” ജീവിതം ചെന്നിനായകം നല്കിലും
നീയതും മധുരിപ്പിച്ചോരദ്ഭുതം “
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ” അഷിതോർമ്മ ” എന്നുള്ള പുസ്തകത്തിൽ കവയത്രി വിജയലക്ഷ്മി ടീച്ചർ എഴുതിയിട്ടുള്ള ആദ്യത്തെ വരികൾ ആണിത്. വെള്ളിനൂലുകൾ കെട്ടിയ തലപ്പാവുമായി മലയാളസാഹിത്യത്തെ കടന്നു പോയ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതത്തെ കുറിച്ച് പറയുവാൻ ഇത്രയും ഭംഗിയുള്ള വാക്കുകൾ ഇല്ലതന്നെ. അനന്യസാധാരണമായ സൂഷ്മദർശനത്തിന്റെയും, ഉള്ളുലയ്ക്കുന്ന രചനാവൈഭവങ്ങളുടേയും കഥാകാരിയായിരുന്നു അഷിത. നിശബ്ദയായി എഴുതിയിരുന്ന എഴുത്തുകാരിയുടെ അവസാനകാലത്തെ തുറന്നു പറച്ചിലുകളാണ്, ” അത് ഞാനായിരുന്നു അഷിത ” തുറന്നു വെയ്ക്കുന്നത്.
സാഹിത്യകാരന്മാരുടെ ആത്മകഥകൾ!! എന്നും ഒരുപക്ഷെ വായനക്കാർ ഇഷ്ടപ്പെടുന്ന ഒരു ഴോണർ ആകാം . അതൊരു എഴുത്തുകാരിയുടേത് ആകുമ്പോൾ സ്വാഭാവികമായും കൂടുതൽ താല്പര്യം ഉണ്ടായേക്കാം. മലയാളസാഹിത്യത്തിൽ ഒരുകാലത്ത് കോളിളക്കം സൃഷ്ടിച്ച
” എന്റെ കഥ – മാധവിക്കുട്ടി ” തന്നെ ഉദാഹരണം. കാലങ്ങൾ കടന്നു പോയിട്ടും ഇന്നും അതിന്റെ പതിപ്പുകൾ യഥേഷ്ടം വായിക്കപ്പെടുന്നത് തന്നെ ഉദാഹരണം.
മാധവികുട്ടിയുടെ ” എന്റെ കഥ ” പോലെ സ്വമേധയാൽ എഴുതിയ കഥയല്ല, ആഷിതയുടേത്. അതിനവർ മറ്റൊരാളെ നിയോഗിക്കുകയായിരുന്നു. ചോദ്യങ്ങൾ ചോദിക്കുക, ഉത്തരങ്ങൾ നൽകുക. അതായിരുന്നു അഷിത കണ്ടുപിടിച്ച രീതി. ഒരുപക്ഷെ ആത്മകഥ എഴുതുന്നതിൽ ഉപരി, ഈ സംഭാഷണം ഞാൻ ഉൾപ്പെടുന്ന വായനക്കാരെ ഞെട്ടിച്ചിരുന്നിരിക്കണം. തീർച്ചയാണ്.
” നീ എന്തിനാണ് എഴുതുന്നത്? മാധവികുട്ടിയാകുവാനാണോ? ” യാഥാസ്ഥിതിക പലകയുടെ മുകളിൽ ഇരുന്ന് ഈ ചോദ്യം നേരിട്ടുകൊണ്ടാണ് അഷിത എഴുതാൻ തുടങ്ങിയത്. എഴുത്തിൽ ആത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ശരീരം ഉണ്ടായിരുന്നില്ല. എന്നിട്ടും അവർ പഴി കേട്ടത്, മാധവിക്കുട്ടിയുടെ പേരിലാണ്. വീടിനുള്ളിൽ നാല് ചുവരുകൾക്കുള്ളിൽ ദശാബ്ദങ്ങളോളം ക്രൂശിക്കപ്പെടുമ്പോഴും ഒന്നും മിണ്ടാതെ സഹിക്കുവാൻ അവർക്ക് കരുത്ത് നൽകിയതെന്താകും? ഒരുപക്ഷെ എഴുതുക എന്നുള്ള അവരുടെ അതിതീവ്രമായ ആഗ്രഹം ആയിരുന്നിരിക്കാം.
അച്ഛന്റേയും അമ്മയുടെയും വാത്സല്യം അനുഭവിച്ച് വളരേണ്ടിയിരുന്ന പ്രായത്തിലേ, തന്നെ അഷിതയെ എവിടെയെങ്കിലും ഉപേക്ഷിക്കുവാൻ ശ്രമം നടത്തിയിരുന്ന, മാതാപിതാക്കളുടെ മുഖമാണ് അഷിത കണ്ടത്.
” അമ്മയ്ക്ക് കുട്ടിയോട് സ്നേഹം ഉണ്ടാവില്ലേ? “
എന്നുള്ള ചോദ്യത്തിന്,
” എന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലായിരുന്നു “
എന്ന് ലളിതമായി മറുപടി പറയുമ്പോൾ, ആ ലാളിത്യം അവരിൽ ഉണ്ടാക്കിയിരുന്ന മുറിവ് എത്ര ഭീകരമായിരുന്നുവെന്ന് വായനക്കാരന്റെ മനസ്സിൽ തെളിയുന്നു. അവരുടെ biological father ഏതോ പ്രസിദ്ധനായിരുന്ന സാഹിത്യകാരനായിരുന്നു എന്നുള്ള ചിന്തയാണ് അവരുടെ അച്ഛനിൽ അവരോട് വെറുപ്പ് ഉളവാകുവാനുള്ള കാരണം. അദ്ദേഹത്തിന്റെ മരണം വരേയും അദ്ദേഹം അത് വിശ്വസിച്ചു പോന്നിരുന്നുവെന്ന് അഷിത പറയുന്നു.
മെഡിസിന് പഠിക്കുവാൻ തീരുമാനിച്ചിരുന്ന പെൺകുട്ടിയുടെ മനസ്സിലേയ്ക്ക്, ഒരു സായാഹ്നപോക്കുവെയിൽ കടന്നുപോയത്, തന്റെ നിയോഗം ഒരിക്കലും അതല്ല, എന്നുള്ള ചിന്തയോട് കൂടിയാണ്. അവർ , തിരികേ തറവാട്ടിലേയ്ക്ക് എത്തുന്നത്, ” എനിക്ക് ഡോക്ടർ ആവണ്ട ” എന്നുള്ള തീരുമാനവും ആയിട്ടാണ്. ഒന്നും എഴുതാൻ പാടില്ല ന്ന് പറഞ്ഞു കൊണ്ട്, അവരെ മുറിയിൽ ആറുമാസത്തോളം പൂട്ടിയിട്ടു. മരുന്നുകൾ നൽകി, ഷോക്ക് ട്രീറ്റ്മെന്റുകൾ നൽകി.
” എഴുതിയാൽ ഭ്രാന്ത് വരുമെന്ന് പറഞ്ഞു എന്നെ പൂട്ടിയിട്ടു. ഞാൻ ചുവരിൽ നഖം കൊണ്ട് കവിതകൾ കോറിയിട്ടു. “ എന്നവർ പറഞ്ഞു വെയ്ക്കുന്നു.
ആദ്യത്തെ നോവൽ എഴുതിയ ശേഷം, അവരുടെ അച്ഛൻ അവരെ അടിച്ചതിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ, ആ അടിയേൽക്കുന്നത് വായനക്കാരന്റെ മനസ്സിന്റെ ആഴത്തിലും കൂടിയാണ്. മുറിവേൽക്കുന്നത് അവന്റെ മനസ്സിലും കൂടിയാണ്. പിന്നീട് റേഷൻ പോലെ അവർക്ക് പേപ്പറുകൾ എഴുതാൻ അനുവദിച്ചു. അതുകൊണ്ടാണ് തന്റെ കഥകൾ എല്ലാം ചെറുതായി പോയതെന്ന് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവർ പറയുന്നു.
” വ്യക്തി, കുറേ ഏകാന്തതയിലും, അതിന്റെ മുറിവിലും ഒറ്റപ്പെടുന്ന ഒരു അവസ്ഥയാണ് കഥകളിൽ ഉടനീളം കാണുന്നത് “
എന്നുള്ള ചോദ്യത്തിനും,
” ഒരു പെൺകുട്ടി അങ്ങനെ ആയിരുന്നു അന്ന്. ഇന്നത്തെ കുട്ടികൾക്ക്, അത് പറഞ്ഞാൽ മനസ്സിലാവില്യ. “
എന്നവർ പറഞ്ഞു വെയ്ക്കുമ്പോൾ അതിലുണ്ട് ഒരുപക്ഷെ അവരുടെ മറയ്ക്കപ്പെട്ട ഒരുപാട് ദുഃഖസത്യങ്ങളെന്ന് വായനക്കാരന് തിരിച്ചറിയാൻ കഴിയുന്നു.
പ്രണയം എഴുതുക എന്നുള്ള ഭാവം കഷ്ടിയാണെന്ന് പറഞ്ഞു വെയ്ക്കുന്നതിനൊപ്പം, സ്നേഹം ന്ന് എഴുതുമ്പോഴും അതിലെ സത്യമാണ് ഞാൻ തിരയുന്നതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഒരുപക്ഷെ ആ സത്യം തന്നെയാവണം, ഗുരു നിത്യചൈതന്യയതിയിലേയ്ക്ക് അവരെ അടുപ്പിച്ചത്. അങ്ങനെയൊരു ഗുരുവിനെ സിദ്ധിച്ചതായിരിക്കണം അവരുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തവും.
” ഗുരു വന്നശേഷം, ജീവിതത്തിൽ വന്ന മാറ്റങ്ങൾ? “ എന്ന് ചോദിക്കുമ്പോൾ,
” ഗുരു വന്നു കഴിഞ്ഞപ്പോൾ ലോകം എന്നെപ്പറ്റി എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമല്ലാതായി. എന്തും അവിടെ ചോദിക്കാം. ഉത്തരം കിട്ടും. ചിലപ്പോൾ മൗനമായിരിക്കും മറുപടി. അങ്ങനെയാണ് ഞാൻ ഗുരുവിന്റെ മൗനത്തെ വായിക്കാൻ പഠിച്ചത്. ഞാൻ ജനാലകൾ തുറന്നിട്ട ഒരു വീട് പോലെയായി. കഥയുടെ ഇതിവൃത്തങ്ങൾ മാറിപ്പോയി. “
എന്ന് അവർ പറഞ്ഞു വെയ്ക്കുന്നു. അതിൽ നിന്ന് വന്നിരുന്ന സ്നേഹം തന്നെയാകണം, ഒരുപാട് ദ്രോഹിച്ചിട്ടും അച്ഛന്റെ അവസാനകാലത്ത് അച്ഛനോട് സ്നേഹം മാത്രം പ്രകടിപ്പിക്കുവാൻ കഴിഞ്ഞതിലേക്ക് അവരെ നയിച്ചിട്ടുണ്ടാകുക.
ആത്മീയതയിൽ സ്നേഹമെന്ന ഭാവം കണ്ടെത്തിയ എഴുത്തുകാരിയെ ക്യാൻസർ അതിഭീകരമായി പിടികൂടുമ്പോഴും
” മതി. ഇത്രയും മതി ” യെന്ന് അവർ പൂർണ്ണമായും മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ടാകണം. അടുത്ത ജന്മത്തിൽ ആരാകണം എന്നുള്ള ചോദ്യത്തിന്, എഴുത്തുകാരിയാവരുത്. അലക്കുകാരിയായാലും വിരോധമില്ലെന്ന് പറയുമ്പോൾ, എഴുത്തുകാരി ആയി പോയതാകുമോ തന്റെ ബാല്യകാലമധുരങ്ങൾ ചവർപ്പ് ആയതെന്ന തോന്നൽ അവരെ അപ്പോഴും അലട്ടുന്നുവെന്ന് തിരിച്ചറിയാം. ആത്മസംഘർഷങ്ങളിൽ കനൽ പോലെ നീറിയെരിഞ്ഞും വേദനിച്ചും ഒരു എഴുത്തുകാരി സർഗ്ഗത്മകത കൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ഈ ആത്മകഥസംഭാഷണം തീർച്ചയായും വായനക്കാർ വായിച്ചിരിക്കേണ്ടതാണ്..!!
ജീവിതത്തിന്റെ റെക്കോർഡർ ഓഫ് ചെയ്തു വെച്ചുകൊണ്ട് അവർ ശാന്തമായി വായനക്കാരുടെ മനസ്സിൽ ഉറങ്ങുന്നു. ഏറ്റവും സ്വസ്ഥമായി.. മയിൽപീലി സ്പർശം പോലെ.. ഒന്ന് ഉറപ്പാണ്. ഒരു നുള്ളു കണ്ണുനീർ പൊഴിയാതെ, നിങ്ങൾക്ക് ഈ പുസ്തകം വായിച്ച് അടച്ചു വെയ്ക്കാൻ കഴിയുകയില്ല.
ഹരിത. ആർ. മേനോൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ