2022 മാർച്ച് 30, ബുധനാഴ്‌ച

തത്ത്വമസി



 
അന്നൊക്കെഞങ്ങൾക്ക് കൂട്ടിനു ദൈവമായ്

പൊന്നു മുത്തപ്പൻ തുണച്ചിരുന്നു.
വിണ്ണിൽ നിന്നെത്രയോദൈവങ്ങൾ പിന്നെയീ
മണ്ണിനധീശരായ് വന്നു ചേർന്നു !
കർക്കിടകങ്ങളിൽ പെയ്തപേമാരിയിൽ
മുത്തപ്പൻ ഞങ്ങൾക്ക് കൂട്ടിരുന്നു.
കള്ളൊരു കുപ്പി രുചിക്കുന്നതിൻമുമ്പു,
തുള്ളി മുത്തപ്പനു മാറ്റി വച്ചു.
കന്നിമൂലക്കു കിടന്നൊരു കല്ലുമേൽ
എന്നുമന്തിത്തിരി വച്ചു ഞങ്ങൾ.
സത്യധർമ്മാദികൾ കൈവിട്ടു പോകാതെ
മുത്തപ്പൻ ഞങ്ങളെ കാത്തു പോന്നു.
വേനൽ കടുത്തു വറുതിപുകഞ്ഞപ്പോൾ
വേദന മുത്തപ്പനോടു ചൊല്ലി.
നാളുകൾ പോയപ്പോൾ നന്മ കുറഞ്ഞപ്പോൾ
ആളുകൾ തമ്മിലകന്നു പോയി.
നാട്ടിൻ പുറത്തു നഗരം പടർന്നെത്തി
കൂട്ടുകാരെങ്ങോ പിരിഞ്ഞു പോയി.
റോഡിന്നരികിലൊരുതുണ്ടു ഭൂമിയിൽ
കൂടെപ്പിറന്നോർ കുടിയിരുന്നു.
ഉള്ളിൽ കുടിയിരിക്കുന്ന മുത്തപ്പനും
ഞങ്ങളോടൊപ്പം പടിയിറങ്ങി.
എങ്ങുമിരിക്കാനിടം ലഭിക്കാത്തവൻ
എന്നകതാരിലൊളിച്ചു പാർത്തു.
പുത്തൻ തലമുറയ്ക്കാത്മബലത്തിനായ്
എത്രയോ ദൈവങ്ങൾ വീണ്ടുമെത്തി!
ആനയുമമ്പാരിയും പുഷ്പവൃഷ്ടിയും
ആകെ നഗരത്തെ കീഴടക്കി.
അമ്പലത്തിൻമണിനാദം മുഴങ്ങിയ
സന്ധ്യകൾ മന്ത്ര മുഖരിതമായ്.
മാലകന്നീടുവാൻ ദേവനു നിത്യവും
പാലഭിഷേകം നടന്നു പോന്നു.
പാവകനെന്നും വിശപ്പു ശമിക്കുവാൻ
ദേവസവിധത്തിൽ നെയ്യെരിഞ്ഞു.
കാഴ്ച ദ്രവ്യങ്ങളൊഴുക്കുന്ന മക്കളെ
കാത്തു ഭഗവാനിരിക്കുമെന്നോ?
എങ്കിലുമെന്റെ മുത്തപ്പനെപ്പോലെന്റെ-
യുള്ളിൽ ബലംതരാനാരുമില്ല.
വേദമന്ത്രങ്ങൾ മുഴക്കിയില്ലെങ്കിലും
വേദനകേൾക്കുവോനെന്റെ ദൈവം.
പൊന്നും പണവും അറയിൽനിറക്കേണ്ട
ഒന്നുമേ കാണിക്കയായി വേണ്ട.
പൂവും പ്രസാദവും പൂജാരിയുംവേണ്ട,
നോവും മനസ്സ് തുറന്നാൽ മതി.
ഇപ്പോളറിയുന്നു, ഞാനുമെന്നുള്ളിലെ
മുത്തപ്പൻ ദൈവവുമൊന്നുതന്നെ.
നേർവഴിക്കെന്നും നയിക്കും മനസ്സാക്ഷി,
നേരറിവാണിന്നു “തത്ത്വമസി”!

മംഗളാനന്ദൻ       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ