വളരെ നാളുകൾക്കു ശേഷമായിരുന്നു എൻ്റെ ഒരു ബന്ധു എന്നെത്തേടിയെത്തിയത്. അതും അയാളുടെ മകളുടെ വിവാഹം ക്ഷണിക്കാൻ. വർഷങ്ങളായി നാട്ടിൽ നിന്നും ആരും തന്നെ എന്നെത്തേടി ഈ നഗരത്തിലേക്ക് വരാറില്ലായിരുന്നു. അവരുടെ ആവശ്യങ്ങൾക്ക് എൻ്റെ പരിമിതികൾ തടസ്സമായിത്തീർന്നു എന്നതായിരുന്നു അതിനു കാരണം. ഇപ്പോൾ ഈ ബന്ധുവിൻ്റെ വരവിൽ എനിക്ക് അതിയായ സന്തോഷം തോന്നി.
ബന്ധു പറഞ്ഞു “നിനക്ക് നാടും നാട്ടാരും ബന്ധുക്കളും വേണ്ട… ഞങ്ങൾക്ക് അതു പോരല്ലോ? വിവാഹത്തിൽ പങ്കെടുക്കുന്നവർ നിന്നെ തിരക്കാതിരിക്കില്ല. നിന്നെ വിളിച്ചില്ലെന്നു പറയുമ്പോൾ ….” അയാൾ മുഴുപ്പിച്ചില്ല.
ഇടയ്ക്കു കയറി പറയണമെന്ന് വിചാരിച്ച് ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവളിൽ നിന്നും അനുകൂലമായ പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതുകൊണ്ട് ഞാൻ തീർത്തും നിശബ്ദനായി.
ബന്ധു യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞാൻ ഇത്രയും പറഞ്ഞു “എത്ര ബുദ്ധിമുട്ടിയിട്ടാണേലും ഞാൻ വരാതിരിക്കില്ല.. ചേട്ടൻ്റെ മകളുടെ വിവാഹത്തിന് ..”
“നീ മാത്രം വന്നാൽ പോരാ… കുടുംബസമേതം വരണം…. അതിനു വേണ്ടിയാ ഞാൻ തന്നെ വന്നു വിളിച്ചത്.” അയാൾ പറഞ്ഞു.
വിവാഹ ദിവസം അടുത്തു വന്നപ്പോൾ ഞാൻ ഭാര്യയോടു പറഞ്ഞു “സുമേ.. അവർ വളരെ ബദ്ധപ്പെട്ടു ഇവിടെ വന്നു വിളിച്ചാണ്, നമ്മൾ പോകാതിരിക്കുന്നത് ശരിയല്ല “
ഭാര്യ പറഞ്ഞു “കല്യാണമാകുമ്പോൾ അല്പം ബദ്ധപ്പെടേണ്ടി വരും’ വന്നു വിളിച്ചത് അവരുടെ മര്യാദ.പോകണോ വേണ്ടയോയെന്നത് നമ്മുടെ കാര്യം “
“എന്നാലും “?
എന്തൊരെന്നാലും? നിങ്ങളുടെ ആളുകളുടെ കാര്യമാകുമ്പോൾ നിങ്ങൾക്ക് ചൂടു കേറും. എനിക്ക് അവരെക്കൊണ്ടൊന്നും ഒരു ഉപകാരവും ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാകാനും പോണില്ല.” പിന്നെ ഒരു കാര്യം കൂടി ഓർമ്മ വേണം, പിള്ളേരുടെ ഫീസു കൊടുത്തിട്ടില്ല. ബന്ധുക്കളെ കാണുമ്പോൾ എല്ലാം മറന്നു പോകരുത്.
“നീ കൂടിവരണം സുമേ.. അവർ പ്രത്യേകം വന്നു വിളിച്ചതല്ലേ…” ?
ഞാൻ വരില്ലന്ന് അപ്പഴേ പറഞ്ഞതല്ലേ.. എനിക്ക് ആരുടെയും മുഞ്ഞീം മുഖോം കാണണ്ട അവശ്യമില്ല. നമ്മൾ കഷ്ടപ്പെട്ടിട്ടാ… കഴിയുന്നത് “
” എന്നാ മോനേ കൂടി കൊണ്ടു പോയാലോ…?”
ഏയ് അതിൻ്റെയൊന്നും ആവശ്യമില്ല… അവന് ട്യൂഷ്യനുള്ളതാ…. അതു മുടക്കാൻ പറ്റില്ല. നിങ്ങളു തന്നെ അങ്ങോട്ടു പോയാൽ മതി.
അങ്ങനെയാണ് ഞാൻ തന്നെ പോയാൽ മതിയെന്ന് തീരുമാനിക്കപ്പെട്ടത്.
നാട്ടിലേക്കുള്ള യാത്രയിൽ ഞാൻ തീവണ്ടിയിലിരുന്ന് പലതും ചിന്തിച്ചു.
അമ്മായിയും കുട്ടികളും വരാത്തതെന്താണ്? ചേട്ടത്തിവന്നില്ലേ…? തുടങ്ങിയ ചോദ്യങ്ങൾക്ക് എന്ത് ഉത്തരം പറയണമെന്നറിയാതെ ഞാൻ കുണ്ഠിതപ്പെട്ടു.
ജനിച്ച നാട്ടിൽ ഒരു സെൻ്റു ഭൂമിയില്ലാത്തവൻ്റെ നാട് റെയിവേ സ്റ്റേഷനും,ബസ് സ്റ്റാൻ്റുമാണെന്നോർത്ത് ഞാൻ സങ്കടപ്പെട്ടു.
ഒരു പ്രദേശം മുഴുവൻ കുടുംബക്കാരും ബന്ധുക്കളും എന്നു പറയുമ്പോഴും ഒരു വീടും സ്വന്തമെന്നു പറഞ്ഞ് കയറി ചെല്ലാനാവാത്ത അവസ്ഥ. നാടോടിയെപ്പോലെ തോളിൽ ബാഗും തൂക്കി അലയാൻ മാത്രം വിധിക്കപ്പെട്ടവൻ. എന്തു സമ്പാദിച്ചുവെന്നു ചോദിച്ചാൽ ഒന്നുമില്ല. നിന്നെക്കൊണ്ട് ഞങ്ങൾക്കെന്തു പ്രയോജനമെന്നു ചോദിച്ചാലും അതിനും ഉത്തരം ഒന്നുമില്ലന്നായിരുന്നു.
ട്രെയിൻ സ്‌റ്റേഷനിൽ എത്തിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. ഇനി ഇവിടെ നിന്നും നാലു കിലോമീറ്റർ സഞ്ചരിക്കണം.
ഞാൻ ഓട്ടോയ്ക്ക് കൈ കാണിച്ചു. അയാൾ അടുത്തുവന്ന് എങ്ങോട്ടേയ്ക്കാണെന്നു ചോദിച്ചു. ഞാൻ സ്ഥലപ്പേരു പറഞ്ഞതും അയാൾ വേറൊരു യാത്രക്കാരനെയും എടുത്തു പാഞ്ഞു പോയി.
എത്രയോ കാലം ഞാൻ നടന്നു പോയ സുപരിചിതമായ വഴികളാണ്.തട്ടുകടയിൽ നിന്നും കാലിച്ചായ വാങ്ങിക്കുടിച്ച് ഞാൻ നടക്കാനാരംഭിച്ചു. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു ഓട്ടോ എൻ്റെ അടുത്തുവന്ന് എങ്ങോട്ടേയ്ക്കാണെന്നു് ചോദിച്ചു.
ഞാൻ പറഞ്ഞു ” കോലനാട്ടേയ്ക്ക് ”
അയാൾ കയറാൻ പറഞ്ഞു. ഞാൻ കയറി.
“കല്യാണത്തിനു വന്നതായിരിക്കും “
അതേ .. ഞാൻ മറുപടി പറഞ്ഞു.
പിന്നെ അയാൾ ഒന്നും ചോദിച്ചില്ല ;ഞാൻ പറഞ്ഞതുമില്ല.
കുണ്ടും കുഴിയും നിറഞ്ഞ റോഡിനിരുവശവും മനോഹരമായ വലിയ വീടുകൾ കണ്ട് ഞാൻ ഡ്രൈവറോടു ചോദിച്ചു ” വഴിതെറ്റിയോ?”?
വല്ലപ്പോഴും നാട്ടിലോട്ടൊക്കെ വരണം. അയാൾ പറഞ്ഞു.
” എന്നെ അറിയുമോ?” ഞാൻ ചോദിച്ചു.
എന്താ.. അറിയാത്തേ… കുറച്ചു കാലമായില്ലേ… കണ്ടിട്ട് ..
“എന്നെ അറിയുമോ?” അയാൾ ചോദിച്ചു.
ഇല്ല. ഞാൻ പറഞ്ഞു.
കരിയിലെ ദാമുവിൻ്റെ മകനാ.. എനിക്ക് ചേട്ടനെ നല്ലോണം അറിയാം.. പണ്ടു നാട്ടിൽ എന്തു പ്രശ്നമുണ്ടായാലും ചേട്ടനുണ്ടാകും. വഴക്കിനും വക്കാണത്തിനും … ഇപ്പോ .. എങ്ങനാ..?
ഞാൻ ചിരിച്ചു .. തികഞ്ഞ വിഡ്ഢിലെപ്പോലെ…
കുറച്ചു ദൂരം കൂടി ചെന്നപ്പോൾ അയാൾ ഓട്ടോ നിർത്തി.. ഇനി പോകില്ല … നിറയെ കുഴികളാ….: “കുറച്ചകലെ വെട്ടവും വെളിച്ചവുമുള്ള ഒരു വീട് അയാൾ ചൂണ്ടിക്കാണിച്ചു. ഇനി നടന്നു പോകണം.
ഞാൻ ഓട്ടോകൂലിയും കൊടുത്ത് നടക്കുമ്പോൾ മനസ്സിനകത്ത് ജാള്യതയുള്ള ഒരു ചിരി പടർന്നു.
താൻ ഓടിക്കളിച്ചു നടന്ന വീടും പരിസരവും മറ്റൊരാൾ ചൂണ്ടിക്കാണിക്കേണ്ടി വന്നല്ലോ എന്നോർത്ത് …
“ദേ … സോമൻ വന്നു ” എന്നു ചില പ്രായമായ സ്ത്രീകൾ പറഞ്ഞതല്ലാതെ മറ്റാരും എന്നെ ശ്രദ്ധിക്കുക കൂടി ചെയ്തില്ല.
കല്യാണം നടക്കുന്നത് മണ്ഡപത്തിൽ വച്ചാണെങ്കിലും ആർഭാടം തലേ ദിവസം വീട്ടിൽ വച്ചാണ് നടക്കുന്നതെന്ന് എനിക്ക് തോന്നി. പരിചിതമായ ആളുകൾ കുറവായതുകൊണ്ടു എനിക്ക് അധികമൊന്നും ആരോടും സംസാരിക്കേണ്ടി വന്നില്ല. ചെന്നപാടെ ബന്ധുവിനെ കണ്ടു പിടിച്ചു ഒരു പൊതി അയാളെ ഏൽപ്പിച്ച് ഞാൻ സ്വസ്ഥനായി.
പൊതി നിവർത്തി നോക്കിയതുകൊണ്ടാവണം പെൺകുട്ടിയുടെ അച്ഛൻ പിന്നീട് എന്നോട് വേണ്ടത്ര ആഭിമുഖ്യം കാണിച്ചില്ല. എങ്കിലും ആരും ക്ഷണിക്കാതെ തന്നെ ഭക്ഷണം കഴിച്ചു. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.
അപൂർവ്വം ചില സുഹൃത്തുക്കൾ “താൻ എപ്പോൾ വന്നു ” എന്നതിൽക്കവിഞ്ഞ് മറ്റു ചോദ്യങ്ങളൊന്നും ചോദിക്കാതെ വരുകയും പോകുകയും ചെയ്തു കൊണ്ടിരുന്നു. ഭക്ഷണം കഴിഞ്ഞ് സ്വീകരണ പന്തലിൻ്റെ ഓരം ചേർത്ത് അധികം ആരുടെയും ശ്രദ്ധയിൽ പെടാതെ ഒരു ഒഴിഞ്ഞ കോണിലേക്ക് കസേര നീക്കിയിട്ട് ഞാൻ ഇരുന്നു.
ഭാര്യയും മക്കളും വരാതിരുന്നത് നല്ലതായിയെന്ന് എനിക്ക് ഇപ്പോൾ തോന്നി. ഈ രാത്രി ഇവിടെയിങ്ങനെയിരുന്നു വെളുപ്പിക്കേണ്ടി വരുമല്ലോയെന്നോർത്ത് സങ്കടപ്പെട്ടു. എന്തായാലും വിവാഹത്തിനു മുമ്പേ തിരിച്ചുപോകുന്നത് മര്യാദകേടാണെന്നു മനസ്സു മന്ത്രിച്ചു.
പാതിമയക്കത്തിലും പാതി ഉറക്കത്തിലുമെന്ന മട്ടിൽ ശരീരത്തെ കസേരയിലുറപ്പിച്ച് നിസ്സംഗതനായാട്ടിരിക്കുമ്പോഴാണ് വീടിനു മുൻവശത്തുള്ള റോഡരികിൽ ഒരു വലിയ കാർ വന്നു നിന്നത്. കാർ വരുന്നതുകണ്ട എൻ്റെ ബന്ധുവും നാട്ടുകാരും സി.കെ.വന്നു എന്നു പറഞ്ഞ് അയാളെ സ്വീകരിക്കാനായി റോഡിലേക്കിറങ്ങി. ഞാനും നാട്ടിലെ ഏതാനും പ്രമാണിമാരും വൃദ്ധന്മാരുമാണ് അപ്പോൾ പന്തലിൽ ഉണ്ടായിരുന്നത്.
എൻ്റെ ബന്ധുവും നാട്ടുകാരും ചേർന്ന് അയാളെ സ്വീകരിച്ച് പന്തലിലേക്കു കൊണ്ടുവന്നു. അയാൾ വരുന്നതു കണ്ട് വൃദ്ധന്മാരും പ്രമാണിമാരും എഴുന്നേറ്റു നിന്ന് ആഭിവാദ്യമർപ്പിച്ച് ഉദാസീനരായി കസേരകളിൽ ഇരുന്നു.എന്തുകൊണ്ടോ എനിക്ക് എഴുന്നേൽക്കാൻ തോന്നിയില്ല. അത് സി.കെ.ശ്രദ്ധിച്ചുവെന്ന് എനിക്ക് അപ്പഴേ തോന്നി.
അയാൾ നാട്ടുകാരോടൊപ്പം വീട്ടിനകത്തു കയറിച്ചെന്ന് പെൺകുട്ടിയെ കണ്ടു.കുട്ടിക്ക് എന്തോ കനത്ത സഹായം നൽകിയെന്ന് അടുത്തു നിന്നവരുടെ മുഖഭാവത്തിൽ നിന്നും ഞാൻ ഊഹിച്ചെടുത്തു.
തിരിച്ചിറങ്ങിയ സി.കെ. എൻ്റെ അടുത്തെത്തി “സുഖം തന്നെയല്ലേ സുഹൃത്തേ ” എന്നു ചോദിച്ചപ്പോൾ മാത്രമാണ് ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് അയാൾക്ക് കൈ കൊടുത്തത്.അധികം താമസിയാതെ തന്നെ ഒരു ചായ മാത്രം കുടിച്ച് സി കെ.അനുചരന്മാരോടു കൂടി തിരിച്ചു പോകുകയും ചെയ്തു.
പെട്ടെന്നായിരുന്നു എൻ്റെ ബന്ധു എന്നോടു കയർത്തത്.” മാന്യന്മാർ വന്നാൽ ആദരിക്കണം, അതിനു കഴിയുന്നില്ലെങ്കിൽ ….”
മുഴുപ്പിക്കുന്നതിനു മുൻപേ മറ്റുള്ളവർക്കും തട്ടിക്കയറാനുള്ള അവസരമായിരുന്നു അത്.
” സി.കെ. ഈ നാട്ടിലെ പ്രമാണിയും മാന്യനുമാണ്. അയാളുടെ സഹായം കൊണ്ടാണ് ഈ നാട്ടിൽ പലരും കഴിഞ്ഞുകൂടുന്നത് .. അങ്ങനെയുള്ള ഒരാൾ വരുമ്പോൾ എഴുന്നേൽക്കാൻ കഴിയാത്തത് അഹങ്കാരം കൊണ്ടാണ്. വെറുതെയല്ല നീയൊന്നും നന്നാവാത്തത്.
വൃദ്ധന്മാരും ചെറുപ്പക്കാരും ബന്ധുക്കൾക്കൊപ്പമായിരുന്നു. ഗതിമുട്ടിയപ്പോൾ ഞാൻ ഇത്രയും പറഞ്ഞു. ” സി.കെ.വന്നപ്പോൾ എഴുന്നേറ്റു ബഹുമാനിക്കേണ്ട കാര്യമൊന്നും എനിക്കില്ല. അയാൾ ചാരായം വിറ്റു നടന്നപ്പോഴും ഷാപ്പു തുടങ്ങിയപ്പോഴും എതിർക്കാൻ ഞാൻ മാത്രയേയുണ്ടായിരുന്നുള്ളു. അന്ന് ഈ പ്രദേശത്ത് ഒരു ഷാപ്പുണ്ടായിരുന്നോ? ഇന്നെന്താ സ്ഥിതി?
” അതു കൊണ്ട് നിനക്കെന്തെങ്കിലും നഷ്ടം വന്നോ?” ചോദിച്ചത് പുതുതലമുറക്കാരായിരുന്നു.
ഉത്തരം കിട്ടാതെ വന്നപ്പോൾ ഞാൻ എൻ്റേതു മാത്രമായ ദൈന്യതയുടെ ഭാണ്ഡവും പേറി പതുക്കെ വെളിയിലേക്കിറങ്ങി …
ആരെങ്കിലും എന്നെ തിരിച്ചുവിളിക്കും എന്ന പ്രതീക്ഷയോടെ…
പക്ഷേ.. അതുണ്ടായില്ല..
ആർ. എസ്. പണിക്കർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ