2022 നവംബർ 26, ശനിയാഴ്‌ച

ആത്മം

 


വലതു കൈത്തണ്ടയിൽ കുത്തിയ കാനുലയിലേക്ക് വീണു കിടന്ന സാരിത്തലപ്പ് ശ്രദ്ധാപൂർവ്വം എടുത്തു മാറ്റുമ്പോൾ അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

ആശുപത്രിയുടെ മൂകതയും മണവും തങ്ങി നിൽക്കുന്ന കാഷ്വാലിറ്റി വാർഡിൽ മധ്യവയസ്സ് കഴിഞ്ഞ ആ  അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. വാർഡാകെ വിരസമായ മഞ്ഞവെളിച്ചം പരന്നു കിടന്നു. അയാൾ ഇടയ്ക്കിടെ അത്യധികം പരിഭ്രമത്തോടും വെപ്രാളത്തോടും മയങ്ങിക്കിടക്കുന്ന ആ അമ്മയെ നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഡ്രിപ് അഡ്ജസ്റ്റ് ചെയ്യാൻ വന്ന നഴ്‌സിനോട് അദ്ദേഹം വെപ്രാളത്തിൽ എന്തോ ചോദിച്ചു.

“അച്ഛൻ വിഷമിക്കാതെ, അമ്മക്കൊന്നൂല്ല. ചെറിയൊരു പ്രെഷർ വേരിയേഷൻ. സമാധാനമായിരിക്കൂട്ടോ..”

അയാൾ തലയാട്ടി അത് ശരിവച്ചുകൊണ്ട് അവർക്കരികിലായി ബെഡിൽ ഇരുന്നു. കുറേനേരം കണ്ണിമയ്ക്കാതെ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന്, പെട്ടന്ന് എന്തോ ആലോചിച്ചമട്ടിൽ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. പഴയ ഒരു നോക്കിയ ഫോൺ ആയിരുന്നു അത്. ആരുടെയോ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു.

“നീ എത്താറായോ?”

അപ്പുറത്തെ മറുപടി കിട്ടിയപ്പോൾ അടുത്ത ചോദ്യം.

“പൈസയല്ല ഇപ്പൊ അവക്കാവശ്യം. നീ എപ്പോ എത്തും അത് പറ?”

അപ്പുറത്തെ മറുപടി അദ്ദേഹത്തെ അത്ര തൃപ്തിപ്പെടുത്തിയതായി തോന്നിയില്ല.

“ആ ശരി, എത്രയും പെട്ടെന്ന് വാ ” എന്നും പറഞ്ഞു ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടു. വീണ്ടും ആ സ്ത്രീയുടെ മുഖത്ത് നോക്കി ഇരിപ്പായി. ഐശ്വര്യം നിറഞ്ഞ മുഖമുള്ള ഒരമ്മയായിരുന്നു അത്. ക്ഷീണിതമെങ്കിലും മുഖത്ത് ഒരു ചെറു ചിരി തങ്ങി നിൽക്കുന്ന പോലെ. ആരായാലും ഒന്ന് നോക്കിപ്പോകും. അരിക് പിഞ്ചി തുടങ്ങിയ നേർത്ത വെള്ളികസവുള്ള ഒരു ഇളംനീല ഷിഫോൺ സാരിയായിരുന്നു അവരുടുത്തിരുന്നത്. ആശുപത്രി വാർഡിന്റെ മടുപ്പിക്കുന്ന മഞ്ഞച്ച വെളിച്ചത്തിലും അവരൊരു മാലാഖയെപ്പോലെ തോന്നിച്ചു.

പെട്ടെന്ന് അദ്ദേഹം ഒരാന്തലോടെ ഞെട്ടി എഴുന്നേറ്റ് ‘സിസ്റ്റർ, സിസ്റ്റർ ‘ എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി.

ഡ്യൂട്ടി നഴ്സ് ഓടി വന്ന് എന്തുപറ്റിയെന്ന് ചോദിച്ചു.

“സൂചി കുത്തിയപ്പോൾ നിങ്ങൾ ശ്രദ്ധിച്ചില്ലേ? നോക്കൂ കൈ വീർത്തു വന്നിരിക്കുന്നു. ഡ്രിപ് കയറുന്നില്ലന്ന് തോന്നുന്നു.”

അദ്ദേഹം വെപ്രാളത്തോടെ ആ അമ്മയുടെ കൈപിടിച്ചു കാണിച്ചു. കാനുല ഇട്ടിരുന്ന ഭാഗം തടിച്ചു വീർത്തിരുന്നു.

“പേടിക്കണ്ട അച്ഛാ, അമ്മേടെ കൈ അനങ്ങിയിട്ടുണ്ടാവും. അതിപ്പോ ശരിയാക്കാം”

“എങ്ങനെ അനങ്ങാൻ. ഞാൻ നോക്കിയിരിക്കല്ലേ ഇവ്ടെ. വേഗം എന്തേലും ചെയ്യ് മോളെ..”

“അച്ഛൻ കുറച്ചുനേരം ഒന്നു പുറത്ത് നിൽക്കൂ. ഞാനിതൊന്ന് മാറ്റി കുത്തട്ടെ. പേടിക്കാതെ.”

ഒന്ന് മടിച്ചുനിന്ന ശേഷം അദ്ദേഹം പുറത്തേക്ക് പോയി. ഡ്രിപ് ശരിയാക്കിയ ശേഷം സിസ്റ്റർ അദ്ദേഹത്തോട് അകത്തേക്ക് വന്നുകൊള്ളാൻ പറഞ്ഞു.

“ഈ കൈ വീർത്തത് മാറുന്നില്ലല്ലോ.” അദ്ദേഹം ആധിയോടെ പറഞ്ഞു.

“ദാ ഈ ഓയിന്മെന്റ് പുരട്ടി കൊടുക്ക് കയ്യിൽ. കുറച്ച് നേരത്തിനുള്ളിൽ വീർപ്പു മാറിക്കൊള്ളും”

അദ്ദേഹത്തിന്റെ കയ്യിൽ ഓയിന്മെന്റ് വെച്ചു കൊടുത്തു സിസ്റ്റർ പോയി.

കുറച്ച് ഓയിന്മെന്റ് എടുത്ത് വളരെ ശ്രദ്ധാപൂർവ്വം ഒരു കുഞ്ഞിന്റെ കൈത്തണ്ടയിൽ എന്നപോലെ അദ്ദേഹം അവരുടെ കയ്യിൽ പുരട്ടി. അപ്പോഴും അദ്ദേഹത്തിന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പിന്നെ ഡ്രിപ് ഓരോ തുള്ളിയായി വീഴുന്നതും നോക്കി ഇരുന്നു. ഇടയ്ക്ക് കൈത്തണ്ടയിൽ ചെറുതായി തലോടിക്കൊണ്ടിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും കൈ പഴയപടി ആയിരുന്നു.

ഡ്രിപ് ഏകദേശം തീരാറായപ്പോഴേക്കും അമ്മ മയക്കത്തിൽ നിന്ന് ഉണർന്നു.

“ബുദ്ധിമുട്ടായീ,ല്ലേ?” അവർ ക്ഷീണിച്ച സ്വരത്തിൽ അദ്ദേഹത്തോട് ചോദിച്ചു.

“എന്ത് ബുദ്ധിമുട്ട്? നീയെന്തിനാ ഈ വയ്യാണ്ട് പശൂനെ അഴിച്ചു കെട്ടാനും മറ്റും പോകുന്നത്. അതൊക്കെ ചെയ്യാൻ അവിടെ ആളുണ്ടല്ലോ. വീണുകിടന്നത് ആരും കണ്ടില്ലായിരുന്നെങ്കിലോ?”

അതിന് മറുപടിയായി അവരൊന്ന് ചിരിക്കുക മാത്രം ചെയ്തു.

“എനിക്കൊന്നൂല്ല.”

“നീയങ്ങനെയേ പറയൂ. ഇതിപ്പോ എനിക്കിന്ന് അങ്ങാടീലേക്ക് ആ വഴി പോകാൻ തോന്നിയതു നന്നായി. അതോണ്ട് കണ്ടു.”

“അതിപ്പോ നിങ്ങള് എല്ലാ ദിവസോം അതിലെ അല്ലേ പോകുന്നെ?” അവർ ചിരിയോടെ ചോദിച്ചു.

“ആ, എന്തിനും ഒരു ന്യായം. അല്ലേലും ന്യായം പറയാൻ പണ്ടേ നീ മിടുക്കിയാണല്ലോ..”

“ഇതെപ്പോ തീരും? എനിക്കിപ്പോ കുഴപ്പൊന്നൂല്ല. നമുക്ക് പോകാം.”

“ആ പോകാം. ഇത് തീർന്നാൽ പോകാം ന്നാ ഡോക്ടർ പറഞ്ഞത്. അപ്പോഴേക്കും ശ്രീയും ഇങ്ങെത്തും.”

“പോന്നിട്ടുണ്ടോ അവിടുന്ന്?”

“പോന്നൂന്നാ പറഞ്ഞത്. വിളിച്ചു പറഞ്ഞിട്ടിപ്പോ നേരം എത്രയായി! എത്തേണ്ട സമയം കഴിഞ്ഞു. നിനക്കവനോട് വീട്ടിൽ നിന്ന് പോയിവരാൻ പറഞ്ഞുകൂടെ?”

“പറയുന്നുണ്ട്. ശിവേട്ടനറിയാല്ലോ ബിസിനസ് ആണ് ആ തലേൽ മുഴുവൻ.”

“ഉം, ദാ അവൻ എത്തീന്ന് തോന്നുന്നു. വിളിക്കുന്നുണ്ട്.” അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തു.

“ങാ നീയിങ്ങ് കാഷ്വാലിറ്റിയിലേക്ക് പോര്. ഇവ്ടെ ശ്യാമയെ മാത്രേ അഡ്മിറ്റ് ചെയ്തിട്ടുള്ളു.”

അൽപ്പസമയത്തിനുള്ളിൽ വളരെ ഫോർമൽ ആയി വസ്ത്രം ധരിച്ച പ്രൗഢ ഭാവങ്ങളുള്ള  ഒരു മധ്യവയസ്കൻ അങ്ങോട്ട് കടന്നുവന്നു.

ആ അമ്മയുടെ അടുത്ത് വന്നു കയ്യിൽ മെല്ലെ തൊട്ടുകൊണ്ട് ചോദിച്ചു.

“എങ്ങനെയുണ്ടിപ്പോ?”

“നല്ല ഭേദം ണ്ട് ശ്രീയേട്ടാ. ഡ്രിപ് തീരാറായി, നമുക്ക് വീട്ടിൽ പോകാം.”

“ആ പോകാം, നീ സമയത്തു കണ്ടത് ഉപകാരമായി ശിവാ. തെക്കേ പറമ്പിലേക്കൊന്നും അസമയത്ത് പോവല്ലേന്ന് പറഞ്ഞാ ഇവള് കേൾക്കില്ല. നോക്കിക്കോ ആ പശൂനെ വിൽക്കാൻ ഞാൻ ഏർപ്പാടാക്കുന്നുണ്ട്. നിന്റെ കൂട്ടുകാരിയല്ലേ ഒന്നുപദേശിക്ക്. വയസാവുമ്പോ അടങ്ങിയിരിക്കാൻ.”

“ഞാനത് പറഞ്ഞു ശ്രീ. വാശിക്കാരിയല്ലേ നിന്റെ പ്രിയതമ. നീ തന്നെ ഉപദേശിച്ചാൽ മതി”

പെട്ടന്ന് അദ്ദേഹത്തിന്റെ ഫോൺ റിംഗ് ചെയ്തു.

വീട്ടിന്നാണ് എന്ന് പറഞ്ഞു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു.

“ആ ഞാനിതാ വരുന്നു. നീ പേടിക്കാതെ”

“എടാ ഞാനിറങ്ങുന്നു. അവിടെ വെപ്രാളം തുടങ്ങി കാണാഞ്ഞിട്ട്. ശ്യാമേ വരട്ടെ. മരുന്നൊക്കെ കൃത്യമായി കഴിക്ക്.”

ചെറിയൊരു ചിരിയോടെ അവർ തലയാട്ടി.

“എടാ കാശ് കുറച്ച് ചെലവായില്ലേ നിന്റേന്ന്, എത്രയായി? ഞാൻ അക്കൗണ്ടിൽ ഇട്ടേക്കാം”

“അതൊക്കെ പിന്നെ പറയാം. നീയിപ്പോ അവളെ നോക്ക്. കുറച്ച് ദിവസമൊക്കെ വീട്ടിൽ നിൽക്ക് ശ്രീ. മക്കളും അടുത്തില്ല. നീ ആർക്കുവേണ്ടിയാ ഇങ്ങനെ ഓടുന്നെ?”

അതിനയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു, “നീ പോയിട്ട് വാ.”

വാർഡിൽ നിന്ന് പുറത്തേക്കിറങ്ങിയ ശേഷം തിരിഞ്ഞു നിന്ന് അദ്ദേഹം അവരെ ഒന്നുകൂടെ ഒന്ന് നോക്കി.

അയാളപ്പോൾ ഒരു കസേര വലിച്ചിട്ട് അവരുടെ അടുത്തിരിക്കുകയായിരുന്നു, കയ്യിൽ മെല്ലെ തലോടിക്കൊണ്ട്.

ഒരു നെടുവീർപ്പോടെ തിരിഞ്ഞു നടക്കുമ്പോൾ ഡ്യൂട്ടി നഴ്സിനോട് ഡ്രിപ് തീരാറായി എന്നോർപ്പിക്കാൻ അദ്ദേഹം മറന്നില്ല.


 

ജിസ പ്രമോദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ