അവസാനത്തെ വണ്ടിയുടെ വരവറിയിച്ച് സന്ദേശം കിട്ടി. സമയം പന്ത്രണ്ടോടടുക്കുന്നു. പ്രകാശൻ ലവൽ ക്രോസ്സിന്റെ ഗേറ്റ് പതുക്കെ താഴ്ത്തി പൂട്ടിട്ടു. രാത്രി ഒൻപതു കഴിഞ്ഞാൽ അപൂർവ്വമായേ ആളുകളോ വാഹനങ്ങളോ ഇതുവഴി കടന്നു പോകാറൊള്ളു. കുറച്ചു മാറിയാണ് വീടുകളും ആൾത്താമസവുമുള്ളത്. ഭീതിദമായ ഏകാന്തതയെ അകറ്റാൻ, ഗേറ്റു തുറക്കാനുമടക്കാനുമുപയോഗിക്കുന്ന ലിവറിന്റയടുത്തുള്ള വൈദ്യുത വിളക്കിനു ചുറ്റും പറക്കുന്ന ഈയാംപാറ്റകളും പൊടിയീച്ചകളും മാത്രം.
ദൂരെ നിന്നും നിശ്ശബ്ദതയെ ഭേദിച്ച് വണ്ടിയുടെ ശബ്ദം . പിന്നെ ഇരുട്ടിനെ മുറിച്ച് അതിന്റെ നെറ്റിയിലെ വെളിച്ചം അടുത്തടുത്തു വന്നു. സിഗ്നൽ വിളക്ക് കത്തിച്ച് പ്രകാശൻ തയ്യാറായി. നനഞ്ഞപാളങ്ങൾക്ക് വെളളിത്തിളക്കം സമ്മാനിച്ച് വണ്ടി പ്രകാശനെയും അയാളുടെ വലം കയ്യിലുയർത്തിപ്പിടിച്ചിരുന്ന പച്ചവെളിച്ചത്തെയും പിന്നിലാക്കിക്കടന്നു പോയി. ഒരു ചുവന്ന പ്രകാശബിന്ദുവായ് വളവു തിരിഞ്ഞപ്രത്യക്ഷമായി.
ഗേറ്റു തുറക്കാനുള്ള സന്ദേശം കിട്ടിയിട്ടും സാവകാശമാണ് തുറന്നത്. കാരണം കടന്നു പോകാനാരുമില്ലായിരുന്നു. പകലെങ്ങാനുമിങ്ങനെ ചെയ്താലത്തെയവസ്ഥ പ്രകാശൻ വെറുതെയൊന്നോർത്തു. തന്റെ മൂന്നു തലമുറ മുമ്പുള്ളവരെ വരെ ജനങ്ങൾ തെറി വിളിക്കും. വണ്ടി കടന്നു പോകുന്ന നിമിഷം മുതൽ താനായിരിക്കും വാഹനങ്ങളിലുളളവരുടെ ശ്രദ്ധാകേന്ദ്രം. ഗേറ്റു പാതിതുറക്കുമ്പോഴേക്കും ലോകം പിടിച്ചടക്കിയ ആവേശത്തോടെ മൂന്നാലു ബൈക്കുകാർ അങ്ങോട്ടുമിങ്ങോട്ടും കടന്നിരിക്കും! ചിലപ്പോൾ വണ്ടി കടന്നു പോയാലും ഉടനെ തന്നെ മറ്റൊരു വണ്ടിക്ക് പോകാനുണ്ടെങ്കിൽ ഗേറ്റു തുറക്കില്ല. അപ്പോൾ തുടങ്ങും ഹോണടി. പിന്നെ ആംഗ്യഭാഷയിൽ ഇനിയും വണ്ടി വരാനുണ്ടെന്നു പറഞ്ഞാലേ ഹോണടിയടങ്ങൂ. പിന്നെ വാഹനങ്ങളൊക്കെ ഓഫ് ചെയ്ത് സമാധാനത്തോടിരിക്കും.
മുകളിലേക്കുയർന്ന ഗേറ്റിൽ ഒരുവലിയ വവ്വാൽ പോലെ ‘സ്റ്റോപ്പ്’ എന്നെഴുതിയ തകരപ്പാളി തൂങ്ങിക്കിടന്നു. ഇനി മൂന്നു മണിക്കൂറോളം വണ്ടിയൊന്നും വരാനില്ല. പകൽ ചരക്കു വണ്ടികളുടെയൊരു ഘോഷയാത്രയായിരുന്നു. ഗേറ്റുയർത്തിയും താഴ്ത്തിയും ഒരു പരുവത്തിലായി. സിഗ്നൽ വിളക്കണച്ച് പ്രകാശൻ നിവർന്നു കിടന്നു. കണ്ണുകളടച്ച്. ഉറങ്ങുകയല്ലായിരുന്നു. കണ്ണുകളൊഴിച്ച് മറ്റെല്ലാ ഇന്ദ്രിയങ്ങളും ജാഗ്രതയിൽത്തന്നെയാണ്.
ഈ രാത്രി പുലരുമ്പോൾ ആഴ്ചച്ചന്തയാണല്ലോ. അയാളോർത്തു. അപ്പുറത്തുനിന്നും തലച്ചുമടായും വാഹനങ്ങളിലൂടെയും കാർഷികോല്പ്പന്നങ്ങൾ ഇപ്പുറത്ത് ഒരുകിലോമീറ്ററോളമകലെയുള്ള ചന്തയിലേക്ക് വിൽക്കാനായി കൊണ്ടുവരും. പണ്ട് ആടുമാടുകളുടെ കച്ചവടവുമുണ്ടായിരുന്നു. അന്ന് ഗേറ്റടച്ചു വണ്ടി പോയി ഗേറ്റു തുറക്കുമ്പോഴേക്കും ഒരു ചെറിയ കൃഷിക്കുള്ള ചാണകവും ആട്ടിൻ കാട്ടവും കിട്ടുമായിരുന്നെന്ന് കേട്ടിട്ടുണ്ട്. വെറാറില മുത്തച്ഛനെയും മുത്തശ്ശിയെയും കാണാമല്ലോയെന്നോർത്തപ്പോൾ അയാൾക്കതിയായ സന്തോഷം തോന്നി.
കഴിഞ്ഞ രണ്ടാഴ്ച ചന്തദിവസങ്ങളിലല്ലായിരുന്നു ഡ്യൂട്ടി. ഏകദേശം മൂന്നാഴ്ചയോളമാകുന്നു അവരെക്കണ്ടിട്ട്. ഒരുപാടുകാര്യങ്ങൾ പറയാനുണ്ടിയിരിക്കും മുത്തശ്ശിക്ക്. നേരമൊന്നു പെട്ടെന്നു വെളുത്തെങ്കിലെന്നയാളാശിച്ചു.
രണ്ട് വർഷത്തോളമായി തങ്ങൾ പരിചയപ്പെട്ടിട്ട്. ഒരു ചന്തദിവസം മഴ നനയാതെ തന്റെ വിശ്രമമുറിയിൽ അവരെ പിടിച്ചിരുത്തി. അതൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു.
മുത്തച്ഛന്റെ തലയിൽ ഒരു കുട്ട നിറയെ വെറ്റിലയും ചിലപ്പോൾ അടയ്ക്കയും. മുത്തശ്ശിയുടെ തോളിൽ കുറെ ചൂലുകൾ.
വെറ്റില അപൂർവ്വമായേ വിറ്റഴിയാതെയിരിക്കൂ. ഏന്നാൽ വല്ലപ്പോഴുമേ ചൂലുകൾ എല്ലാം ചിലവാകൂ. അന്ന് മുത്തശ്ശി വലിയ സന്തോഷത്തിലാവും.
പ്രകാശനു വേണ്ടി ഒരു പൊതി നിലക്കടലയന്നുണ്ടാവും.
ചൂലു വിറ്റാലുമില്ലെങ്കിലും അരമണിക്കൂറെങ്കിലും തന്റെ കൂടെ ചിലവഴിച്ചിട്ടേ രണ്ടു പേരും പോകൂ. മുത്തശ്ശിയാണ് കൂടുതൽ സംസാരിക്കുക. രണ്ടു പേരും വീട്ടിൽ തനിച്ചാണ്. ഒരു മകനുണ്ടായിരുന്നത് ചെറുപ്പത്തിലേ നാടുവിട്ടു. ഒരറിവുമില്ല. രണ്ട് പെൺമക്കൾ. ഒരാൾ ഭർത്താവിന്റെയൊപ്പം ഉത്തരേന്ത്യയിലെവിടെയോ ആണ്. മറ്റേ മകളുടെ പേരിൽ വീടെഴുതിക്കൊടുക്കേണ്ടിവന്നു. ഒരു മാസം തികയും മുമ്പേ അവിടെ നിന്നിറങ്ങേണ്ടിയുംവന്നു. പിന്നെ മുത്തശ്ശിയുടെ പേരിലുണ്ടായിരുന്ന എട്ടു സെന്റിൽ ഒരു കുടിൽ കെട്ടി.
ഒരിക്കൽ മുത്തശ്ശി ചൂലുകളുടെ കാര്യം പറഞ്ഞതയാളോർത്തു.
“മോനേ നിനക്കറിയാമോ ചൂലുകളുടെ കഥ? പുതിയ ചുലുകൾ വീടിനുള്ളിൽ മാത്രമേ ഉപയോഗിക്കൂ . ഉപയോഗം കഴിഞ്ഞ് ചിലന്തിവലയൊക്കെ മാറ്റി വൃത്തിയാക്കി വയ്ക്കും. കുറച്ചു പരുക്കനായിക്കഴിഞ്ഞാൽ പിന്നീടതിന് വീടിനു പുറത്തേക്കു സ്ഥാനഭൃംശമാണ്. മുറ്റം തൂക്കാനേയുപയോഗിക്കൂ. ഭാഗ്യമുണ്ടെങ്കിൽ കുട്ടികളാരെങ്കിലും അകത്തേക്ക് കയറ്റും. പക്ഷേ മുതിർന്നവർ കണ്ടാലുടൻ പുറത്തേക്ക് വീണ്ടുമെറിയപ്പെടും.
പിന്നെ ഈർക്കിലൊക്കെ തേഞ്ഞൊടിഞ്ഞ് നീളം കുറയുമ്പോൾ അത് കുറ്റിച്ചൂലാവും. പറമ്പിലാണ് പിന്നെ സ്ഥാനം. ഇടക്കെങ്ങാനുമാരെങ്കിലും ഒന്നു തൊട്ടാലായി!! മഴയും വെയിലുമേറ്റ്..ചിതലെടുത്ത്…”
പറഞ്ഞു നിർത്തിയപ്പോൾ മുത്തശ്ശിയുടെ കണ്ണുകർ ചെറുതായി നനഞ്ഞിരുന്നോ..!!
ചിലപ്പോൾ സംസാരത്തിൽ രസം മൂത്തിരിക്കുമ്പോഴായിരിക്കും ഗേറ്റടക്കാനുള്ള സന്ദേശമെത്തുന്നത്.
“നീ പോയിട്ട് വാ മോനേ. അതു പറഞ്ഞു തീർത്തിട്ടേ അമ്മമ്മ പോകൂ”
എത്ര തവണ സംസാരം മുറിഞ്ഞാലും മുത്തശ്ശിക്ക് യാതൊരു മടുപ്പുമില്ല.
ദൂരെ നിന്നും ടോർച്ചു വെളിച്ചം കണ്ടു തുടങ്ങി. ചന്തയിലേക്കുള്ള തലച്ചുമടുകളാണ്. വാഹനങ്ങൽ കുറച്ചുകൂടിക്കഴിഞ്ഞേ വരാൻ തുടങ്ങൂ.
ആദ്യ വണ്ടിയുടെ സന്ദേശമെത്തി. ഗേറ്റ് താഴ്ത്തി പൂട്ടിട്ടു. സിഗ്നൽ ലാമ്പ് കത്തിച്ച് തയ്യാറായി. ഉറക്കച്ചടവോടെയായതിനിലാവും വണ്ടി വളരെപ്പതുക്കെയാണ് പോയത്.
ഗേറ്റു തുറന്നപ്പോഴേക്കും കുറെയാളുകളായിരുന്നു. പക്ഷേ അവരിൽ മുത്തച്ഛനും മുത്തശ്ശിയുമില്ലായിരുന്നു.
ഇരുളകന്ന് വെളിച്ചമായി. വീണ്ടും രണ്ട് വണ്ടികൾ കടന്നു.പോയി.
ഇല്ല. അവരിതുവരെയെത്തിയിട്ടില്ല. അയാൾക്കാകെയാധിയായി. പരിചയക്കാരായി അധികമാരുമില്ല, ആരോടെങ്കിലുമൊന്നു ചോദിക്കാൻ.
“നീ ഞങ്ങളെയാണോ ഓർക്കുന്നത് മോനേ?”
ങ്ഹേ ! മുത്തശ്ശിയുടെ ശബ്ദം.
“നിങ്ങളെപ്പോൾ ഇപ്പുറത്തെത്തി?”
പ്രകാശൻ ചോദ്യം മുഴുമിക്കും മുമ്പേ അടഞ്ഞ ഗേറ്റിലെ വിടവിലൂടെ പാളം കടന്ന് അവർ അപ്പുറത്തെത്തിയിരുന്നു.
“ഞങ്ങളിപ്പോൾ മോന്റെ കൂടെയാ. പിന്നെക്കാണാം.”
കൈ വീശി അവർ പെട്ടെന്നപ്രത്യക്ഷരായി.
പ്രകാശനൊന്നും മനസ്സിലായില്ല.
വണ്ടി വരാറായി.പച്ചക്കൊടിയുമായി അയാൾ തയ്യാറായി നിന്നു.
അനിൽകുമാർഎംബി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ