അവസാനിച്ചിടത്തുനിന്നായിരുന്നു തുടക്കം.
അവൾ പുതുവഴി തിരഞ്ഞെടുത്തപ്പോൾ
അവനകലം ലക്ഷ്യമിട്ടു
പോകുന്നിടമെല്ലാം
സഞ്ചാരത്തിലാണെന്നും
കാണുന്ന കണ്ണുകളിലെല്ലാം
കഥ ഉറങ്ങുന്നുവെന്നും അവനുതോന്നി.
കഥകളെ കണ്ണാടിയാക്കി പഠിച്ചുതുടങ്ങി.
വലിച്ചുനീട്ടിക്കെട്ടിയ ജീവിതം പെട്ടികളിലാക്കി
ദൂരമളന്നളന്നു
അകന്നുപോകുന്ന കാലുകൾ.
ഭാഷയോ വിശപ്പോ
ഉറക്കമോ അലട്ടാതെ,
ഒന്നിനും തിടുക്കപ്പെടാതെ,
വഴിയോരത്തെ ബഞ്ചിലിരുന്നു.
വയറും മുലയുമൊട്ടി വാലാട്ടിയടുത്തുവന്ന
ഒരു കൊടിച്ചിപ്പട്ടിയെ അന്നാദ്യമായവൻ
സ്നേഹത്തോടെ തലോടി.
ബിസ്‌ക്കറ്റുകൊടുത്തു.
ഉറങ്ങിപ്പോയതറിഞ്ഞതേയില്ല.
പിറ്റേന്ന്,കൂട്ടുകാരിയുടെ
കൊച്ചു ഗ്രാമത്തിലെത്തി.
അവളെ തല്ക്കാലം എൽസിയെന്ന് വിളിക്കാം.
കാറ്റ് കൊണ്ടുവന്ന എള്ളെണ്ണമണവും
ഇടവഴികളിലെ ഓലക്കുടിലും
ശ്വാസത്തെ ലളിതമാക്കിക്കൊണ്ടിരുന്നു.
കാട്ടുതേൻ തേച്ച് ചുട്ടെടുത്ത കിഴങ്ങും, തെളിനീരും
താമരയിലയിൽ സന്ധ്യയെ നുണഞ്ഞിറക്കി.
ഇറമ്പിലെ മരത്തിലെ
പഴുക്കാൻ മടിച്ചൊരു ഞാറയ്ക്ക പൊട്ടിച്ച്
വിജനമായ പൊന്തക്കാട്ടിൽ
വെളിയ്ക്കിരുന്നു.
കാലിയായ ബിയർകുപ്പികൾ ചിരിപ്പിച്ചു
പുലർന്നപ്പോൾ കെട്ടിപ്പിടിച്ചു
സ്നേഹം പറഞ്ഞു രണ്ടാളും പിരിഞ്ഞു.
ദേശങ്ങളിലേയ്ക്കും രുചികളിലേയ്ക്കും
പ്രിയപ്പെട്ടവരിലേക്കും സംഭവിച്ച യാത്രക്ക്
അന്നുമിന്നുമവൻ നൂറ് മാർക്കിട്ടു.
റാണി സുനിൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ