രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 ml/dl ആണു നോർമൽ യൂറിക്ക് ആസിഡ് നില. എങ്കിലു 6 ൽ കൂടിയാൽ തന്നെ പലരിലും രോഗ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. കാൽ തള്ളവിരലിന്റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതി വേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടന്ന് തുടങ്ങും ഒറ്റ ദിവസം കൊണ്ട് മൂർദ്ധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധി കളിലേക്കും വ്യാപിക്കാം.
പണ്ടുകാലത്ത് “രാജാക്കൻ മാരുടെ രോഗം” എന്നാണിതിനെ വിളിച്ചിരുന്നത്. അക്കാലത്ത് ധാരാളം മാംസവും മദ്യവുമുപയോഗിക്കാൻ അവസരമുണ്ടായിരിക്കുക രാജാക്കന്മാർക്കായിരിക്കുമല്ലോ?.പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടു കൊണ്ടോ വൃക്ക വഴിയുള്ള മാലിന്യ വിസർജ്ജന തടസ്സങ്ങൾ കൊണ്ടോ ഈ രോഗം വരാം.
90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണങ്ങൾ മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന കണക്കിനു അലിയുന്നതാകയാൽ ധാരാള വെള്ളം കുടിക്കുക എന്നതാണു രോഗം കുറയാനും രോഗം വരാതിരിക്കാനുമുള്ള നല്ല വഴി. മൂത്രത്തിൽ കല്ലുള്ളവരോടും ഇങ്ങനെ തന്നെ ഉപദേശിക്കാറുണ്ട്. ഇവരെല്ലാം ധാരാളം വെള്ളം കുടിക്കുകയും ചെയ്യും. പക്ഷെ ധാരാളമായി മൂത്രമൊഴിക്കണമെന്ന കാര്യം വിട്ടു പോകും. കിട്ടുന്ന അവസരങ്ങളിലെല്ലാം മൂത്രമൊഴിച്ചാലേ മൂത്രത്തിലൂടെ പുറത്തു കളയേണ്ട മാലിന്യം കളയാനാകൂ. നാം കുടിക്കുന്ന വെള്ളത്തിന്റെ 60% മൂത്രത്തിലൂടെ തന്നെ പുറത്തുകളയണം. അല്ലങ്കിൽ കുടിച്ച വെള്ളം വിയർപ്പിലൂടെയോ, മലത്തിലൂടെയോ, ശ്വസനത്തിലൂടെയോ, ശരീരം പുറത്തുകളയും. അങ്ങനെ വൃക്കയിൽ അമോണിയം ആസിഡ് യൂറേറ്റ് ക്രിസ്റ്റലുകൾ അടിയാം. വെള്ളം ഒരു പത്തു ഗ്ളാസ്സെങ്കിലും കുടിയ്ക്കുക, അതുപോലെ ധാരാളം മൂത്രമൊഴിക്കുക. അതു മറക്കരുത്.
10% ആൾക്കാരിൽ ഭക്ഷണത്തിലെ തകരാറുകളാണു യൂറിക്കാസിഡ് അടിയുവാൻ കാരണമാക്കുന്നത്. മദ്യമാണ് ഒന്നാമത്തെ പ്രശ്നക്കാരൻ. അതിൽ തന്നെ ബിയർ ആണു ഭീകരൻ. കോളകൾ ഒഴിവാകുക, മാംസ ഭക്ഷണം ഒഴിവാക്കുക. അതിൽ തന്നെ കരൾ, ഹൃദയം, വൃക്ക എന്നിവ നിർബന്ധമായും ഒഴിവാക്കുക. കടൽ ഭക്ഷണത്തിൽ ഞണ്ടും കൊഞ്ചും ചെമ്മീനും പ്രശ്നക്കാരാണ്. ഉണക്കിയ കൂണുകളിലും പ്യൂറിൻ എന്ന യൂറിക്കാസിഡുണ്ടാക്കുന്ന ഘടകം കൂടുതലായുണ്ട്. ഇക്കാര്യത്തിൽ “നത്തോലി അത്ര ചെറിയ മീനല്ല”. ഉണക്ക മത്തിയിലും നത്തോലിയിലും പ്യൂറിൻ കൂടുതലുണ്ട്. തിരണ്ടിയിൽ മിതമായ നിലയെലെ പ്യൂറിൻ അടങ്ങിയിട്ടുള്ളു എന്നു ചില പഠനങ്ങൾ പറയുന്നു. ചിക്കനും പ്രശ്നക്കാരുടെ പട്ടികയിലാണ്. ചില പച്ചകറികളിലും പ്യൂറിൻ അടങ്ങിയിട്ടുണ്ട് എന്നാലവ അത്ര പ്രശനക്കാരല്ല എന്നും ചില സംസാരമുണ്ട്. പയർ, ചീര, ബീൻസ്, പരിപ്പ് എന്നിവയിൽ പ്യൂറിൻ ഉണ്ട്. മൂന്നുനേരവും ഇത്തരം പച്ചക്കറികൾ ധാരാളമായി കഴിച്ചാൽ ഗൗട്ട് വന്നുകൂടായ്കയില്ല. കാപ്പി, പാൽ, പാലുൽപ്പന്നങ്ങൾ കഴിക്കാം, വിറ്റമിൻ സി, വെള്ളരിക്ക, റാഡിഷ്, ഉള്ളികൾ, ആപ്പിൾ എന്നിവ കഴിക്കാം. ആപ്പിളിൽ നിന്നുമുണ്ടാക്കുന്ന ‘ആപ്പിൾ സിഡർ വിനാഗിരി’ യിലടങ്ങിയിരിക്കുന്ന മാലിക്ക് ആസിഡ് രക്തത്തിലെ യൂറിക്കാസിഡിനെ അലിയിച്ചു കളയുമെന്നതിനാൽ ആപ്പിൾ സുരക്ഷിതമായി ഉപയോഗിക്കാം. ക്യാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക ഒക്കെ ജ്യൂസായി കഴിക്കുക. നെല്ലിക്ക നാരങ്ങ എന്നിങ്ങനെ വിറ്റമിൻ സി അടങ്ങിയവ പാനീയമായി ഉപയോഗിക്കാം.ഏത്തപ്പഴവും , ഗ്രീൻറ്റീയും ഉപയോഗിക്കാം..
എന്തായാലും സന്ധിവേദനകൾ ഉള്ളവർ സിറം യൂറിക്കാസിഡ് കൂടി ഒന്നു നോക്കി വയ്ക്കുക അഥവാ കൂടുന്നുവെന്ന് തോന്നിയാൽ നിയന്ത്രിക്കാമല്ലോ? മാത്രമല്ല ഇത് ഭാവിയിൽ വൃക്കകളിൽ അടിഞ്ഞുകൂടി കല്ലുകളായി രൂപാന്തരപ്പെടുകയും ചെയ്തേക്കാം. ഒന്ന് ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതു തന്നെ.
ഡോ. ടി. ജി. മനോജ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ