2022 നവംബർ 26, ശനിയാഴ്‌ച

ഹിതം അവിഹിതമാകുമ്പോൾ

 



നീ എനിക്കു നൽകിയ എല്ലാ സന്തോഷങ്ങൾക്കും പകരം ദു:ഖം വിളമ്പുമെന്ന് എനിക്കറിയാം. ചിലപ്പോൾ അതിലധികവും. നമുക്കിടയിൽ അളവുകളില്ലായിരുന്നു വല്ലോ..

സുമംഗലി എന്ന തുണിക്കടയിൽ നിന്ന് കുറച്ചു നേരത്തേ ഇറങ്ങാൻ അനുവാദം വാങ്ങിയിരുന്നു സുനന്ദ .അവൾ അവിടത്തെ സെയിൽസ് ഗേളാണ്.വെയിൽ ചാഞ്ഞു തുടങ്ങിയ നിരത്തിലേക്കിറങ്ങുമ്പോൾ അവൾ ഓർത്തു ..

അയാൾ അവിടെ കാത്തു നിൽക്കുന്നുണ്ടാകും. ഗ്രേ പാൻ്റ്സും നീല ചെക്ക് ഷർട്ടും.കൂടെ ബൈക്കും.ഇവിടെ നിന്ന് അമ്പതു മീറ്റർ നടന്നാൽ അയാൾ കാത്തു നിൽക്കുന്ന കവലയിലെത്താം.

നേരിട്ടു കണ്ടിട്ടില്ല ഇതുവരെ.ഒരു FB സൗഹൃദം ഇത്രത്തോളം വളർന്നതെങ്ങനെയെന്നും അറിയില്ല. പിന്നോട്ട് നടന്നാൽ കാണുക ഒരു പക്ഷേ ആരുടെയെങ്കിലും ഒരു ഹായ് വിളിയാകാം.ഒരു ശുഭദിന ആശംസയാകാം.പിന്നീട് വാക്കുകൾ തിരിച്ചും മറിച്ചു മിട്ട് വിളമ്പിയ ചില പ്രണയരതിചിത്രങ്ങളാകാം. എന്നിട്ടും നേരിൽ കാണണമെന്നു പറഞ്ഞപ്പോൾ മനസ്സൊന്നു പതറി. വന്നില്ലെങ്കിൽ സൗഹൃദം അതോടെ നഷ്ടപ്പെടുമെന്നു പറഞ്ഞപ്പോൾ വഴങ്ങേണ്ടി വന്നു.

അവൾ അടുത്തു ചെന്നപ്പോൾ അത് അവൾ തന്നെയല്ലേ എന്നയാൾ ഉറപ്പു വരുത്തി.മഞ്ഞ സാരിയിലെ കറുത്ത പൂക്കൾ.കറുത്ത ബ്ലൗസ് .ഞാൻ ഒരാളുടെ മുഖമാണ് ശ്രദ്ധിക്കാറ് എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു കൊടുത്ത മറ്റൊരു അടയാളം.താടിയിൽ കറുത്തൊരു മറുക് .

അയാൾ രണ്ടു ജൂസിനു ഓർഡർ കൊടുത്തു. ഒരു ഗ്ലാസ് അവൾക്കു നീട്ടി.തണുപ്പാ സ്വദിച്ചു കുടിച്ചു കൊണ്ടിരിക്കേ അവൾ ചോദിച്ചു: നമുക്ക് ഇവിടെ നിന്ന് സംസാരിച്ചാൽ പോരേ.

“ഫോണിലായാലും മതിയായിരുന്നല്ലോ. പിന്നെയെന്തിനു ഇവിടെ വന്നു? എനിക്കു തന്നെ കുറച്ചു സമയം സ്വകാര്യമായി കിട്ടണം. അതിനാണു വിളിച്ചത്.അധികദൂര മില്ല. ഞാൻ ഒരു സ്ഥലം കണ്ടു വെച്ചിട്ടുണ്ട്. “

നഗരം കഴിഞ്ഞതോടെ അതൊരു കാട്ടുവഴിയായി. ഉണങ്ങിയ ഇലകൾ മെത്ത വിരിച്ച ഇരുവശങ്ങളിലും കാടുവളർന്ന അരണയും ഓന്തും എത്തിനോക്കുന്ന ഒരു വ ന ഭൂമി. അവിടവിടെ കാടുമൂടി കിടക്കുന്ന ചെറിയ കെട്ടിടങ്ങൾ .

“നീ ആ കെട്ടിടങ്ങൾകണ്ടോ. മെഡിക്കൽ കോളേജിലെ സ്റ്റാഫിനുവേണ്ടി നിർമ്മിച്ച കോർട്ടേഴ്സുകളാണ് അവയൊക്കെ.അവരുടെ പട്ടികിടക്കില്ല അതിലൊന്നും “

ശരിയാണ്. ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ മറ്റെന്തോ കുടി പാർക്കുന്നു. പ്രേതബാധിത ഭവനം പോലെ കാഴ്ചക്കാരിൽ പേടി നിറയ്ക്കുന്നു

” എനിക്കു വേഗം പോകണം. ആറരയ്ക്കു മുമ്പ് വീട്ടിലെത്താറുണ്ട്.”

“വന്നില്ല. അതിനു മുമ്പ് തിരക്കായി. ” അയാൾ പരിഭവം പറഞ്ഞു.

” ഞാൻ ഇന്നലെ ഇവിടെ വന്നിരുന്നു. എല്ലാം ഒന്നു ശരിയാക്കണ്ടെ”

വണ്ടി നിന്നത് പഴയൊരു കെട്ടിടത്തിനു മുമ്പിലാണ്. ആൾ പാർപ്പ് ഒഴിഞ്ഞിട്ട് അധികകാലമായില്ലെന്നു തോന്നുന്നു. മുറ്റത്ത് ചില ചെടികളുടെ അവശേഷിപ്പ് അപ്പോഴുമുണ്ട്.

അയാൾ മുറി തുറന്നു അകത്തു കടന്നു .ഒരു കട്ടിലിൽ കിടക്ക വിരിച്ച് വൃത്തിയാക്കിയിട്ടിരിക്കുന്നു.

” ഒന്നു വേഗം കുളിച്ചു വരൂ.. ” അയാൾ അരുമയോടെ പറഞ്ഞു.

“കുളിക്കാനോ? എന്തിന്? ഞാനൊന്നും കരുതിയിട്ടില്ല”

“പഴയൊരു ഓർമ പുതുക്കാനാണ്. ഞാനെല്ലാം കരുതിയിട്ടുണ്ട്. ” അയാൾ ബാഗിൽ നിന്ന് തോർത്തും ചെറിയൊരു ചന്ദ്രിക സോപ്പുമെടുത്തു.

“എനിക്കു വേഗം പോണം.” അവൾ വീണ്ടും പറഞ്ഞു.

“വേഗം കുളിച്ചാൽ വേഗം പോകാം.” അയാൾ പറഞ്ഞു.

കുളികഴിഞ്ഞ് പുറത്തിറങ്ങിയ അവളുടെ മുടി ഒന്നുകൂടി തോർത്തി വിടർത്തിയിട്ടത് അയാളാണ്.

“കുറച്ചു കൂടി മുടിയുണ്ടായിരുന്നു “അയാൾ പിറുപിറുത്തു.

കൺമഷിയുടെ അളുക്കെടുത്ത് വിറയ്ക്കുന്ന വിരലുകൊണ്ട് കണ്ണെഴുതി കൊടുത്തു. നെറ്റിയിൽ പാതി മാഞ്ഞ സിന്ദൂരക്കുറി

” ഇനി കിടന്നോളൂ”

“പോകാം. എനിക്കു പേടിയാകുന്നു. എന്നെ കുട്ടികൾ കാത്തിരിക്കും. ഭർത്താവും വരാറായി. “

“നിനക്കു ഭർത്താവുണ്ടായിരുന്നോ? നീയതു പറഞ്ഞില്ലല്ലോ.എന്താണ് അയാളുടെ പണി?

” കെട്ടിടം പണി “

“എന്നെപ്പോലെ തന്നെ.രാവിലെ ഏഴരയ്ക്കു പണിക്കിറങ്ങി വൈകുന്നേരം ആറുമണി വരെ കല്ലും മണ്ണും ചുമന്ന്… അതു കഴിഞ്ഞ് കുളിച്ച് ഭാര്യയുടേയും മക്കളുടെയുമടുത്തേക്ക് ഓടിയെത്തുന്ന ഒരു സാധാരണ മനുഷ്യൻ അല്ലേ?”

“പ്ലീസ്.. എനിക്കു പോണം.” അവൾക്കു കണ്ണീർ മുട്ടി.

“ഇറങ്ങി വന്നപ്പോൾ ഇതൊന്നും ഓർത്തില്ലായിരുന്നോ? ഇനി ഇവിടെ കിടക്ക് “അയാൾ വിരൽ ചൂണ്ടി. അവളെ കിടക്കയിൽ കിടത്തി അയാൾ പറഞ്ഞു

“ഈ കിടക്കുന്നത് നീയല്ല; എൻ്റെ ഭാര്യയാണ്. അടുത്തു കിടക്കുന്നത് ഞാനല്ല, അവളുടെ ജാരനാണ്.”

ഇരുട്ടുവീണ മുറിയാണ്. ബാഗിൽ നിന്നു കത്തിയെടുത്ത് അവളുടെ ഇടതു മുലയുടെ താഴേക്ക് ആഞ്ഞു കുത്തി. കത്തി താഴ്ന്നിറങ്ങുമ്പോൾ അവിടെയൊരു ബലിതർപ്പണം നടക്കുകയായിരുന്നു…

പ്രണയത്തിൻ്റെ.കാമത്തിൻ്റെ.പിന്നെ ഒരു ചതിയുടേയും ..



വിലാസിനി രാജീവൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ