറുതും, വലുതുമായ എല്ലാ ആവശ്യങ്ങൾക്കും ഓട്ടത്തിനായി വിളിക്കാറുള്ള ഓട്ടോറിക്ഷാ ഡ്രൈവറാണ് ഓർമ്മയിൽ ഓടിയെത്തിയത്. അവനെ വിളിച്ചപ്പോൾ അവനും മോബൈലെടുത്ത് ആദ്യം ചോദിച്ചത് തന്നെ ഞാൻ പോസിറ്റീവായതിനെ കുറിച്ചായിരുന്നു. ഉടൻ തന്നെ താൻ ഓട്ടത്തിലാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് അവൻ മോബൈൽ ഓഫ് ചെയ്തു. രണ്ടാമത്തെ തടിയൂരൽ.

തന്നോടൊപ്പം വണ്ടിയിൽ സെയിൽസിന് വന്നിരുന്ന പയ്യനും, ഓഫീസ് സ്റ്റാഫുമെല്ലാം താൻ പോസിറ്റീവായതോടെ അവരും ക്വാറന്റെയിനിൽ പോകണമെന്ന നിബന്ധന കൂടി നിലവിൽ ഉള്ളത് കൊണ്ട് ഇനിയാരെയാണ് ഒന്ന് സഹായത്തിന് വിളിക്കുക എന്ന ചിന്ത മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. ദിവസങ്ങൾ രണ്ട് , മൂന്ന് കഴിഞ്ഞു. വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ തികച്ചും അവസാനിച്ചിരിക്കുന്നു. അതിനിടയ്ക്ക് ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള രണ്ട് വീടുകളിൽ കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ഞങ്ങളുടെ വീടുകളിലേയ്ക്ക് വരുന്ന വഴി പോലും അടച്ചുകെട്ടി. അങ്ങിനെ എല്ലാം കൊണ്ടും നിരാശനായി ഇരിയ്ക്കുന്ന സമയത്താണ് മുറിയുടെ തെക്കോട്ടുള്ള ജനലിന്മേൽ ആരോ വന്ന് ശക്തിയായി മുട്ടുന്ന ഒച്ച കേട്ടത്. ആരും പേടിച്ചിട്ട് വഴി നടക്കുക പോലും ചെയ്യാത്ത ഇത്തരുണത്തിൽ ആരാണ് ഇത്ര ധൈര്യത്തോടു കൂടി ജനലിൽ മുട്ടുന്നതെന്നറിയാൻ വേണ്ടി മെല്ലെ ജനൽപ്പാളി തുറന്നു. നോക്കിയപ്പോൾ ജനലിൽ നിന്നും കുറച്ച്‌ ദൂരത്തേക്ക് മാറി, രണ്ട് കയ്യിലും കയ്യുറകളും, മുഖത്ത് മാസ്കും ധരിച്ച്, പി.പി.ഇ കിറ്റ് ധരിക്കാത്ത ഒരു ആരോഗ്യ പ്രവർത്തകനെപ്പോലെ നിൽക്കുന്നു ബാലേട്ടന്റെ ചായക്കടയിലെ പണിക്കാരൻ പിരാന്തൻ ഔറു.

കർക്കിടക മാസത്തിലെ ഒരമാവാസിനാളിൽ തുള്ളിക്കൊരുകുടം കണക്കേ പെയ്തൊഴിഞ്ഞ മഴയുടെ തൊട്ടടുത്ത പ്രഭാതത്തിൽ, ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്ത തകര കണക്കേ , ഞങ്ങളുടെ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെരുമലക്കുന്നിന്റെ താഴ് വാരത്ത് നിന്നും, പതുക്കെ, പതുക്കെ ഉദിച്ചുയർന്ന സൂര്യനോടൊപ്പം ഒരു ദിവസം ഞങ്ങളുടെ ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ടതാണ് പിരാന്തൻ ഔറു. അങ്ങാടിയിലുള്ള ബാലേട്ടന്റെ ചായപ്പീടികയിൽ മുഷിഞ്ഞ ഒരു തുണിസഞ്ചിയും കൈയിൽ തൂക്കിപ്പിടിച്ച്, പുറത്ത്, നിന്ന് കൊണ്ട് , ഒരു ചായ വാങ്ങിക്കുടിക്കുമ്പോൾ , മുഷിഞ്ഞ വേഷവും, ചപ്രത്തലമുടിയുമുളള ഔറുവിനെ കാഷിലിരിയ്ക്കുന്ന ബാലേട്ടൻ പ്രത്യേകം ശ്രദ്ധിച്ചു. ദിവസവും പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടുവരാറുളള സുബ്രൻ രണ്ട് ദിവസങ്ങളായി വരാത്തത് കൊണ്ട് വിഷമിച്ചിരിക്കുകയായിരൂന്നു ബാലേട്ടൻ. ” ഇവ്ടെ പണിക്ക് നിക്കണാ?” എന്ന ബാലേട്ടന്റെ ചോദ്യത്തിന് ഉത്തരമായി തലയാട്ടി സമ്മതമറിയിച്ച ഔറുവിനെ അന്നുമുതൽ പേരും , നാളും , വയസ്സും , മേൽവിലാസവുമൊന്നുമില്ലാതെ തന്നെ ബാലേട്ടൻ ജോലിക്കെടുക്കുകയായിരുന്നു. എല്ലാ ജോലികളും അടുക്കും, ചിട്ടയോടും കൂടി വേഗത്തിൽ ചെയ്തു തീർക്കുന്ന ഔറുവിനെ ആദ്യത്തെ ഒന്ന്, രണ്ട് ദിവസം കൊണ്ട് തന്നെ ബാലേട്ടന് ശ്ശി പിടിച്ചു.

ജോലിയെല്ലാം കഴിഞ്ഞാൽ ഔറു ദിവസവും കേച്ചേരിപ്പുഴയിൽ പോയി കുളിക്കും. ആരോടും ചങ്ങാത്തമില്ലാത്ത ഔറു നടക്കുമ്പോഴും, വെറുതെയിരിയ്ക്കുമ്പോഴുമെല്ലാം ആരോടെന്നില്ലാതെ സ്വയം എന്തെങ്കിലുമൊക്കെ പിറുപിറുത്ത് കൊണ്ടേയിരിയ്ക്കും. ഈ ഒരു സ്വഭാവം കണ്ടിട്ടാവണം, ദിവസവും ബാലേട്ടന്റെ ചായപ്പീടികയിലേയ്ക്ക് ചായ കുടിക്കാൻ വരാറുള അസ്സേനാര്ഹാജി, ചായ പ്പീടികയിൽ നിറയെ ആളുകൾ ചായ കുടിച്ചു കൊണ്ടിരിക്കുന്ന ഒരു ദിവസം എന്തോ വാക്ക് തർക്കത്തിന്റെ അവസാനം ഔറുവിന്റെ മുഖത്ത് നോക്കി പിരാന്തൻ ഔറു എന്ന് വിളിച്ചത്. മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ, അത് കേട്ടിട്ടും കേൾക്കാത്തത് പോലെ ഔറു ഉള്ളിലേയ്ക്ക് വലിഞ്ഞു. അന്നു തൊട്ടാണ് എല്ലാവർക്കും വെറും ഔറുവായിരുന്ന ഔറു പിരാന്തൻ ഔറു വായി മാറിയത്.

ഒരു ദിവസം ഔറു പുഴയിലേയ്ക്ക് കുളിക്കാൻ വേണ്ടി പോകുമ്പോഴാണ് വറീതേട്ടന്റെ വീട്ടുപടിക്കൽ കുറേയാളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഔറുവിന്റെ ശ്രദ്ധയിൽ പെട്ടത്.

അത് കണ്ടപ്പോൾ ഔറു അവിടെച്ചെന്ന് അവരോട് കാര്യം തിരക്കി. ഗ്യാസ് സ്റ്റൗവിന്റെ മേലെ വെച്ചിരുന്ന എണ്ണച്ചട്ടിക്ക് തീപിടിച്ചതാണ് പ്രശ്നം. തീ ആളിക്കത്താൻ ആരംഭിച്ചതോടെ വീട്ടിലുളള മുതിർന്നവരും, പെണ്ണുങ്ങളും , കുട്ടികളുമെല്ലാം പുറത്തേയ്ക്കോടി . വിവരമറിഞ്ഞ് അയൽപക്കത്തുളളവരും, വഴിയാത്രക്കാരുമൊക്കെ അവരോടൊപ്പം തടിച്ചുകൂടി ഗ്യാസിന്റെ കുറ്റി പൊട്ടിത്തെറിക്കുന്നതും പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് ഔറുവിന്റെ അത് വഴിയുള്ള വരവ്. കാര്യം കേട്ടറിഞ്ഞ ഔറു ഉടൻതന്നെ അടുക്കളയിലേക്കോടി. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന, എന്നാൽ ആരുടേയും ആരുമല്ലാതിരുന്ന പിരാന്തൻ ഔറുവിനെ തടയാൻ മാത്രം ആരും മുതിർന്നില്ല. ഗ്യാസിന്റെ കുറ്റി പൊട്ടിത്തെറിക്കുന്നതും പ്രതീക്ഷിച്ച് പുറത്ത് കൂട്ടംകൂടി നിന്നവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട്, ഗ്യാസിന്റെ കുറ്റി തോളിലും വെച്ച് പുറത്തേയ്ക്ക് നടന്നു വരുന്ന ഔറുവിനെയാണ് അത്ഭുതത്തോടെ അവിടെ കൂടിനിന്നവരെല്ലാവരും കണ്ടത്. തോളിൽ നിന്നും ഗ്യാസിന്റെ കുറ്റി ഉമ്മറത്ത് ഇറക്കി വെച്ച് , തോളിൽ കിടന്നിരുന്ന തോർത്ത് മുണ്ടെടുത്ത് ഒന്ന് കുടഞ്ഞ് വീണ്ടും തോളിൽത്തന്നെയിട്ട് ഒന്നും സംഭവിക്കാത്തത് പോലെ, ആരെയും ശ്രദ്ധിക്കുക പോലും ചെയ്യാതെ പുഴ ലക്ഷ്യo വെച്ച് ഔറു നടന്നുനീങ്ങി. അന്നു തൊട്ട് ഔറുവിന് ഒരു നായക പരിവേഷമൊക്കെ ചാർത്തിക്കൊടുത്ത ഞങ്ങളുടെ ഗ്രാമം, പക്ഷേ ഗ്രാമത്തിലെ അമ്മമാർ കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാനും, അവരെ കിടത്തി ഉറക്കാനുമൊക്കെ പിരാന്തൻ ഔറുവിന്റെ പേരാണ് ഉപയോഗിച്ചു വന്നത്. എന്തു പറഞ്ഞാലും മറുത്തൊന്നും പറയാതെ , പ്രതിഫലം ഒരിക്കലും ചോദിച്ചു വാങ്ങാതെ എല്ലാം അനുസരിക്കുമായിരുന്ന പിരാന്തൻ ഔറു പതുക്കെ ഞങ്ങൾ ഗ്രാമവാസികൾക്കെല്ലാം പ്രിയങ്കരനായി മാറുകയായിരുന്നു. എങ്കിലും ആരോടും പരിചയം പോലും ഭാവിക്കാത്ത, വെറുതെ പിറുപിറുത്ത് കൊണ്ട് നടക്കുന്ന പിരാന്തൻ ഔറുവിനെ ഞങ്ങളുടെ ഗ്രാമത്തിൽ ചിലർക്കെങ്കിലും ഭയമായിരുന്നു.

കേച്ചേരിപ്പുഴയും, ചുറ്റുപാടുമുളള ജലാശയങ്ങളുമൊക്കെ വറ്റിവരണ്ട വേനൽക്കാലത്ത് പക്ഷികൾക്ക് കുടിക്കാനെന്നും പറഞ്ഞ് ബാലേട്ടന്റെ ചായക്കടയ്ക്ക് മുകളിലുള്ള ടെറസ്സിൽ ദിവസവും വെള്ളം മാറ്റി, മാറ്റിവെയ്ക്കുന്നത് ശ്രദ്ധയിൽ പെട്ട ബാലേട്ടൻ ഒരു ദിവസം ഔറുവിനെ വഴക്ക് പറഞ്ഞു.

“കിള്യോൾക്ക് കുടിക്കാന്ളള വെള്ളം ഇയ്യെന്തിനാ ദെവസോം മാറ്റ് ണ്? പഴേ വെള്ളം കുടിച്ചാ ന്താ

അവറ്റങ്ങള് ചാവോ ?”

ബാലേട്ടന്റെ ചോദ്യം കേട്ടപ്പോൾ , നിശ്ചലമായി കിടക്കുന്ന വെള്ളത്തിൽ കൊതുക് വന്ന് മുട്ടയിടാനുള്ള സാധ്യത വിവരിച്ച് കൊടുത്ത് കൊണ്ട് ബാലേട്ടനേയും ഞെട്ടിച്ചു കളഞ്ഞു ഔറു. മാസങ്ങൾ മെല്ലെ ഇഴഞ്ഞുനീങ്ങിയപ്പോൾ ഔറുവിന് റമളാൻ മാസവും, നോമ്പും, അതിനോടനുബന്ധിച്ചുളള പെരുന്നാളുമൊക്കെ സമാഗതമായി. വൃതാനുഷ്ഠാന കാലത്ത് ഒറ്റ നോമ്പും വിടാതെ നോക്കുമായിരുന്ന ഔറു നമസ്കരിക്കാൻ പള്ളിയിൽ പോകുന്നത് ബാലേട്ടൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. പെരുന്നാളിന്ന് ബാലേട്ടന്റെ വക പുതിയ ഒരു കൈലി മുണ്ടും , ഒരു വരയൻ ഷർട്ടുമായിരുന്നു ഔറുവിനുളള പാരിതോഷികം. പെരുന്നാളിന്റെ അന്നും മുടക്കം കൂടാതെ കട തുറക്കാറുളള ബാലേട്ടൻ ഔറുവിന് മാത്രമായി അവുധിയും കൊടുത്തു.

“എനിയ്ക്ക് ലീവൊന്നും വേണ്ടാ മുതലാളി. കാലത്ത് പള്ളിയിൽ പോകാൻ കുറച്ച് നേരം. അത്രയേ വേണ്ടൂ. “

അവിടെയും പിരാന്തൻ ഔറു ബാലേട്ടന്റെ മുന്നിൽ ഒരു ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി മാറുകയായിരുന്നു.

പെരുന്നാളിന്റെ അന്ന് നേരം പുലരുന്നതിന് മുമ്പേ എഴുന്നേറ്റ് , കേച്ചേരിപ്പുഴയിൽ പോയി കുളിച്ചു വന്ന ഔറു, ബാലേട്ടൻ വാങ്ങിക്കൊടുത്ത പുതിയ കൈലി മുണ്ടും , വരയൻ ഷർട്ടുമെല്ലാം ഇട്ട് പള്ളിയിലേയ്ക്ക് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടു. അല്പ സമയത്തിനകം തന്നെ കടയിലേയ്ക്ക് തിരിച്ചു വന്ന ഔറു, ധ്യതിയിൽ കടയുടെ ഉള്ളിലേയ്ക്ക് കയറിപ്പോയി. ഒരു കൈയിൽ ഒരു നാഴിഗ്ലാസ്സ് നിറയെ ചായയും , മറുകൈയിൽ ചട്ട്ണിയും, സാമ്പാറുമൊക്കെ ഒഴിച്ച ദോശയുടെ പാത്രവുമൊക്കെയായി വന്നത് പോലെ തന്നെ ധൃതി പിടിച്ച്‌ പുറത്തേയ്ക്ക് ഇറങ്ങിപ്പോകുന്നത് കണ്ട ബാലേട്ടൻ മെല്ലെ ഔറുവിനെ പിൻതുടർന്നു. രണ്ട് ദിവസമായി കേച്ചേരി അങ്ങാടിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരു വ്യദ്ധന്റെ തല സ്വന്തം മടിയിലേക്കെടുത്തു വെച്ച് ദോശ പൊട്ടിച്ച് വൃദ്ധന്റെ വായിലേയ്ക്ക് വെച്ചു കൊടുക്കുന്ന ഔറുവിനെയാണ് ബാലേട്ടൻ കണ്ടത്. “ന്താ ഔറോ യ്യ് പള്ളീല് പോണ്‌ല്ലേ?” എന്ന ബാലേട്ടന്റെ ചോദ്യത്തിന്, “പടച്ചോൻ ഇവ്ടെ ത്തന്നെയുളളപ്പോ പിന്നെ ഞാനെന്തിനാ പള്ളീ പോണ്?” എന്ന മറുചോദ്യമായിരുന്നു ഔറുവിന്റേത്.

എന്നും ബാലേട്ടന്റെ ചായക്കടയിലെ നിത്യ സന്ദർശകരായ ഞങ്ങൾ കുറച്ചു പേരോട്, ഔറുവിന്റെ ഇത്തരത്തിലുള്ള വീര സാഹസിക കഥകൾ പറയാനേ ബാലേട്ടന് നേരമുണ്ടായിരുന്നുളളൂ. അത്രയ്ക്കും ഇഷ്ടമായിരുന്നു ബാലേട്ടന് ഔറുവിനെ. ഔറുവിന്റെ കാര്യങ്ങൾ പറയുമ്പോൾ ബാലേട്ടന് നൂറ് നാവായിരുന്നു.

മുന്നൂറിലധികം കുടുംബങ്ങളുള്ള ഞങ്ങളുടെ ഗ്രാമത്തിലെ നാലഞ്ച് വീടുകളിലെങ്കിലും കൊറോണ പോസിറ്റീവായി എന്നറിഞ്ഞപ്പോൾ അവരെ സഹായിക്കാൻ വേണ്ടി മുന്നിട്ടിറങ്ങിയതും ഔറു തന്നെയായിരുന്നു. ചായക്കടയിൽ വരുന്നവരുടെയൊക്കെ കൊറോണയെക്കുറിച്ചുളള ഭയപ്പെടുത്തുന്ന അഭിപ്രായങ്ങളും , തമ്മിൽ തമ്മിലുള്ള വാക്ക് തർക്കങ്ങളുമൊക്കെ ദിനംപ്രതി കേൾക്കേണ്ടി വരുന്ന ബാലേട്ടന് കൊറോണയെക്കുറിച്ച് ഉള്ളിൽ ഭയമായിരുന്നു. അതിനെക്കുറിച്ചെങ്ങാനും ഔറുവിനോട് പറഞ്ഞാൽ ചിരിച്ചു കൊണ്ട് ഔറു മറുപടി പറയും.

” മുതലാളീ ഭയമല്ല വേണ്ടത് , ജാഗ്രതയാണ്. “

ആള് പിരാന്തനാണെങ്കിലും ജാഗ്രതയുടെ കാര്യത്തിൽ ഔറുവിനെ ബാലേട്ടന് നൂറ് ശതമാനവും വിശ്വാസമായിരുന്നു. എങ്കിലും തരം കിട്ടുമ്പോഴൊക്കെ ഒറ്റയ്ക്ക് ഇരുന്നും, നടന്നുമൊക്കെ പിറു പിറ്ത്ത് കൊണ്ടിരിയ്ക്കുന്ന ഔറു ബാലേട്ടന്റെ മനസ്സിലും ഒരു പകുതി പിരാന്തൻ ഔറു തന്നെയായിരുന്നു.

ലാസറിന്റെ ജനവാതിൽക്കൽ മുട്ടി വിളിച്ച് ജനൽപാളി തുറപ്പിച്ച പിരാന്തൻഔറു ലാസറിനോട് കാര്യങ്ങൾ വിശദീകരിച്ചു.

‌ ” ഈ വഴിയിലുള്ള എല്ലാ വീട്ടിലും കൊറോണയാണെന്നും, നിങ്ങളൊക്കെ സീരിയസ്സായി കിടക്കുകയാണെന്നുമൊക്കെയാണ് ചായപ്പീടികയിൽ ചായ കുടിക്കാൻ വരുന്നവരുടെയൊക്കെ രണ്ട് മൂന്ന് ദിവസമായിട്ടുളള ചർച്ചാ വിഷയം. അതുമല്ലാതെ ഇങ്ങോട്ടുളള വഴിയൊക്കെ അടച്ചുകെട്ടി പോലീസ് കാവൽ നിൽക്കുകയാന്നെന്നും. അതിന്റെയൊക്കെ നിജസ്ഥിതി അറിയാമെന്നു കരുതി വന്നതാ. കൂടാതെ, വീട്ടിലേയ്ക്ക് വല്ല സാധനങ്ങളും വേണമെങ്കി അതും ഞാൻ പോയി വാങ്ങിച്ചു കൊണ്ടുവരാം.”

‌‌ തേടിയവള്ളി കാലിൽ ചുറ്റി എന്ന് പറയുന്നത് പോലെ, ഇതു വരേയും അന്വേഷിച്ച് കണ്ടെത്താൻ കഴിയാത്ത ഒരാൾ ദൈവദൂതനെപ്പോലെ പിരാന്തൻ ഔറുവിന്റെ വേഷത്തിൽ തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ തന്നെ ലാസറിന്റെ കണ്ണുകൾ ഈറനണിഞ്ഞു. അത് പിരാന്തൻ ഔറുവല്ല , മറിച്ച് സ്വന്തം കൂടപ്പിറപ്പാണെന്ന് തോന്നി ലാസറിന്. ഔറുവിനോട് നിൽ ക്കാൻ പറഞ്ഞ്, വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനങ്ങളുടെ ഒരു വലിയ ലിസ്റ്റും , മരുന്നിന്റെ പേരുകളെഴുതിയ കുറിപ്പടിയും, എ.ടി.എം കാർഡുമൊക്കെ ഒരു കവറിലിട്ട് , വിവരങ്ങളും പറഞ്ഞ് കവർ ഔറുവിനെ ഏൽപ്പിച്ചപ്പോൾ, ഔറു അരയിൽ തിരുകിയ ഒരു സാനിറ്ററൈസറിന്റെ ബോട്ടിൽ പുറത്തേയ്ക്ക് വലിച്ചെടുത്ത് ഞാൻ ഏൽപ്പിച്ച കവറിന്റെ പുറത്തും , കൈയിൽ ധരിച്ചിട്ടുള്ള ഗ്ലൗസ്സിലുമെല്ലാം സ്പ്രേ ചെയ്യുന്നത് കണ്ടപ്പോൾ ബാലേട്ടനോട് എപ്പോഴും ഔറു പറയാറുള്ള കാര്യമാണ് ഓർമ്മയിൽ വന്നത്. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. സ്വന്തം അനുജൻ പോലും അടുത്ത് വരാൻ ഭയപ്പെടുന്ന ഈ ഒരു ദുരന്തത്തെ എത്ര ലാഘവത്തോടെയാണ് ഔറു നോക്കിക്കാണുന്നത് എന്നോർത്തപ്പോൾ ആരോരുമില്ലാത്ത പിരാന്തൻ ഔറു തന്റെ ജീവിതത്തിൽ തനിക്കെല്ലാമായി മാറുകയായിരുന്നു. സ്വന്തം കുടുംബാംഗങ്ങളേക്കാളുമെല്ലാം ഉപരിയായി.


പെരുമണ്ണ് – വാവനൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ