പ്രണയം..!!
വ്യത്യസ്ത രൂപങ്ങളിലും, ഭാവങ്ങളിലും പ്രകൃതിയിൽ ആദി മുതൽ നിലനിൽക്കുന്നതെന്തും പ്രണയമാണ്. ആസിഡും പ്രണയലഹരി ആണ്. വെറും പ്രണയലഹരിയല്ല. ലെസ്ബിയൻ പ്രണയത്തിന്റെ അമ്ലലഹരിയാണ്. സ്ത്രീകളുടെ പ്രണയം, രതി അവയെ കുറിച്ച് വായിക്കുക അസ്വസ്ഥമായ ഒന്നാണ് എന്നൊരു കാഴ്ചപ്പാടിനെ പാടെ അകറ്റിയ പുസ്തകമാണ്, സംഗീത ശ്രീനിവാസൻ എഴുതിയ “ആസിഡ്”.
കമല, ഷാലി, കമലയുടെ രണ്ട് ആൺമക്കളായ, ആദി, ശിവ എന്നിവരുടെ വൈകാരികമായ, സ്ഫോടനതലങ്ങളിലൂടെ കടന്നുപോകുന്ന ലഹരിയാണ് ആസിഡ് എന്നൊരു നോവൽ പറഞ്ഞു വെയ്ക്കുന്നത്.
ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട്, തന്റെ ഇരട്ടകുട്ടികളെയും കൊണ്ട് ( അതിലൊരാൾ വീൽചെയറിൽ ആണ്.), തന്റെ സ്നേഹിതയെന്നോ, പ്രണയിനി എന്നോ, ലൈംഗികപങ്കാളി എന്നോ വിശേഷിപ്പിക്കാവുന്നവളുടെ കൂടെ, അമ്മ മാത്രം ഉണ്ടായിരുന്ന, ഓർമ്മകളുടെ, ചിതലുകളുടെ, പാറ്റഗുളികകളുടെ, പഴയ മണം ഉണ്ടായിരുന്ന തറവാട്ടിലേയ്ക്ക് തിരിക്കുന്ന കമല. അമ്മ കൂടി നഷ്ടപ്പെട്ടവൾ വൈകാരികമായി തീർത്തും അനാഥയാകുന്നു. ലെസ്ബിയനല്ലെന്ന് സ്വയം പ്രഖ്യാപിക്കുന്ന, എന്നാൽ കമലയെ ഉപേക്ഷിക്കുവാൻ വയ്യാത്ത ഷാലി! അവൾ സ്നേഹത്തിന്റെ, അടിമത്വം അനുഭവിക്കണ്ട എന്ന് ഉറക്കെ പറയുമ്പോഴും അടിമയായി പോകുന്നത് ആസ്വദിക്കുന്ന, എന്തിന്റെയൊക്കെയോ പ്രതീകമാണ്.
കമലയുടെ വൈകാരികമായ ഡിപ്രെഷനുകളിൽ അവൾക്കു ചുറ്റും, കിടന്നു വലം വെയ്ക്കുന്ന ആദി, ശിവ, ഷാലി എന്നിവരുടെ പ്രശ്നങ്ങളിലൂടെ ഉരുത്തിരിയുന്നതാണ് ഈ നോവൽ പശ്ചാത്തലം. ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും, തന്റെ പ്രണയിനിയായ ഷാലി ഉണ്ടെങ്കിലും, തന്റെ മക്കൾ ഉണ്ടെങ്കിലും, അമ്മ മരിക്കുന്നതോടെ വല്ലാത്തൊരു തനിച്ചാക്കപ്പെടലിലേയ്ക്ക് കമല വന്നു വീഴുന്നു.
അവളുടെ പിന്നീടുള്ള ജീവിതം കടന്നുപോകുന്നത്, കർക്കിടകത്തിലെ ആകാശമെന്ന രൂപേണയാണ്. ചിലപ്പോൾ വല്ലാതെ ഇരുണ്ടു കറുക്കുന്നു. ചിലപ്പോൾ ചിരിച്ചുകൊണ്ട്, എറണാകുളത്തെ ഫ്ലാറ്റിന്റെ ചിന്തകളിൽ കുടിയേറുന്നു
തന്റെ തറവാട്ടിലെ, വഴുക്കലുകൾ നിറഞ്ഞ കുളത്തിൽ ഇറങ്ങുന്ന ഷാലി അവിടെ വെച്ചു മരണപ്പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുമ്പോഴും, അവൾ ഇല്ലാതായാൽ താൻ അനുഭവിക്കേണ്ടി വരുന്ന നടുക്കുന്ന ഭീകരതയെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു. തിരിച്ചു ഷാലിയും. മനസ്സിന്റെ തികച്ചും മുഖംമൂടിയിട്ട രണ്ടുതലങ്ങൾ ആണ് അവ. പിരിയണമെന്ന് കരുതുകയും, ഒരിക്കലുമതിന് കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥ.
ഇവർക്കിടയിൽ അടഞ്ഞും തുറന്നും ജീവിക്കേണ്ടി വരുന്ന രണ്ടു പുസ്തകങ്ങൾ ആണ് ആദിയും, ശിവയും. ശിവയുടെ ലോകം പൂർണ്ണമായും നാല് ചുവരുകൾക്കുള്ളിലോ, വീൽച്ചെയറിലോ ആകുമ്പോൾ അവൻ അനുഭവിക്കുന്ന അസ്വസ്ഥതകൾ പറഞ്ഞു തീർക്കാൻ കഴിയാത്തതാണ്. അമ്മയുടെ ഭ്രാന്തുകളുടെ ഉച്ചസ്ഥായിയിൽ നിന്ന് തിരിച്ചു വരൂ അമ്മേ, എന്നെ ഒന്ന് കുളിപ്പിക്കൂ, എന്റെ മുടിയും താടിയും വെട്ടിത്തരൂ എന്ന് ഉറക്കെ പറയുവാൻ കഴിയാതെ വിങ്ങുന്ന ഒരു ആൺകുട്ടിയുടെ അസ്വസ്ഥതകൾക്ക് ഭാഷകൾ അപര്യാപ്തമാണ്. ആദി, അമ്മയുടെയും, ഇരട്ടസഹോദരന്റെയും തണലിൽ നിന്ന് മനപ്പൂർവം രക്ഷപെട്ടു പോകുവാൻ ശ്രമിക്കുന്നതാണ് അവൻ തനിച്ചു ബാംഗ്ലൂർക്ക് നടത്തുന്ന യാത്രകൾ. അവനെയും അവരുടെ ചിന്തകൾ പൊതിയുന്നതും., ആർത്തിയോടെ അവരിലേക്ക് തിരികെയെത്തുവാൻ വെമ്പുന്നതും കാണാം. അവർ വല നെയ്ത് കാത്തിരിക്കുന്ന ചിലന്തി ആണെന്നും, ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും അവരുടെ വലയിൽ കുരുങ്ങുന്ന ഇരയാണെന്നും അവൻ തിരിച്ചറിയുന്നു.
ആസിഡ്, ഒരു അമ്ലലഹരിയാണ്, പ്രണയത്തിന്റെ, അടിമത്വത്തിന്റെ, ശരീരത്തിന്റെ, കെട്ടുപാടുകളുടെ, ബന്ധങ്ങളിലെ ബന്ധനങ്ങളുടെ, ഒടുവിൽ ആരും ആരുടേയും ആരുമല്ലെന്ന തിരിച്ചറിവുകളുടെ.. അമ്ലലഹരി.
സമൂഹം എന്ത് കൽപ്പിക്കുന്നുവോ, എന്ത് വിധിക്കുന്നുവോ അതിനെതിരെ ജീവിക്കേണ്ടവർ നേരിടേണ്ടത് വല്ലാത്ത ഒറ്റപ്പെട്ട ഭീകരതകളെയാകും. നേരിടാൻ കഴിയാത്ത എന്തും വിഷമയം ആകുന്നു. ലഹരി ഉണ്ടാക്കുന്നതാകുന്നു. ഒടുവിൽ കമലയുടെ തണുത്തുറഞ്ഞ കൈകളിലെ കട്ടപിടിച്ച രണത്തെ പോലെ ഒഴുകാനാകാതെ തളർന്നു വീഴുന്നു.
“മൂന്ന് തുള്ളി അസിഡിനെക്കാൾ കുരുക്കാണ്.. മനുഷ്യർ പരസ്പരം മുറുക്കുന്ന പിടിവള്ളികൾ.., പ്രണയവള്ളികൾ. ആസിഡ് പോലെ തൊട്ടാൽ പൊള്ളുന്നത്.. തീ പോലെ വിഴുങ്ങുന്നത്.
” coz she touched your perfect body with her mind”
ഹരിത. ആർ. മേനോൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ