2021 ജനുവരി 31, ഞായറാഴ്‌ച

അവൾ


 

അവൾ ഓടുകയായിരുന്നു. നിർത്താതെ.

അവൾക്ക് പിന്നിൽ അവളെ പിന്തുടർന്ന് ഒരുപാടു പേർ.

അവർ ചെറുതും വലുതുമായ കല്ലുകൾ അവളെ ലക്ഷ്യമാക്കിയെറിഞ്ഞു.

വഴിയിൽ വെറുതെ നിന്നവരും ആൾക്കൂട്ടത്തോടൊപ്പം ചേർന്ന് എന്തിനെന്നറിയാതെ അവളെയെറിഞ്ഞു.

മരണ വെപ്രാളത്തോടെ അവൾ പാഞ്ഞപ്പോൾ, ചില കല്ലുകൾക്കേ ലക്ഷ്യത്തിലെത്താനായൊള്ളു.

കേട്ടു വളർന്ന കഥയിൽ ‘നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ’യെന്നു പറഞ്ഞ് അദ്ദേഹമിപ്പോൾ എത്തേണ്ടതായിരുന്നു.ഇപ്പോൾ വരുമായിരിക്കും .ഓട്ടത്തിനിടയിലും അവൾ പ്രതീക്ഷിച്ചു.

“നീ പാപിയാണ്. മരണമാണതിന്റെ ശിക്ഷ” ആൾക്കൂട്ടം ആക്രോശിച്ചു.

പതുക്കെ അവളുടെ കാലുകൾക്ക് വേഗം നഷ്ടമായി.

ദേഹത്തെ മുറിവുകളിൽ നിന്നും ചോരയൊലിച്ചിറങ്ങി.

അവൾ തളർന്നു വീണു.

പിന്നെ കല്ലുകളുടെ പേമാരി.

ഇതുവരെ ലക്ഷ്യത്തിലെത്താത്ത ഏറുകാരനും വിജയത്തിന്റെ മധുരം. കാഴ്ച നഷ്ടമാവും മുമ്പ് കണ്ണുകൾ വലിച്ചു തുറന്ന് മുന്നിൽ നിന്നവരെ ഒന്നുകൂടി നോക്കി.

എത്രയോ രാത്രികളിൽ തന്നോടൊപ്പം പാപം ചെയ്തവർ…

അവളുടെ മുറിഞ്ഞ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

ജീവന്റെ അവസാന തുടിപ്പുമകലാൻ തുടങ്ങവേ അദ്ദേഹമെത്തി.

“അങ്ങിതുവരെ എവിടെയായിരുന്നു?” വളരെ പ്രയാസപ്പെട്ട് അവൾ ചോദിച്ചു.

“അതിനു ഞാനെങ്ങും പോയില്ലല്ലോ.ഇവിടെത്തന്നെയുണ്ട്.” ആ രാത്രിയുടെ വാടകക്കാരൻ ആലസ്യത്തോടെ പറഞ്ഞു.

പാതിയുറക്കത്തിൽ നിന്നുണർന്ന അവൾ, അരികിൽ വീണ്ടുമുറക്കത്തിലേക്കു വീണ പാപിയെ നോക്കി നെടുവീർപ്പിട്ടു.

ഉറക്കത്തിലും, കൊടുത്ത വാടക മുതലാക്കണമെന്നപോലെ അയാളുടെ കാലും കയ്യും അവളെ വരിഞ്ഞിരുന്നു.

അയാളുടെ ഉച്ഛ്വാസത്തിൽ ഒരുപാടു കല്ലുകൾ അവൾക്കു നേരേ പാഞ്ഞു ചെന്നു.

“നീ പാപിയാണ്. മരണമാണതിന്റെ ശിക്ഷ”. പാപി ഉറക്കത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു.


അനിൽകുമാർ എം.ബി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ