തൊഴിൽലഭിക്കാതിരിക്കുക അല്ലെങ്കിൽ ലഭിച്ചത് നഷപ്പെടുക എന്നത് ഏറ്റവും ദുഃഖകരമായ കാര്യമാണ്. തൊഴിൽ കിട്ടുന്നത് അതുപോലെതന്നെ സന്തോഷകരവും. ചെറുപ്പക്കാരുടെ ഇടയിലെ തൊഴിലില്ലായ്മ രൂക്ഷമായ സാമ്പത്തികവും സാമൂഹികവുമായ ആഘാതമാണ് ഏത് രാജ്യത്തിനും ഉണ്ടാക്കുന്നത്.
കോവിഡ് കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തേതുപോലില്ലെങ്കിലും തൊഴിലില്ലായ്മ ഇപ്പോഴും ലോകജനതയെ അലട്ടിക്കൊണ്ടിരുന്നു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലും തൊഴിലില്ലായ്മ നിരക്ക് വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാകട്ടെ ദേശീയ ശരാശരിയേക്കാൾ കൂടുതലും.
കേരളത്തിൽ തൊഴിലില്ലായ്മപ്രശ്നം കുറേ പഴകിയതാണെന്നു മാത്രം. പ്രധാനമായും ഇക്കാരണംകൊണ്ടാണല്ലോ മലയാളികൾ ലോകത്തിൻ്റെ മുക്കിലും മൂലയിലും എത്തപ്പെട്ടത്. സിലോണിലേക്കും, മലയായിലേക്കും ഗൾഫിലേക്കുമൊക്കെ മലയാളികൾ കൂട്ടത്തോടെ പോയത് സ്ഥലംകാണാൻ ആയിരുന്നില്ലല്ലോ!
കോവിഡ് താണ്ഡവകാലത്തെ തൊഴിൽനഷ്ടങ്ങൾ ഇപ്പോഴും നീറുന്ന ഓർമ്മകളായ് മനസ്സിലുള്ളതുകൊണ്ട് തൊഴിലില്ലായ്മ പ്രശ്നങ്ങൾ കൂടുതൽ ചർച്ചചെയ്തു നിങ്ങളെ വിഷമിപ്പിക്കാൻ മുതിരുന്നില്ല. മാത്രവുമല്ല തെഴിലിനോടുള്ള മലയാളികളുടെ സമീപനത്തിൽ വലിയ മാറ്റങ്ങൾ അടുത്ത കാലത്തായി വന്നിട്ടുണ്ടാകാം എന്നാണ് തോന്നുന്നത്. ഈ മാറ്റങ്ങളെക്കുറിച്ചു പറയാൻ ഞാൻ ആളല്ല, പുതിയ കാര്യങ്ങൾ അറിയാത്തതു കൊണ്ടാണ്.
ഒന്നറിയാം. തൊഴിൽതേടി നാടുവിട്ടുപോയാൽ തിരികെ വരാൻ പ്രയാസ്സമാണ്. മറ്റൊന്നും കൊണ്ടല്ല, നാട്ടിലെ മാറ്റങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നത്. നല്ലതായാലും മോശമായാലും അതുതന്നെയാണ് സ്ഥിതി. വിലകയറ്റസൂചിക മാത്രം നോക്കിയാൽ മതി, എല്ലാ മാറ്റങ്ങളും അതേവേഗതയിലാണ്. ഔദ്യോഗികമായ കണക്കുകളല്ല. ഒരുസാധാരണക്കാരന്റെ അനുഭവം ആണ് പറഞ്ഞുവരുന്നത്. വീടുകളുടെയും ഫ്ളാറ്റുകളുടെയും വിലയിലും വാടകയിലും ഓരോ വർഷവും വരുന്ന വ്യത്യാസം മാത്രം നോക്കിയാൽ മതി ഇതു മനസ്സിലാക്കാൻ. ഓരോവട്ടവും നാട്ടിലേക്കു വരുന്ന ഓരോമലയാളിക്കും മനസ്സിലാകും ഈ വലിയ മാറ്റങ്ങൾ.
കിട്ടിയജോലിനോക്കി നാട്ടിൽതന്നെ നിന്നാൽ നിന്നു. നാടുവിട്ടാൽ ഈ മാറ്റങ്ങൾ കണ്ട് അന്തം വിടാം എന്നല്ലാതെ തിരികെവരാൻ പ്രയാസം.
പണ്ടൊരു ജോലി എന്നെത്തേടിവന്നതും, പിന്നെ പുറത്തു ജോലികിട്ടി നാടുവിട്ടുപോയി തിരികെവരാൻ പ്രയാസ്സപ്പെട്ടതുമായ ഒന്നുരണ്ടു കാര്യങ്ങൾ പറഞ്ഞു നിർത്താം.
വളരെ ബുദ്ധിമുട്ടി ഒരു ഡോക്ടറേറ്റ് എടുത്തു നിൽക്കുന്ന കാലം. നാട്ടുനടപ്പുപോലെ പത്രത്തിൽ പടവും പരസ്യവും വന്നു. എന്നെപ്പോലുള്ളവർക്ക് പത്രത്തിൽ പടം വരണമെങ്കിൽ ഒന്നുകിൽ ഇതുപോലെന്തെങ്കിലും കനത്തത് എടുക്കേണ്ടിവരും. അല്ലെങ്കിൽ, അറിയാമല്ലോ.
സംഭവം കയ്യിൽ കിട്ടിയെങ്കിലും അധ്യാപനജോലിക്ക് അപേക്ഷ അയച്ച സ്ഥലങ്ങളിൽനിന്നൊന്നും അറിയിപ്പ് കിട്ടിയില്ല. അവസാനം അറിയിപ്പ് കിട്ടിയത് ബാംഗൂരിലെ ഒരു വലിയ കോളേജിൽ നിന്നാണ്. അച്ഛൻമ്മാർ നടത്തുന്ന സ്ഥാപനം. പേര്കേട്ടത്. ഇന്റർവ്യൂവിന് പതിവുപോലെ എന്തൊക്കയോ ചോദിച്ചു. പതിവ് തെറ്റിക്കാതെ എന്തൊക്കയോ പറഞ്ഞു. മലയാളികളും നല്ലവരുമായ അച്ഛൻമ്മാർക്ക് പറച്ചിൽ ഇഷ്ടപെട്ടുവെന്നു അന്നുതന്നെ മനസ്സിലായി. മലയാളം മീഡിയത്തിൽ പഠിച്ചിട്ടും നന്നായി ഇംഗ്ലീഷ് പറഞ്ഞതായി സൂചിപ്പിച്ചിരുന്നു. ഈ ഇംഗ്ളീഷൊക്കെ പഠിച്ചെടുക്കാൻപെട്ട പാട് അച്ഛൻമാരുണ്ടോ അറിയുന്നു!
ബാംഗൂരിൽ നിന്നും തിരികെ വീട്ടിൽ എത്തിയപ്പോൾ കേട്ടത് മറ്റൊരു സദ്‌വാർത്ത. കോച്ചിയിലെ പ്രശസ്തമായ ബിസിനസ് സ്കൂളിൽ നിന്നും വിളി. വിളിച്ചതോ ആ സ്ഥാപനത്തിന്റെ ചെയർമാൻ. പ്രതിഷ്‌ഠാപകന്‍ – ഫൗണ്ടർ! അവിടേക്ക് ഞാൻ ജോലിക്കപേക്ഷിച്ചിട്ടുപോലുമില്ല. വീട്ടിലെ ഫോൺനമ്പർ എങ്ങനെ കണ്ടുപിടിച്ചു എന്ന് കേട്ടപ്പോൾ ശരീരത്തിലെ അൻപതുലക്ഷം രോമങ്ങളും എഴുന്നേറ്റുനിന്ന് രോമാജ്ജകഞ്ചുകമുണ്ടാക്കി. അദ്ദേഹം (ചെയർമാൻ, ഫൗണ്ടർ) എനിക്ക് ഡോക്ടറേറ്റ് കിട്ടിയ വാർത്ത പരസ്യംചെയ്ത പത്രങ്ങളിലേക്ക് വിളിച്ചു സംഘടിപ്പിച്ചു. ഇതിൽ കൂടുതൽ സന്തോഷിച്ചാൽ ഹൃദായാഘാതം വരുമെന്ന സന്ധിക്കു തൊട്ടുമുമ്പു അമിതമായ സന്തോഷം നിർത്തേണ്ടിവന്നു. അതിന് കാരണം അച്ഛൻ പറഞ്ഞു. മുറപോലെ കാരണവരുടെ പേരും എൻ്റെ Ph.D. പരസ്യത്തിൽ അച്ചടിച്ചു വന്നിരുന്നല്ലോ. അതിൻ്റെ വാലിൽ കേറിയാണ് ചെയർമാൻ്റെ പിടിത്തം. ഇതേവാലുള്ള നമ്മൊളൊക്കെ സഹകരിക്കണമത്രേ.ഈ ലോകത്തു മറ്റാരും ഡോക്ടറേറ്റ് എടുത്തിട്ടില്ലാത്തപോലെ. എന്റെയറിവിൽ അക്കാലത്തുപോലും കേരളത്തിൽ നൂറുകണക്കിനാൾക്കാരാണ് വർഷാവർഷം Ph.D.യുമായിറങ്ങിയിരുന്നത്.
ആവാലിൽ അത്രക്ക് പിടുത്തം വന്നിട്ടില്ലാത്ത ഞാൻ ബാംഗൂരിലെ വിളിക്കു കാത്തു. ബാംഗ്ലൂർ വിളിച്ചു, പക്ഷെ തരാം എന്ന് പറഞ്ഞ കാശിനു ബാംഗ്ലൂരിൽ വീട് വാടകക്കെടുത്താൽ അഷ്ടിക്ക് സിറ്റിജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ തെണ്ടേണ്ട അവസ്ഥ സംജാതമാകും. നാറിയാലും നാട്ടിലല്ലേ എന്ന ചിന്തയിൽ കൊച്ചിക്കുവിട്ടു. ബിസിനസ് സ്കൂളിൽ പതുവു ഇന്റർവ്യൂ, ചെയർമാനും മറ്റുള്ളവരും ചോദ്യംചെയ്തു. വീട്ടിലേക്കുവിളിച്ച കരയോഗത്തിൻറെകാര്യം അഭിമുഖത്തിനിടയിൽ ആരും മിണ്ടിയില്ല. വേതനവ്യവസ്ഥകളിലേക്ക് വന്നപ്പോൾ മാത്രം എല്ലാപേരും പെട്ടെന്ന് മതനിരപേക്ഷരായി. കാശിന്റെ കാര്യം വന്നപ്പോൾ മാത്രം വിമതരായവർക്ക് പക്ഷെ ഒരൊറ്റ നിബന്ധനമാത്രം. ആശാന്റെ ചണ്ടാലഭിക്ഷുകിയിലെ ബുദ്ധഭിക്ഷുവിനെപോലെ കോളേജുസെക്രട്ടറി പറഞ്ഞു, ‘…ചോദിക്കുന്നു നിൻ ബുൾഗാൻ താടി വടിക്കഹോ.’ ജോലിവേണമെങ്കിൽ ബുൾഗാൻ താടി വടിക്കണം എന്ന്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തു പരിപാലിച്ചുകൊണ്ടിരുന്ന സാധനമാണ് നിസ്സാരമായി വടിക്കാൻ പറഞ്ഞുകളഞ്ഞത്.
ജോലി തന്നു. ജാതി ചോദിച്ചില്ല. താടിമാത്രം ചോദിച്ചു. കൊടുത്തു. താടിയും പഠിപ്പീരും തമ്മിലുള്ള അഭേദ്യമായ ബന്ധം അറിയാതിരുന്ന ഞാൻ ആ നിമിഷംവരെ ബുൾഗാൻ താടിവച്ചായിരുന്നു ഈ അഭ്യാസങ്ങളൊക്കെ. ‘ആഭാസി’ എന്ന് ഞാൻ സ്വയം ശാസിച്ചു. മീശകൂടി വടിക്കാൻ പറയുന്നതിനുമുൻപ് ഉടനെ ജോലിയിൽ പ്രവേശിച്ചു. ശമ്പളം ബാംഗ്ലൂരിൽ തരാം എന്നേറ്റതിലും കുറയും, പക്ഷെ കൊച്ചിയിൽ പഞ്ചനക്ഷത്രഹോട്ടലിൽ രണ്ടുദിവസം കഴിയാൻ തികയും. വീട് വാടകക്കെടുത്തു കഴിഞ്ഞാലും മുപ്പത് ദിവസം അരിവാങ്ങാനുംതികയും. പച്ചക്കറി, മൽസ്യം ആദിയായവ കൃഷിചെയ്യേണ്ടി വരും. എന്നാലും തെണ്ടേണ്ടിവരില്ല.
കിട്ടിയത് അർഹതയില്ലാത്ത ജോലിയാണെന്നതോന്നലോടെ ഈ സമയത്തും മറ്റുജോലികൾക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. പുതിയ ജോലികിട്ടിയത് വിദേശത്താണ്.
വീണ്ടും ചെയർമാന്റെ മുന്നിലെത്തി. രാജിവയ്ക്കുന്നതിലുള്ള ശോകം അഭിനയിച്ചുകഴിഞ്ഞപ്പോഴാണ് അക്കിടി മനസ്സിലായത്. ശിവാജി ഗണേശനെപ്പോലെ അഭിനയം കസറിയതുകൊണ്ടാണോയെന്നറിയില്ല. രാജിവെക്കേണ്ട എന്ന ആജ്ഞവന്നു. ലീവ്എടുത്താൽ മതി. ആയിക്കോട്ടെയെന്നു ഞാനും. വല്ലനാട്ടിലും പോകുന്നതല്ലേ, സ്വന്തം നാട്ടിൽ ഉറപ്പുള്ളൊരു ജോലികിടക്കുന്നതു നല്ലതാണെന്നു ഉൾവിളിയുണ്ടായി. എന്തുറപ്പ്! കണക്കിൽ കാണിക്കാൻ ഒര് പേരുകിടക്കട്ടെയെന്ന് മാത്രമേ ചെയർമാനും വിചാരിച്ചിട്ടുള്ളൂ എന്ന് പിൽക്കാലത്തു മനസ്സിലായി.
അന്ന് നാടുവിട്ടതാണ്. പിന്നെ നാട്ടിൽ ജോലിചെയ്തിട്ടില്ല. പതിനഞ്ചു വർഷമാകുന്നു. നാട്ടിൽ വീണ്ടും ജോലിയിൽ പ്രവേശിക്കാതിരിക്കാനുള്ള കാരണങ്ങൾ പലതാണെങ്ങിലും ഒരുകാരണം ടിയാൻ ചെയർമാൻ തന്നെയാണ്. വിദേശത്തെത്തി മൂന്നുനാലുവർഷം കഴിഞ്ഞു നാട്ടിൽ തിരിച്ചുവന്നാലോ എന്ന ചിന്തയിൽ ഇദ്ദേഹത്തെ വീണ്ടും ബന്ധപ്പെട്ടു. ലീവിൽ ആണെന്നാണല്ലോ വയ്പ്പ്. പ്രൈവറ്റ് കോളേജിൽ എന്ത് ലീവ്. ഒഴിവില്ലായെന്ന് ടിയാൻ. ഇനി ഒഴുവുണ്ടായാലും തരാമെന്നേറ്റ ശമ്പളത്തിന് പഞ്ചനക്ഷത്രം പോയിട്ട് സാദാഹോട്ടലിൽ പോലും രണ്ടുദിവസം തങ്ങാൻ കഷ്ടിയായിമാറിയിരുന്നു ഈസമയം നാട്ടിലെ വിലവിവരപട്ടിക നിലവാരം. എന്നാൽ നാട്ടിലേക്കുള്ള തിരിച്ചുവരവ് പിന്നെയാകട്ടെയെന്ന് ഞാനും വിചാരിച്ചു.
അതുപിന്നെ വന്നില്ല. വരുമായിരിക്കും.
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ