എന്തുപറയുന്നു എന്നതിലല്ല. എങ്ങനെപറയുന്നു എന്നതിലാണ് കാര്യം എന്ന് തോന്നുന്നു. കഥയായാലും, കവിതയായാലും, ചിത്രമായാലും, ചരിത്രമായാലും, നിയമമായാലും, വാർത്തയായാലും, എന്തുപറഞ്ഞാലും ഇതുതന്നെ കാര്യം. നറേറ്റീവ് (narrative) എന്ന് ആംഗലേയത്തിൽ പറയാം. ഇതുകൊണ്ടു ഗുണവും ദോഷവുമുണ്ട്.
ഒരു കാര്യം പലരീതിയിൽ പറയാം. കഥയിലും, കവിതയിലും, ചിത്രങ്ങളിലും, ലേഖനത്തിലും, നാടകത്തിലും മറ്റു കാലാരൂപങ്ങളിലും ഇതൊരു നല്ലകാര്യമാണ്. സ്വതന്ത്രമായി എഴുതാം, വായിക്കാം, പറയാം, ചമയ്ക്കാം…അങ്ങനെ പലതും ചെയ്യാം. സാൽവദോർ ഡാലിയേയും രാജാരവിവർമയേയും നമ്മൾ താരതമ്യം ചെയ്യാറില്ല. വില്യം ഷെയ്ക്സ്പിയറിനെയും കാളിദാസനേയും താരതമ്യം ചെയ്യാത്തതുപോലെ. പറയുന്ന രീതി പ്രധാനമാണ്, കലയുടെ ആത്മാവുതന്നെ നരേറ്റീവിലാണ്. പറച്ചിലിൽ സ്വന്തമായൊരു രീതിശാസ്ത്രം ഉണ്ടാക്കിയെടുത്തവരാണ് അറിയപ്പെടുന്ന എല്ലാ കലാസാഹിത്യ നായകരും.
സർഗ്ഗസാഹിത്യത്തിൽ സത്യമില്ല, ഭാവനകൾ മാത്രം. ഭാവനകൾക്കതിരുകളുമില്ല. സത്യങ്ങളെ അധികരിച്ചെഴുതുമ്പോഴും ഭാവനാത്മകതക്കാണവിടെ മുൻതൂക്കം. ആത്മകഥകളും ഈ ഗണത്തിൽ കൂട്ടിയാൽ മതി. ഒരാൾ സ്വന്തം ജീവിതത്തിലെ നല്ലകാര്യങ്ങൾ ഭാവനാത്മകമായി പറയുന്നത് മാത്രമാണ് ആത്മകഥനങ്ങൾ. സാഹിത്യകാരർ പറയുന്നതൊക്കെ അങ്ങനെ കണ്ടാൽ മതി. കവിതയ്ക്ക് പൊയ് അഴകെന്നു ഏതോ പഴയ തമിഴ് ഗാനത്തിൽ കേട്ടതോർക്കുന്നു.
പക്ഷെ ചരിത്രകാരൻമ്മാരും, ഭരണാധികാരികളും, നിയമവ്യവസ്ഥിതിയും, മാധ്യമങ്ങളുമൊക്കെ പറച്ചിലിൽ ഈ സ്വാതന്ത്യം എടുത്താലോ? പ്രശ്നമാണ് സാർ! പ്രശ്‌നം സങ്കീർണ്ണമാണ്. ‘പൊയ്’ അത്രക്കൊന്നും അഴകല്ല അവിടെയൊക്കെ എന്നതാണ് കാരണം. ഒരു സത്യത്തിനു പല വ്യാഖ്യാനങ്ങളുണ്ടാകുമ്പോൾ ജനം കുഴഞ്ഞുപോകും. കാരണം സാഹിത്യം പോലല്ല. ഈ പൊയ്‌കളൊക്കെ നമ്മുടെ സുഗമമായ ജീവിതത്തെ തന്നെ ബാധിക്കുന്നതാണ്. ജനത്തിനാവശ്യമായ നിയമങ്ങൾ നിർമ്മിക്കാതെ, നിർമ്മിച്ചാൽത്തന്നെ അത് നടപ്പിലാക്കാതെ, വെറും കഥപറഞ്ഞു സത്യത്തെ മറച്ചാൽ, കുഴയാതെ എന്തുചെയ്യും? മേൽപ്പറഞ്ഞ മേഖലകളിൽ എന്തുപറയുന്നു എന്നതുപോലെതന്നെ സൂഷ്മമായിരിക്കണം എങ്ങനെ അവതരിപ്പിക്കുന്നു എന്നതും.
രാഷ്രീയക്കാരെ ഈ പട്ടികയിലേ ഉൾപ്പെടുത്തുന്നതിൽ കാര്യമില്ല. നിയമനിർമ്മാണികളും മർമ്മാണികളൊക്കെയാണെങ്കിലും, കളവിന്റെ മാത്രം നറേറ്റീവുമായി നടക്കുന്നവരെക്കുറിച്ചു എന്ത് പറയാനാണ്. നിങ്ങൾ ഒരു പാർട്ടി അനുഭാവിയാണെങ്കിൽ ക്ഷമിക്കണം. സത്യം അതുപോലെ പറയുന്ന ഒരു രാഷ്ട്രീയക്കാരനെയും കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. പിന്നെയല്ലേ ജന നന്മക്കുള്ള നിയമങ്ങൾ ഉണ്ടാക്കുന്നത്. ലോകായുക്തയെ നിലക്ക് നിർത്താനും ഗവർണറെ ഷണ്‌ഡവല്‍ക്കരിക്കാനും ഉള്ള നിയമം കൊണ്ടുവന്നിട്ടുവേണം നാട്ടുകാർക്ക് അരി വാങ്ങാൻ! ഒരു പാർട്ടിയെക്കുറിച്ചല്ല. എല്ലാവരും ഇതൊക്കെത്തന്നെയാണ് ചെയ്യുന്നത്.
മാധ്യമങ്ങൾ, അല്ല ചില മാധ്യമ പ്രവർത്തകൻ വല്ലപ്പോഴും സത്യങ്ങളൊക്കെ വിളിച്ചു പറയാറുണ്ട്. എന്തോ കാരണത്താൽ അൽപായുസ്സുകളായ, വംശനാശഭീഷണിയിലായ ഇവരെ ഇടക്ക് കേൾക്കുമ്പോൾ, കാണുമ്പോൾ, വായിക്കുമ്പോൾ ആശങ്കയാണ്. ഇങ്ങനെ അധികനാളൊന്നും കാണാനാകില്ലല്ലോ എന്ന ആശങ്ക.
ചരിത്രത്തിൽ പലതും കളവാണ്. തിരികെപ്പോയി സ്ഥിരീകരിക്കാൻ വഴികളില്ലാത്തതുകൊണ്ടു കേൾക്കുന്നതും വായിക്കുന്നതും വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. കഴിഞ്ഞ ഇരുപതു വർഷം നിങ്ങൾ നേരിൽ കണ്ടതും അനുഭവിച്ചതുമായ എന്തെങ്കിലും ഒരു കാര്യം ഏതു രീതിയിലാണ് മനസ്സിലാക്കപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും മാത്രം നോക്കിയാൽ മതി. പലരുടെയും മനസ്സിലൂടെയും പറച്ചിലിലൂടെയും പരുവപ്പെട്ടു ഇവയൊക്കെ ചരിത്രത്തിൽ മറ്റൊരുരീതിയിൽ എഴുതപ്പെടും, വായിക്കപ്പെടും, അറിയപ്പെടും, കൊണ്ടാടപ്പെടും. വളച്ചൊടിക്കപ്പെട്ട സത്യങ്ങളുടെ കൂമ്പാരത്തെ ചരിത്രമെന്നു വിളിക്കുന്നു നാം.
കേരളത്തിലെ സർവ്വകലാശാലകളെക്കുറിച്ചു പല വാർത്തകളും നിങ്ങൾ വായിച്ചിട്ടുണ്ടാകുമല്ലോ? സീസർമാരുടെ ഭാര്യമാരോട് സഹതപിക്കുകയേ തൽക്കാലം നിവൃത്തിയുള്ളൂ (സീസർക്കില്ലാത്ത ഉളുപ്പ് ഭാര്യക്ക് വേണമെന്നു വാശിപിടിക്കരുത്). കാരണം, ഇതൊക്കെ തന്നെയാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടിലും സർവ്വകലാശാലകളിൽ നടക്കുന്നത് (നേരിട്ടറിയുന്നതാണ്, കൂടുതൽ വിശദമായി പിന്നൊരിക്കൽ പറയാം). ഇതൊക്കെ പുതിയകാര്യങ്ങൾ എന്നപോലെ അവതരിപ്പിക്കപ്പെടുമ്പോൾ ഒരു കൗതുകം. അത്രതന്നെ. ഇനിയും ഇതല്ലാതെയൊന്നും അവിടെ സംഭവിക്കില്ല. ഇതൊക്കെ മാത്രമാണ് ഇപ്പോൾ കേരള മോഡൽ ഡെവലപ്മെൻറ് (മണ്മറഞ്ഞ മഹാന്മാരെയും അവരുടെ പരിശ്രമങ്ങളെയും മറന്നല്ല ഇത് പറയുന്നത്). പാർട്ടികളുടെയും, അണികളുടെയും ഉദ്യോഗവൃന്ദങ്ങളുടേയും, കാശുള്ളവന്റെയും ജീവിതവും ഭാവിയും മാത്രമേ വികസിക്കുന്നൂള്ളൂ. ബാക്കിയുള്ളവരെല്ലാം മറ്റുരാജ്യങ്ങളിലോ സംസ്ഥാനങ്ങളിലോ പോയി കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ടാകും, ജീവിതം വികസിപ്പിക്കാൻ. പറഞ്ഞുവന്നത് പറച്ചിലിനെക്കുറിച്ചു തന്നെയാണ്. സർവ്വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട കക്ഷികളുടെ പറച്ചിൽ കേൾക്കുമ്പോൾ ചിരിക്കാതെന്തു ചെയ്യും. ഓരോരുത്തരും അവർക്കു തോന്നിയതൊക്കെ പറയുന്നു. ഒരുകാര്യം ഉറപ്പിച്ചു പറയാം. സത്യം ജയിക്കില്ല, കാരണം സത്യം എന്താണെന്നുപോലും ആർക്കുമറിയില്ല. എല്ലാം കുറേ കഥയില്ലാത്ത പറച്ചിലുകൾ മാത്രം.
മേൽപറഞ്ഞ എല്ലാ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും സഹിക്കാം. നിയമത്തെ, നിയമവ്യവസ്ഥയുടെ തലതൊട്ടപ്പൻമ്മാർ തന്നെ വളച്ചൊടിച്ചു പുതിയ വ്യാഖാനങ്ങളുണ്ടാക്കുമ്പോൾ ഭയപ്പെടണം, ആശങ്കപ്പെടണം. കാരണം അത് ഒരു രാജ്യത്തിന്റെ അടഞ്ഞ ഭാവിയുടെ അവസാനത്തെ ആണിക്കല്ലാണ്. മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്തവന്റെ അവസാന ആശ്രയമാണത്. കോടതികൾ കൂടി തോന്നുന്നതുപോലെ പറഞ്ഞു തുടങ്ങിയാൽ…പിന്നെ നിങ്ങളെ ആര് രക്ഷിക്കും?
ദൈവം രക്ഷിക്കട്ടെ!
നിങ്ങൾക്ക് ഇതുവായിച്ചു ദേഷ്യമാണ് വരുന്നതെങ്കിൽ ഇത് എന്റെ മാത്രം പറച്ചിൽ അല്ലെങ്കിൽ കുറച്ചിൽ ആണെന്ന് കരുതി സദയം ക്ഷമിക്കണം!
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ