ആ ഇരുണ്ട മൂലയിലാണ്
ഓർമ്മകൾ ഉണക്കിയും
ഉപ്പിലിട്ടും വെച്ച സ്ഫടിക
ഭരണികൾ സൂക്ഷിച്ചിട്ടുള്ളത്.
ഉപ്പിലും മുളകിലും കിടന്ന
ഇന്നലെകൾക്ക് നല്ലരുചിയാണ്
കടിയ്ക്കുമ്പോൾ നാവിൽ
വെള്ളമിറ്റുന്ന എരിവ് കൊണ്ട്
കണ്ണ് നിറയ്ക്കുന്ന രുചി.
ഉണങ്ങിയ ഇന്നലെകൾ
കടുപ്പമുള്ളവയാണ്.
ദീർഘനേരം കണ്ണീരിൽ
കുതിർത്ത് വെയ്ക്കേണ്ടവ
കുതിർന്ന് കഴിഞ്ഞാൽ
അവയെത്ര മൃദുലമാണെന്നോ?
നാളേയ്ക്ക് വേണ്ടി ഇന്നുകളേയും
ഇന്നലെകളാക്കി ഉപ്പിലിട്ടും ,
ഉണങ്ങിയും ആരും കാണാതെ
ഇരുട്ടറകളിൽ സൂക്ഷിക്കണം.
ഒട്ടുമേ പൂപ്പല് കയറാതെ.
ലിജി സോന
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ