2022 മാർച്ച് 30, ബുധനാഴ്‌ച

അവസ്ഥാന്തരം


 

സ്നേഹമുള്ള ജോസ്മോൻ അറിയേണ്ടതിലേക്ക്,

അന്നമ്മാമ്മ പറഞ്ഞതിൻ പ്രകാരമാണ് ഈ കത്ത് എഴുതുന്നത്.

നിനക്ക് സുഖമല്ലേ?..

നോയമ്പു വീടലിന് നമ്മൾ അതിരിക്കൽ ഭവനത്തിൽ  പോയത് നിനക്കോർമ്മയുണ്ടോ .നീ മോളിക്കുട്ടിയുടെ ഹാഫ്സാരി ഉടുത്തതും നിനക്ക് വർഗീസ് പാപ്പന്റെ കയ്യിൽ നിന്നും  അടി കിട്ടിയതും  ഞാൻ മറന്നിട്ടില്ല.

അന്ന് വർഗീസ് പാപ്പനോടും, നിന്നോടും,നിന്നെ പടച്ച കർത്താവുടയതമ്പിരാനോടും ഉള്ള കലി മാറുവോളം അന്നമ്മാമ്മ പത്തല് വെട്ടി നിന്നെ അടിച്ചതും എനിക്കോർമ്മയുണ്ട്.

പക്ഷെ പിന്നീട് അടുക്കള പാതകത്തിന് ചുവടെ കുന്തക്കാലിൽ ഇരുന്നു രണ്ടു കൈകൊണ്ടും വാ പൊത്തി അന്നമ്മാമ്മ കരഞ്ഞത് ഞാൻ മാത്രമേ കണ്ടുള്ളൂ..

അതിരിക്കൽ ഭവനത്തിൽവെച്ചു സ്റ്റീഫന്റെയും, സ്റ്റാൻലീടേയും കൂടെ കിടക്കുകേലാന്ന് പറഞ്ഞതും ,എന്റെ കട്ടിൽചുവട്ടിൽ തഴപ്പാ വിരിച്ചു കിടന്നതും ഓർമ്മ വരുന്നു. എനിക്ക് മനസ്സിലാവുന്നു നിന്റെ മനസ്സ്.

സാരമില്ലെടാ ..നിനക്ക് എൽസമ്മയുണ്ട്.എനിക്ക് നിന്നെ അറിയാമ്പറ്റിയിലെങ്കി മറ്റാർക്ക് പറ്റും..?

അന്നമ്മാമ്മ നീ പോയേപ്പിന്നെ നേരാം വണ്ണം ഉറങ്ങിയിട്ടില്ല. ആഹാരം കഴിച്ചിട്ടില്ല.

നീ മടങ്ങി വരണം.

കർത്താവിന്റെ നാമത്തിൽ

സ്വന്തം എൽസമ്മ.’

‘ആളോള് എന്തു പറയും ഈശോയെ..’ ന്നാണ് അന്നമ്മാമ്മ വക്കുപൊട്ടിയ ഒച്ചയിൽ  പതം പറയുന്നത്.

ആളോളെ സമ്മതം കിട്ടിയാൽ മാത്രമെ നമുക്കിഷ്ടപ്പെട്ട ജീവിതം ജീവിക്കാൻ പറ്റൂ??

ജോസ്മോൻ അന്തിപ്പാതിരക്ക് ബാഗും തോളിലിട്ട് തളത്തിലെ വാതിൽ പതിയെ തുറന്ന് ഒതുക്കുക്കുകൾ ഇറങ്ങിപ്പോയി.ചാരാൻ മറന്ന വാതിലിലൂടെ ഒരു ത്രികോണ നിലാവ് തളത്തിൽ ഉദിച്ചു നിന്നു.

ജോസ്മോന്റെ കൂട്ട്

ഒരു ജ്യാമിതീയ ജന്മം പോലെ.

അവന്റെ ഒരുപ്പോക്ക് കാണാത്ത പോലെ എൽസമ്മ കണ്ണടച്ചു കിടന്നു.

കിടന്ന തഴപ്പാ ചുരുട്ടി വെക്കാൻ പോലും അവൻ മറന്നിരിക്കുന്നു.

രാവിലെ  ആ പായ ചുരുട്ടുമ്പോൾ ജോസ്മോൻ എന്നെന്നേക്കുമായി തന്നിൽ തങ്ങിയ അവസാന ആണത്തത്തിന്റെ മിടിപ്പും ഈ പായിൽ പാമ്പ് ഉറയൂരുമ്പോലെ ഊരിയിട്ടേച്ചാണ് പോയതെന്ന് തോന്നി എൽസമ്മയ്ക്ക്.

അവന്റെ മേശ വലിപ്പിൽ നിന്നും വെള്ളക്കല്ലു വെച്ച ഒരു ജോഡി ജിമിക്കിയും,കുപ്പിവളകളും,സ്റ്റിക്കർ പൊട്ടും കിട്ടി. ആരും കാണാതെ മെല്ലെ അതെടുത്തു മാറ്റി.

****     ****     *****    ****

നിലാവ് മായുന്ന രാത്രികൾ.

മാനം കരിമേഘം കൊണ്ട് മുൾക്കിരീടം ചാർത്തി നിന്നു.

അന്നമ്മാമ്മ ക്രൂശിതന്റെ മുന്നിൽ വീണു കിടന്നു.

പുലർച്ചെ മുറ്റത്തു പൊഴിഞ്ഞു വീണ റബർ മരത്തിന്റെ ഇലകൾ അടിച്ചു വാരിക്കളയുമ്പോൾ എൽസമ്മ ഓർത്തു. ഈ കരിയിലകൾ തൂത്തു കളയുമ്പോലെ കളയാൻ പറ്റുമോ ആവോ മനുഷമ്മാരുടെ രൂപങ്ങൾ, വിചാരങ്ങൾ..?

പെണ്ണുടലിന്റെ വിഹ്വലതകൾ ഇനി മുതൽ ജോസ്മോൻ അറിയാൻ പോകുന്നു.

സ്ത്രീ ,പുരുഷവേലിക്കെട്ടുകളിൽ നിന്നും അവൻ തന്റെ സ്വത്വത്തിലേക്ക് മടങ്ങുന്നു.

അയിനിതോട്ടിൽ തുണികൾ ഊരിപ്പിഴിയുമ്പോൾ എൽസമ്മ ചിന്തിച്ചു

‘മനുഷമ്മാർക്ക് കൊണ്ടു നടക്കാൻ ഒക്കുകേലാത്ത ജീവിതസമ്പ്രദായങ്ങൾ ഇങ്ങനെ ഊരിപ്പിഴിഞ്ഞു കളയാൻ പറ്റിയാരുന്നേൽ എത്ര നന്നായേനെ എന്ന്.

ഇളവെയിലിലേക്ക് തുണികൾ വിരിച്ചിടുമ്പോൾ സാത്താന്റെ ചിന്തകൾ തലയിൽ നിന്നും കുടഞ്ഞു കളഞ്ഞ് കുരിശു വരച്ച് വീട്ടിനകത്തെ തണുപ്പിലോട്ട് കേറിപ്പോന്നു.

നിറുകന്തലയിൽ സൂര്യൻ. കത്തിയെരിയുന്ന ഒരു നട്ടുച്ചയ്ക്ക് ആണ് ജോസ്മോൻ കേറിവന്നത്.

കപ്പയ്ക്ക് തടമെടുത്തു കൊണ്ടിരിക്കുന്ന എൽസമ്മേടെ തോളിൽ ചാരി അവൻ വിങ്ങിപ്പൊട്ടി.

നിറയെ കസവുമിന്നണ കടും ചുവപ്പ് സാരിയും,വലിയ ഞാത്ത് കമ്മലുമിട്ട ,ചുണ്ടിൽ കടും റോസ് ചായമടിച്ച, വേലിമുള്ളു കൊള്ളാതെ സാരിയൊതുക്കി കുണുങ്ങി  മുന്നിൽ നിന്നു ജോസ്മോൻ..!!

കരച്ചിലടങ്ങിയപ്പോൾ അവൻ മിണ്ടാതെ തിരിഞ്ഞു നടന്നു.

എൽസമ്മ പിന്നിൽ നിന്നും ചളുങ്ങിയ ഒച്ചയിൽ വിളിച്ചു  :”ജോസ്മോനേ..”

മടമ്പു പൊങ്ങിയ ചെരിപ്പിട്ടു  ആത്മവിശ്വാസം നിറഞ്ഞ ഒരു കുതിരയെപ്പോലെ അവൻ റോഡിലേക്കിറങ്ങി ഒരു തീ നാളം പോലെ  അകന്നകന്നു പോയി.

അവൻ തിരിഞ്ഞു നോക്കിയില്ല. അവൻ ജോസ്മോനല്ലല്ലോ..

അന്നമ്മാമ്മ കണ്ടില്ലല്ലോ എന്ന ആശ്വാസത്തിൽ എൽസമ്മ നിത്യ സത്യമായ മണ്ണിലേക്ക്  തിരിഞ്ഞു, തട മെടുക്കാൻ തുടങ്ങി.


ശബാന ബീഗം           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ