2022 മാർച്ച് 30, ബുധനാഴ്‌ച

വെറുമൊരു മോഷ്ടാവായൊരെന്നെ ……..


 സോഷ്യൽ മീഡിയകളിൽ സി സി റ്റിവി യിൽ പിടിക്കപ്പെട്ട ചില കള്ളന്മാരുടേയും കള്ളികളുടേയും വീഡിയോകൾ വൈറലാകാറുണ്ട്. അവരെ കണ്ടാൽ മോഷ്ടിക്കാൻ വന്നവരാണെന്നു തോന്നുകയേയില്ല. അത്ര മാന്യന്മാരായിരിക്കും. അവരിൽ ചിലരെങ്കിലും മോഷണശീലം രോഗമായിട്ടുള്ളവരാണ്. അവർ മോഷ്ടിക്കുന്നത് അവരുടെ മാനസിക തൃപ്തിക്കു വേണ്ടി മാത്രമായിരിക്കും.

ഇവരെ നമ്മൾ മോഷണകുറ്റത്തിനു ശിക്ഷിച്ചാലും ഇവർ പിന്നെയും മോഷ്ടിച്ചുകൊണ്ടിരിക്കും. കാരണം അതൊരു രോഗമാണ്. “പഠിച്ച കള്ളന്മാർ” അല്ലാത്തതിനാൽ ഈ പാവം കള്ളൻ ഇടയ്ക്കിടക്ക് പിടിക്കപ്പെടുകയും അതു ആ വ്യക്തിക്കും അവന്റെ കുടുംബത്തിനും സമൂഹത്തിൽ വലിയ നാണക്കേടുണ്ടാക്കുന്നു. ഇതു കടുത്ത അപകർഷതാ ബോധത്തിലേക്കും പിന്നീട് വിഷാദ രോഗത്തിലേക്കും എത്തിച്ചേരാം. അങ്ങനെ നാട്ടിൽ ജീവിക്കാനാവാത്ത സാഹചര്യം വന്ന് ഒളിച്ചോടി പോകേണ്ടിവന്നവരും ഉണ്ട്.

“ക്ലെപ്റ്റോമാനിയ“ എന്നാണീ രോഗത്തിനു വൈദ്യ ശാസ്ത്രത്തിൽ  പറയുന്ന പേര്. ഒരു ശതമാനത്തിൽ താഴെ മാത്രം ആളുകളിലേയിതു കാണാറുള്ളു. പിടിക്കപ്പെടുന്ന ഹതഭാഗ്യനെ സമൂഹം കള്ളനെന്നു മുദ്രകുത്തുന്നതോടെ നാട്ടിലെ മോഷണം മുഴുവൻ ഈ പാവത്തിന്റെ തലയിൽ ആരോപിക്കപ്പെടാം. നാട്ടിലെ പ്രധാന കള്ളന്മാരും  സ്ഥലത്തെ പ്രധാന ദിവ്യന്മാരും സദാചാര പോലീസുമെല്ലാം ഇവനെ തന്ത്രപൂർവ്വം സ്ഥിരം കുടുക്കിൽ ചാടിക്കുകയും ചെയ്യാം.

എന്തുകൊണ്ട്?

ശരിയായ കാരണം കണ്ടെത്തിയിട്ടില്ല. എങ്കിലും തലച്ചോറിലെ ‘സെറിട്ടോണിൻ’ എന്ന നാഡീചാലക രാസവസ്ഥുവിന്റെ കുറവ് ഇത്തരം നിയന്ത്രണാതീതമായ പ്രവർത്തന ശീലങ്ങൾ ഉണ്ടാക്കാറുണ്ട്.

മോഷ്ടിക്കുമ്പോൾ ലഭിക്കുന്ന സുഖം കൊണ്ട് തലച്ചോറിലെ  മറ്റൊരു നാഡീ ചാലകമായ ‘ഡോപ്പമിന്റെ’ അളവു കൂടുന്നതു ഇയാളെ ഈ ശീലത്തിന്റെ അടിമയാക്കുകയും ചെയ്യും.

തലച്ചോറിലെ സുഖകരാവസ്ഥകളെ നിയന്ത്രിക്കുന്ന ‘ഓപ്പിയോയിഡ്’ സിസ്റ്റത്തിന്റെ അപാകതാകളാണു ഇത്തരം സുഖമുള്ള കുറ്റക്രത്യങ്ങളുടെ പിന്നിലെന്നു പൊതുവെ കരുതപ്പെടുന്നു. ഈ രോഗമുള്ളവരിൽ മൂന്നിൽ രണ്ടും സ്ത്രീകളാണെന്നാണു കണക്കുകൾ പറയുന്നത്. ചിലരിൽ ഈ തകരാറു പാർമ്പര്യമായി കാണാം. മറ്റു മാനസിക തകരാറുള്ളവരിലും ഒ സി ഡി പോലുള്ള രോഗപാരമ്പര്യങ്ങളും ഇതിനു സാധ്യത കൂട്ടുന്നു.

ലക്ഷണങ്ങൾ

1. തനിക്ക് ആവശ്യമില്ലെങ്കിലും നിസ്സാരമായ ചില സാധനങ്ങൾ കാണുമ്പോൾ ഏതു വിധേനയും അതു മോഷ്ടിക്കണമെന്ന ഉൾക്കടമായ തോന്നൽ.

2. ഉൽക്കണ്ഠയോ മറ്റു  മാനസിക സങ്കർഷണങ്ങളോ ഉള്ള സമയങ്ങളിൽ മോഷണ പ്രവണത കൂടുന്നു.

3.  മോഷ്ടിക്കുമ്പോൾ വളരെ മാനസിക സുഖം അനുഭവിക്കുന്നു.

4. എന്നാൽ പിന്നീട് അതേക്കുറിച്ചോർത്ത് ഭയവും. കുറ്റബോധവും, പോലീസ് പിടിക്കുമോയെന്ന് പേടിയും ഒക്കെ വരും. ചിലർ മോഷണ മുതൽ തിരിച്ചേൽപ്പിക്കുകയും ചെയ്യാറുണ്ട്. ഇവർ മോഷണ വസ്തുവിനെ വിറ്റ് കാശുണ്ടാക്കുവാനോ, ഉപയോഗിക്കാൻ പോലുമോ ശ്രമികാറില്ല. മറ്റാർക്കെങ്കിലും വെറുതെ കൊടുക്കുകയും ചെയ്യാം.

5.എത്ര നിയന്ത്രിച്ചാലും ശിക്ഷ ലഭിച്ചാലും വീണ്ടും മോഷണശീലം ആവർത്തിക്കാനുള്ള പ്രവണത.

6. ഇവർക്ക് ആരുടേയും സഹായം ഉണ്ടാവില്ല.പ്രത്യേക പ്ലാനിങ്ങിഗ് ഒന്നുമുണ്ടാവില്ല.

7.പൊതു സ്ഥലങ്ങളിൽ നിന്നും, ഷോപ്പുകളിൽ നിന്നും, മറ്റുവീടുകളിൽ നിന്നുമെല്ലാം സാധനം എടുക്കാം. അവരുടെ കണ്മുന്നിൽ പെട്ട സാധനം മാത്രമേ മോഷ്ടിക്കുകയുള്ളു. മിക്കവാറും പട്ടാപകലാണു മോഷ്ടിക്കുക. അവർക്കത് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തവരായിരിക്കില്ല.

8.  ഇവരാരും ദേഷ്യം കൊണ്ടോ, പ്രതികാരം കൊണ്ടോ,മോഷ്ടിക്കുന്നവരല്ല. മോഷണത്തിനായി ആരെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ഇല്ല.

എന്തു ചെയ്യും?

ഇങ്ങനെയൊരാളെ തിരിച്ചറിഞ്ഞാൽ എന്തുചെയ്യണം എന്നു പലർക്കു മറിയില്ല. അവരെ അതൊരു ചികിൽസിച്ചു മാറ്റാവുന്ന  രോഗമാണെന്ന കാര്യം ബോധ്യപ്പെടുത്തുക. നാട്ടുകാരെ മുഴുവൻ അറിയിച്ച് നാണം കെടുത്താതിരിക്കുക. ശിക്ഷിച്ചതുകൊണ്ട് കാര്യമില്ലന്നറിയുക.

കുട്ടികളിൽ ഇതു സാധാരണം ആണ്. അതിനെ പ്രോൽസാഹിപ്പിക്കാതിരിക്കുക. കുട്ടിയുടെ ബാഗിൽ അവരുടേതല്ലാത്ത സാധനം കണ്ടാൽ അതിന്റെ നിജ സ്ഥിതി അറിയുക. മോഷ്ടിച്ച സാധനം ഉടമസ്ഥനെ തിരിച്ച് ഏലിപ്പിക്കുവാനുള്ള നടപ്ടികൾ സ്വീകരിക്കുക.

രോഗമായി കണ്ട് ചികിൽസിക്കാതിരുന്നാൽ പലവിധ മാനസിക സാമൂഹിക പ്രയാസങ്ങളിലും അതുവഴി കൂടിയ മനോരോഗങ്ങളിലേക്കും രോഗി എത്തിപ്പെടാം. ഇവരിൽ  മിക്കവരിലും ഇതല്ലാതെ മറ്റ് മാനസിക പ്രശ്നങ്ങളോ യാതൊരു സ്വഭാവ വൈകല്യവും കാണാറുമില്ല. ഇവരാരും സാമൂഹിക വിരുദ്ധരോ ക്രിമിനലുകളോ ഒന്നു അല്ല താനും.

ഈ രോഗത്തെ ഒബ്സസ്സീവ് കൊമ്പൽസീവ് ഡിസോർഡർ( ഒ സി ഡി ) യുടെ ഗണത്തിൽ പെടുത്താവുന്നതാണെന്നു ചില മന:ശാസ്തൃജ്ഞന്മാർ അഭിപ്രായപ്പെടുന്നു.

ഹോമിയോപ്പതിയിൽ ഈ മാനസിക ശീലം മാറ്റാനും അതിൽ നിന്നുണ്ടായ അപകർഷതാ ബോധം മാറ്റാനും മരുന്നുകൾ ഉണ്ട്. ഹോമിയോപ്പതി മരുന്നുകളും സൈക്കോളജിക്കൽ കൗൺസലിങ്ങും ഒത്തു ചേർത്താണു ചികിൽസിക്കുന്നത്. വിദഗ്ദമായ ഹോമിയോപ്പതി ചികിൽസയും മനശാസ്ത്ര ഇടപെടലുകളും നടത്തിയാൽ ഇത്തരകാരെ നമുക്കു രക്ഷപ്പെടുത്തിയെടുക്കാം.


ഡോ. ടി. ജി. മനോജ് കുമാർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ