“ആത്മബലമുള്ളവർ മാത്രം വായിക്കുക”!!
എന്നൊരു മുന്നറിയിപ്പോടെയാണ്, എഴുത്തുകാരി “കരിനീല” വായനക്കാർക്ക് മുന്നിലേയ്ക്ക് വെച്ചു നീട്ടുന്നത്. അതിൽ തീരെ അതിശയോക്തി ഇല്ലെന്ന് തന്നെ.കാരണം, കരിനീല ഉദ്ഘോഷിക്കുന്നത് പ്രണയത്തെയാണ്. ആത്മാവിന്റെ വേരുകളിൽ മുളച്ചുകൊണ്ട് ശരീരത്തിന്റെ സർവ്വനാഡിയിലും പടർന്നു കയറുന്ന കരിനീല നിറമുള്ള പ്രേമത്തിനെ ആണ്.
സദാചാരത്തിനും, കുലസ്ത്രീ പരിവേഷത്തിനും വലിയൊരു സാമൂഹ്യപ്രാധാന്യം കല്പ്പിക്കുന്ന സമൂഹത്തിന്റെ മാർവിടത്തിലേയ്ക്കാണ് ദിശമാറി ഇഴഞ്ഞു നീങ്ങുന്ന വലിയൊരു സർപ്പമാകുന്ന പ്രേമത്തെ ” കരിനീല ” പറഞ്ഞു വെയ്ക്കുന്നത്.
പ്രേമത്തിനു വിശുദ്ധത കൽപ്പിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, ഇതിൽ പ്രസ്ഥാവിക്കുന്ന പ്രണയത്തെ മനസ്സിലാക്കാൻ കഴിയുന്നില്ല എങ്കിൽ, നിങ്ങളുടെ പ്രേമത്തെ സദാചാരമുത്തശ്ശിയുടെ കറുത്ത കരിമ്പടത്തിൽ പൊതിഞ്ഞു കൊണ്ട്, വലിയ ഇരുമ്പുകൂട്ടിൽ തളച്ചിട്ടിരിക്കുന്നത് കൊണ്ടാണ്.
കരിനീല വായിക്കുവാൻ തുടങ്ങുന്ന, നിങ്ങൾ എന്നുള്ള വായനക്കാർ ഇരുമ്പഴിക്കുള്ളിൽ തളച്ചിട്ടിരിക്കുന്ന പ്രേമമെന്ന സർപ്പത്തെ അതിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ട് എന്ന് തന്നെ അര്ഥം. അതിന് കഴിയാത്ത പക്ഷം നിങ്ങൾ ഈ പുസ്തകം മടക്കി ഷെൽഫിനു അലങ്കാരം മാത്രമാക്കുക. അതല്ലെങ്കിൽ, യഥാർത്ഥ പ്രണയത്തിന്റെ വിഷം നുകരുവാൻ കൊതിക്കുന്നുവെങ്കിൽ, കരിനീലയിലൂടെ ഇഴയുക. ആ വിഷം ഏൽക്കുക.
വിവാഹിതയായ ഒരു സ്ത്രീ, രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായവൾ, അവൾ ഒരു അന്വേഷണത്തിലായിരുന്നു. ഒരു നാലുകെട്ട് വാങ്ങുവാനുള്ള അന്വേഷണത്തിൽ. ഒടുവിൽ അവൾ അത് കണ്ടെത്തുന്നു. ആ കണ്ടെത്തലിൽ അവൾ ഉന്മത്തയാകുന്നു. എന്തുകൊണ്ടെന്നാൽ അവൾ തിരഞ്ഞത് വെറുമൊരു നാലുകെട്ടിനെ ആയിരുന്നില്ലെന്നും, ഓരോ ജന്മങ്ങളിലും തന്റെ പ്രേമത്തിന്റെ കരിനീലദംശനമേറ്റ് പിടഞ്ഞ തന്റെ പുരുഷനെയായിരുന്നു എന്നുള്ള തിരിച്ചറിവിൽ തന്നെ. ആ നിമിഷങ്ങളിൽ തന്നെ, അവൾ നീലിച്ചു, പിടഞ്ഞു, ഉള്ളിൽ പിടഞ്ഞ സർപ്പം ഫണം ഉയർത്തി ചീറ്റി. കാരണം പറയേണ്ടല്ലോ. പ്രേമം അത് അങ്ങനെ ആണ്.
എന്താ? എന്തൊരു വിരോധാഭാസം എന്ന് തോന്നുന്നുവോ? എങ്കിൽ നിങ്ങൾ പ്രണയവിഷം തീണ്ടാത്തവർ ആണെന്ന് ഞാൻ പറയും.
ഈ കഥയിലെ ഗീത, ഓരോ ജന്മങ്ങളിലും കരിനീലിച്ച വിഷപ്പല്ല് അധരങ്ങളിൽ ഏൽപ്പിച്ച് , അടുത്ത് ജന്മത്തിലേയ്ക്ക് പടം പൊഴിച്ച് നീങ്ങുന്ന ഏതൊരു സ്ത്രീയുടെയും പ്രതിരൂപമാണ്. പ്രേമം പൂർണ്ണമായും സ്ത്രീപക്ഷമെന്നിരിക്കവേ, കരിനീലയും സ്ത്രീപക്ഷമാണെന്ന് എനിക്ക് തോന്നുന്നു. പ്രേമം പൂർണ്ണമായും സ്ത്രീപക്ഷമായി പരിണമിച്ചതിൽ പുരുഷനോട് എനിക്ക് സഹതാപവും ഉണ്ട്. മനപ്പൂർവ്വമല്ലെങ്കിൽ കൂടി സഹതാപം ഉണ്ട്.
പ്രണയിക്കുന്ന സ്ത്രീ, അവൾ ഏറ്റവും തന്റേടമുള്ളവൾ ആകും. തന്റെ പുരുഷനെ കാണുന്ന മാത്രയിൽ ശരീരം പൊള്ളിപ്പിടയും. ആ അഗ്നി പകർന്നു കൊടുക്കുവാൻ കഴിയുന്നതും സ്ത്രീയ്ക്ക് മാത്രമാകും എന്ന് തോന്നുന്നു.
“കരിനീല” പൊളിച്ചെഴുതുന്നത്, സമൂഹം സൃഷ്ടിച്ച മിഥ്യയായ സ്ത്രീയുടെ പ്രതിബിംബത്തെയാണ്. അവൾ നിങ്ങൾ കരുതുന്നത് പോലെ സർവ്വംസഹയായ ഭൂമിയോ, ദേവിയോ, മാതാവോ അല്ല. പ്രണയത്തിന്റെ മാരകദംശനം ഏൽപ്പിക്കുന്നവൾ തന്നെയാണ്. അതിൽ മനസ്സിലാക്കിയപ്പോൾ ആകാം, പുരുഷന്റെ ആധിപത്യപരമായ ചാട്ടവാർ പെണ്ണിന് മേൽ പ്രഹരിക്കപ്പെട്ടത്.
സ്ത്രീയെ പൂവായി മാത്രം ബിംബവൽക്കരിക്കുന്നവർ ഒരിക്കലും അവൾ മുള്ള് കൂടിയാണെന്നുള്ള സത്യത്തെ സ്വീകരിക്കാതെ വരുന്നു. അല്ലെങ്കിൽ മനഃപൂർവ്വം നിരസിക്കുന്നു. വേദനയുടെ ആഴം ആസ്വദിക്കുവാൻ കഴിയുന്നവന് മാത്രമേ കരിനീലയിലെ ഗീതയെ പോലെ യഥാർത്ഥ പെണ്ണിനെ പ്രണയിക്കുവാൻ കഴിയുകയുള്ളൂ.
അവൾ, തന്റെ കരുത്തനായ സന്യാസിയെ കണ്ടമാത്രയിൽ അവളിൽ ഉടലെടുക്കുന്നത് പച്ചമാംസത്തിൽ തീപ്പൊരി നീറിപ്പിടിപ്പിക്കുന്നത് പോലെയൊരു അനുഭവമാണ്. അത് തന്നെയാണ് പ്രേമം. അതിന് അതിതീവ്രമായ വേദനയിൽ ഉരുകുന്ന ആഗ്രഹമുണ്ടായിരിക്കണം. അവൾ സ്വയം പറയുന്നുണ്ട്, താൻ മഹാ ചീത്തയാണെന്ന്, കുലടയാണെന്ന്, അയാളുടെ ബീജത്തെ ആഗ്രഹിക്കുന്നവൾ ആണെന്ന്. അത് യഥാർത്ഥബോധവും ഉള്ളിൽ സമൂഹം വളർത്തിവിട്ട സദാചാരപക്ഷിയും തമ്മിലുള്ള സംഘർഷമാകാം.
ഗീത വിവാഹിതയും അമ്മയുമാണ്. അവൾക്ക് വേണമെങ്കിൽ പതിവ്രതാപരിരക്ഷയുടെ ഇരുമ്പുകൂട്ടിൽ ഒതുങ്ങാമായിരുന്നു. പക്ഷേ കാര്യം ഇല്ലല്ലോ? അവൾ സ്ത്രീ ആയില്ലേ? പ്രണയിച്ചില്ലേ? അതുകൊണ്ട് അവൾ എന്തും ചെയ്യും. ആത്മാവ് കൊണ്ട് എല്ലു നുറുങ്ങും പോലെ അയാളെ ചുറ്റി വരിയും. അതുമൊരു ഉന്മാദമാണ്. ആത്മീയമാണ്. സന്യാസമാണ്. ആ ധൈര്യം തന്നെയാണ്, അവളെ സ്വാർത്ഥമതിയും, അസൂയാലുവും, ഉഗ്രവിഷമുള്ള സർപ്പവുമായി പരിവർത്തനം ചെയ്യിക്കുന്നത്.
ഇതിൽ ഗീത പറയുന്നത്, അവൾ ജന്മങ്ങളായി തിരഞ്ഞു കൊണ്ടിരുന്ന, ഓരോ ജന്മത്തിലും കരിനീല നിറമുതിർന്ന തന്റെ പുരുഷനെ കുറിച്ചാണ്. ചിലപ്പോൾ പ്രേമം അങ്ങനെ ആണ്. ഒരു ശരീരത്തിനും അതിൽ കുടിയേറിയ ആത്മാവിനും അവരുടേതായ ഒരു ഇണ ഉണ്ടായിരിക്കും. അവയെ കണ്ടെത്തും വരെ ആ ആത്മാവ് അലയും. ശരീരം അസംതൃപ്തിയിൽ അലറി വിളിക്കും. ഇവിടെയും സംഭവിക്കുന്നത്, അതാണ്. ഗീത, തന്റെ ആത്മാവിന്റെയും, ശരീരത്തിന്റെയും ഇണയെ കണ്ടെത്തുന്ന നിമിഷം മുതൽ അത് അയാൾക്ക് വേണ്ടി മാത്രം പിടയുന്നു അതിനവൾ എല്ലാ രേഖകളെയും ഭേദിച്ച് മറികടക്കുന്നു.
എഴുത്തുകാരിയുടെ ഒരു പതിവ്ശൈലി, അതായത്, അക്ഷരങ്ങൾ കത്തിമുനയാക്കി, വായനക്കാരിൽ കുത്തിയിറക്കുന്ന ശൈലി അത് കരിനീലയിലും ആവർത്തിക്കപ്പെടുന്നു.
” നിരാശപ്പെടുത്താത്ത ഏത് പുരുഷനാണ് ഭൂമിയിലുള്ളത്? “
” അർഹിക്കുംവിധം സ്നേഹിക്കപ്പെട്ട ഏത് സ്ത്രീയുണ്ട് ഭൂമിയിൽ? “
ഈ വാചകങ്ങൾ വായിക്കപ്പെടേണ്ടുന്ന അർഥതലങ്ങൾ ഉദാഹരണങ്ങൾ ആണ്.
ത്രിപുരസുന്ദരിയ്ക്ക് അടിമയായ, അജയ്യനായ, യോഗിയായ, ഒരു പുരുഷനെ അവൾ ശാരീരികബന്ധത്തിലേക്ക് നയിക്കുവാൻ ശ്രമപ്പെടുന്നു. ശ്രമപ്പെടേണ്ടി വരുമെന്ന് അറിഞ്ഞും ശ്രമിക്കുന്നു. അവസാനനിമിഷം അയാൾ, കഴിയുകയില്ലെന്നു അവളെ വിട്ടു എഴുന്നേൽക്കുന്നു. ആ നിമിഷം അവൾ അനുഭവിച്ചത് എന്താകും. ഇണ ചേർന്നുകൊണ്ടിരിക്കവേ, തല ചതഞ്ഞു നീറേണ്ടി വരുന്ന സർപ്പത്തിന്റെ അതേ പകയോ, അമർഷമോ, ആകാം. അതാകാം അവളിൽ ഇണ ചേരാതെ അയാൾ അസ്വസ്ഥനായി അവളെ തിരികെ വിളിക്കുന്നത്.
ഇതിന്റെ പര്യവസാനം എന്താകണം? അവളോ? അയാളോ? ആരാണ് പ്രേമവിഷമേറ്റു കരിനീലിക്കേണ്ടത്? എന്തുമാകാം. ഒന്നുമാത്രം മനസിലാക്കുക. പൊള്ളിപ്പിടഞ്ഞു നീറുവാൻ തന്നെയാണ് ഓരോ സ്ത്രീയും തന്റെ പ്രണയത്തെ തിരഞ്ഞെടുക്കുന്നത്. അല്ലെങ്കിൽ തേടി കണ്ടെത്തുന്നത്. മധുരിക്കുവാൻ മാത്രമായിരുന്നുവെങ്കിൽ അവൾ എന്നും എപ്പോഴും ഒരു മാമ്പഴം മാത്രമേ തിരയുമായിരുന്നുള്ളൂ. മുറിവുകളും, നോവുകളും ഏറ്റുവാങ്ങാൻ തയ്യാറുള്ളവർ പ്രേമം തിരഞ്ഞെടുക്കുക. സ്ത്രീയെ പ്രണയിക്കുക. മലയാളസാഹിത്യത്തിന്റെ തീവ്രദംശനമാകട്ടെ “കരിനീല..”
ഹരിത ആർ മേനോൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ