2023 ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

ആപേക്ഷികത!

 




“Be not afraid of greatness. Some are born great, some achieve greatness, and others have greatness thrust upon them.” ― William Shakespeare, Twelfth Night.

ഷേക്സ്പിയറിനെന്തും പറയാമല്ലോ! ആരെങ്കിലും മഹാന്മാരായി ജനിക്കുന്നുണ്ടോയെന്നറിയില്ല, എന്നാൽ മഹത്വം വരിക്കുന്നവരെയും, ആരോപിക്കപ്പെടുന്നവരെയും നമുക്കറിയാം. കാലത്തിനു മുൻപേ സഞ്ചരിച്ച ചിലർ മഹത്വം വരും തലമുറകൾക്ക് മറന്നു വച്ചുപോകും. മറന്നുവച്ചതു ചിലപ്പോൾ മരണം തിരികെ വച്ചുപോകും.

“വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപന്നമായ്‌ കഴുകനെന്നു, കപോതമെന്നും?” എന്ന് കവി ചോദിച്ചത് ചില സമയങ്ങളിലെങ്കിലും അസത്യമാകുന്നു. ചില വേടന്മാർ കപോതങ്ങളെയും വിശുദ്ധമാക്കിക്കളയും.

പക്ഷെ എനിക്കുതോന്നുന്നത് വിശുദ്ധീകരണത്തിനു കാരണം വെറും ആപേക്ഷികമാണ് എന്നതാണ്. ബ്രഹ്മാണ്ഡം മുഴുവൻ അപേക്ഷികത്തിന്റെ ഗുരുത്വാകർഷണത്തിൽ കറങ്ങുന്ന വെറും പമ്പരമാണെന്നു ആൽബർട്ട് ഐൻസ്റ്റൈനും, ഗലീലിയോയുമൊക്കെ പറഞ്ഞു തന്നതുതന്നെ കാര്യം.

ഇതേ തത്വങ്ങൾ തന്നെ ഭൂമിയിലും. മനുഷ്യർ എങ്ങനെ മണ്ണിൽ കാലൂന്നി നേർക്കുനേർ നിന്ന് പരസ്പരം കണ്ടും കൊണ്ടും കൊടുത്തും ചരിക്കുന്നത്; രാഷ്ട്രീയ തമോഗര്‍ത്തങ്ങളിൽ (Black holes) എത്തിപ്പെട്ടാൽ തിരിച്ചുവരാനാകാതെ ‘സംഭവ ചക്രവാളം’ (Event Horizon) കടന്ന് നശിക്കുന്നത്; കാലവും, കോലവും, ഭയവും, ഭാഗ്യവും, മതവും, മാത്സര്യവും മാറുന്നത്, മറയുന്നത്; അതൊക്കെ വെറും അപേക്ഷികമായതുകൊണ്ടാണ്.

ഐൻസ്റ്റൈൻ ഈയർത്ഥത്തിൽ ഒന്നും പറഞ്ഞിട്ടില്ലായിരിക്കാം. ഇവയൊക്കെ എൻ്റെ വ്യാഖ്യാനങ്ങൾ മാത്രം. ഈയിടെയായി എന്തെങ്കിലുമൊക്കെ വ്യഖിനിച്ചില്ലെങ്കിൽ എന്തോ ഒരിതാണ്!

വ്യാഖ്യനമില്ലാതെ വെറുതെ ചിന്തിച്ചാലും എല്ലാം ആപേക്ഷികമാണെന്ന് മനസ്സിലാകും. ചിന്തകളും, സമയവും, കാലവും, നന്മയും, തിന്മയും, സ്വന്തവും, ബന്ധവും, ഇണക്കവും, പിണക്കവും എന്നുതുടങ്ങി ഈ അണ്ഡകടാഹത്തിലെ എല്ലാം അങ്ങനെതന്നെ.

ഈ യുക്തി വച്ചുനോക്കിയാൽ, ഒരാൾ നല്ലവനെങ്കിൽ, ഒരുസാധാരണ മനുഷ്യൻ ചെയ്യുന്ന നന്മയെക്കാൾ കൂടുതൽ ചെയ്യുന്നവനെന്നേ അർത്ഥമുള്ളൂ. നിങ്ങളുടെ നാട്ടിൽ സാധാരണ ചെയ്യുന്ന നന്മകളുടെ അളവ് കുറവെങ്കിൽ ചെറിയ നന്മകൾ ചെയ്യുന്നവരും നല്ലവരായ് വാഴ്ത്തപ്പെട്ടേക്കാം. എന്തുമായി (ആരുമായി) താരതമ്യം ചെയ്യുന്നു എന്നതിലാണ് കാര്യം.

മലയാള സാഹിത്യത്തെക്കുറിച്ചു എം. കൃഷ്ണൻനായർക്ക് വലിയ അഭിപ്രായ മൊന്നും ഇല്ലാതിരുന്നത് അദ്ദേഹം നമ്മുടെ സാഹിത്യത്തെ ലോക സാഹിത്യവുമായി തുലനം ചെയ്തതുകൊണ്ടാണ്. അല്ലാതെ നമ്മുടെ ആൾക്കാർ മോശക്കാരായതുകൊണ്ടല്ല. മറ്റുപലതും (പലരും) ആയി താരതമ്യം ചെയ്യുമ്പോൾ നമ്മൾ മിടുക്കരാണ്. മികവിന്റെയും തികവിന്റെയും ‘ഗുട്ടൻസ്’ താരതമ്യങ്ങളിൽ മാത്രം!

ഇതുവരെ പറഞ്ഞത് ഒരാമുഖമായിരുന്നു. നമ്മുടെയിടയിൽ ജീവിച്ചുപോയ ഒരുനല്ലമനുഷ്യനെ ഒന്നോർക്കാൻവേണ്ടി മാത്രം. ഉമ്മൻചാണ്ടിയെക്കുറിച്ചു കൂടുതലൊന്നും എഴുതാനും, പറയാനും ഉണ്ടായിട്ടല്ല. അദ്ദേഹം വിശുദ്ധനാണെന്നോ അല്ലെന്നോ സ്ഥാപിക്കാനുമില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു യാത്രയയപ്പ് ജീവിച്ചിരുന്നപ്പോൾ അത്രക്കൊന്നും വാഴ്ത്തപ്പെടാതിരുന്ന (പക്ഷെ നീചമായി വീഴ്ത്തപ്പെട്ട) ഒരുനേതാവിന് കിട്ടിയത് എന്ന ചോദ്യത്തിന് ഒരുത്തരമായി എനിക്ക് തോന്നിയതാണ്.

ആപേക്ഷികമായിപ്പറഞ്ഞാൽ മറ്റുള്ളവർ ചെയ്തതിലും അധികം ഉപകാരം ജനങ്ങൾക്ക് ചെയ്തതുകൊണ്ടായിരിക്കാം ടിയാന് ജനങ്ങൾ മറക്കാനാകാത്ത യാത്രയയപ്പു നൽകിയത്, വാഴ്ത്തിയത്. ഇനി ഉമ്മൻചാണ്ടിയേക്കാളും കൂടുതൽ ജനനന്മ ചെയ്യുന്നൊരു രാഷ്ട്രീയക്കാരനോ രാഷ്ട്രീയക്കാരിയോ ഉണ്ടായ് വന്നാൽ അവർ ഇതുപോലെയോ ഇതിലുമപ്പുറമോ വാഴ്ത്തപ്പെട്ടേക്കാം. നിങ്ങളെ നിങ്ങളുടേ സമകാലികരുമായാണ് തുലനം ചെയ്യപ്പെടുന്നത്. ഉമ്മൻചാണ്ടിയെ ആരും മോഹൻദാസ് ഗാന്ധിയുമായി താരതമ്യം ചെയ്യുമെന്ന് തോന്നുന്നില്ല.

സാധാരണ നേതാക്കളുടെ ചിന്താരീതിയല്ല ഇദ്ദേഹത്തിനുണ്ടായിരുന്നതെന്നു തോന്നുന്നു. നൂറുകാര്യങ്ങൾ ചെയ്‌താൽ അതിൽ തൊണ്ണൂറും ജനങ്ങൾക്കുപകാരമാകും എന്ന ലൈനായിരുന്നു ടിയാന്. പത്തെണ്ണം കൂടെനിൽക്കുന്ന തുരപ്പന്മാരാൽ അഴിമതിയാക്കപ്പെടും. എന്നാലും തോണ്ണൂറെണ്ണം വല്ലവർക്കും ഉപകാരമായേക്കാം. ആ പത്തിനെ പേടിച്ചു, തൊണ്ണൂറു നല്ലകാര്യങ്ങൾ ചെയ്യാതിരിക്കരുതല്ലോ എന്ന്! അതൊരുതരം അപകടംപിടിച്ച ആത്മധൈര്യമായിരുന്നു, പ്രത്യേകിച്ചും കേരളരാഷ്ട്രീയത്തിൽ. ‘ആപത്തിൻ’ പുറത്തുകേറിയവർ കാര്യങ്ങൾ കുശാലാക്കി. ആപേക്ഷികമായിപ്പറഞ്ഞാൽ ടിയാനും വലിയ അഴിമതിക്കാരനായി ഭവിച്ചു. ലളിതമായി പറഞ്ഞെന്നേയുള്ളൂ.

പക്ഷെ ഇതൊന്നും അദ്ദേഹം മരിച്ചപ്പോൾ വിഷയമായില്ല.

അതൊരു വല്ലാത്ത യാത്രയയപ്പായിരുന്നു. ഇങ്ങനെ ഇതിനുമുൻപും സംഭവിച്ചിട്ടുണ്ട്. ഇനിയുമുണ്ടാകുമായിരിക്കും!

കേരളം ആരോ ഭരിച്ചോട്ടേ. നിങ്ങൾക്ക് തോന്നുന്ന മുദ്രാവാക്യങ്ങൾ വിളിക്കുക! നിങ്ങളുടെ നേതാവിന് വേണ്ടി ഊറ്റം കൊള്ളുക! എഴുതുക! നിങ്ങളുടെ പാർട്ടിക്കുവേണ്ടി ജീവിക്കുക! മറ്റുള്ളവരെ അവഹേളിക്കുക! പൂട്ടുക! പൂട്ടിക്കുക! ആവേശം കൊള്ളുക! കൊല്ലുക! മരിക്കുക!

പക്ഷെ, ഒരുദിവസം. ഒരുദിവസം മാത്രം നിങ്ങൾ രാഷ്ട്രീയം പറയാതിരുന്നിരിക്കണം. ഒരു നേതാവിന് വേണ്ടി തപിച്ചിരിക്കണം. ആ നേതാവിന് പലപേരുകളുണ്ടാകാം. അതിൽ അവസാനത്തെ പേര് ഉമ്മൻചാണ്ടി എന്നായിരിക്കും, ഉറപ്പ്. എൻ്റെ ഓർമ്മയിൽ ഇതുപോലെ കേരളത്തിൽ മനുഷ്യർ കരഞ്ഞത് നായനാർ മരിച്ചപ്പോഴായിരുന്നു. അത് മലയാളിയുടെ കണ്ണുനീരായിരുന്നു. അതിനു നിറങ്ങളില്ലായിരുന്നു. മതങ്ങളില്ലായിരുന്നു. തരങ്ങളില്ലാരുന്നു. നിറമില്ലാത്ത ആ ദ്രാവകത്തിന് സ്നേഹം എന്നുമാത്രമായിരുന്നു പേര്.

സ്വാർത്ഥത മാറ്റിവയ്ച്ചു ഒരാൾക്കെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളും, ഞാനും വിശുദ്ധരാണ്. എല്ലാം ആപേക്ഷികമാണല്ലോ!


സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ