പാതിരാത്രിയിലെ ഭീകരാക്രമണം…ആരും പേടിക്കണ്ട! ഞാൻ കാര്യം സധൈര്യം കൈകാര്യം ചെയ്തു….! തൊട്ടടുത്തു കിടന്നുറങ്ങിയയാൾ പോലും അറിയാതെ തന്നെ!! ഭാര്യ അറിഞ്ഞിരുന്നെങ്കിൽ ആകെ പുലിവാൽ ആയേനെ എന്നത് സത്യം. ഇന്ന് ഈ നിമിഷം വരെ അവൾ അത് അറിഞ്ഞിട്ടില്ല. അവളെന്നല്ല, ആരും…!!!
വീട്ടിലെ ഇളയ സന്താനമല്ലേ അവൾ? അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ ആൾക്കു താങ്ങാൻ കഴിയില്ല. അതുകൊണ്ടീ കാര്യവും രഹസ്യമായി ഇരിക്കുന്നതാണ് നല്ലത് (എന്റെ ആരോഗ്യത്തിന്…)
എന്റെ പ്രിയതമ ബീന നല്ല ഒരു ഭക്ഷണപ്രിയയാണ്. പ്രത്യേകിച്ചും സീ ഫുഡ്. എനിക്കാണെങ്കിൽ കണവ, കൊഞ്ച്, ഞണ്ട് തുടങ്ങിയ നികൃഷ്ട ജീവികളെ ഇഷ്ടമേയല്ല. അതുകൊണ്ടു തന്നെ എന്നെ നോക്കിയിരുത്തിക്കൊണ്ട് ഇതൊക്കെ കടിച്ചു പറിക്കുന്നത് അവളുടെ ഒരു ക്രൂരവിനോദവുമാണ്. ഇക്കാര്യത്തിൽ അവളുടെ എല്ലാ ഗുണവും കിട്ടിയിട്ടുണ്ട്, ഞങ്ങളുടെ കനിഷ്ടപുത്രൻ ശ്രീക്കുട്ടന്. ഈ ഭീകരാക്രമണത്തിനു ഞാൻ ഇരയായത് ഞങ്ങൾ പുതുതായി താമസം മാറിയ വീട്ടിൽ വെച്ചാണ്. വിവാഹം കഴിഞ്ഞ് ഏകദേശം പത്തു വർഷത്തോളം ഞങ്ങൾ പല പല വാടക വീടുകളിൽ ആയിരുന്നു വാസം. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ. ആദ്യപുത്രൻ ജനിച്ചയുടൻ ബീനയുടെ ജോലി സ്ഥലമായ പുല്ലാട് എന്ന ഗ്രാമത്തിന്റെ ഉള്ളറയിലെ ഒരു ഇരുനിലഭവനത്തിന്റെ മുകൾ നിലയിലെ പരിമിതമായ സൗകര്യത്തിൽ ഒരു വർഷത്തോളം. ബാങ്കിനടുത്ത് നല്ല സൗകര്യമുള്ള മറ്റൊരു വീട് കിട്ടിയപ്പോൾ അങ്ങോട്ട് മാറാൻ ഒട്ടും ചിന്തിക്കേണ്ടി വന്നില്ല. അവിടെ സസുഖം കഴിയവേ ഒരു രാത്രി വീട്ടുടമസ്ഥയായ ഉഷച്ചേച്ചി ഞങ്ങളെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചു, കരയിച്ചു! ഒരു മാസത്തിനുള്ളിൽ വീട് ഒഴിഞ്ഞു കൊടുക്കണമത്രേ!!! അവരുടെ ചേച്ചിയുടെ മകന് താമസിക്കാൻ.
ഇതിനിടയിൽ ശ്രീക്കുട്ടനും ജനിച്ചിരുന്നു. രണ്ടു പിറുങ്ങിണി പിള്ളേരും അവരുടെ തന്തതള്ളമാരും….! പാവങ്ങൾ എങ്ങോട്ടു പോകും? അപ്പോൾ ഞങ്ങളുടെ രക്ഷക്കായി അവതരിച്ചു…നാട്ടിൽ അമേരിക്കൻ അമ്മച്ചി എന്നറിയപ്പെടുന്ന, ബീനയുടെ ബാങ്കിലെ ഒരു പ്രധാന കസ്റ്റമർ ആയിരുന്ന ഒരമ്മച്ചി. അക്കാലത്തു പുല്ലാട്, കുമ്പനാട് ഏരിയ ഒക്കെ അറിയപ്പെടുന്നത് അവിടങ്ങളിലെ വിദേശ മലയാളികളുടെ ബാഹുല്യത്താൽ ആണ്. മിക്ക വീടുകളിലും ഒരാൾ എങ്കിലും ഉണ്ടാവും ഏതെങ്കിലുമൊക്കെ അന്യരാജ്യങ്ങളിൽ. ഗൾഫ് നേക്കാൾ അന്നാട്ടുകാരെ മാടി വിളിക്കുന്നത് അമേരിക്കയും യൂറോപ്പും ആസ്ട്രേലിയയും ഒക്കെയാണ്. അങ്ങനെ.
മക്കളൊക്കെ വിദേശത്തുള്ള അമേരിക്കൻ അമ്മച്ചി അറുപിശുക്കി ആയിരുന്നെങ്കിലും ആയമ്മയ്ക്ക് ബീനയെ എന്തുകൊണ്ടോ ഇഷ്ടമായിരുന്നു.
അവൾ അങ്ങനെ അമ്മച്ചിയോട് വിശേഷം പറഞ്ഞവഴിക്കു വീടിന്റെ കാര്യവും വെറുതെ ഒന്ന് സൂചിപ്പിച്ചു. അമ്മച്ചിയുടെ സഹോദരന്റെ മകൻ പണിത് വെറുതെ ഇട്ടിരിക്കുന്ന വീട് എന്തായാലും പുള്ളിക്കാരി ഞങ്ങൾക്കായി സംഘടിപ്പിച്ചു തന്നു. ഒരു പുതിയ ഒറ്റനില വീട്. നേരത്തെ താമസിച്ചിരുന്ന വീടിന്റെ അടുത്ത് തന്നെ.
അങ്ങനെ ഒരു മാർച്ച് മാസത്തിൽ ഞങ്ങൾ പുതിയ വീട്ടിലേക്കു മാറി. ഈ പുതുപുത്തൻവീട്ടിൽ വച്ചാണ് മേൽ പറഞ്ഞ ഭീകര സംഭവം നടക്കുന്നത്.
ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ ഒരു ഫോൺ കാൾ. ബീനയുടെ അമ്മ വരുന്നുണ്ട്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ചെന്ന് വിളിച്ചു കൊണ്ട് വരണം. അമ്മായി അമ്മ ഇടയ്ക്കിടെ ഇങ്ങനെ വരാറുള്ളതാണ്. മോൾക്കുള്ള എന്തെങ്കിലും സ്പെഷ്യൽ ഐറ്റംസ് ഒക്കെ ഉണ്ടാവും കയ്യിൽ.
അങ്ങനെ രാത്രി അത്താഴമൊക്കെ കഴിഞ്ഞു, ഉറങ്ങാൻ കിടന്നു. അമ്മയുള്ളതുകൊണ്ടു ഞാൻ ബെഡ് റൂമിനു പുറത്തു നിലത്തു പായ വിരിച്ചാണ് കിടന്നത്. കൂടെ ഹരിക്കുട്ടനും. അമ്മയും മകളും കുഞ്ഞു വാവയും കൂടി കട്ടിലിൽ. ഹാളിൽ കിടന്നാൽ രാത്രി ടീവി കാണാം എന്ന ദുരുദ്ദേശവും ഉണ്ട്. (FTV ഒക്കെ ഉണ്ടല്ലോ…..) അങ്ങനെ രാത്രി കിടന്നു കൊണ്ട് ചാനലുകൾ മാറി മാറി നോക്കി. ഏതോ ഒരു സിനിമാ ചാനലിൽ ബ്രോംസ്റ്റോക്കറുടെ ”ഡ്രാക്കുള!!” പണ്ട് രണ്ടു മൂന്നു തവണ പകുതി കണ്ടു നിർത്തി പേടിച്ചു വിറച്ചു പനി പിടിച്ചതും പിന്നെ കാണാൻ ധൈര്യപെട്ടിട്ടില്ലാത്ത്തുമായ പടം…. അങ്ങനെ വിട്ടാൽ പറ്റില്ല… ഞാനിപ്പോൾ പഴയ പേടിത്തൊണ്ടൻ അല്ല.. പിന്നെ കൂടെ ഹരിക്കുട്ടൻ ഉണ്ടല്ലോ എന്നും ഒക്കെ ഓർത്തു ചാനൽ പിന്നെ മാറ്റിയില്ല. കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ ഹരിക്കുട്ടനുണ്ട് കൂർക്കം വലിച്ചുറക്കം. മൂന്നു വയസായ അവനുണ്ടോ ഡ്രാക്കുളയും ലിസയും? ഉള്ളിൽ പേടി തോന്നുന്നുണ്ടോ? ഏയ്..! കൈ കാൽ ഒക്കെ കുറേശെ വിറക്കുന്നോ……? ഇല്ലില്ല. ഞാൻ കല്ലുപോലെ നിൽക്കും!!
ഡ്രാക്കുള ലിസയുടെ ചോര കുടിക്കുന്ന സീൻ…. എന്റെ തൊണ്ട വരണ്ടു….. കുറച്ച് ചോര… അയ്യോ! അല്ല വെള്ളം…അങ്ങനെ പേടിച്ചാലോ….? ഞാൻ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു… ലൈറ്റ് ഇട്ടു. അവിടെ കമിഴ്ത്തിവച്ച ഒരു വലിയ ചരുവത്തിന്റെ മേൽ വെള്ളം നിറച്ച ജഗ്. ആഹാ! സൗകര്യമായി. ഗ്ലാസ് നോക്കിയിട്ട് കണ്ടില്ല. ജെഗിൽ ഇരുന്ന ചോര… അല്ല വെള്ളം മുഴുവൻ തൊണ്ടക്ക് കമിഴ്ത്തി…! ഓ! എന്തൊരു സമാധാനം. ചോർന്നു പോയ ധൈര്യം തിരികെ വന്ന പോലെ….!! ലൈറ്റ് ഓഫ് ആക്കി ഞാൻ തിരിച്ചു വന്നു കിടന്നു.
ടീവി യിൽ ലിസി രക്ത ദാഹിയായി അലറുന്ന സീൻ…ഈ ഓലപാമ്പു കണ്ടൊന്നും ഞാൻ പേടിക്കൂല… എന്നു മനസിൽ പറഞ്ഞതും കറൻ്റ് പോയതും ഒന്നിച്ചായിരുന്നു.
പേടിയൊന്നുമില്ലെങ്കിലും വെറുതെ ഒരു തമാശയ്ക്ക് തല വഴി പുതപ്പിട്ടു കണ്ണുമടച്ചു ഞാൻ കിടന്നു….. ആഹാ എന്നോടാ കളി!!!! ലിസ ഇപ്പം ഇങ്ങോട്ടു വന്നാൽ എന്നെ കാണാൻ പറ്റത്തില്ലല്ലോ!
മോൻ പേടിക്കാതിരിക്കാൻ അവനെ കെട്ടിപ്പിടിച്ചു… കണ്ണിറുക്കിയടച്ചു ഞാൻ ഉറക്കം കാത്തു കിടന്നു…..
കറൻ്റു വന്നു. ഇനി ടീവീ തുറക്കുന്നില്ല. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ഓരോന്ന് പടച്ചിറക്കുന്ന ഈ സിനിമാക്കാരെ നിർത്തി നിർത്തി വെടിവച്ചു കൊല്ലണം! അല്ല പിന്നെ!!
ഒന്നു മയങ്ങിക്കാണും…..എന്തോ താഴെ വീഴുന്ന മുഴങ്ങുന്ന ശബ്ദം കേട്ടു ഞാൻ ഞെട്ടി ഉണർന്നു. കണ്ണ് തുറന്നു നോക്കി. ചുറ്റും ഇരുട്ട് മാത്രം. ആ ശബ്ദം ഞാൻ വ്യക്തമായി കേട്ടതാണല്ലോ. അടുക്കളയിൽ നിന്നാണോ? ഞാൻ കാതോർത്തു. അതേ… അടുക്കളയിൽ പ്രേതബാധയോ… അതൊന്നറിയണമല്ലോ…. പെട്ടെന്ന് എവിടുന്നോ എനിക്ക് വല്ലാത്ത ധൈര്യം…
മോനെ ഉണർത്താതെ ഞാൻ പതിയെ എഴുന്നേറ്റു. മാർജാരപദവിന്യാസത്തോടെ അടുക്കളയിൽ എത്തി. കള്ളനെ.. പ്രേതത്തെ കയ്യോടെ പിടിക്കണം!! ഒന്നുകിൽ ലിസ.. അല്ലെങ്കിൽ ഞാൻ…. രണ്ടിലൊന്നറിഞ്ഞിട്ട് തന്നെ…..തപ്പി തപ്പി അടുക്കളയിലെ ലൈറ്റ് കത്തിച്ചു. എന്റെ ഊഹം എത്ര കൃത്യം!!!!
സ്റ്റീൽ ചരുവം അതാ തറയിൽ വീണു കിടക്കുന്നു. പക്ഷേ എങ്ങനെ? പേടിയോടെ ധൈര്യം സംഭരിച്ച് ഞാൻ ചുറ്റും കണ്ണോടിച്ചു. ചരുവം മറിച്ചിട്ടയാൾ അനിക്സ്പ്രേ പോലെ???? പൊടിപോലുമില്ല കണ്ടു പിടിക്കാൻ!!!
ചരുവം എടുത്തു മുകളിൽ വയ്ക്കാൻ മുന്നോട്ടാഞ്ഞ ഞാൻ….. ഒന്നു ഞെട്ടി…. സ്വപ്നമോ അതോ യാഥാർഥ്യമോ? അതാ ചരുവം എന്റെ നേർക്കു നിരങ്ങിനീങ്ങുന്നു….. അതേ… എന്റടുത്തേക്ക് എന്നേ എടുത്തോ എന്നു പറയുന്ന പോലെ…. പതുക്കെ നീങ്ങുന്നു….. ഞാൻ അലറി വിളിച്ചു… ശബ്ദം പുറത്തു വന്നില്ലെന്നു വേണം കരുതാൻ….ധൈര്യമായി തിരിഞ്ഞോടി….പായിൽ വന്നു വീണു…
ഒന്നുമറിയാതെ മോൻ കിടന്നുറങ്ങുന്നു.
അവനെ ചേർത്ത് പിടിച്ചു ഞാൻ വീണ്ടും കിടന്നു. ഇപ്പോൾ ചുറ്റും പേടിപ്പിക്കുന്ന നിശ്ശബ്ദത…..!!! പക്ഷെ…..ഞങ്ങൾ അഞ്ചുപേർ അല്ലാതെ വേറെ ആരൊക്കെയോ വീട്ടിനുള്ളിൽ ഉണ്ടെന്ന ഒരു തോന്നൽ. ആരുടെയൊക്കെയോ കാൽ പെരുമാറ്റം കേട്ട പോലെ. എന്റെ പാവം ഹൃദയം പട പട ഇടിച്ചു…
പെട്ടെന്നാണ് അത് സംഭവിച്ചത്!!!!! പുതപ്പിനു വെളിയിലേക്കു നീണ്ടു നിന്ന എന്റെ പാദത്തിൽ….. അതേ എന്റെ പാദത്തിൽ പതിയെ ആഴ്ന്നിറങ്ങുന്ന ലിസയുടെ പല്ലുകൾ……!!!! അല്ല, തോന്നിയതല്ല…. ശരിക്കും എന്റെ രക്തം വലിച്ചു കുടിക്കുകയാണ് !!!! ലിസ കഴുത്തിലല്ലേ കടിക്കേണ്ടത്? ഇതൊന്നും ആലോചിക്കാൻ സമയമില്ല!
ദൈവമേ…. എന്നെ പരീക്ഷിക്കുവാണോ? ”അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും……” അമ്മ പഠിപ്പിച്ചതിൽ ചിലതൊക്കെ മറന്നു എന്നു തോന്നുന്നു. ഏയ് ഇല്ല!! ഓർത്തിട്ടു വേണ്ടേ മറക്കാൻ?? കണ്ണ് തുറക്കാൻ ധൈര്യമില്ലാതെ ഞാൻ മോനെ ഒന്നുകൂടി കെട്ടിപ്പിടിച്ചു. അവനു പേടി ആയാലോ??? എന്റെ പാദത്തിൽ വീണ്ടും ആഴ്ന്നിറങ്ങുന്ന അവളുടെ പല്ലുകൾ….. ഇനി രക്ഷയില്ല… പെട്ടെന്ന് എന്റെ നാലു ചുറ്റും ആരൊക്കെയോ നടക്കുന്നതായി തോന്നി… ശക്തമായ തോന്നൽ. ഒരാളല്ല!!! ചുറ്റും ആരൊക്കെയോ നടക്കുന്നതായി വ്യക്തമായി എനിക്ക് അറിയാൻ കഴിഞ്ഞു. എന്ത് ചെയ്യും??? ഇതിലും ശക്തമായി എനിക്ക് കണ്ണുകൾ പൂട്ടാൻ കഴിയില്ല. ഹൃദയമിടിപ്പ് എന്റെ ചെവിയിൽ മുഴങ്ങുന്നു. ഫാനിന്റെ ചുവട്ടിലും ഞാൻ വിയർത്തു കുളിച്ചു.
ഇനി വയ്യ..! താങ്ങാവുന്നതിനും അപ്പുറമായാണ് ഈ വിഹ്വലത!!! ഞാൻ കണ്ണ് തുറന്നു. എന്തും വരട്ടെ……!! വീട്ടിലെ സ്ത്രീകളും കുട്ടികളും ഒക്കേ എന്റെ സംരക്ഷണയിലാണ്. അങ്ങനെയുള്ള വീരകേസരിയായ ഞാൻ പേടിക്കാനോ!! അങ്ങനെ എഴുന്നേറ്റു ഞാൻ ലൈറ്റ് ഓൺ ചെയ്തു. അപ്പോൾ കണ്ട രംഗം…..
ഇളയ മകൾക്കുവേണ്ടി ‘അമ്മ പൊതിഞ്ഞു കെട്ടിക്കൊണ്ടുവന്ന ജീവനുള്ള ഞണ്ടുകൾ, തങ്ങളെ തടങ്കലിൽ പാർപ്പിച്ച സ്റ്റീൽ ചരുവത്തിൽ നിന്നും പുറത്തു ചാടി…. വെള്ളം നിറച്ച ജഗ് എടുത്തു മാറ്റി അവരെ തടവു ചാടാൻ സഹായിച്ച എൻ്റെ കാലു പിടിച്ച്
ഉമ്മ വെച്ചു നന്ദി പ്രകടനം നടത്തിയതായിരുന്നു എന്ന് ഡ്രാക്കുള കണ്ടു ലിസയെ സ്വപ്നം കണ്ടു കിടന്ന ഞാനുണ്ടോ അറിയുന്നു????.
സുനിൽകുമാർ വിശ്വനാഥൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ