2022 ജനുവരി 26, ബുധനാഴ്‌ച

ചെമ്പകത്താര : ഡോ. ടി. ജി മനോജ്കുമാർ



അക്ഷരങ്ങൾ കൂട്ടി വായിക്കുവാൻ തുടങ്ങുമ്പോൾ തന്നെ മുന്നിലേയ്ക്ക് നീട്ടിവെയ്ക്കപ്പെടുന്ന ഒരുപാട് കഥകളുടെ ശലഭങ്ങൾ ഉണ്ടായിരുന്നു. ബാലരമയോടും, ബാലമംഗളത്തോടുമെല്ലാം തോന്നിയ കൗതുകങ്ങളെ, മെല്ലെ മെല്ലെ ബാലസാഹിത്യകൃതികളിലേയ്ക്ക് പറിച്ചു നടപ്പെടുന്നു.  വായനയുടെയും പുസ്തകങ്ങളുടെയും വലിയൊരു ലോകം കുഞ്ഞുങ്ങൾക്ക് മുന്നിൽ തുറന്നു വരുന്നു. വായിച്ച് തുടങ്ങിയ അത്തരം ഒരുപാട് ചെറിയ പുസ്തകങ്ങൾ വീണ്ടും ഓർമ്മിക്കപ്പെടുന്നത്, ഡോ. ടി. ജി. മനോജ്‌കുമാർ എഴുതിയ ” ചെമ്പകത്താരയിൽ ” പൂത്തുവിടർന്നപ്പോഴാണ്. ചെമ്പകസുഗന്ധം പരത്തുന്ന പത്തു കഥകളും, രണ്ട് അനുബന്ധവും വായിച്ച് മടക്കുമ്പോൾ ഞാൻ വീണ്ടുമൊരു ആറു വയസ്സുകാരി ആയത് പോലെ തോന്നി.

ഇന്നത്തെ തലമുറയെ കുറിച്ച് ചിന്തിക്കുമ്പോൾ, ഞാൻ എന്നുമെന്നും ആശങ്കപ്പെടുന്ന ഒന്നാണ്, നഷ്ടമായിക്കൊണ്ടിരിക്കുന്ന അവരുടെ വായനാശീലം. കുഞ്ഞുങ്ങൾക്ക്, കഥകൾ വായിക്കുവാൻ അറിയില്ല, അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുവാൻ അച്ഛനും അമ്മയ്ക്കും സമയമില്ല. കുഞ്ഞുങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നു എന്നൊരു ലേബലിൽ നിലനിൽക്കുമ്പോഴും കുഞ്ഞുങ്ങൾക്കായി കുറച്ച് സമയം നൽകണമെന്ന് അവർ ചിന്തിക്കാറുമില്ല.

കുഞ്ഞുങ്ങളിലെ, ഭാവനാശേഷി വളരണമെങ്കിൽ, അവരുടെ ചിന്തകൾക്ക് ഉണർവ്വ് ഉണ്ടാകണമെങ്കിൽ അവർ കഥകൾ കേട്ടും, കവിതകൾ ചൊല്ലിയും മണ്ണിൽ കളിച്ചും വളരണം. കുഞ്ഞുങ്ങളിൽ, സ്നേഹം, ത്യാഗം, പങ്കുവെയ്ക്കപ്പെടൽ തുടങ്ങിയ മനോഭാവങ്ങൾ എല്ലാം ഉണ്ടാക്കുന്നതിൽ ബാലസാഹിത്യകൃതികൾ വലിയൊരു പങ്കു വഹിക്കുന്നുണ്ട്.

തീർച്ചയായും അത്തരത്തിൽ മിട്ടായി പോലെ കിനിഞ്ഞിറങ്ങുന്ന മധുരവെള്ളമാണ് ഡോക്ടറുടെ കഥകൾ. കഥ പറഞ്ഞു പോകുക എന്നതിൽ ഉപരി കുട്ടികൾ അറിയാതെ അവരിൽ അറിവ് പകർത്തുവാനും ” ചെമ്പകത്താര” യ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.  താറാകുട്ടനിൽ തുടങ്ങി, ചെമ്പകത്താരയിൽ അവസാനിക്കുമ്പോൾ  ഓരോ കഥകളും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് നിരവധി കാര്യങ്ങൾ ആണ്. അത് അവർ അറിയാതെ തന്നെ കുഞ്ഞുമനസ്സുകളിൽ പകർത്തപ്പെടുമെന്ന് അനുഭവേദ്യമായതുമാണ്.

ഈ കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ, അല്ലെങ്കിൽ കുഞ്ഞുങ്ങൾ വായിക്കുമ്പോൾ അവരും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുന്നു. ബാലസാഹിത്യ കഥകൾ  വായിച്ച് കൊടുക്കപ്പെടേണ്ടതിന്റെ താളവും ഭംഗിയും അറിയാതെ തന്നെ കടന്ന് വരുന്ന കുഞ്ഞുകുഞ്ഞു കഥകൾ ആണ് ഈ കൃതിയിൽ ഉള്ളത്. മാതാപിതാക്കൾ ശ്രദ്ധിക്കുക,

നമ്മുടെ മക്കൾക്ക് വേണ്ടി അല്പം സമയം ചിലവഴിക്കുമ്പോൾ, അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ പാട്ടുകൾ പാടികൊടുക്കുമ്പോൾ, സ്നേഹമുള്ള തലമുറകളെ വാർത്തെടുക്കുകയാണ് ചെയ്യുന്നത്.

എഴുത്തുകാരനോട്.. ഇനിയും ഭംഗിയുള്ള നിരവധി കഥകൾ എഴുതേണ്ടതുണ്ട്. കുട്ടിക്കഥകളുടെ മാധുര്യം നിറച്ച അങ്ങയുടെ എഴുത്തുകൾ ഇനിയുമിനിയും ഉണ്ടാകട്ടെ..

ആശംസകളോടെ

ഹരിത. ആർ. മേനോൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ