2021 ജനുവരി 31, ഞായറാഴ്‌ച

മകൾ


 

“ദേവു ഒന്നിങ്ങട് വരിക, നിന്നെ കാണാൻ ദേ ഭാനു അമ്മായി വന്നിരിക്കണ്.”

അമ്മാളുവിനോട്‌ ചേർന്നു പറ്റി കിടന്നിരുന്ന ദേവനന്ദ അമ്മയുടെ വിളി കേട്ട് എഴുന്നേറ്റ് കട്ടിലിലിരുന്നു. ഒരു നിമിഷം ആലോചിച്ചിട്ട് അവൾ അലസതയോടെ മുൻവശത്തേക്ക് നടന്നു.

“നീ ആകെ കോലം കെട്ടല്ലോ ദേവൂ, നിനക്കവിടെ അത്ര വയ്യായിരുന്നോ? “

സഹതാപത്തിന്റെ മേമ്പൊടി വിതറി അവർ തന്റെ പച്ച ഇറച്ചിയിലേക്ക് തുളച്ചു കയറാൻ ശക്തിയുള്ള ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുകയാണെന്ന് ഓർത്തതും അവൾ ചിരിച്ചു.

ഈശ്വരാ !!

താൻ ചിരിക്കുന്നു. ദേവനന്ദ ചിരിക്കുന്നു…

തനിക്ക് ഇപ്പോഴും ചിരിക്കാൻ കഴിയുന്നു.

പക്ഷേ ഇത് പണ്ടത്തെ ദേവൂട്ടിയുടെ മുത്തുകിലുക്കം പോലുള്ള ചിരിയല്ല, ഇഷ്ടപ്പെട്ട പലഹാരം കാണുമ്പോഴോ, ഭംഗിയുള്ള വസ്ത്രം കാണുമ്പോഴോ അല്ലെങ്കിൽ എഴുതിയ പരീക്ഷകളിൽ പലതിലും ഒന്നാമത് എത്തിയപ്പോൾ ചിരിച്ച ചിരിയോ അല്ല.

പകരം ഇത് നെഞ്ചിൽ ഒരു നെരിപ്പോടെരിച്ചും കൊണ്ട് നിൽക്കുന്നവളുടെ ഇട നെഞ്ചിലേക്ക് കുറച്ച് അവ്യക്ത മന്ത്രങ്ങൾ ഉരുവിട്ട് വീണ്ടും നെയ്യൊഴിക്കുമ്പോൾ ആളിപടരുന്ന തീ ഗോളങ്ങൾ പോലെ പൊള്ളുന്ന ചിരിയാണ്.

അതെ കനലിൽ ചവിട്ടി നിൽക്കുമ്പോൾ തന്നെ ആൾക്കൂട്ടത്തിൽ വച്ച് പരിഹസിക്കപ്പെടുക കൂടി ചെയ്യുമ്പോൾ ചിരിക്കുന്ന ചിരിയുണ്ടല്ലോ … അതുപോലാണ് താനിപ്പോൾ ചിരിച്ചത് എന്ന് അവൾക്കു തോന്നി.

“കുഞ്ഞ് ഉണർന്നെന്നു തോന്നുന്നു “

എന്ന് പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ അമ്മായി അമ്മയോട്

ചോദിക്കുന്നണ്ടായിരുന്നു

“പിരിയാൻ തന്നെ തീരുമാനിച്ചോ.”

“ഉം!അവൾ അതിൽ തന്നെ ഉറച്ചു നിൽക്കുവാണ്. എന്ത് ചെയ്യാനാ ഓരോ തലേലെഴുത്ത്, ഈ കുടുംബത്തിന്റെ മാനം പോയി.”

ഖേദത്തോടെ അമ്മയത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അവളുടെ കൈകൾ സിഗരറ്റ് കുറ്റികൾ പൊള്ളിയടർത്തിയ തന്റെ അടിവയറ്റിലെ വടുക്കളിൽ അറിയാതെ തൊട്ടു.

“എങ്ങനെയാണ് നിങ്ങൾ വളർത്തിയ മകൾ നിങ്ങളുടെ അടുത്തേക്ക് ജീവനും കൊണ്ട് ഓടി വരുമ്പോൾ നിങ്ങളുടെ അഭിമാനം ചോർന്നു പോകുന്നത്.”

“നിങ്ങൾ തന്നെ ആലോചിച്ച്, അന്വേഷിച്ച് അവൾക്കായി കണ്ടെത്തിയ വരൻ ഏറെ മാനസിക വൈകൃതങ്ങൾ ഉള്ള ഒരാളാണെന്ന് വൈകിയാണെങ്കിലും അറിയുമ്പോൾ, ഇരുപത്തി രണ്ടു കൊല്ലം നിങ്ങൾ വളർത്തിയ മകളെ

ആ പേക്കൂത്തുകളിൽ നിന്നും രക്ഷിക്കുമ്പോൾ നിങ്ങൾ എന്തിനാണ് നാട്ടുകാരുടെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരുമെന്ന് ഭയക്കുന്നത്.”

ഒരു കൊടുങ്കാറ്റു പോലെ ഉമ്മറത്തേക്ക് ഓടി ചെന്ന് ഇതെല്ലാം ഉച്ചത്തിൽ ചോദിക്കണം എന്ന് അവൾ ആശിച്ചു.

പക്ഷേ കഴിയില്ല തനിക്ക് ഇപ്പോൾ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു.

തന്റേതല്ലാത്ത കാരണങ്ങളാൽ ആണെങ്കിലും താനിപ്പോൾ ഭർത്താവ് ഉപേക്ഷിച്ചവളാണ്.

“ദേവൂ നിനക്കറിയാമോ “…അവൾ അവളോട് തന്നെ ചോദിച്ചു

” ഒരു സ്ത്രീ ഭർത്താവിനാൽ തൃപ്ത ആയിരിക്കുമ്പോൾ അവൾ എല്ലാവരാലും തൃപ്തയായിരിക്കും. അല്ലാത്ത പക്ഷം അവൾ ആരാലും തന്നെ അംഗീകരിക്കപ്പെടാൻ പോകുന്നില്ല, പ്രത്യേകിച്ചും വിവാഹശേഷം പെണ്മക്കളെ വെറും വിരുന്നുകാരി ആയി മാത്രം പരിഗണിക്കുന്ന വീട്ടുകാരാൽ പോലും “

അമ്മാളുവിനെ അമ്മയെ ഏല്പിച്ച് കോടതിയിലേക്ക് ഇറങ്ങുമ്പോൾ അമ്മ ചോദിച്ചു.

“ഒന്നു കൂടി ആലോചിച്ചിട്ട് പോരെ”

അത് കേട്ടപ്പോൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ രാത്രികളിലെ ഓർമ്മകളിൽ അവൾക്ക് ഭയന്ന് കരയാൻ തോന്നുകയും, അതേ സമയം തന്നെ ഡേവിസ് തോമസ് എന്ന തന്റെ അധ്യാപകന്റെ പ്രൊപോസൽ വീട്ടുകാർക്ക് വേണ്ടി തള്ളി കളഞ്ഞ ആ നിമിഷത്തെ ഓർത്ത് തന്നോട് തന്നെ പരിഹാസത്തോടെ ചിരിക്കാനും തോന്നി.

ഒന്നും മിണ്ടാതെ പോകാൻ തുടങ്ങുന്ന അവളെ നോക്കി അന്തം വിട്ട് അമ്മ വീണ്ടും ചോദിച്ചു

“നീ ഒറ്റക്കോ?? അച്ചനെക്കൂടി കൂട്ടി പോയാൽ പോരെ?.”

“വേണ്ടമ്മേ

ഇനിയുമൊരുപാട് പോകേണ്ടി വരും.

അച്ചന് മടുപ്പാകും ഞാൻ ഒറ്റയ്ക്ക് പോയ്ക്കൊള്ളാം.”

കത്തുന്ന വെയിലിലേക്ക് ഇറങ്ങുമ്പോൾ തിരിച്ചറിഞ്ഞു ജീവിതം തുടങ്ങുന്നേയുള്ളു.

ഒറ്റവരി പാത പോലുള്ള നെടുനീളൻ ജീവിതത്തിന്റെ നേർകാഴ്ച്ചയിൽ ആദ്യമൊന്നു പതറിയെങ്കിലും ദേവനന്ദ മുന്നോട്ട് തന്നെ നടന്നു.

കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്ത് തിരിച്ചു വന്ന് ആദ്യം ചെയ്തത് മടക്കി ഒതുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ എടുത്ത് വീണ്ടും പഠിക്കാൻ തുടങ്ങുക എന്നുള്ളതായിരുന്നു.

ബിരിദാനന്തര ബിരുദവും, പഠനത്തിലെ പ്രാഗൽഭ്യവും, രാവ് പകലാക്കിയുള്ള പരിശ്രമവും കൊണ്ട് ബാങ്ക് ടെസ്റ്റിന്റെ മത്സര പരീക്ഷകളിൽ ആദ്യ റാങ്കിൽ എത്തുകയും ജോലി ഒന്ന് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

വർഷം മൂന്ന് കഴിഞ്ഞു. അമ്മാളുവിന് നാലു വയസ്സായി.

അമ്മാളുവിന്റെ ചിരിയിലും കൊഞ്ചലിലും വിഷാദം മൂടിയിരുന്ന അമ്മയുടെയും, അച്ഛന്റെയും, ഏട്ടന്റെയും മനസ്സും, അപമാനഭാരത്താൽ തല കുനിഞ്ഞു നിൽക്കുന്ന ഈ വീടിന്റെ ഉള്ളകങ്ങളും തളിർക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

എന്നാലും അപ്പോഴും എവിടെയൊക്കെയോ തനിച്ചാക്കപ്പെടുന്നതിന്റെ ഒരു നോവിൽ അവൾ നീറി പിടയുന്നുമുണ്ടായിരുന്നു.

“നാണു ബ്രോക്കർ വിളിച്ചിട്ടുണ്ടായിരുന്നു.

നന്ദന്റെ ആ കല്യാണം അവർക്ക് വേണ്ടെന്ന് പറഞ്ഞു. ” ഒരിക്കൽ അച്ഛൻ അമ്മയോട് തെല്ലുറക്കെ പറയുന്നത് അവൾ കേട്ടു.

തെല്ലിട മൗനത്തിനു ശേഷം

“ആഹ് !കെട്ടിച്ചു വിട്ട പെങ്ങളൊരുത്തി വീട്ടിലുണ്ടെന്നറിയുമ്പോൾ ആരായാലും ഒന്നുകൂടി ആലോചിക്കും”

എന്ന് അച്ഛൻ കൂട്ടി ചേർക്കുമ്പോൾ അമ്മയത് ശരി വക്കുന്നുണ്ടായിരുന്നു.

ഒരു മതിലിനപ്പുറം താൻ ഉണ്ടെന്നറിഞ്ഞിട്ടും അവർ അത് ഉറക്കെ പറയുന്നത് താൻ കേൾക്കാൻ വേണ്ടി തന്നെ അല്ലേ. നോവിന്റെ ഒരു കടൽ അവളുടെ നെഞ്ചിൽ ആർത്തിരമ്പി.

ഒരാഴ്ചക്കുശേഷം തന്റെയും അമ്മാളുവിന്റെയും ഡ്രെസ്സ് എടുത്തു വക്കുന്നത് കണ്ട് അമ്മ ചോദിച്ചു.

“നീ ഇതെങ്ങോട്ടാണ്.?”

“ഞാൻ ബാങ്കിനടുത്ത് ഒരു ഫ്ലാറ്റിലേക്ക് മാറാമെന്നു കരുതി. അമ്മാളുവിനെ ഇനി സ്കൂളിലും ചേർക്കാമല്ലോ. അവിടെ ഒരു സെർവന്റിനെ കൂടി നിർത്തണം.”

“നീ ഇത് എന്ത് ഭാവിച്ചാണ്. നാട്ടുകാർ എന്ത് പറയും.”അമ്മ ശബ്ദമുയർത്തി ചോദിച്ചു.

ഇതുവരെ ഇല്ലാത്ത അത്രയും ഉച്ചത്തിൽ, ഇത്രയും നാളത്തെ അവഗണനയുടെ രോഷവും അമർഷവും എല്ലാം കൂടി അമ്മക്ക് മറുപടി ആയി പറഞ്ഞു തീർക്കുമ്പോൾ അമ്മ ഉത്തരമില്ലാതെ കണ്ണു തുടച്ചു, അച്ഛൻ മുഖം താഴ്ത്തി, അമ്മാളു ഭയന്നു വിറച്ച് തന്നെ നോക്കിയിരുന്നു.

പിറ്റേന്ന് താമസസ്ഥലത്തിന്റെ അഡ്രസ് എഴുതിയ കടലാസ് അച്ഛനെ ഏല്പ്പിച്ച് അമ്മാളുവിനേം കൂട്ടി പടിയിറങ്ങുമ്പോൾ അവൾ

ഒരാശ്വാസത്തിനെന്നവണ്ണം മനസ്സിൽ ഉറക്കെ പറഞ്ഞു. “ഈ ലോകം സ്ത്രീകൾക്കും കൂടി വേണ്ടിയുള്ളതാണ്, ഭർത്താവും, വീട്ടുകാരും ഉപേക്ഷിച്ചവർക്കും

സമൂഹം അവഗണിക്കുന്നവർക്കും അന്തസ്സോടെയും, അഭിമാനത്തോടെയും കൂടി ജീവിക്കാൻ കൂടി വേണ്ടിയുള്ളതാണ്.”


അവൾ അമ്മാളുവിനെ ചേർത്ത് പിടിച്ച് യാത്ര തുടർന്നു.


സൗമ്യ മുഹമ്മദ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ