ജീവിതത്തിൽ നുണകൾ പറയാത്തതായി ആരാണുണ്ടാകുക? പക്ഷെ സൂക്ഷിക്കണം. ചില നുണകൾ നേരാക്കിയെടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ചില നേരുകൾ നുണയാക്കിയെടുക്കുന്നതുപോലെ തന്നെ.
വേണ്ടായിരുന്നു എന്ന് തോന്നിയ നുണപറച്ചിലുകൾ എല്ലാപേരുടെ ജീവിതത്തിലും ഉണ്ടാകും. പ്രത്യേകിച്ചും ഒരു കാരണവും ഗുണവുമില്ലാതെ വെറുതെ പറയുന്നവ. അങ്ങനെ പറഞ്ഞ ഒരു കളവിനെക്കുറിച്ചു പറയാം. പറയേണ്ടി വന്നത് മഹാകവി എം പി അപ്പൻ എന്ന ആദരണീയനായ മഹത് വ്യക്‌തിയോടാണ് എന്നതാണ് ദുഃഖകരം.’ഉദ്യാനസൂനം’ എഴുതിയ മഹാത്‌മാവ്. ഒരുപക്ഷെ മലയാളത്തിന്റെ അവസാനത്തെ മഹാകവി.
“അത്യന്ത തമസ്സിൽ പെട്ടുഴലും ലോകത്തിന് സത്യത്തിൻ പ്രഭാപൂരം കാട്ടിയെന്നതിനാലെ മുൾക്കിരീടവും ചാർത്തി അങ്ങു വിശ്രമം കൊൾവൂ മൂർഖമാം നിയമത്തിൻ നാരാജ മുനകളിൽ.” ‘കുരിശിൽ’ എന്ന കവിതയിൽ അദ്ദേഹം പറഞ്ഞതുപോലെ ‘സത്യത്തിൽ പ്രഭാപൂരം’ പോലെ ഉദാത്തകവിതകളെഴുതി മലയാള ഭാഷയെ ധന്യയാക്കിയ മഹാനാണ് അപ്പൻ സാർ. ഞാൻ കാണുമ്പോൾ അദ്ദേഹത്തിന് എൺപതിനടുപ്പിച്ചു പ്രായമുണ്ടെന്നു തോന്നുന്നു.
എനിക്കന്ന് പ്രായം പതിനേഴോ പതിനെട്ടോ ഉണ്ടാകും. ബികോം രണ്ടാം വർഷം പഠിക്കുന്നു, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ. വീടിനടുത്തുള്ള സാഹിത്യകുതുകിയായ ചേട്ടൻ (കവിയാണെന്നു അദ്ദേഹം അവകാശപെട്ടിരുന്നു. ആനുകാലികങ്ങളിൽ കവിതകളും മറ്റും അടിച്ചുവരാറുണ്ടായിരുന്നു) ഒര് കവിയരങ്ങു സംഘടിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നെയും സഹായത്തിന് വിളിച്ചു. സംഘാടകരായി ഞങ്ങൾ രണ്ടുപേർ മാത്രം. അദ്ദേഹത്തിന് എല്ലാ കവികളെയും പരിചയം. കവിതപോലെ എന്തെക്കെയോ എഴുതുവാൻ ശ്രെമിച്ചിരുന്ന എനിക്ക് മഹാകവികളെ നേരിട്ട് കാണുവാനുള്ള സുവർണ്ണാവസരമായിരുന്നു. ആനന്ദലബ്ദിക്കിനിയെന്തുവേണം! എം ജി റോഡിലും പുസ്തകക്കടകളിലും മറ്റും എം. കൃഷ്‌ണൻനായർ സാറിനെ കണ്ടിട്ടുള്ളതാണ് അതിനുമുമ്പുള്ള വലിയ കാഴ്ച.
ചാലബസാറിലെ കടകൾ കയറിയിറങ്ങി സംഭാവന പിരിക്കുന്നതാണ് ആദ്യ ജോലി. തൊലി പച്ചയായി ഉരിഞ്ഞുപോകുന്ന കലാപരിപാടിയാണ്. ‘കിട്ടിയാൽ ഊട്ടി…’ എന്നപോലെയാണ്. മഹത്തായ സാഹിത്യ സംരംഭത്തെ ചിലർ പത്തും ഇരുപതും തന്ന് അകമഴിഞ്ഞ് സഹായിച്ചു. പലരും അപമാനിച്ചു, പരിഹസിച്ചു. മലയാള സാഹിത്യത്തിനുവേണ്ടി ഞാൻ എല്ലാം സഹിച്ചു! മഴക്കാലത്ത് കുടയും ചൂടി ചാലയിലെ കടകളിൽ രസീത് കുറ്റിയുമായി കയറിയിറങ്ങിയതിന്റെ ഓർമ്മ മാത്രം ഇപ്പോഴും നനവോടെ മനസ്സിലുണ്ട്. അപമാനം മറന്നു, മലയാളസാഹിത്യം നന്നായല്ലോ, അത് മതി! ധാരാളം.
അങ്ങനെ ആ സുദിനം വന്നെത്തി. പത്മനാഭസ്വാമിക്ഷേത്രത്തിനടുത്തുള്ള തീർത്ഥപാദമണ്ഡപത്തിലാണ് കവിയരങ്ങു നടക്കുന്നത്. മഹാകവി എംപി അപ്പൻ, അയ്യപ്പപ്പണിക്കർ, ഒഎൻവി, ബിച്ചു തിരുമല തുടങ്ങിയവരൊക്കെയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. കവികൾ ചിലർ നേരിട്ടെത്താം എന്നറിയിച്ചിട്ടുണ്ടെന്നറിഞ്ഞു. മറ്റുചിലരെ കൂട്ടിക്കൊണ്ടുവരണം. ചിലരെ വിളിക്കാൻ ചേട്ടൻ പോയി. മഹാകവിയെ എത്തിക്കുവാനുള്ള ചുമതല എനിക്കാണ്. ഒരു ഓട്ടോറിക്ഷയിൽ പോയി കൂട്ടിക്കൊണ്ടുവരണം. കിട്ടിയ സംഭാവകളുടെ കനം വയ്ച്ചുനോക്കിയാൽ ഓട്ടോറിക്ഷ തന്നെ വലിയ കാര്യമാണ്. അഡ്രസ് തന്ന് ചേട്ടൻ ഒരു കാര്യം പ്രത്യേകിച്ചു പറഞ്ഞേല്പ്പിച്ചു. ഞാൻ ബികോമിന് പഠിക്കുകയാണെന്ന് പറയരുത്. എംകോമിന് പഠിക്കുന്നു എന്ന് പറയണം. വെറും ഒരു ബികോം വിദ്യാര്‍ത്ഥിയെ മഹാകവിയെ വിളിക്കാൻ വിട്ടു എന്ന് തോന്നാതിരിക്കാനാകണം. അദ്ദേഹം ഒന്നും ചോദിക്കില്ലായിരിക്കും എന്ന് ഞാനും കണക്കുകൂട്ടി. മഹാകവിക്ക് ഒരു പീറപയ്യനോട് വിശേഷം ചോദിച്ചിട്ടെന്തിനാണ്!
മഹാകവിയുടെ വീട്ടിൽ എത്തുമ്പോൾ അദ്ദേഹം തയ്യാറായി നില്പുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ ഒരു സാത്വികന്‍. മുഖത്തു വലിയ കറുത്ത ഫ്രെയിമുള്ള കണ്ണട. ശുഭ്രവസ്ത്രധാരി, ചുണ്ടുകളിൽ ശിശുസമാനമായ മന്ദഹാസം. മലയാളത്തിന്റെ മഹാകവിയെ കവിയരങ്ങിലേക്കു കൂട്ടികൊണ്ടുവരുവാൻ ഒരു പഴകിയ ഓട്ടോറിക്ഷയുമായി ഞാൻ, ഡിജിറ്റൽ ലീഡേഴ്‌സ് സമ്മിറ്റിനു ബിൽഗേറ്റ്സിനെ വിളിക്കാൻ ബജാജ്ചേതക് സ്കൂട്ടറിൽ എത്തിയവനെപ്പോലെ നിന്നു. “പോകാം” എന്നുപറഞ്ഞു അദ്ദേഹം ഓട്ടോയിൽ കയറി. ഭക്ത്യാദരപൂർവ്വം, ഓട്ടോക്കകത്തു ഇരിക്കണമോ നില്കണമോ എന്നറിയാതെ ഞാനും കൂടെക്കയറി.
“പേരെന്താ’ നേർത്ത സ്ഫുടമായ ശബ്ദത്തിൽ അദ്ദേഹം. ഞാൻ പേര് പറഞ്ഞു.
“എന്ത് ചെയ്യുന്നു?”
“പഠിക്കുന്നു.” മിടിക്കാൻ മറന്ന ഹൃദയത്തോടെ ഞാൻ.
“എന്തിന് പഠിക്കുന്നു?”
“എംകോം.” ‘എം’ പതുക്കെയും ‘കോം’ ഉച്ചത്തിലും പറഞ്ഞൊപ്പിച്ചു.
“എവിടെ”
“എം ജി കോളേജിൽ”
“കവിത എഴുതാറില്ലേ?” കവിയരങ്ങു സംഘടിപ്പിക്കുന്നവൻ കവിയായിരിക്കുമല്ലോ എന്ന മട്ടിൽ മഹാകവി.
“ചെറുതായിട്ട്” എന്തോ വലിയ അപരാധം ചെയ്യുന്നപോലെ ഞാൻ.
പിന്നെയും എന്തെക്കെയോ അദ്ദേഹം ചോദിച്ചു. ഞാനും എന്തൊക്കയോ ഉത്തരം പറഞ്ഞു.
ചില ഉപദേശങ്ങൾ തന്നു. ഭാഗ്യത്തിന് വിദ്യാഭ്യാസ സംബന്ധിയായ ചോദ്യങ്ങൾ പിന്നെയുണ്ടായില്ല. അതുകൊണ്ടുതന്നെ കൂടുതൽ നുണകളും പറയേണ്ടിവന്നില്ല.
തീർത്ഥപാദമഡപത്തിൽ എത്തുമ്പോൾ, മറ്റെല്ലാ കവികളും എത്തിയിട്ടുണ്ട്. അയ്യപ്പപ്പണിക്കർ സാറിനും, ഒഎൻവി സാറിനുമൊക്കെ ചേട്ടൻ എന്നെയും പരിചയപ്പെടുത്തി. ‘എംകോമിന് പഠിക്കുന്ന കവിത എഴുതുന്ന പയ്യൻ’ അവരെയെല്ലാം വണങ്ങി അനുഗ്രഹം വാങ്ങി. നാളയുടെ വാഗ്ദാനങ്ങളാണ് നിങ്ങളെപ്പോലുള്ള യുവാക്കൾ എന്ന് ഒഎൻവി സാർ എന്നെയും ചേട്ടനെയും നോക്കി പറഞ്ഞു! ‘നിൻ ആസന്നമൃതിയിൽ നിനക്കാത്മശാന്തി’ എന്നമട്ടിൽ നിന്നിരുന്ന ഞാൻ പിന്നൊന്നും കേട്ടില്ല.
“അത്യന്ത തമസ്സിൽ പെട്ടുഴലും ലോകത്തിന് സത്യത്തിൻ പ്രഭാപൂരം കാട്ടിയെന്നതിനാലെ മുൾക്കിരീടവും ചാർത്തി അങ്ങു വിശ്രമം കൊൾവൂ മൂർഖമാം നിയമത്തിൻ നാരാജ മുനകളിൽ” എന്ന മഹാകവിയുടെ വരികളിലെ ‘മുൾക്കിരീടം’ മാത്രം ചാർത്തി ഞാനവിടെ നിന്നു.
കവിതയെഴുതുന്ന നാളെയുടെ വാഗ്ദാനം മാത്രം പക്ഷെ ഒരിക്കലും സംഭവിച്ചില്ല.
കവിതകൾ വന്നില്ലെങ്കിലും പറഞ്ഞ നുണകളെ സാക്ഷാത്‌ക്കരിക്കാനെന്നോണം എംകോമും ഡോക്ടറേറ്റും കൂടി പിൽക്കാലത്തു ചെയ്യേണ്ടിവന്നത് മാത്രം മഹാകവിയോട് പറഞ്ഞ നുണയുടെ പ്രായശ്ചിത്തമായി ബാക്കിയുണ്ടായി.
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ