2022 നവംബർ 26, ശനിയാഴ്‌ച

മൂക്കിലെ ദശവളർച്ച

 


മൂക്കിലെ ദശവളർച്ച എന്നു കേൾക്കുമ്പോൾ തന്നെ ഓപ്പറേഷൻ എന്നാണു എല്ലാവരുടേയും പൊതു ധാരണ.

എന്താണു മൂക്കിലെ ദശ?

മൂക്കിൽ വളരുന്ന വേദനയില്ലാത്ത മൃദുവായ വളർച്ചകളെയാണു പോളിപ്പുകൾ അഥവാ ദശകൾ എന്നു വിളിക്കുന്നത്.കഞ്ഞി വെള്ളം നിറഞ്ഞിരിക്കുന്ന ഒരു സഞ്ചിപോലെയാണിന്തിന്റെ ഘടന.

നേർത്ത ഒരു തണ്ടിൽ തൂക്കിയിട്ട മുന്തിരിങ്ങ പോലെയാണിതിന്റെ ആന്തരിക ഘടന. അലർജിയുള്ളവരിലും അതുമൂലമുള്ള ശ്വാസം മുട്ടൽ ഉള്ളവരിലും സൈനുസൈറ്റിസ്, സിസ്റ്റിക് ഫൈബ്രോസിസ്, ആസ്പരിൻ അലർജി. ചർഗ് സ്റ്റ്രൗസ് സിൻഡ്രം (Churg-Strauss syndrome) എന്നീ രോഗങ്ങളുടെ കൂട്ടായും മൂക്കിൽ പോളിപ്പുകൾ വരാം. പാരമ്പര്യമായും രോഗം വരാം.

പ്രധാന ലക്ഷണങ്ങൾ

മൂക്കൊലിപ്പ്,വായിൽ കഫം വന്നുകൊണ്ടിരിക്കുക, മണം അറിയാതിരിക്കുക, അതുകൊണ്ടുതന്നെ രുചിയും അറിയില്ല. മൂക്കിന്റെ കടഭാഗത്ത് വേദന. മൂക്കിൽ നിന്നു ദുർഗന്ധം, കൂർക്കം വലി , മൂക്കടപ്പ്, ഭാഗീക ശ്വസന തടസ്സം മുതൽ പൂർണ്ണമായും ആ നാസദ്വാരം അടയുന്നതു വരെയുള്ള അവസ്ഥകൾ വരാം.

എല്ലാ മൂക്കടപ്പും ദശ വളർച്ച കൊണ്ടല്ല. മൂക്കിന്റെ പാലത്തിന്റെ വളവും, മൂക്കിനുള്ളിലുള്ള ടർബിനേറ്റെസ് എന്നു പേരുള്ള ചില ഭാഗങ്ങളുടെ വളർച്ചയും മൂക്കിലെ ശ്രവങ്ങൾ കട്ടയാകുന്നതും മൂക്കിൽ എന്തെങ്കിലും ബാഹ്യ വസ്തുക്കൾ കടത്തിവയ്കുന്നതും മൂക്കടപ്പിനു കാരണമാകാം.

പോളിപ്പു കൊണ്ടുവരാവുന്ന പ്രശ്നങ്ങൾ പ്രധാനമായും ഉറക്കത്തിൽ ശ്വാസം നിന്നു പോകുന്നതുപോലെ തോന്നി ഉറക്കത്തിൽ നിന്നും പെട്ടന്ന് ഞെട്ടിയുണരുക, ആസ്ത്മയും സൈനസൈറ്റിസും ഇടയ്ക്കിടെ വരുക എന്നിവയാണ്.

ഇതു മൂത്ത് ക്യാൻസർ ആവുകയൊന്നുമില്ല. പക്ഷെ നമ്മെ വല്ലാതെ ശല്യപ്പെടുത്താനും സ്വരവ്യത്യാസം വരുത്താനും ഇതു മതി. പോളിപ്പുകൾ ശരീരത്തിന്റെ പല ഭാഗത്തും വരാം. ചെവിക്കുള്ളിലും ഗർഭപാത്രത്തിലുമൊക്കെ വരാറുണ്ട്.

മോഡേൺ മെഡിസിനിൽ പോളിപ്പിന്റെ വലിപ്പം കുറയ്ക്കുന്ന കോർട്ടിക്കോ സ്റ്റീറോയിഡ് സ്‌പ്രേകളും, ഒടുവിൽ സർജറിയുമാണു നിർദ്ദേശിക്കുന്നത്. ഓപ്പറേഷൻ ശാശ്വത പരിഹാരമല്ല. ചിലരിലെങ്കിലും പോളിപ്പ് തിരികെ വരാറുണ്ട്. അടിസ്ഥാന കാരണങ്ങളെ കൂടി മാറ്റിയാലെ രോഗം പൂർണ്ണമായി മാറുകയുള്ളു. രോഗികൾ അവർക്ക് അലർജിയുണ്ടാക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. പകവലിയും, രാസ ഗന്ധങ്ങളും ഒഴിവാക്കുക. നേരിയ ഉപ്പു വെള്ളതുള്ളികൾ മൂക്കിൽ ഒഴിക്കുന്നത് ആശ്വാസം നല്കും.

അകത്തും പുറത്തും വരാം. ഹോമിയോപ്പതിയിൽ ശരീര പ്രത്യേകതയ്ക്കാണ് പ്രാധാന്യം നൽകുന്നത്‌. ആ പ്രകൃതം മാറിയിട്ടില്ലെങ്കിൾ ഓപ്പറേഷൻ ചെയ്താലും അവ വീണ്ടും വരാം. മറ്റു സ്ഥലങ്ങളിലും വരാം. ഹോമിയോപ്പതിയിൽ പോളിപ്പുകളുടെ വലിപ്പം കുറയ്ക്കാനുതകുന്ന മരുന്നുകളും മൂക്കിലൊഴിക്കുന്ന തുള്ളിമരുന്നുകളും രോഗം വീണ്ടും വരാതിരിക്കാനുതകുന്ന മരുന്നുകളും ലഭ്യമാണ്.


ഡോ. ടി.ജി. മനോജ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ